04 June Thursday

പ്രകൃതിയുടെ ചിത്രകാരി

ബിജി ബാലകൃഷ്‌ണൻUpdated: Tuesday Apr 30, 2019


ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് കഴിയുന്ന മനുഷ്യൻ നഗരജീവിതത്തിൽ ചേക്കേറാൻ ശ്രമിക്കുമ്പോൾ അതിൽനിന്നെല്ലാം കുതറിമാറി കാടിന്റെ സൗന്ദര്യവും പച്ചപ്പും ജലസമൃദ്ധിയുമെല്ലാം ആസ്വദിക്കാനാണ് അശ്വതിക്ക് താൽപര്യം. പ്രകൃതിയുമായി ഇണങ്ങിക്കിടക്കുന്ന സ്ഥലങ്ങളിൽ നിത്യം സന്ദർശനം നടത്തുവാനും അതിന്റെ സൗന്ദര്യം കാണാനുമുള്ള യാത്രകൾ അവർ എന്നും ഇഷ്ടപ്പെട്ടിരുന്നു. പ്രകൃതിയുമായുള്ള ഈ അടുപ്പമാണ് അശ്വതിയുടെ ചിത്രങ്ങളിൽ നിറയുന്നത്.  തേക്ക്, വാഴ, ചേമ്പ്, ചേന എന്നിവയുടെ ഇലകളും കറകളുമാണ് ചിത്രനിർമ്മാണത്തിനായി പ്രധാനമായും തെരഞ്ഞെടുക്കുന്നത്.

അങ്കമാലി സ്വദേശിയായ അശ്വതിക്ക് വളരെ ചെറുപ്പത്തിൽത്തന്നെ കാടിനെയും പക്ഷിമൃഗാദികളെയും അടുത്തറിയാൻ അവസരം കിട്ടി. അച്ഛൻ ചാലക്കുടിയിലെ ആദിവാസിസമൂഹത്തിനടുത്ത് ഒരു ഹോട്ടൽ നടത്തുന്നുണ്ടായിരുന്നു. അശ്വതിയും അച്ഛന്റെ കൂടെ ആ ഹോട്ടലിൽ വരാറുണ്ടായിരുന്നു.  അങ്ങനെ വളരെ ചെറുപ്പത്തിൽത്തന്നെ ആദിവാസികളോട് ഇടപഴകാനും കാടിനെയും കാട്ടിലെ ജീവജാലങ്ങളെയും അടുത്തറിയാനും അവസരമുണ്ടായി. ചെറുപ്പത്തിലെ ഇത്തരം ഓർമ്മകളാണ് അശ്വതി എന്ന ചിത്രകാരിയുടെ വളർച്ചയ്ക്ക് സഹായകമായത്. ചിത്രകലയിലെ ന്യുമോണിക് സങ്കേതമാണ് പ്രധാനമായും പിന്തുടരുന്നത്.

അബോധമനസ്സിലെ പലതരത്തിലുള്ള ഓർമ്മകൾ, നിറങ്ങൾ, സസ്യജന്തുജാലങ്ങൾ, പക്ഷിമൃഗാദികൾ എന്നിവയെ ചിത്രകലയിലൂടെ പുനർവിനിമയം ചെയ്യുന്ന ഈ രീതി ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. അശ്വതിയുടെ ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അതിലെല്ലാം തന്നെ മൈനയുടെ സാന്നിദ്ധ്യം കാണാം. വളരെ ചെറുപ്പത്തിൽത്തന്നെ അശ്വതിയെ ആകർഷിച്ച ഒരു മൈന ഉണ്ടായിരുന്നുവെന്നും അത് ചത്തുപോയപ്പോൾ തന്റെ മനസ്സിനെ കാര്യമായി ഉലച്ചുവെന്നും ആ മൈനയുടെ സാന്നിധ്യമാണ് അറിഞ്ഞോ അറിയാതെയോ ചിത്രങ്ങളിൽ കടന്നുകൂടുന്നതെന്നും പറയുന്നു.  ഈ വർഷത്തെ ഇന്റർനാഷണൽ, ഗ്രാമ ഫെസ്റ്റിവലിനോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയിൽ അശ്വതിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ചിത്രപ്രദർശനം ഉണ്ടായിരുന്നു. ന്യുമോണിക് ശൈലിയിൽ മിക്സഡ് മീഡിയ ക്യാൻവാസിലാണ് ചിത്രകല ഒരുക്കിയിരുന്നത്. പ്രകൃതിയിലെ പലതരത്തിലുള്ള ഇലകളിലായിരുന്നു ചിത്രങ്ങളുടെ പ്രതലങ്ങൾ ഒരുക്കിയിരുന്നത്. തേക്ക്, ചേന, ചേമ്പ്, വാഴ എന്നിവയുടെ ഇലകളിൽ പെയിന്റടിച്ച് ഏതാനും ദിവസം ആ ഇലകൾ ഉണക്കിയെടുത്ത പ്രതലത്തിൽ പഴയ തുണികൾ ഇഷ്ടപ്പെട്ട രൂപങ്ങളിൽ വെട്ടിയൊട്ടിക്കയായിരുന്നു. അതിനുശേഷം അവയിൽ വ്യത്യസ്ത നിറത്തിലുള്ള ചിത്രങ്ങൾ വരച്ചു. പ്രകൃതിയെ മനുഷ്യനിലേക്കെത്തിക്കുക, പ്രകൃതിയുമായുള്ള ഒരു ബന്ധം ബോധപൂർവ്വം സൃഷ്ടിക്കുക, മനുഷ്യൻ പ്രകൃതിയുമായി അകന്നുപോകുന്നതിന്റെദുഃഖം രേഖപ്പെടുത്തുക എന്നതായിരുന്നു ആ ചിത്രങ്ങൾകൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്.

പ്രകൃതിദത്തമായ ഇലകൾക്കുപുറമെ ചെമ്പരത്തിപ്പൂവിലും കോളാമ്പിപ്പൂവിലും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ പായ്ക്കപ്പലിനുപയോഗിക്കുന്ന യോയോ ഷീറ്റിലും ഈ പരീക്ഷണം നടത്തിയിട്ടുണ്ട്. ഷീറ്റിന്റെ പ്രതലം വലുപ്പമേറിയതുകൊണ്ട് ഉപയോഗശൂന്യമായ വസ്ത്രങ്ങളെ കൂടുതൽ ഇതിലേക്ക് ഉപയോഗപ്പെടുത്താമെന്നും പറയുന്നു. ചിത്രത്തിനാവശ്യമായ ചായങ്ങൾ കൂടുതലും സ്വയമാണ് ഉണ്ടാക്കുന്നത്. പലതരത്തിലുള്ള ചെടികളുടെയും പൂക്കളുടെയും ചാറുകളും മണ്ണിൽനിന്നു കിട്ടുന്ന പല നിറത്തിലുള്ള കല്ലുകൾ അരച്ചും പൊടിച്ചും കിട്ടുന്ന പൊടികളിൽനിന്നാണ് ചായക്കൂട്ടുകൾ ഒരുക്കുന്നത്. അക്രിലിക് പെയിന്റിംഗ് വളരെ ഡിമാന്റുള്ളതാണെന്ന് ഇത്തരം ചിത്രങ്ങളെ മുൻനിർത്തി അശ്വതി പറയുന്നു. മ്യൂറൽ പെയിന്റിംഗ് രംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മ്യൂറൽ പെയിന്റിംഗാണ് അശ്വതി ആദ്യം പരീക്ഷിച്ചത്. അതിനുശേഷമാണ് മിക്സഡ് മീഡിയ ക്യാൻവാസ് തെരഞ്ഞെടുത്തത്. ടെറാകോട്ട പെയിന്റിംഗും ക്ലേ മോഡലും ഇതോടൊപ്പം പരീക്ഷിക്കുന്നു. സിമന്റ്, വുഡ് എന്നിവയിൽ ശിൽപങ്ങളും തീർത്തിട്ടുണ്ട്. ടെറാകോട്ട ആഭരണങ്ങൾ നിർമ്മിക്കുന്നതിലും താൽപര്യമുണ്ട്. അതിനു നല്ല വിപണി ഉണ്ടെന്നാണ് പറയുന്നത്.നല്ലൊരു ഫാഷൻ ഡിസൈനറും കൂടിയായ അശ്വതി പഴയ വസ്ത്രങ്ങൾകൊണ്ട് കൗതുകവസ്തുക്കളും ബാഗ്, പേഴ്സ് പോലെയുള്ളവയും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ടെമ്പ്ര പെയിന്റിംഗിന്റെ പരീക്ഷണത്തിലാണ്. കോഴിമുട്ടയിൽനിന്നും ഉണ്ടാക്കുന്ന ചായങ്ങൾ ഉപയോഗിച്ച് ക്യാൻവാസ് ഒരുക്കുന്ന രീതിയാണിത്.  ബാംബൂ കോർപ്പറേഷൻ ജീവനക്കാരനായ ഭർത്താവ് ബൈജുവും ഒഴിവുസമയങ്ങളിലെല്ലാം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. മകൾ അദ്വൈത.

ബി എ എക്കണോമിക്സ് ബിരുദധാരിയായിരുന്ന സമയത്ത് ഉപവിഷയമായി ഫാഷൻ ഡിസൈംനിഗും പഠിക്കാനിടയായി. അതിൽനിന്നും കിട്ടിയ പരീക്ഷണാത്മകതയായിരുന്നു ചിത്രകല മുഖ്യവിഷയമായി തിരഞ്ഞെടുത്ത് പഠിക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ ആറ് വർഷമായി ചിത്രകലാരംഗത്ത് സജീവമാണ്. ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽനിന്ന് മ്യൂറൽ പെയിന്റിംഗിൽ ഒന്നാം റാങ്കോടെ ഡിഗ്രി പൂർത്തിയായി. ശേഷം പി ജി പെയിന്റാണ് തിരഞ്ഞെടുത്തത്. 2017ൽ കേരള ലളിതകലാ അക്കാദമിയുടെ സ്റ്റുഡൻസ് സ്കോളർഷിപ്പും 2018‐ൽ കേരള ഗവൺമെന്റിന്റെ ഡയമണ്ട് ജൂബിലി ഫെലോഷിപ്പും നേടി. 2018ലെ തന്നെ കൊച്ചി മുസരീസിലെ സ്റ്റുഡന്റ് ബിനാലെയിലും പങ്കെടുത്തു. 2016‐17 ലളിതകലാ അക്കാദമി എക്സിബിഷൻ, സഫാർ ഗ്രൂപ്പ് എക്സിബിഷൻ, കോഴിക്കോട് ലളിതകലാ ക്യാമ്പിലെ ഓസൺ എക്സിബിഷൻ, ഇന്ദ്രിയം ഗ്യാലറിയിലെ എക്സിബിഷൻ മട്ടാഞ്ചേരിയിലെ റൈസിങ് പാലറ്റ് എക്സിബിഷൻ, 2015‐ലെ കൊല്ലത്തുള്ള സിദ്ധാർത്ഥ് എക്സിബിഷൻ, അതിരപ്പിള്ളിയിലെ ധരരംഗ് ഗ്യാലറിയിലെ എക്സിബിഷൻ എന്നിവയും ഈ കലാകാരിയുടെ വളർച്ചയ്ക്ക് സഹായകങ്ങളായി. കൂടാതെ ടെറാകോട്ട നാഷണൽ ട്രഡീഷൻ എക്സിബിഷൻ, വ്യുമൺ ഇൻ ഇന്ത്യ ആർട്ട്സ് ക്യാമ്പ്, തൃശൂരിൽ നടത്തിയ തെരുവോര ചിത്രകലാക്യാമ്പ്, കാലടിയിലെ ടെറാകോട്ട ക്യാമ്പ്, ശ്വേത ഭട്ട് നയിച്ച ക്യാമ്പ് എന്നിവയും ചിത്രകലാ രംഗത്ത് അശ്വതിക്ക് നവീനവും വ്യത്യസ്തവുമായ അനുഭവങ്ങൾ നൽകിയിട്ടുണ്ട്.
 


പ്രധാന വാർത്തകൾ
 Top