27 January Monday

അറ്റ്‌ലാന്റയിലെ നൂപുരധ്വനി

എസ്‌ കൃഷ്‌ണമൂർത്തിUpdated: Sunday Dec 15, 2019

പാലക്കാട്ടുകാരി അനില ഹരി അമേരിക്കയിലെ അറ്റ്‌ലാന്റയിൽ തുടങ്ങിയ നൃത്ത വിദ്യാലയം ഇന്ന് നൂപുരയെന്ന പേരിൽ പ്രശ്സ്തമാണ്.  മലയാളികൾക്കിടയിൽ മാത്രമല്ല തെക്കെ ഇന്ത്യക്കാരിൽ മുഴുവൻ അറിയപെടുന്ന നൃത്ത കേന്ദ്രമാണ് നൂപുര. കുട്ടികൾ മാത്രമല്ല പല അമ്മമാരും ഇടയ്ക്കെപ്പോഴോ നിർത്തിയ നൃത്തം പഠിക്കാനുള്ള വേദിയായി നൂപുര കിട്ടിയ സന്തോഷത്തിലാണ്.

അനില ചെറുപ്രായത്തിൽ തന്നെ നൃത്തത്തിൽ കമ്പമുള്ളവളായിരുന്നു. അധ്യാപകരുടെ നിർബന്ധത്തിൽ ഹരിദാസ് മകളെ സീത വാരസ്യാരുടെ ശിഷ്യയാക്കിയത് അനിലയുടെ ജീവിതത്തിന് വഴിതിരിവായി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മണപുള്ളിക്കാവിൽ അരങ്ങേറ്റം കുറിച്ചു.കോളേജിലും നൃത്ത പഠനം തുടർന്നു. ഇതിനിടയിൽ പാലക്കാട്ടെ ആവിഷ്കാരയുടെ ഒപ്പം വേദികളിലെത്തി. പിന്നീട് പ്രശസ്ത ട്രൂപ്പായ പതഞ്ജലിയിൽ നർത്തകയായി സംസ്ഥാനത്തെ നൃത്തവേദിയിലെത്തി. ഇതിലൂടെ ആസ്വാദകരുടെ പ്രശംസ പിടിച്ച് പറ്റി.  ഇതിനിടയിൽ കോയമ്പത്തൂരിൽ കലൈകാവേരിയിൽ നൃത്തം പഠിച്ചു. ഭരതനാട്യത്തിൽ അഡ്വാൻസ്ഡ്‌ ഡിപ്ലോമയും നേടി. എംബിഎ നേടി നെന്മാറയിൽ സ്വകാര്യ ഹൈസ്കൂളിൽ അധ്യാപികയുമായി.

2015ൽ വിവാഹിതയായി ഭർത്താവ് ബ്രിജേഷിനൊപ്പം അറ്റലാന്റയിൽ എത്തിയപ്പോഴും അനിലയുടെ മനസിൽ മഞ്ജീരധ്വനി തന്നെ. വൈകാതെ അറ്റ്‌ലാന്റയിൽ നൂപുരനൃത്ത വിദ്യാലയമെന്ന പേരിൽ ഡാൻസ് സ്കൂൾ തുറന്നു. പിന്നീട് വളർച്ചയുടെ പടവുകൾ കയറി. അമേരിക്കയിൽ ധാരളം വേദികൾ നൂപുരയെ തേടിയെത്തി. ഇന്ത്യൻ അമേരിക്ക കൾച്ചറൽ അസോസിയേഷൻ വാർഷികം,ഗ്രേറ്റർ അറ്റ്‌ലാന്റ മലയാളി അസോസിയേഷൻ വാർഷികം ഉൾപ്പെടെ  നൂപുരയുടെ നൃത്തവേദികളായി. നൃത്ത വിദ്യാലയം എന്നതിനപ്പുറം നൂപുര ശുദ്ധ ശാസ്ത്രീയ നൃത്താവതരണ കേന്ദ്രവുമാണ്. അനിലയുടെ കൂടെ ഒരു സഹപ്രവർത്തകയായി മറ്റൊരു  പാലക്കാടുകാരികൂടിയുണ്ടു്. കേരളശ്ശേരിയിലെ മായാമോഹൻ.


പ്രധാന വാർത്തകൾ
 Top