29 May Monday

യൂണിഫോമിലുണ്ട്‌ അതിജീവനത്തിന്റെ മഹാമുദ്ര

ഇ ബാലകൃഷ്‌ണൻUpdated: Sunday May 29, 2022

ഭർതൃവീട്ടിലെ പീഡനങ്ങളിൽ മനംനൊന്ത് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച നൗജിഷ ഇന്ന് കേരള പൊലീസിന്റെ അഭിമാനതാരം. അതിജീവനത്തിന്റെ  കഥകൾ ജീവിതംകൊണ്ടെഴുതുന്ന സ്‌ത്രീകളുടെ പട്ടികയിലേക്ക് ചേർത്തുവയ്‌ക്കപ്പെടേണ്ട പേരുകാരി.
കഴിഞ്ഞദിവസം തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ മൂന്നാമത് വനിതാ പൊലീസ് ബറ്റാലിയനിൽ അംഗമായ രണ്ട്‌ എംസിഎ ബിരുദധാരികളിൽ ഒരാളാണ് കോഴിക്കോട്‌ പേരാമ്പ്ര സ്വദേശി നൗജിഷ.

കൂത്താളി പഞ്ചായത്തിലെ കിഴക്കൻ പേരാമ്പ്രയിൽ കൂലിപ്പണിക്കാരനായ അരീക്കൽ അബ്‌ദുള്ളയുടെയും ഫാത്തിമയുടെയും മൂന്നു മക്കളിൽ ഇളയവൾ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമായിട്ടും അബ്‌ദുള്ള കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. മൂത്തമകൻ റിയാസ്  നല്ലളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ. രണ്ടാമത്തെ മകൾ നൗഫ് കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലാബ് അസിസ്റ്റന്റും.
സഹോദരങ്ങളെപ്പോലെ ജോലി നേടണമെന്നായിരുന്നു നൗജിഷയുടെയും ആഗ്രഹം. 2013ൽ വിവാഹിതയായതോടെ നൗജിഷയുടെ ജിവിതം കീഴ്‌‌മേൽ മറിഞ്ഞു. ജോലിക്ക് പോകണമെന്ന് വിവാഹത്തിനു മുമ്പുതന്നെ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞിരുന്നെങ്കിലും അതിൽ ഭർത്താവിന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. അടുക്കളപ്പണിയെടുത്ത് കുടുംബം നോക്കിക്കഴിയാനുള്ള പെണ്ണുങ്ങൾ എന്തിനാണ് വീടിനുപുറത്ത് പോകുന്നതെന്ന ഭർത്താവിന്റെ ചോദ്യത്തിനുമുമ്പിൽ പ്രതീക്ഷകൾ അസ്‌തമിച്ചു. സ്‌ത്രീധനം കുറഞ്ഞുപോയെന്ന പരാതിയും തളർത്തി. ജോലിയെന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ ശാരീരികമായും മാനസികമായും നിരന്തരം പീഡനം ഏറ്റുവാങ്ങേണ്ടിവന്നു.

മൂന്നു വർഷത്തെ യാതനകൾക്കൊ ടുവിൽ അവൾ പ്രതികരിച്ചു തുടങ്ങി. ഒടുവിൽ ഭർത്താവിന്റെ വീടുപേക്ഷിച്ച് ഒന്നര വയസ്സുള്ള മകൻ ഐഹം നസലിനെയും എടുത്ത് കുടുംബവീട്ടിലേക്ക്. സ്വന്തം കാലിൽ നിൽക്കാനും മകനെ വളർത്താനും ഒരു ജോലി നേടുകയെന്ന മോഹവുമായി 2016 മുതൽ നൗജിഷ പിഎസ്‌സി കോച്ചിങ്ങിനു ചേർന്നു.  

വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ കേസും കോടതിവ്യവഹാരങ്ങളും കാരണം  ക്ലാസ്‌ മുടങ്ങി. ശകാരങ്ങൾ കേട്ടും ബുദ്ധിമുട്ടുകൾ സഹിച്ചും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നൗജിഷയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ അധ്യാപകർ ഫീസ് വാങ്ങാതെയാണ് പിന്നീട് ക്ലാസിൽ പഠിപ്പിച്ചത്.

ഒന്നര വർഷത്തെ പ്രയത്നത്തിനൊടുവിൽ കഴിഞ്ഞ ഡിസംബറോടെ 141-–-ാം റാങ്കുമായി നൗജിഷ ആദ്യ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടംനേടി.  കിണറ്റിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ അനുഭവവുമുണ്ട് നൗജിഷയ്‌ക്ക്‌. പലവിധ സമ്മർദമുണ്ടായിട്ടും ജീവിതത്തിന് അർഥമുണ്ടാകണമെന്നും ജോലി നേടണമെന്നുമുള്ള ലക്ഷ്യബോധത്തിൽനിന്ന് പിന്നാക്കം പോകാൻ അവൾ ഒരുക്കമായിരുന്നില്ല. അനുഭവിച്ച ഒറ്റപ്പെടലും കഷ്ടപ്പാടുകളും വാശിയായി എടുത്തതോടെ വിജയനേട്ടം നൗജിഷയ്‌ക്കൊപ്പം. നിരന്തര പരിശ്രമത്തിൽ പല ലിസ്റ്റിലും ഇടംനേടി. എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവൾക്ക് വീട്ടുകാരിൽനിന്ന് മറച്ചുവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുമ്പോൾ തന്റെ പേര് ലിസ്റ്റിലുണ്ടെന്ന്‌ അറിഞ്ഞാൽ ബന്ധം വേർപിരിയുന്നതിൽനിന്ന് ഭർതൃകുടുംബം പിന്മാറുമോ എന്ന ഭയത്താലായിരുന്നു അത്. വിവാഹമോചനം നേടിയ നൗജിഷയ്‌ക്ക് ഇനി ഏഴു വയസ്സുള്ള മകനെ പഠിപ്പിക്കണം.

സമൂഹത്തിൽ സ്‌ത്രീധനത്തിന്റെ പേരിലും മറ്റുമായി ഗാർഹികപീഡനം അനുഭവിക്കുന്ന നിരവധി പെൺകുട്ടികളുണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർ പോലും ഇതിലുൾപ്പെടും. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന ഉറച്ച തീരുമാനമാണ് തന്നെ പൊലീസ് സേനയിൽ എത്തിച്ചതെന്നും പുതിയ ജോലിയിൽ തികഞ്ഞ അഭിമാനമുണ്ടെന്നും നൗജിഷ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top