യുകെയിലെ വിദേശ ഇന്റജിലൻസ് തലപ്പത്ത് ആദ്യ വനിതയായി ബ്ലെയ്‌സ് മെട്രെവെലി

ലണ്ടൻ: യുകെയിലെ വിദേശ ഇന്റലിജൻസ് സർവീസിന്റെ 116 വർഷത്തെ ചരിത്രത്തിൽ ആദ്യമായി Mi-6 ന്റെ തലപ്പത്ത് ഒരു വനിതയെത്തി. 47 വയസ്സുകാരിയായ ബ്ലെയ്‌സ് മെട്രെവെലിയാണ് ‘സി’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന പദവിയിലേക്ക് എത്തുന്നത്.
നിലവിൽ എംഐ6ൽ സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർ ജനറൽ ആയി സേവനമനുഷ്ഠിക്കുകയാണ് ഇവർ. ‘ക്യു’ എന്ന രഹസ്യനാമത്തിലാണ് സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർ ജനറൽ അറിയപ്പെടുന്നത്. ഇനിയവർ സി എന്ന കോഡിലാവും അറിയപ്പെടുക.
എംഐക്ക് നേരത്തെ വനിതാ മേധാവികൾ ഉണ്ടായിരുന്നു. അത് എംഐ- 5 എന്നറിയപ്പെടുന്ന ആഭ്യന്തര രഹസ്യന്വേഷണ ഏജൻസിക്ക് മാത്രമാണ്. വിദേശങ്ങളിലെ ഇന്റലിജൻസ് പ്രവർത്തനങ്ങളാണ് എംഐ-6 നടത്തുന്നത്. 1909ൽ സ്ഥാപിതമായ എംഐ6 ലോകത്തിലെ ഇതര രാജ്യങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്നു. ചാര ശൃംഖല വഴി യുകെ വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏജൻസിയാണ്.
തന്റെ കരിയറിന്റെ ഭൂരിഭാഗവും മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമാണ് ബ്ലെയിസ് സേവമനുഷ്ഠിച്ചിരുന്നത്. 2024-ൽ രാജാവിന്റെ വിദേശ, അന്തർദേശീയ ജന്മദിന ബഹുമതി പട്ടികയിൽ, ബ്രിട്ടീഷ് വിദേശനയത്തിന് നൽകിയ സേവനങ്ങൾക്ക് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് സെന്റ് മൈക്കിൾ ആൻഡ് സെന്റ് ജോർജ് (CMG) ലഭിച്ചു. ക്യു പദവിയിൽ ഇരുന്ന ഇവർക്ക് ഇതര രഹസ്യാന്വേഷകരുടെ കോഡുകൾ സൂക്ഷിക്കുന്ന ഉത്തരവാദിത്വവും ഉണ്ടായിരുന്നു.
ജെയിംസ് ബോണ്ട് സിനിമകളിലെ ചാര സുന്ദരി
ജെയിംസ് ബോണ്ട് സിനിമകളിലാണ് എംഐ6 ജനകീയമായി പരാമർശിക്കപ്പെട്ടത്. ഏജൻസിയുടെ തലപ്പത്ത് പ്രത്യക്ഷപ്പെടുന്ന മേധാവിക്ക് ‘എം’ എന്ന കോഡ് നാമമാണ് നൽകിയിരുന്നത്. സിനിമ ആരംഭിക്കുമ്പോൾ തന്നെ ഈ കോഡ് വ്യത്യസ്ത മാച്ചുകളിൽ തെളിയും. സിനിമയിൽ രഹസ്യകോഡ് എം ആണെങ്കിലും സർക്കാർ സംവിധാനത്തിൽ അത് ‘സി’ എന്നാണ്. ജെയിംസ് ബോണ്ട് സിനിമകളിൽ ‘എം’ ആയി വനിതയാണ് പ്രത്യക്ഷപ്പെടാറുള്ളത്. ബ്രിട്ടൺ ഇതുവരെ സിനിമയിൽ മാത്രം ഭാവനാ തലത്തിൽ സാധ്യമാക്കിയിരുന്നതാണ് ഇപ്പോൾ യാഥാർത്ഥ്യമാവുന്നത്.
1900-കളിൽ സ്ഥാപിതമായ സീക്രട്ട് സർവീസ് ബ്യൂറോയ്ക്ക് റോയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മാൻസ്ഫീൽഡ് കമ്മിംഗ് ആണ് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹം എപ്പോഴും "C" എന്ന അക്ഷരങ്ങളിൽ പച്ചമഷിയിൽ ഒപ്പിട്ടു. ഇപ്പോഴും വൈറ്റ്ഹാളിൽ പച്ച നിറത്തിൽ എഴുതുന്ന ഒരേയൊരു വ്യക്തി MI6 ന്റെ തലവരാണ്. യുകെയുടെ തന്നെ ഡിജിറ്റൽ നിരീക്ഷണ സ്ഥാപനമായ GCHQ വും ഈ രണ്ട് ഏജൻസികൾക്ക് ഒപ്പമാണ് പ്രവർത്തിക്കുന്നത്.
പുതിയ ലോക സാഹചര്യത്തിലും ശ്രദ്ധേയം
കഴിഞ്ഞ സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞ് എംഐ ചീഫ് സർ റിച്ചാർഡ് മൂർ അന്നത്തെ സിഐഎ മേധാവി വില്യം ബേൺസിനൊപ്പം മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നു. ലോകം "ശീതയുദ്ധത്തിനുശേഷം നമ്മൾ കണ്ടിട്ടില്ലാത്ത അത്രയും വലിയ അളവിൽ ഭീഷണിയിലാണ്" എന്ന് അന്ന് ഇരുവരും പറയുകയുണ്ടായി.
ഇവരുടെ പരസ്പര ബന്ധത്തെ അന്താരാഷ്ട്ര രഹസ്യ നയതന്ത്ര തലങ്ങളിൽ ബ്രൊമാൻസ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ വർഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ഈ പ്രത്യേക ബന്ധത്തിൽ വിടവ് രൂപപ്പെടുന്നതായി വിലയിരുത്തലുകൾ ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന "ഫൈവ് ഐസ്" ഇന്റലിജൻസ് പങ്കാളിത്ത ഗ്രൂപ്പിൽ നിന്നും കാനഡയെ പുറത്താക്കിക്കൊണ്ട് ട്രംപ് നടത്തിയ നീക്കവും ഇതിന് ഊർജ്ജം പകർന്നു.
അകൽച്ച അവസാനിപ്പിക്കാൻ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും ഫൈവ് ഐസ് ഏജൻസികളുടെ മറ്റ് നേതാക്കളും കിംഗ് ചാൾസ് മൂന്നാമനോടൊപ്പം വിൻഡ്‌സർ കാസിലിൽ അത്താഴം കഴിച്ചത് വാർത്തയായിരുന്നു. ഈ സന്ദർഭത്തിലാണ് മൂറിന് പിൻഗാമിയായി ബ്ലെയ്‌സ് മെട്രെവെലി അന്തരാഷ്ട്ര രഹസ്യ ബന്ധങ്ങളുടെ രാജ്യത്തെ ഏജൻസിയുടെ തലപ്പത്ത് അവരോധിക്കപ്പെടുന്നത്.
0 comments