24 February Monday

ഓർമയായത്‌ കർഷകസമരത്തിലെ വീരനായിക

എ കൃഷ്ണകുമാരിUpdated: Sunday Oct 27, 2019


എഴുപതുകളിൽ തൃശൂർ കണ്ട ഏറ്റവുംവലിയ കർഷകസമരത്തിന്‌ വിത്തിട്ട മുക്കാട്ടുകര‐നെല്ലങ്കര സമരത്തിലെ വീരനായികയാണ്‌ ഓർമയായത്‌. വടക്കൻ ഇറ്റ്യാനമെന്ന ആ സമരനായികയുടെ ദീപ്തസ്മരണകൾക്ക്‌ അഞ്ചുപതിറ്റാണ്ടിന്റെ ചരിത്രമുണ്ട്‌. അഞ്ചിലൊന്ന്‌ പറ പതമ്പിനും പിൻപണി അവസാനിപ്പിക്കാനുമായി ജനങ്ങൾ അണിനിരന്ന സമരം. ചരിത്രത്തിൽ ചോരകൊണ്ടെഴുതിച്ചേർത്ത അധ്യായം. നാലുവർഷത്തെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരത്തിനൊടുവിൽ 90 ദിവസം തുടർച്ചയായി വീറുറ്റ പോരാട്ടം. ഈ പോരാട്ടത്തിൽ വടക്കൻ ഇറ്റ്യാനം പങ്കാളിയായത്‌ പറക്കമുറ്റാത്ത ആറു കുട്ടികളുടേയും സുഖമില്ലാത്ത ഭർത്താവിന്റേയും വിശപ്പകറ്റാനാണ്‌.

വിത്തിറക്കിയ തൊഴിലാളിക്ക്‌ വിളവെടുക്കാനുള്ള അവകാശത്തിനായി തുടങ്ങിയ സമരമാണ്‌ നെല്ലങ്കരയിലെ കർഷകത്തൊഴിലാളി സമരം. നെല്ല് കൊയ്‌തെടുക്കുന്നതിന്‌ കരിങ്കാലികളെ വിളിക്കുന്നതിനെതിരെ സമരംചെയ്യാൻ തീരുമാനിച്ചവരിൽ മുൻപന്തിയിൽ ഇറ്റ്യാനവുമുണ്ടായിരുന്നു. ഈ സമരത്തിൽ ഇറ്റ്യാനത്തിന്‌ ഏൽക്കേണ്ടിവന്നത്‌ ക്രൂരമർദനമാണ്‌. അകമ്പടിയായി  ധാരാളം കള്ളക്കേസുകളും.

നെല്ലങ്കരയിലെ കർഷകനായ ഔസേപ്പ്‌, കരണംകോട്ട്‌ വേലുക്കുട്ടിയുടെ ഭാര്യ ദേവു എന്നീ തൊഴിലാളികൾക്ക്‌ പണി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരത്തിന്റെ തുടക്കം. ദേവുവിനെ തിരിച്ചെടുത്തതോടെ തൊഴിലാളികൾക്ക്‌ ആവേശമായി. സമരത്തിനിടെ ദേവുവിനും മർദനമേറ്റിരുന്നു. തൊഴിലാളികളായ കമല, കല്യാണി, സൗദാമിനി തുടങ്ങി നിരവധി സ്‌ത്രീകൾ സമരമുഖത്തുണ്ടായിരുന്നു.

മൂന്നുവണ്ടി പൊലീസുകാർ ചുറ്റുംനിന്ന്‌ തല്ലി. ബൂട്ടിട്ട്‌ ചവിട്ടി. നിലത്തിട്ട്‌ വലിച്ചിഴച്ചു. വാനിലിട്ടും മർദനം തുടർന്നു. രക്തം വാർന്ന്‌ അബോധാവസ്ഥയിലായ ഇറ്റ്യാനം മരിച്ചെന്ന്‌ വാർത്ത പരന്നു. ആശുപത്രിയിലെത്തി അഞ്ചാം ദിവസമാണ്‌ ഇറ്റ്യാനത്തിന്‌ ബോധം തെളിഞ്ഞത്‌.

സമരത്തിൽ പങ്കെടുക്കവേ ‘‘നീയാരാടീ വിപ്ലവനായികയോ?’’  എന്നു ചോദിച്ച്‌ എസ്‌ഐ ലാത്തിയുമായി പാഞ്ഞടുത്തു. കൊന്നാലും തിരിച്ചുപോകില്ലെന്ന്‌ ഇറ്റ്യാനവും. ലോഹംകെട്ടിയ ചൂരൽകൊണ്ട്‌ തലയിൽ നാലുതവണ എസ്‌ഐ ആഞ്ഞടിച്ചിട്ടും തളരാതെ ഇറ്റ്യാനം ഉറച്ചുനിന്നു. അടുത്ത അടി വന്നപ്പോൾ സഹിക്കാനാവാതെ കൊയ്‌ത്തരിവാൾ ഏന്തിയ കൈകൊണ്ട്‌ ഇറ്റ്യാനം തല പൊത്തിപ്പിടിച്ചു. അരിവാളിൽ തട്ടി എസ്‌ഐയുടെ വിരലുകളറ്റു. തന്റെ കൈ അറ്റുപോയെന്നു പറഞ്ഞ്‌ എസ്‌ഐ  ബഹളമുണ്ടാക്കി. പിന്നീടങ്ങോട്ട്‌ പൊലീസിന്റെ  ഭീകരതാണ്ഡവമായിരുന്നു ഇറ്റ്യാനത്തിന്‌ അനുഭവിക്കേണ്ടി വന്നത്‌. മൂന്നുവണ്ടി പൊലീസുകാർ ചുറ്റുംനിന്ന്‌ തല്ലി. ബൂട്ടിട്ട്‌ ചവിട്ടി. നിലത്തിട്ട്‌ വലിച്ചിഴച്ചു. വാനിലിട്ടും മർദനം തുടർന്നു. രക്തം വാർന്ന്‌ അബോധാവസ്ഥയിലായ ഇറ്റ്യാനം മരിച്ചെന്ന്‌ വാർത്ത പരന്നു. ആശുപത്രിയിലെത്തി അഞ്ചാം ദിവസമാണ്‌ ഇറ്റ്യാനത്തിന്‌ ബോധം തെളിഞ്ഞത്‌. എന്താണ്‌ സംഭവിച്ചതെന്നോ  എവിടെയാണ്‌ കിടക്കുന്നതെന്നോ അറിയില്ലായിരുന്നു അവർക്ക്‌. ഏറെ ദിവസങ്ങക്കുശേഷമാണ്‌ ആശുപത്രി വിടാനായത്‌.

ഈ സമരത്തോടെ തൊഴിലാളികൾക്ക്‌ കൂടുതൽ ആവേശമായി. ഇതോടെ മെച്ചപ്പെട്ട കൂലി നൽകുക, പിൻപണി സമ്പ്രദായം അവസാനിപ്പിക്കുക, അഞ്ചിൽ ഒന്ന്‌ പതം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളി യൂണിയൻ നോട്ടീസ്‌ നൽകിയത്‌ ഭൂവുടമകളെ വിറളിപിടിപ്പിച്ചു.

1970 മുതൽ 74 വരെ നീണ്ടുനിന്ന സമരത്തിനിടെ ഇത്തരം ക്രൂരമർദനങ്ങൾ പതിവായിരുന്നു. എത്രയോ കള്ളക്കേസുകളും. ഇതിനെയെല്ലാം അതിജീവിച്ചാണ്‌ സമരം മുന്നേറിയത്‌. ഭീകര മർദനങ്ങളുടെ പരമ്പരയെ അതിജീവിച്ച്‌ തൊഴിലാളികളുടെ ആവശ്യങ്ങൾ ഭൂവുടമയെക്കൊണ്ട്‌ അംഗീകരിപ്പിച്ചാണ്‌ നെല്ലങ്കര സമരം അവസാനിപ്പിച്ചത്‌. ക്രൂരമർദനത്തെത്തുടർന്ന്‌ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും മരുന്നുകൾ കൃത്യസമയത്ത്‌ കിട്ടുന്നില്ലേയെന്ന്‌ അഴീക്കോടൻ സഖാവ്‌ എപ്പോഴും അന്വേഷിച്ചിരുന്നു. ഇത്‌ ഇറ്റ്യാനത്തിന്‌ സഖാവിനോടുള്ള ആദരവ്‌ വർധിപ്പിച്ചതായി അവർ സംസാരത്തിനിടെ ഒരിക്കൽ പറഞ്ഞിരുന്നു. ഇറ്റ്യാനം ആശുപത്രിയിലായിരുന്നപ്പോഴാണ്‌ അഴീക്കോടൻ സഖാവിന്‌ കുത്തേറ്റതായി ഇവർ അറിയുന്നത്‌.

സമരപഥങ്ങളിലെ പെൺപെരുമ എന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ തൃശൂർ രാമനിലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇറ്റ്യാനത്തിന്‌ നൽകി പ്രകാശനം ചെയ്യുന്നു

സമരപഥങ്ങളിലെ പെൺപെരുമ എന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ തൃശൂർ രാമനിലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇറ്റ്യാനത്തിന്‌ നൽകി പ്രകാശനം ചെയ്യുന്നു 

ഡോക്ടറോട്‌ കൊച്ചുകുട്ടികളെപ്പോലെ വാശിപിടിച്ച്‌ ആശുപത്രിയിൽനിന്ന്‌ പുറത്തിറങ്ങി. സഖാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം വിലാപയാത്രയായി നീങ്ങിയപ്പോൾ ചെങ്കൊടിയും കൊയ്‌ത്തരിവാളുമായി അവർ മുന്നിൽനടന്നു. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹി അഴീക്കോടൻ സഖാവാണെന്ന്‌ അവർ എപ്പോഴും പറഞ്ഞിരുന്നു. 2011ൽ സമത പ്രസിദ്ധീകരിച്ച ‘സമരപഥങ്ങളിലെ പെൺപെരുമ’ എന്ന പുസ്‌തകം എം സി ജോസഫൈനിൽനിന്ന്‌ ഏറ്റുവാങ്ങിയശേഷം അവർ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതിലും അഴീക്കോടൻ രാഘവനോടുള്ള സ്‌നേഹവും ബഹുമാനവും അവർ തുറന്നുപറഞ്ഞിരുന്നു.

സി അച്യുതമേനോൻ മുഖ്യമന്ത്രിയും കെ കരുണാകരൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്താണ്‌ നെല്ലങ്കര സമരം അരങ്ങേറിയത്‌.
ഇളയമകൾ ലില്ലിക്കൊപ്പമാണ്‌ അവർ താമസിച്ചിരുന്നത്‌. പ്രസാധനരംഗത്തെ വനിതാ കൂട്ടായ്‌മയായ സമതയുടെ സഹായം അവർക്ക്‌ എന്നും ആശ്വാസമായിരുന്നു. 2011 മുതൽ എല്ലാമാസവും പുസ്‌തക വിൽപ്പനയിൽനിന്നും കിട്ടുന്ന തുകയിൽനിന്ന്‌ 1000 രൂപ ഇവർക്ക്‌ പെൻഷൻ നൽകിയിരുന്നു. ശോച്യാവസ്ഥയിലായ അവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്കായി ‘സമരപഥങ്ങളിലെ പെൺപെരുമ’യുടെ റോയൽറ്റിയിൽനിന്നും 50,000 രൂപയും നൽകി.


പ്രധാന വാർത്തകൾ
 Top