02 December Monday

മലയാളത്തിന്റെ അക്ഷര മകൾ

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Nov 3, 2024


അ ആ ഇ ഈ... പഠനം അക്ഷരമാലയിൽനിന്ന്‌ തുടങ്ങണം. മുന്നിലിരിക്കുന്ന കുട്ടികളിൽ ചിലർ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. മറ്റുചിലരാകട്ടെ പകലന്തിയോളം പണിയെടുത്ത്‌ തളർന്നതിനാൽ ചാഞ്ഞും ചരിഞ്ഞും. ചിലർ ക്ലാസിലേക്ക്‌ ഓടിയെത്തും. മറ്റുചിലർ മണിക്കൂറുകൾക്ക്‌ മുമ്പേ ടീച്ചറെ കാത്തിരിക്കും. പഠനം തുടങ്ങിയാൽ പിന്നെ മറ്റു നോട്ടങ്ങളില്ല. ടീച്ചറും കുട്ടിയുംമാത്രം. കുട്ടികൾ ക്ലാസിൽ ശ്രദ്ധിച്ചില്ലെങ്കിൽ ടീച്ചർക്ക് ദേഷ്യമല്ല കുഞ്ഞുസങ്കടം വരും. അതോടെ  ടീച്ചർ ഒന്നുകൂടി ‘സ്‌ട്രിക്‌റ്റാവും’. പക്ഷേ ഈ ടീച്ചർക്കറിയാം ക്ലാസിലെ കുട്ടികളെ എങ്ങനെ ഉഷാറാക്കണമെന്ന്‌.

പാലക്കാട്‌ കഞ്ചിക്കോട്‌ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന നൗസിൻ ബബ്ലി എന്ന പ്ലസ്‌വൺ വിദ്യാർഥിനി. ആറുമുതൽ അറുപതുകാരൻ വരെ നൗസിന്റെ വിദ്യാർഥികളാണ്‌. മഹാരാഷ്‌ട്രയിലെ ബാന്ദ്രയിൽനിന്ന്‌ വന്നവരാണ്‌ നൗസിനും കുടുംബവും. മൂന്നുവയസ്സുള്ളപ്പോഴാണ്‌ അമ്മയുടേയും അച്‌ഛന്റേയും കൂടെ നൗസിൻ കേരളത്തിലെത്തിയത്‌. പിന്നീട്‌ കേരളത്തിൽ തന്നെ പഠനം. മികച്ച വിദ്യാഭ്യാസവും ജീവിക്കാനുള്ള സാഹചര്യങ്ങളും ഈ സർക്കാർ ഉറപ്പാക്കുമ്പോൾ പിന്നെന്തിന്‌ മടങ്ങണം. നൗസിൻ ചോദിക്കുന്നു. സ്‌കൂളിലേക്കുള്ളത്‌ പഠിക്കണം. പിന്നെ പഠിപ്പിക്കാനുള്ളതും. അതൊന്നും നൗസിന്‌ വിഷയമല്ല. ഇപ്പോൾ കൂടെയുള്ളവർ നന്നായി മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്നു. ഇന്നേവരെ സ്‌കൂളിൽ പോകാത്തവരും അക്കൂട്ടത്തിലുണ്ട്‌. അവർക്കും പഠിക്കാൻ ഇപ്പോൾ എന്ത്‌ ആവേശമാണെന്നോ.

ടീച്ചറായ കഥ
ഒരിക്കൽ, കിഴക്കേമുറിയിൽ അതിഥി തൊഴിലാളി സാക്ഷരത പദ്ധതി ഉദ്ഘാടനം ചെയ്യാൻ പാലക്കാട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ എത്തി. മലയാളത്തിലുള്ള പ്രസംഗം മുഴുവനായി അവരിലേക്ക്‌ എത്തുന്നില്ലെന്ന്‌ വന്നപ്പോൾ പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു. സംഘാടകർ ഇതിനായി ചുമതലപ്പെടുത്തിയത്‌ നൗസിനെയാണ്‌. പിന്നീടാണ്‌ സർക്കാരിന്റെ ചങ്ങാതി അതിഥി തൊഴിലാളി പദ്ധതിയിൽ നൗസിൻ അധ്യാപികയായത്‌.


 

പഠിപ്പിക്കാനുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തെത്തിയതെന്ന് നൗസിൻ പറയുന്നു. ഹിന്ദി, മലയാളം ഭാഷകളിലാണ്‌ ക്ലാസെടുക്കുന്നത്‌. 60 പേരിലധികമാളുകളെ ഓരോ സെഷനുകളിൽ പഠിപ്പിച്ചു. പഠിതാക്കളിൽ പലരും ജോലി കഴിഞ്ഞ് എത്താൻ വൈകും. അപ്പോഴെല്ലാം ക്ഷമയോടെ കാത്തിരിക്കും. സാധാരണ ക്ലാസ് എങ്ങനെയാണോ അതുപോലെ തന്നെ മുതിർന്നവരും ഈ ക്ലാസിനെ ഉൾക്കൊള്ളുന്നുണ്ട്. അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നിർമിച്ചുനൽകിയ അപ്‌നാ ഘറിലും പോയി പഠിപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ 60 വയസ്സുള്ളവർ വരെയുണ്ട്. ചിലയിടങ്ങളിൽ അമ്മമാർ ക്ലാസിനായി വരുമ്പോൾ കൂടെ കുട്ടികളും ഉണ്ടാകും. അപ്പോൾ അവരും അക്ഷരമാല എഴുതി പഠിക്കും. കഞ്ചിക്കോട്ടെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർ,  കെട്ടുപണിക്കാർ, ഹോട്ടൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ  വ്യത്യസ്‌ത വിഭാഗങ്ങളിലുള്ളവർ നൗസിന്റെ വിദ്യാർഥികളാണ്‌. കിഴക്കേമുറി കോളനിയിൽ അമ്മമാരും കുട്ടികളുമാണ് പ്രധാനമായും ഉള്ളത്. തുടർന്നും പദ്ധതിയുടെ ഭാഗമായി നിൽക്കുമെന്ന്‌ നൗസിൻ പറയുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ പഠിപ്പിച്ചു തുടങ്ങിയത്‌. ഇടക്കാലത്ത്‌ മറ്റുകുട്ടികൾക്കൊപ്പം അച്ഛനും നൗസിയയുടെ വിദ്യാർഥിയായിരുന്നു. കഞ്ചിക്കോട് സത്രപ്പടിയിലാണ് താമസം. കഞ്ചിക്കോട് ജിവിഎച്ച്എസ്എസ് പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. എച്ച്‌ഐവി സുരക്ഷാ സാൽവേഷൻ ആർമി പ്രോജക്‌ട്‌ ഔട്ട്‌ റീച്ച്‌ വർക്കറായ സംസേ ആലത്തിന്റെയും റൂബിയുടേയും മകളാണ്‌. ഒമ്പതാം ക്ലാസ്‌ വിദ്യാർഥി ഷാഹിദ്‌ അഫ്രീദി, നാലാം ക്ലാസ്‌ വിദ്യാർഥിനി ഷന എന്നിവരാണ്‌ സഹോദരങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ അതിഥി തൊഴിലാളി മലയാളപഠനം സാക്ഷരതാ പദ്ധതിയിലൂടെയാണ് പഠനം സാധ്യമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത്‌ നടപ്പാക്കുകയായിരുന്നു.  

ചേർത്തുപിടിക്കാം അവരേയും
അതിഥി തൊഴിലാളികളെ അക്ഷരങ്ങളിലൂടെ കേരളത്തിലെ ജനങ്ങളോട് ചേർത്തുപിടിക്കാൻ ഈ പദ്ധതി ഏറെ സഹായകരമായെന്ന്‌ ജില്ലാ മിഷൻ അസിസ്റ്റന്റ്‌ കോ ഓർഡിനേറ്റർ പി വി പാർവതി പറയുന്നു. നൗസിൻ ഇതിനായി മികച്ച പ്രവർത്തനം നടത്തി.  മുൻജില്ലാ കോ ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ പദ്ധതിക്ക്‌ നേതൃത്വം നൽകിയിരുന്നു. ആറുമാസം എടുത്താണ് അക്ഷരം പഠിപ്പിച്ചത്. ആദ്യഘട്ടം 2030 പേരിൽ സർവേ നടത്തി. തുടർന്ന്‌ ഊരുകൾ കേന്ദ്രീകരിച്ച്‌ പഠനം നടത്തി. ഇതേ തുടർന്നാണ്‌ ചങ്ങാതി പദ്ധതി ആരംഭിച്ചത്‌. സംസ്ഥാന സാക്ഷരതാ മിഷൻ തിരുവനന്തപുരത്ത്‌ നടത്തിയ ഉല്ലാസ് കലാപരിപാടികളിൽ ചങ്ങാതി പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു; പി വി പാർവതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top