16 July Tuesday

കുറഞ്ഞ വാക്കുകളിലെ വലിയ മുഴക്കങ്ങൾ

ആമി രാംദാസ്‌Updated: Sunday May 29, 2022


വലിയ ചലനങ്ങളുണ്ടാക്കാതെ കടന്നുപോയെങ്കിലും ക്ഷണികം എന്ന സിനിമ കൈകാര്യം ചെയ്‌ത വിഷയം പ്രേക്ഷക ശ്രദ്ധയിലെത്തേണ്ടതുതന്നെയായിരുന്നു. എടുത്തുവളർത്തലിന്റെ (ഫോസ്റ്റർ കെയറിങ്) സാധ്യതകളെ മലയാളി കുടുംബങ്ങളിൽ ചർച്ചയാക്കാനും നല്ല മാറ്റങ്ങൾക്ക് ഇടമൊരുക്കാനും കഴിയുന്ന ഒരു കുഞ്ഞ് സിനിമ. അനാഥത്വമോ അരക്ഷിതാവസ്ഥയോ പേറുന്ന കുട്ടികളെ സ്വന്തം കുടുംബങ്ങളിലേക്ക് ഉൾപ്പെടുത്തി സനാഥരാക്കുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയറിങ്‌. ക്ഷണികം സിനിമയുടെ കഥയും തിരക്കഥയുമെഴുതിയ ദീപ്തി നായർ സംസാരിക്കുന്നു.

പാർട്ട്‌ ടൈമാണ്
കഥകളിലൂടെയാണ് എഴുത്തുലോകത്തെത്തിയത്. മറ്റു  സൃഷ്ടികളെയെല്ലാം ഇപ്പോഴും അത്ഭുതത്തോടെയാണ് കാണുന്നത്. ഒരു നല്ല കവിതയെഴുതുന്ന വ്യക്തിയെ കാണുമ്പോൾ ഇതെങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന്  അതിശയിക്കാറുണ്ട്. എനിക്ക് കഥയെഴുതാൻ മാത്രമേ അറിയൂ. കുറഞ്ഞ വാക്കുകളിൽ വലിയ ആഴങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ കഥകൾ.  

തൃശൂർ ​ഗവ. എൻജിനിയറിങ്‌ കോളേജിലെ പഠനകാലത്താണ് എഴുതിത്തുടങ്ങുന്നത്. 2010 മുതൽ കഥാരചനയെ കുറച്ചുകൂടി ​ഗൗരവത്തോടെ കാണാൻ തുടങ്ങി. പിന്നീട് രണ്ടു കഥ ഷോർട്ട്ഫിലിമുകളായി മാറി. ബിജു വിശ്വനാഥായിരുന്നു സംവിധായകൻ.   ഇലക്ട്രിക്കൽ എൻജിനിയറിങ്ങായിരുന്നു പഠിച്ചത്. ഇപ്പോൾ ടെക്‌നോപാർക്കിൽ ഒരു കമ്പനിയിൽ പാർട്ട്‌ ടൈമായി ജോലിചെയ്യുന്നു. ബാക്കി സമയം നീക്കിവയ്‌ക്കുന്നത് എഴുത്തിലാണ്. ദ ​ഗാർഡൻ ഓഫ് നോ സോറോസ് എന്ന ഇം​ഗ്ലീഷ് നോവലും രചിച്ചിട്ടുണ്ട്.

തിരക്കഥകളിലേക്ക്
തിരക്കഥാരചന ബുദ്ധിമുട്ടുള്ള പണിയാണ്. സംവിധായകൻ സന്തോഷ് ശിവന്റെ കൂടെ ജോലിചെയ്‌ത നാളുകളാണ് ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ അടിത്തറ നൽകിയത്. ഒരുപാട് തിരക്കഥകൾ വായിക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും ആ സമയങ്ങളിൽ കഴിഞ്ഞിരുന്നു. സ്വന്തമായി തിരക്കഥ എഴുതാൻ തുടങ്ങിയപ്പോൾ ഈ അനുഭവങ്ങൾ സഹായിച്ചു.

ഫോസ്റ്റർ കെയറിങ്
ഞാനും മുരുകനും എന്ന കഥയാണ് ക്ഷണികം എന്ന സിനിമയായത്.  സുഹൃത്തിന്റെ അനുഭവമാണത്‌. മകനെ നഷ്ടപ്പെട്ട അവൾ ഫോസ്റ്റർ കെയറിങ്ങിലൂടെ രണ്ടു കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും പിന്നീട്  പരാജയപ്പെടുന്നതും. ഒരു നഷ്ടത്തെ നമ്മൾ  എങ്ങനെ പ്രതിരോധിക്കുന്നു എന്നത് പ്രധാനമാണ്. നമ്മുടെ ചില സ്വാർഥതകൾ ചിലപ്പോൾ നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളെയും മോശമായി ബാധിച്ചേക്കാം. ഫോസ്റ്റർ കെയറിങ്  മികച്ച  സംവിധാനമാണ്. കഥയിലൂടെയും സിനിമയിലൂടെയും ഇതിനെപ്പറ്റി ആസ്വാദകർ ഈ ആശയം സ്വീകരിച്ചാൽ  സന്തോഷം.

പുതിയ പദ്ധതികൾ
ഇപ്പോൾ മൂന്ന് കഥ തിരക്കഥയാക്കി മാറ്റുകയാണ്. എന്റെയും എനിക്കു ചുറ്റുമുള്ളവരുടെയും അനുഭവങ്ങളിൽനിന്ന് ഞാൻ കണ്ടെടുത്തവയാണ്. ഇനി ഞാൻ കാണാത്ത കേൾക്കാത്ത മുഴുവനായും എന്റെ ഭാവനയുടെ സൃഷ്ടിയായ ഒരു കഥ ചെയ്യണം. അതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ അറിയില്ല. ഇരു കരകൾ‍ എന്ന പേരിൽ  കഥാസമാഹാരം മെയ് 30ന് പുറത്തിറങ്ങും.

aamyragesh@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top