29 March Wednesday

അമ്മമാരെ അറിഞ്ഞ് മാജി

പി വി ജീജോUpdated: Wednesday May 30, 2018


മലയാളത്തിലെ  ജനകീയ സമാന്തര സിനിമയിൽ ആദ്യമോർക്കുന്ന പേരാണ് ജോൺ എബ്രഹാമും അമ്മ അറിയാനും. ജോണിന്റെ അമ്മ അറിയാനിലെ നായകൻ ജോയ്മാത്യുവാണെന്നറിയാം. മുഖ്യധാര സിനിമകളിൽ  മുഖ്യതാരമായി മിന്നിത്തിളങ്ങി ജോയ്മാത്യു സജീവം. എന്നാൽ അമ്മ അറിയാനിലെ നായിക  പാർവ്വതി('പാറു') എവിടെയാണ്.  അധികമാരും അറിയുകയോ അന്വേഷിക്കുകയോ ചെയ്യാത്ത കാര്യം. എന്നാൽ പാറുവായി അഭിനയിച്ച മാജി ഇതാ ഇവിടെയുണ്ട്. മലപ്പുറം കൊണ്ടോട്ടിക്കാരുടെ പ്രിയപ്പെട്ട മാജി ഡോക്ടറായി. അയൽവാസികൾക്കുപോലുമറിയില്ല ഡോക്ടർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, നായികയായിരുന്നു എന്നൊക്കെ. സമാന്തര ‐ ജനകീയ നവ സിനിമാപ്രസ്ഥാനങ്ങൾക്കും പരിചിതയല്ല മാജി. കലയുടെ, സിനിമയുടെ ലോകത്തും നിന്ന് മാറി തിരക്കുപിടിച്ച ഗൈനക്കോളജിസ്റ്റായി, വന്ധ്യംകരണ ചികിത്സയിലെ വിദഗ്ധയായി ഡോ. മാജി കുഞ്ഞഹമ്മദായാണ് അമ്മ അറിയാനിലെ പാറുവിന്റെ ഇപ്പോഴത്തെ ജീവിതവേഷം. ജോൺ എബ്രഹാം എന്ന പ്രതിഭാശാലിയായ ചലച്ചിത്രകാരൻ ലോകത്തിന്റെ വെള്ളിത്തിരയിൽ നിന്ന് മറഞ്ഞിട്ട് മെയ് 31 ന് വ്യാഴാഴ്ച 31 വർഷം തികയുകയാണ്. ജോണിന്റെ ഓർമ്മപ്പിറവിവേളയിൽ  പാറു അല്ല, മാജി  ജീവിതവും ഓർമ്മകളും പങ്കിടുന്നു .

വർഷം 1983‐84. കോഴിക്കോട് മെഡി. കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് മാജി. കോഴിക്കോട്ടെത്തിയാൽ മെഡി. കോളേജിൽ പതിവ് സന്ദർശകനായിരുന്നു ജോൺ അക്കാലത്ത്. കരൾവീക്കം ബാധിച്ച ജോണിനെ ചികിത്സക്കായി പ്രവേശിപ്പിച്ചത് മാജിയും കുഞ്ഞഹമ്മദിനും ചുമതലയുണ്ടായിരുന്ന വാർഡിൽ. കലാസ്വാദകനും സിനിമാപ്രണയിയുമായ  കുഞ്ഞഹമ്മദിന് ജോണും സുഹൃത്തുക്കളും ചേർന്ന് ഒഡേസാമൂവീസ് രൂപീകരിച്ചതൊക്കെ അറിയാം. ചലച്ചിത്ര സംവിധായകനെ കണ്ട മാജി ജോണിനൊരു ഫോട്ടോ കാണിച്ചു കൊടുക്കുന്നു. പാലാ അൽഫോൻസാ കോളേജ് വിദ്യാർഥിയായിരിക്കെ തനിക്ക് ജോൺ സമ്മാനം നൽകുന്നതായിരുന്നു ആ പടം. ഇന്റർസോൺ കലോത്സവത്തിൽ ലളിതഗാനത്തിൽ സമ്മാനാർഹയായിരുന്നു മാജി. ബക്കറ്റ് പിരിവും നാടുചുറ്റലുമായി ഒഡേസാ 'അമ്മ അറിയാൻ' സിനിമയാക്കാൻ തീരുമാനിച്ചായിരുന്നു ജോൺ ആശുപത്രിയിലെത്തിയത്. 'അമ്മ അറിയാനി'ൽ നായകനെ നിശ്ചയിച്ചു. ജോയിമാത്യു. നായികയായി മാജിയാകാമെന്ന് ആലോചന. കുഞ്ഞഹമ്മദിനോട് കാര്യം സൂചിപ്പിക്കുന്നു. കുഞ്ഞഹമ്മദും മാജിയുമായി പ്രണയം മൊട്ടിട്ടുതുടങ്ങിയതൊന്നും സംവിധായകന് അറിയുമായിരുന്നില്ല. അഭിനിയിക്കാനറിയില്ലെന്ന് പറഞ്ഞ് മാജി മടിച്ചു. അഭിനയിക്കാനറിയാത്ത സാദാ പെൺകുട്ടിയാണ് വേണ്ടതെന്ന് ജോണും. നായകൻ പുരുഷുവായി ജോയ്മാത്യുവും ഗവേഷക വിദ്യാർഥി പാർവ്വതിയായി മാജിയുമെന്ന് തീരുമാനമായി. ദേവീസങ്കൽപത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന നായിക ബുദ്ധിശാലിയാണെന്ന് കണ്ടാൽ തോന്നണമെന്നതായിരുന്നു സംവിധായകന്റെ പക്ഷം.

ഒഡേസയുടെ ഭാഗമായി സിനിമാ നിർമ്മാണത്തിൽ കുഞ്ഞഹമ്മദും പങ്കാളിയായി. വടകര, ഫറോക്ക്, ബേപ്പൂർ, അമ്പലവയവൽ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണവും സിനിമാ തിരക്കുമൊക്കെ ഓർക്കുമ്പോൾ മാജി ഡോക്ടറുടെ മുഖത്ത് ഫ്ളാഷ്ബാക്കുകൾ തെളിയുന്നുണ്ട്. ചിത്രീകരണത്തിനിടയിൽ പെട്ടെന്ന് അപ്രത്യക്ഷനായി തീരെ കാണാതാകുന്ന സംവിധായകൻ, താൻ പാടിയ പാട്ട്കേട്ട് അതിമനോഹരമായി ഗിറ്റാർ വായിച്ചതും സംഗീത വൈഭവവുമെല്ലാം പഴയ സിനിമാകാലത്തിന്റെ ഓർമ്മത്തുടിപ്പുകളായുണ്ട്.
സിനിമകാണും, ഡോക്ടർമാരുടെ സമ്മേളനങ്ങളിലും ഒത്തുചേരലുകളിലും ചിലപ്പോൾ പാടും എന്നതൊഴിച്ചാൽ തനിക്ക് കലാ‐സിനിമാബന്ധമേ ഇല്ലാതായതിൽ നഷ്ടബോധമില്ലെന്ന് ആവർത്തിക്കുന്നുണ്ട്. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലെ തിരക്കുകളും പ്രസവങ്ങളും രോഗികളുടെ ബഹളങ്ങളും ഇഷ്ടപ്പെടുന്ന മാജിയുടേത് സമ്പൂർണ ഡോക്ടർ കുടുംബവുമാണ്. പെരിന്തൽമണ്ണ എംഇഎസ് മെഡി. കോളേജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ് ഭർത്താവ് ഡോ. എം പി കുഞ്ഞഹമ്മദ്. മക്കൾ ആഷിഖും കാജലും സ്റ്റെതസ്കോപ്പണിഞ്ഞ് അച്ഛനമ്മമാരുടെ പാതയിലുണ്ട്. ഡോക്ടർ മേൽവിലാസത്തിൽ പ്രശസ്തയെങ്കിലും ഇനി ജോണിന്റെ സിനിമയിലെ നായികയെ ആരെങ്കിലും അഭിനയിക്കാൻ ക്ഷണിച്ചാലോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറയുമ്പോഴും മാജി ഡോക്ടറുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്. പഴയ മെഡി. കോളേജ് കാമ്പസിലെ വിദ്യാർഥിനിയുടെ അതേ നറുപുഞ്ചിരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top