ലൌകികവേഷം കെട്ടാന്‍ വന്നവരില്‍വച്ച് ഏറ്റവും ലൌകികരാണ് ജ്ഞാനികള്‍, ഒരുതരം കിറുക്കന്‍ ജ്ഞാനമുള്ള പരമഹംസന്മാര്‍. സാമൂഹികമായ എല്ലാ പെരുമാറ്റച്ചട്ടങ്ങളെയും അട്ടിമറിക്കുന്നവര്‍. മനസ്സിലും ശരീരത്തിലും നഗ്നരായ ദിഗംബരന്മാര്‍. അവരുടെ നിത്യമായ നഗ്നതയിലൂടെ സാമൂഹികാചാരങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്നു.
ബംഗാളി എഴുത്തുകാരനായ വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ 'ആരണ്യക' എന്ന നോവലില്‍ യുഗളപ്രസാദന്‍ എന്നൊരു കഥാപാത്രമുണ്ട്. സദാ മണ്ണും ചെളിയും

വിഷ്ണു നാരായണന്‍ നമ്പൂതിരി
പുരണ്ട മലിനവേഷത്തില്‍ നടക്കുന്ന ഇദ്ദേഹത്തിന്റെ പണികേട്ടാല്‍ പരിഷ്കൃതരായ നമുക്ക് ചിരിവരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തലക്കു വട്ടാണോ' എന്ന് ചോദിച്ചുപോകും. രാത്രിയായാല്‍ നഗരത്തിലെ ഉദ്യാനങ്ങളിലെ ചെടിച്ചട്ടികളില്‍ കൃത്രിമമായി നട്ടുവളര്‍ത്തുന്ന ചെടികളെ മുഴുവന്‍ ആരും കാണാതെ പറിച്ചെടുത്ത് വെളുക്കുന്നതിനുമുമ്പ് കാട്ടിലെ അവയുടെ യഥാര്‍ഥ പരിസ്ഥിതിയില്‍ കൊണ്ടുനടുകയാണ് യുഗളപ്രസാദന്‍ ചെയ്യുന്നത്. അതാണയാളുടെ സംതൃപ്തി. യുഗളപ്രസാദനെന്ന പേരില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ഇത് കവിതയാക്കിയിട്ടുണ്ട്. ജര്‍ജരവേഷ, പ്രാകൃത, പാംസുസ്നാത എന്നെല്ലാമാണ് കവി യുഗളപ്രസാദനെ സംബോധന ചെയ്യുന്നത്. താന്‍ ചെയ്യേണ്ട ജോലി എന്തെന്നതിനെക്കുറിച്ച് യാതൊരുവിധ സംശയങ്ങളുമില്ലാത്ത ഇത്തരം ചില അപരിഷ്‌കൃതര്‍ വീണു മണ്ണടിഞ്ഞതിനാലാണ് ഈ മേദിനി തനിക്ക് അമ്മയാകുന്നത് എന്ന് കവി.
നമ്മുടെ കാലത്തിന് തീരെ അപരിചിതമായിക്കഴിഞ്ഞ ഒരു പദമായിരിക്കുന്നു ജ്ഞാനി എന്നത്. പുഴപോലെ, നദിപോലെ പുസ്തകത്താളുകളിലെ വെറും നാമപദം മാത്രമായിരിക്കുന്നു അത്. ലൌകികവേഷം കെട്ടാന്‍ വന്നവരില്‍വച്ച് ഏറ്റവും ലൌകികരാണ് ജ്ഞാനികള്‍, ഒരുതരം കിറുക്കന്‍ജ്ഞാനമുള്ള പരമഹംസന്മാര്‍. സാമൂഹികമായ എല്ലാ പെരുമാറ്റച്ചട്ടങ്ങളെയും അട്ടിമറിക്കുന്നവര്‍. മനസ്സിലും ശരീരത്തിലും നഗ്നരായ ദിഗംബരന്മാര്‍. അവരുടെ നിത്യമായ നഗ്നതയിലൂടെ സാമൂഹികാചാരങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്നു. പ്രതീകാത്മകമാണ് അവരുടെ ആവിഷ്കരണങ്ങള്‍. അഹത്തിനും സ്വാര്‍ഥത്തിനും അപ്പുറത്തുള്ള ബോധാവസ്ഥയെ കുറിക്കുന്ന ഈ അവധൂതരുടേത് ഒരുതരം കിറുക്കുള്ള വിശുദ്ധി (
eccentric holiness) യാണ്. സാധാരണകണ്ണുകളില്‍ പെടാത്തതൊക്കെ ഇവരുടെ അസാധാരണ നേത്രങ്ങള്‍ കണ്ടെടുക്കുന്നു.
ജ്ഞാനി എന്നതിന് വിഡ്ഢിയായിരിക്കുക എന്നു കൂടി അര്‍ഥമുണ്ട്. പ്രവാചകരൊന്നും അവരവരുടെ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നില്ല എന്നു മാത്രമല്ല, നിലനില്‍ക്കുന്ന വ്യവസ്ഥയുടെ കല്ലേറുകള്‍ ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.
എങ്കിലും അവര്‍ പരിചിതമായ പാത വെടിഞ്ഞ് പുതിയ പാതകള്‍ വെട്ടിയുണ്ടാക്കുന്നു. അവരുടെ പരാജയം പില്‍ക്കാലത്താണ് വിജയങ്ങളായി രേഖപ്പെടുക. വ്യക്തിയുടെ ജ്ഞാനം സമൂഹം തിരിച്ചറിയണമെങ്കില്‍, സമൂഹത്തിന് വിവേകത്തിന്റെ പല്ല് –ജ്ഞാനപ്പല്ല്– (
wisdom tooth) മുളയ്ക്കണം. അതു മുളച്ചുവരുന്നതിന് നൂറ്റാണ്ടുകള്‍ തന്നെ എടുത്തേക്കാം. ഓരോ അണയുടെ ഓരോ അറ്റത്തുമാത്രം മുളച്ചുവരുന്ന ഈ പല്ല് ഉറച്ചുകഴിഞ്ഞ മോണയെ കീറിമുറിച്ചു കൊണ്ടാണ് നല്ല വേദനയോടെ പുറത്തേക്കുവരുന്നത്. ഒരു വ്യക്തിക്ക് ഇരുപതു വയസ്സിനടുത്താണ് ഈ പല്ലു മുളക്കുന്നത്. ആ പല്ലുമാത്രമേ വൈകിവരൂ. അതാണത്രേ ആ പല്ലിന് ജ്ഞാനപ്പല്ല് എന്നു പേരുവരാന്‍ കാരണം. വളരെ വൈകി മാത്രം ഉദിക്കുന്ന ഒന്നാണ് ജ്ഞാനം എന്നാണല്ലോ വയ്പ്.
"ജ്ഞാനപ്പല്‍ മാത്രമേ വൈകൂ ചിലര്‍ക്കതൊ–
ന്നേനപ്പെടുന്നതിനേറെ വൈകും''
എന്ന് വൈലോപ്പിള്ളി 'ച്യൂയിംഗം' എന്ന കവിതയില്‍ എഴുതി. ഉറച്ചുപോയതും കട്ടികൂടിയതുമായ സാമൂഹികബോധങ്ങളുടെ മോണ പൊട്ടിച്ചുവേണം ജ്ഞാനപ്പല്ല് പുറത്തേക്കുവരാന്‍.
വിഡ്ഢിത്തത്തിലൂടെ വിജ്ഞാനിയാവുക എന്നതില്‍ സുന്ദരമായ ഒരു ആത്മീയതയുണ്ട്. ഏറ്റവും സൂക്ഷ്മമായ അറിവുവരുന്നത് ഏറ്റവും സൂക്ഷ്മമായ വിഡ്ഢിത്തത്തില്‍ നിന്നാണ്. ഉദാഹരണം യേശുക്രിസ്തു തന്നെയാണ്. ക്രൈസ്തവതയുടെ ആദ്യകാലങ്ങളില്‍ വിഡ്ഢിത്തമെന്ന വാക്കിന്റെ ആത്മീയാര്‍ഥംതന്നെ സമൂഹത്തിലെ പതിവുചട്ടങ്ങളായ അഴിമതി, നിഷ്ഠൂരത, കാപട്യം, അധികാരത്തിനുവേണ്ടിയുള്ള തൃഷ്ണ എന്നിവയെ അകറ്റിനിര്‍ത്തുക എന്നതായിരുന്നു. അന്നത്തെ ലോകത്തിന്റെ കണ്ണില്‍ ക്രിസ്തു ഒരു വിഡ്ഢിയായിരുന്നു. നിയമങ്ങളൊന്നുംതന്നെ അദ്ദേഹം അനുസരിച്ചില്ല. പരീശന്മാരുടെയും ശാസ്ത്രികളുടെയും നീതിയെ കവിയുന്ന ഒന്നാണല്ലോ യേശുവിന്റെ ഗിരിപ്രഭാഷണങ്ങളില്‍ കാണുന്നത്. ചവിട്ടിത്തേക്കപ്പെടുന്നവന്റെയും അവഗണിക്കപ്പെടുന്നവന്റെയും പ്രാഥമികഗ്രന്ഥമാണത്. ഒരു ഭാഗം മറ്റൊരു ഭാഗത്തെ ആവര്‍ത്തിക്കുന്ന ഒരു സമാന്തരഭാഷണത്തിലാണ് അത് അവസാനിക്കുന്നത്. നാലു ഗുണങ്ങളെ മൂന്നുവരി വീതമുള്ള രണ്ടു ശ്ളോകങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്ന കവിത എന്നു വേണമെങ്കില്‍ പറയാം.
യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും
അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും
മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും
യാചിക്കുന്ന ഏവനും ലഭിക്കുന്നു
അന്വേഷിക്കുന്നവന്‍ കണ്ടെത്തും
മുട്ടുന്നുവനു തുറക്കും
എന്നിങ്ങനെ. ജ്ഞാനിയുടെ വെളിപാടുപോലെ, പരസ്പരബന്ധമില്ലാതെ ചില വിഷയങ്ങള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന രീതി. അക്ഷരത്തെ അതിക്രമിച്ചുകൊണ്ടുള്ള ഈ ന്യായപ്രമാണങ്ങള്‍ സാമാന്യബുദ്ധി മാത്രമുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കുവാനോ ആകുമായിരുന്നില്ല. യേശുവിന്റെ കവിതയായി ഗിരിപ്രഭാഷണങ്ങളെ കാണുന്നവരുമുണ്ട്. കവിതയ്ക്ക് സഹജമായ വക്രതയുടെ സൌന്ദര്യവും ക്രമരാഹിത്യവും അതിശയോക്തികളും പല വചനങ്ങളിലും കാണാം.
വലങ്കണ്ണ് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക,
വലങ്കൈ വെട്ടി എറിഞ്ഞുകളക
എന്നിങ്ങനെ.
ദ്വയാര്‍ഥം മനസ്സിലാകാത്തവര്‍ സദൃശവാക്യങ്ങളും ഗിരിപ്രഭാഷണങ്ങളും വായിച്ചിട്ടു കാര്യമില്ല. ദേവാലയത്തില്‍ നിന്ന് വ്യാപാരികളെ തുരത്തിയോടിക്കുന്ന പഴയ ഏഴു വയസ്സുകാരനായ യേശുവിന്റെ ചിത്രം കൌതുകകരമായ കാഴ്ചയാണ്. ക്രിസ്തു നടത്തിയ എണ്ണമറ്റ നൈതികമുറകളുടെയൊക്കെ മുന്നോടിയായി വേണം ആ കുട്ടിയുടെ ഭ്രാന്തമായ ചെയ്തികളെ കാണാന്‍. പ്രതിഷേധത്തിന്റെ ഇടിമുഴക്കമുള്ള വാക്കുകള്‍ തേടുകയായിരുന്നു അവന്‍.
സൂക്ഷ്മവും സ്ഫുടം ചെയ്തെടുത്തതുമായ ജ്ഞാനത്തിന് ഏറ്റവും സൂക്ഷ്മമായ വിഡ്ഢിത്തരവും ഉണ്ടാക്കാന്‍ കഴിയും. നാറാണത്തുഭ്രാന്തനോട് പാറ നന്ദി പറയുന്നതായി
കെ ജി ശങ്കരപ്പിള്ള 'നാറാണത്തുപാറ' എന്ന കവിതയില്‍ എഴുതി. ഭ്രാന്തനല്ലാതെ മറ്റാരെങ്കിലും ഒരു ചേതവുമില്ലാതെ സ്വന്തം നെഞ്ചാല്‍ പരഭാരം പേറുമോ? ഒരു നിമിഷനേരത്തേക്കെങ്കിലും മറ്റൊരാളെ വിജയസോപാനത്തില്‍ പ്രതിഷ്ഠിക്കുമോ? എല്ലാവരുടെയും നന്മക്കു വേണ്ടി ആരിങ്ങനെ ഒഴുക്കുകളെ ഒറ്റക്ക് തിരിച്ചുവിട്ടുകൊണ്ടിരിക്കും?
"നീ വെളിവിന്റെ മിശിഹാ
ഞാന്‍ അനുസ്യൂതിയുടെ ഫോസില്‍
സെഡിമെന്ററി വംശം''
മുകളില്‍ നിന്നു താഴേക്കു നോക്കുന്നവര്‍ക്കുമാത്രമേ വസ്തുക്കളുടെ മറുവശം കാണാനാകൂ. അത്യാവശ്യമുണ്ടെങ്കില്‍ പോലും, സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടിയല്ലാതെ ഒരിഞ്ചനങ്ങാത്ത പാറകളെ ജീവിതം പഠിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പ്രവാചകര്‍. അവരുടെ കണ്ണിനുചുറ്റുമുള്ള ചുളിവുകള്‍ കാഴ്ചകളില്‍ നിന്നു ജ്ഞാനമൂറ്റിയെടുക്കുമ്പോള്‍ സംഭവിച്ച ക്ഷതങ്ങളാണ്. ഇങ്ങനെ ചില ഹ്രസ്വജീവിതങ്ങള്‍ എല്ലാ നാട്ടിലും എല്ലാ വര്‍ഗങ്ങളിലും ഉള്ളവര്‍ക്കു പരിചിതമായിരിക്കും. അവരുടെ ജീവിതങ്ങള്‍ വീണ്ടും കണ്ടെടുക്കേണ്ടിയിരിക്കുന്നു. തിരുത്തിയെഴുതേണ്ടിയിരിക്കുന്നു.
വിസ്മയപ്പെടാനുള്ള കഴിവ് വിവേകത്തിന്റെ ആരംഭമായി സോക്രട്ടീസ് കണ്ടു. കല്‍പ്പങ്ങളോളം മനുഷ്യര്‍ക്ക് അജ്ഞാതമായിരുന്നവ ഒരു മാത്രയില്‍ ചിലപ്പോള്‍ ചിലര്‍ക്ക് വെളിപ്പെട്ടുകൂടായ്കയില്ല. അപ്പോഴാണ് അവന്‍ 'അമ്പമ്പട രാഭണാ' എന്ന് വിസ്മയപ്പെടുക. അപ്പോഴാണ് സ്വന്തം നഗ്നത മറന്ന് അവര്‍ യുറേക്കാ എന്നാര്‍ത്തു വിളിച്ചുകൊണ്ട് തെരുവിലേക്കോടുക. പ്രജ്ഞയില്‍ വിജ്ഞാനത്തിന്റെ ദേവത എപ്പോഴാണ് വിരല്‍ തൊടുക എന്നു പറയാനാവില്ല. ഇരിക്കുന്ന കൊമ്പ് താന്‍ വീഴാതെ തന്നെ മുറിക്കാനുള്ള പരിശ്രമത്തിലായിരുന്ന ആ ജ്ഞാനിയെ ആണല്ലോ അവര്‍ പണ്ഡിതന്റെ വേഷംകെട്ടിക്കാന്‍ ശ്രമിച്ചത്. ഏറ്റവും ഉന്നതമായ കാര്യങ്ങളെക്കുറിച്ചുള്ള ഏതു പണ്ഡിതന്റെയും അറിവിന് എപ്പോഴുമൊരു പരമിതിയുണ്ട്. ജ്ഞാനത്തില്‍ നിന്നും ഭിന്നമായ സംഗതിയാണ് അറിവെന്ന് മനസ്സിലാക്കിയിട്ടുള്ള ഒരു പണ്ഡിതനെപ്പോലും താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞത് പ്രമുഖ ചിന്തകനായ ഹെറാക്ളീറ്റസ് ആണ്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ജ്ഞാനിയെ അവിവേകം പിന്തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നതാണ് പ്രവാചകരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. രാജാക്കന്മാരെ മടുപ്പോ കുറ്റബോധമോ ബാധിക്കുമ്പോള്‍ അവരെ ആനന്ദിപ്പിക്കേണ്ട വിദൂഷകര്‍ രാജാക്കന്മാരെക്കാള്‍ വിവേകികളായിരുന്നു എന്ന് ബീര്‍ബലിന്റെയും തെന്നാലിരാമന്റെയും മുല്ലാ നാസറുദ്ദീന്റെയും കഥകള്‍ പറയുന്നു.
തോല്‍വിയെയും ജയത്തെയും പൂര്‍ണമായി നിയന്ത്രിക്കുന്നത് ബുദ്ധിശക്തിയല്ല. ആന്തരികമായ ഒരുതരം ഊര്‍ജവും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തീരുമാനിച്ചുറപ്പിക്കുന്നവരിലാണ് ജ്ഞാനോദയമുണ്ടാവുക. പ്രായം കൂടുന്തോറും പല ആളുകളും കൂടുതല്‍ വിവേകികളാകുന്നത് നാം കണ്ടുവരാറുണ്ട്. അപ്പോഴാണവര്‍ കൂടുതല്‍ കോമാളികളെപ്പോലെ പെരുമാറുന്നതും. ഒന്നും മനസ്സിലാകാത്തതുപോലെ നടിക്കുകയും കുട്ടികളെപ്പോലെ നിഷ്കളങ്കരാവുകയും ചെയ്യുന്നു. വീട്ടിലും പുറത്തുമുള്ള ആളുകള്‍ സ്നേഹപൂര്‍വം പരിഹസിക്കുന്നു എന്നറിയുമ്പോഴേക്കും അവര്‍ കൂടുതല്‍ വിഡ്ഢികളെപ്പോലെ പെരുമാറിക്കളയും. ജ്ഞാനത്തിന്റെ ഒരു ലക്ഷണമാണത്. ചുറ്റുമുള്ളവരുടെ അവിവേകം തിരിച്ചറിയാന്‍ പാകത്തില്‍ വിവേകികളായിക്കഴിയുന്ന നിമിഷം മുതല്‍ അവര്‍ തങ്ങളുടെ വിഡ്ഢിത്തങ്ങളെ ബുദ്ധിപൂര്‍വം ഉപയോഗിച്ചുതുടങ്ങുകയാണ്. നാം എന്തായിരിക്കണമെന്ന് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുവോ അതായിരിക്കണമെങ്കില്‍ നാം വിഡ്ഢികളെപ്പോലെ പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുന്ന വിവേകത്തിലേക്ക് അവര്‍ ഉയരുന്നു.
അക്രിസ്തീയമായ ഇന്നത്തെ ലോകത്തില്‍ ഒരു നവക്രിസ്തുവിനെ സൃഷ്ടിക്കാനാണ് ഇഡിയറ്റ് എന്ന നോവലിലൂടെ
ഡോസ്റ്റോയേവ്സ്കി ശ്രമിച്ചത്. പുറമേയുള്ള വായനയില്‍ ഒരു വിശുദ്ധനായ വിഡ്ഢിയാണ് നോവലിലെ മിഷ്കിന്‍. പക്ഷേ, അയാള്‍ ഒരു വിഡ്ഢിയായിരുന്നില്ല. എല്ലാ അര്‍ഥത്തിലും സുന്ദരമായ ഒരാത്മാവിനെ സൃഷ്ടിക്കുക എന്നതായിരുന്നു എഴുത്തുകാരന്റെ വലിയ സ്വപ്നം. നമ്മുടെ കാലഘട്ടത്തില്‍ വിഡ്ഢികളായ വിവേകികളുടെ അഭാവം എത്ര ശക്തമായാണ് അനുഭവപ്പെടുന്നത്. ആത്മവഞ്ചന നടത്തുന്നവരുടെ കാലത്ത് മനുഷ്യനെപ്പറ്റി എങ്ങനെ അഭിമാനിക്കാനാകും? ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു വിഡ്ഢിത്തമാണ് എന്ന് കോറിന്തോസുകള്‍ക്ക് വിശുദ്ധപൌലോസ് എഴുതിയ ഒന്നാം ലേഖനത്തിലുണ്ട്. വിജ്ഞാനിയാണെന്നു സ്വയം ഭാവിക്കുന്നവര്‍ അവരുടെതന്നെ കൌശലങ്ങളില്‍ കുടുങ്ങുന്നതും അവരുടെ മനോഗതങ്ങള്‍ നിഷ്ഫലമാകുന്നതും നമ്മള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. സ്വന്തം രീതിയില്‍ ഒറ്റക്കു മിടുക്കനാകാന്‍ ശ്രമിക്കുന്നതുപോലെയൊരു മഠയത്തരം വേറെയില്ല. പണ്ഡിതന്മാരുടെയും ബുദ്ധിമാന്മാരുടെയും അറിവും ബുദ്ധിയും യഥാര്‍ഥജ്ഞാനിയുടെ മുന്നില്‍ നിഷ്പ്രയോജനമാവുകതന്നെ ചെയ്യുമെന്ന ആശയമാണ് ടോള്‍സ്റ്റോയിയും ഡോസ്റ്റോയേവ്സ്കിയും ഒക്കെ തങ്ങളുടെ കൃതികളിലൂടെ പറയാന്‍ ശ്രമിച്ചത്.
ഉണര്‍ന്നിരിക്കുന്ന ബുദ്ധിമാന്മാര്‍ ഒരേലോകം പങ്കിടുമ്പോള്‍ ഉറക്കം നടിക്കുന്ന വിവേകികള്‍ അന്തര്‍നേത്രങ്ങള്‍ തുറന്നിരുന്ന് സങ്കല്‍പ്പിക്കുന്നത് അവരവരുടേതായ രീതിയില്‍ വ്യത്യസ്ത ലോകങ്ങളെയാണ്. പാട്ടും ആഘോഷങ്ങളും നിറങ്ങളും അവരെ ബാധിക്കുന്നതേയില്ല. അങ്ങനെയുള്ള ഭിന്നതക്കേ ലോകത്തെ രക്ഷിക്കാന്‍ കഴിയൂ.
ചിന്തകനായ ഡയോജനിസ് തെളിയിച്ച ദീപവുമായി പകല്‍ വെളിച്ചത്തില്‍ വിഭ്രാന്തമായി അന്വേഷിച്ചു നടന്നത് ജ്ഞാനിയായ മനുഷ്യനെയാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാര്‍ഥതയുടെയും ചതിയുടെയും ഇരുട്ടുപരന്നു കഴിഞ്ഞിരിക്കുന്ന വര്‍ത്തമാനകാലത്ത് സമൂഹത്തിലെ ജഡതകളുടെ കടുപ്പമേറിയ ആവരണങ്ങളെ പൊളിച്ചുമാറ്റിക്കൊണ്ട് ആ ജ്ഞാനപ്പല്ല് എന്നാകും മുളച്ചു വരുക? അന്ധമായ കല്‍ക്കൂടുകളെ ഭേദിച്ച് ആകാശത്തിന്റെ തുറസ്സായ നീലിമയിലേക്ക് എന്നാകും നമ്മുടെ സമൂഹം ഉയര്‍ന്നുപടരുക? .
(എസ് ശാരാദക്കുട്ടി ദേശാഭിമാനി വാരികയില്‍ എഴുതുന്ന പംക്തി ജ്ഞാനപ്പല്ല്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..