18 February Tuesday

ഭ്രമാത്മക ചിന്തുകൾ

കെ എസ്‌ സുധക്കുട്ടിUpdated: Sunday Oct 27, 2019

ഫ്ളാറ്റ് ഒരു എലിപ്പത്തായമാണ്. ഇങ്ങനെ ഒരിടത്തെ ജീവിതം ഞാൻ ആഗ്രഹിച്ചതേ അല്ല. ആലപ്പുഴയിൽ ടൗണിന്റെ തിരക്കിൽ ആണെങ്കിലും വിശാലമായ പറമ്പും  മരങ്ങളും  കിണറും കണ്ട് വളർന്നതാണ് ഞാൻ. കൂറ്റൻ പുളിമരവും തത്തച്ചുണ്ടൻ മാവും പൂത്തുലഞ്ഞ വാകയും പൊട്ടക്കുളവും കുളക്കരയിലെ പേരമരവും എങ്ങുനിന്നോ വീണ് പൊട്ടി മുളച്ച ലന്തമരവും എന്നും  എന്റെ നഷ്ട സൗഭാഗ്യങ്ങൾ തന്നെ.

തിരുവനന്തപുരത്ത്‌ താമസമാക്കിയപ്പോഴും മണലുള്ള മുറ്റത്ത്  ഇലകൾ പാറി നടക്കണമെന്നും ഭൂമിയുടെ ഇളം ചൂടിൽ കാലടികൾ അമർത്തിവയ്ക്കണമെന്നും  അതിമോഹം ഉള്ളിൽ കൊണ്ടു നടന്നവരാണ് ഞങ്ങൾ ഇരുവരും.

എന്നിട്ടും കാലം എന്നെ കെണി വച്ച് കുടുക്കി എലിപ്പത്തായത്തിൽ ഒതുക്കിക്കളഞ്ഞു.

ഒറ്റപ്പെട്ടവർക്ക് സ്വസ്ഥമായ ഇടം എന്ന തേങ്ങാപ്പൂള് കണ്ട് ഭ്രമിച്ച് ഓടിക്കയറിയതാണ് ഞാനും.

നീന്തൽക്കുളവും ആരോഗ്യപരിപാലനത്തിന് ജിമ്മും സിനിമാ കാണാൻ പ്രത്യേക സംവിധാനവും  പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, ഫ്രഷ് ജൂസ്,ചായ, നാലു മണി പലഹാരങ്ങൾ ഇത്യാദി ലഭിക്കുന്ന കടയും  എന്തിനേറെ ബ്യൂട്ടി പാർലർ വരെ ഇതിനകത്തുണ്ട്. പ്രായമേറുന്തോറുമുള്ള അലച്ചിൽ ഒഴിവാക്കി തരുന്ന  സന്തോഷം ആരാണ് ആഗ്രഹിക്കാത്തത് ?

ഈ ഏക വാതിൽ സംവിധാനത്തിൽ കുടുങ്ങി കിടക്കുമ്പോൾ വാട്സാപ്പിലൂടെ എത്തുന്ന സന്ദേശങ്ങളിലൂടെയാണ്  ഇതിനുള്ളിൽ ഇടക്കിടെ  സംഭവിക്കുന്ന മരണം  നമ്മളറിയുക.

----- ബ്ലോക്കിൽ---- ഫ്ളോറിൽ ---- നമ്പർ ഫ്ളാറ്റിൽ താമസിക്കുന്ന ഇന്നാരുടെ അമ്മ / അച്ഛൻ/ഭാര്യ / ഭർത്താവ് മരിച്ചു. ഇത്ര മണിക്ക് ബോഡി മോർച്ചറിയിലേക്ക് കൊണ്ടു പോകും.സംസ്കരിക്കുന്നത് പിന്നീട് ...താഴെ ഒരു ആംബുലൻസ്. ഫ്ളാറ്റ് അസോസിയേഷനിലെ കുറച്ചാളുകൾ.അന്തേവാസികളിൽ  ആളിപ്പടരുന്ന നിസ്സംഗത..പിറ്റേന്നാൾ വീണ്ടും ഒരു സന്ദേശം ,

"പുതുമ മാറാത്ത ഒരു വാട്ടർ ബഡ്, തനിയെ പ്രവർത്തിപ്പിക്കാവുന്ന ഒരു വീൽചെയർ ,ഇവ സ്വീകരിക്കുന്ന ഏതേലും സംഘടനയുടെ പേര് നിർദ്ദേശിക്കാമോ, പ്ലീസ്..."

മരണം എത്ര ദുർബ്ബലം !

എലിപ്പത്തായങ്ങളിലെ മരണം. യാത്ര പോയവരുടെ മുഖം എത്ര ഓർമിച്ചാലും മനസ്സിൽ പതിഞ്ഞെന്ന് വരില്ല. അപ്പോൾ പിന്നെ അവരുടെ ആസന്നമരണ ചിന്തകൾ എങ്ങനെ കൂട്ടി വായിക്കാൻ?

എന്നോ വരാനിടയുള്ള വാട്സാപ്പ് സന്ദേശത്തിലൂടെ എന്റെ അന്ത്യവും ഈയിടെയായ് ഞാൻ കൗതുകത്തോടെ വായിച്ചെടുക്കാറുണ്ട്. ഫ്ളാറ്റ് അസോസിയേഷൻ ഇ-മെയിൽ വഴി ഒരു ചോദ്യാവലി അയച്ചു തന്നു. ഏറ്റവും ആദ്യം ബന്ധപ്പെടേണ്ട ഫോൺ നമ്പർ ,ഡ്യൂപ്ളിക്കേറ്റ് താക്കോൽ കൈവശമുള്ളയാളുടെ പേര് ,ബന്ധം ...തികച്ചും ന്യായം. തനിയെ താമസിക്കുന്നവരുടെ കാര്യത്തിൽ വളരെ പ്രസക്തം. എങ്കിലും ഉത്തരം നൽകാനാവാതെ ഒരു നിമിഷം ഞാൻ കുഴങ്ങിപ്പോയി. എനിക്ക് വേണ്ടി മാത്രം ശബ്ദിച്ചിരുന്ന ഒരു ഫോൺ കുറച്ചു കാലമായി നിശബ്ദമാണ്. 

‘എന്തോ  ഒരു സുഖമില്ലായ്ക പോലെ' എന്ന് പറഞ്ഞു നിർത്തും മുൻപ് വിദഗ്ദ്ധ ഡോക്ടർമാരെ തെരഞ്ഞ് ഫോണിൽ പരതുന്ന വിരൽത്തുമ്പുകൾ ഭൂമി  ഹൃദയത്തിലേറ്റുവാങ്ങി കഴിഞ്ഞു. എന്നാലും ചോദ്യാവലി പൂരിപ്പിച്ചു നൽകണം.നടപടിക്രമം പാലിക്കപ്പെടണം.പ്രിയ കൂട്ടുകാരി പറഞ്ഞു ,എന്റെ നമ്പർ കൊടുക്കൂ. ഏത് പാതിരാവിലും ഞാനുണ്ട്.

ഈയിടെ കണ്ട രണ്ട് സിനിമകളിലും മരണമായിരുന്നു വിഷയം. വേണ്ടാതായവരുടെ മരണം. ജീവിതത്തിന്റെ പുറമ്പോക്കിലായവരുടെ മരണം.
 വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്ന അപ്പൻ മരിച്ച് ചീഞ്ഞുനാറിയത് നീക്കം ചെയ്യാൻ വിദേശത്ത് നിന്നും എത്തുന്ന മകന്റ നിസ്സംഗതയാണ് ഒന്നിൽ. എത്ര പണം മുടക്കിയും നാറ്റം ഇല്ലാതാക്കണമെന്ന അയൽക്കാരുടെ ആവശ്യം നടപ്പിലാക്കാൻ ഇറങ്ങുന്ന മകന്റെ വേവലാതികൾ ....

മറ്റൊരു സിനിമയിൽ,  സ്വന്തം  വേരുകളെ ഇറുക്കെപ്പുണരുന്ന വാർധക്യത്തെ മരണത്തിലേയ്ക്ക് നിഷ്കരുണം തളളിവിടുന്നതായിരുന്നു കഥ. മരണത്തിന്റെ ചൂണ്ടക്കൊളുത്തിൽ ഒരമ്മ പിടഞ്ഞ് തീരുന്ന ദൃശ്യം...ഇടയ്ക്കിടെ അനുവാദമില്ലാതെ വന്ന് അലോസരപ്പെടുത്തുന്ന ദൃശ്യങ്ങൾ....

പതിമൂന്നാം നിലയിലാണ് എന്റെ പത്തായം. അശുഭ നമ്പർ എന്നാരോ പിറുപിറുത്തതായിരുന്നു ആകെ എന്റെ സന്തോഷം. പ്രിയപ്പെട്ട ഒരാൾ കാതിൽ പറഞ്ഞതോർക്കുന്നു ," ധൈര്യമായ് വാങ്ങിച്ചോളൂ. എന്റെ കല്യാണവും ഇതേ ദിവസമായിരുന്നു " എന്ന് .ബാൽക്കണിക്കാഴ്ചയിൽ ഇത് തിരുവനന്തപുരം തന്നെയോ എന്ന് അതിഥികൾ അത്ഭുതപ്പെടാറുണ്ട്. സുന്ദരിമാരുടെ മോഹിപ്പിക്കുന്ന അരക്കെട്ട് പോലെയാണ് കിള്ളിയാർ ഇവിടെയെത്തുമ്പോൾ. കണ്ടൽച്ചെടികൾ ആർത്തു വളരുന്ന ആറ്റിൻകരയിൽ ശിവന്റെ അമ്പലമുണ്ട്. ആനയും അമ്പാരിയുമായ് ആണ്ടിലൊരിക്കൽ കൈലാസനാഥൻ നീരാടാനെത്തുന്ന അമ്പലക്കടവുണ്ട്.

എന്നാൽ  ഇവിടെ ചേക്കേറിയ കാലം തൊട്ട് എന്നെ ആകർഷിച്ചത് മറ്റൊരു കാഴ്ചയാണ് .  രാവിലെ ആറ് മണിയോടെ കടവിൽ കുളിക്കാനിറങ്ങുന്ന ഒരു വൃദ്ധ. ചുവന്ന ജംബറും കള്ളിമുണ്ടും  ഊരി  കൽപ്പടവിൽ വച്ച്, എത്താതോർത്ത് മുലക്കച്ചയാക്കി നീരാടുന്ന ഒരു വൃദ്ധ. എൺപത് വയസ്സിന് മേൽ പ്രായമുണ്ടാകും  പൈപ്പ് വെള്ളത്തിന് പോലും തണുപ്പ് അനുഭവപ്പെടുന്ന ശൈത്യത്തിലും മഴയിലും ഒരു ദിവസം പോലും മുടങ്ങാതെ,നേരം തെറ്റാതെ  അനായാസം നീന്തിത്തുടിച്ചും, മുങ്ങാംകുഴിയിട്ടുമുള്ള അവരുടെ കുളി തീരും വരെ ഞാൻ നോക്കിയിരിക്കും.

ഇന്നലെ അതേ കടവിൽ അവർ മുങ്ങി മരിച്ചു ! ഒഴുക്കിൽ ആലംബമില്ലാതെ നീങ്ങി  ഫ്ളാറ്റിന്റെ മുന്നിലടിഞ്ഞു. കാഴ്ച കാണാൻ ചെന്ന സ്ത്രീകളെ സെക്യൂരിറ്റി തടഞ്ഞത്രെ. മരണ വാർത്തയുമായ് വന്ന എന്റെ അടുക്കള സഹായി ചോദിച്ചു , ഞാനൊരു കാര്യം പറഞ്ഞാൽ കരയുമോ? ഇല്ലെന്ന് വാക്കു തരൂ ....അവൾ എന്റെ ഉറക്കറയുടെ ബാൽക്കണിയിലേയ്ക്കു തുറക്കുന്ന വാതിൽ ചേർത്തടച്ചു. പൊൻമുടിയിൽ തോരാമഴയാണെന്നും മണ്ണിടിച്ചിലുണ്ടായെന്നും കിളളിയാറ്റിന്റെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും തലേന്ന് പത്രവാർത്ത കണ്ടതോർത്തു ഞാൻ .

കല്പടവിൽ തിരുമ്പിവച്ച ചുവന്ന ജംബറും മുണ്ടും വൈകുന്നേരം വരെ ബാക്കിയായി ...മഴച്ചാറ്റലിൽ നനഞ്ഞീറനായ ചാരുകസേരയിൽ കിടന്ന്  മരണം പതുങ്ങിക്കിടന്ന കടവിലെ വെള്ളത്തിലേക്ക് സ്വപ്നത്തിലെന്നവണ്ണം ഞാനെന്റെ വലതുകാൽപ്പാദം മെല്ലെ നീട്ടിവച്ചു.

എന്തുകൊണ്ടെന്നറിയില്ല ,
പെട്ടെന്ന് ഞാൻ രവിയെ ഓർത്തു. ഖസാക്കിലെ രവിയെ.
കാൽവിരൽതുമ്പിൽ വാത്സല്യത്തോടെ
ജലം വന്ന് ഉരുമ്മുന്ന
സുഖം കാംക്ഷിച്ച് , കണ്ണടച്ച്... അങ്ങനെയങ്ങനെ പുലരുവോളം .

 


പ്രധാന വാർത്തകൾ
 Top