12 September Thursday

ഒറ്റ അശരീരി മാത്രം, അതിജീവനം

ആനി അന്ന തോമസ്‌Updated: Sunday Mar 27, 2022

ഐഎസ്‌ ആക്രമണത്തിൽ കാലുകൾ നഷ്‌ടമായ ലിസ ചലാനും സംഘപരിവാറിന്റെ നിരന്തരമായ ആക്രമണങ്ങൾക്കിരയാകുന്ന അനുരാഗ്‌ കശ്യപും അതിജീവിതയാണ്‌ താനെന്ന്‌ ഉറക്കെ പറഞ്ഞ  ഭാവനയും ഉദ്‌ഘാടന വേദിയിൽ. സിനിമകളാകട്ടെ സൗന്ദര്യശാസ്‌ത്ര പരമായി മികച്ചവയും രാഷ്‌ട്രീയമായി ശരിയുടെ പക്ഷത്തു നിൽക്കുന്നവയും തന്നെ. എല്ലാത്തിലുമുപരി മേളയെ ഉത്സവമാക്കിയ പതിനായിരത്തിലേറെ സിനിമാപ്രേമികളും പഴുതടച്ച സംഘാടന മികവും. ഐഎഫ്‌എഫ്‌കെയുടെ ഇരുപത്താറാം പതിപ്പ്‌  മികച്ച ഒരനുഭവം തന്നെ

വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിച്ച ഇരുപത്തിയാറാം അന്താരാഷ്ട്ര ചലച്ചിത്രമേള അതിജീവനങ്ങളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു. ഉദ്ഘാടന വേദിയിലും തിയറ്ററുകളിലും  ഒഴുകിയെത്തിയ ജനക്കൂട്ടത്തിനിടയിലുമെല്ലാം ‘അതിജീവിക്കുന്നു' എന്നൊരു അശരീരി സദാ മുഴങ്ങിനിന്നിരുന്നു. അക്കാര്യത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങേണ്ടത് ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായെത്തിയ കുർദിഷ് സംവിധായിക ലിസാ ചലാനിൽനിന്നു തന്നെയാകണം. 

തുർക്കിയിൽ കുർദ് വംശജർ നേരിടുന്ന അതിക്രമങ്ങളുടെ തുടർച്ചയായി ഉണ്ടായ ഐഎസ് ബോംബാക്രമണത്തിൽ ഇരുകാലും നഷ്ടമായ, ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ. തീവ്രവാദത്തിന് മുന്നിൽ മുട്ടുമടങ്ങാത്ത ആദർശവതികളായ കുർദ് വനിതകളുടെ പ്രതിനിധി. 1987ൽ തുർക്കിയിലെ ദിയാർബക്കീറിലാണ് ജനനം. കുർദുകൾക്കെതിരായ തുർക്കി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ അതിരൂക്ഷമായ പ്രദേശങ്ങളിലൊന്നാണിവിടം. ഈ പോരാട്ടങ്ങളുടെ ദൃക്‌സാക്ഷിയാണ് ലിസ. 

കുർദ് ഭാഷയിൽ പഠനം നടത്താൻ അനുമതിയില്ലാത്തതിനാൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് സമരമുഖത്തിറങ്ങിയ ലിസ, താൻ ഉൾപ്പെടുന്ന കുർദിഷ് സമൂഹത്തിനുനേരെ, സ്‌ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ ലോകത്തിനുമുന്നിൽ എത്തിക്കാനുള്ള മാർഗമായി സിനിമയെ തെരഞ്ഞെടുത്തു. തുർക്കിയിലെമ്പാടും യാത്രചെയ്‌ത്‌ കുർദുകളുടെ നിർബന്ധിത കുടിയിറക്കത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും നിർമിച്ചു. കുർദ് ഭാഷയ്‌ക്കും സംസ്‌കാരത്തിനും കലയ്‌ക്കും മേൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾക്കെതിരെയാണ്‌ തന്റെ ചിത്രങ്ങൾ സംസാരിക്കുന്നതെന്ന്‌ ലിസ ചൂണ്ടിക്കാണിക്കുന്നു.

ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ, വെടിയൊച്ചകൾ കേൾക്കാത്ത അടിച്ചമർത്തലുകൾ ഇല്ലാത്ത മനോഹരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ച് താൻ എപ്പോഴും സങ്കൽപ്പിക്കുമായിരുന്നുവെന്നും മുതിർന്നപ്പോൾ അതിനുള്ള ഏറ്റവും നല്ല വഴി സിനിമയാണെന്ന് മനസ്സിലാക്കിയെന്നും ലിസ  പറഞ്ഞു. എന്നാൽ സങ്കൽപ്പ ലോകത്തിനപ്പുറം സ്വന്തം ചുറ്റുപാടിലെ യാഥാർഥ്യങ്ങൾ മറയില്ലാതെ വിളിച്ചു പറയുന്നതാണ് ലിസയുടെ ചിത്രങ്ങൾ. 

2015ൽ തുർക്കിയിൽ ഭരണപക്ഷത്തിനെതിരെ ഇടതുപക്ഷപ്രവർത്തകരും പരിസ്ഥിതിവാദികളും വനിതാപ്രവർത്തകരുമടങ്ങുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ ഐഎസ് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെയാണ് ലിസയെ ലോകമറിയുന്നത്.  ഗുരുതരമായി പരിക്കേറ്റ ലിസയെ പാർടി പതാകയിൽ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചപ്പോൾ എല്ലാവരും കരുതിയത് അവളിനി തിരികെ ജീവിതത്തിലേക്ക് വരില്ലെന്നായിരുന്നു. എന്നാൽ മനോബലവും മികച്ച ചികിത്സയുംകൊണ്ട് അവർ മരണത്തെ അതിജീവിച്ചു. എന്നാൽ ആ ആക്രമണത്തിൽ ലിസയ്‌ക്ക് തന്റെ ഇരുകാലും നഷ്ടപ്പെട്ടിരുന്നു. 

ഇനിയൊരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ലിസയ്‌ക്കത് അംഗീകരിക്കാനായില്ല. അവൾക്ക് ഇനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ടായിരുന്നു. തന്റെ ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കുവേണ്ടി പ്രവർത്തിക്കണമായിരുന്നു.  

എന്നിട്ടോ... 

ജീവിതത്തിനും മരണത്തിനുമിടയിൽ മാസങ്ങൾ കഴിച്ചുകൂട്ടിയ പെൺകുട്ടി, രണ്ട് കാലും നഷ്ടപ്പെട്ട് ഇനിയൊരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയയാൾ, കാതങ്ങൾക്കിപ്പുറം നമുക്കു മുന്നിലും വന്നിരുന്ന് താൻ പോരാടി ജയിച്ചവളാണെന്ന് പ്രഖ്യാപിച്ചുപോയി. 

എഴുന്നേറ്റ് നടക്കണമെന്നത് ലിസയുടെ തീരുമാനമായിരുന്നു. അവളത് നടപ്പാക്കി. ചലച്ചിത്ര മേളയിൽ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി ആദരിക്കപ്പെട്ടപ്പോൾ ലിസ പറഞ്ഞു: ‘എന്റെ ശരീരത്തെ മാത്രമേ അവർക്ക് പരിക്കേൽപ്പിക്കാനായുള്ളൂ, ആശയത്തെ തോൽപ്പിക്കാനാകില്ല.’  ഉദ്ഘാടന വേദിയിലേക്ക് എത്തിയ പ്രിയപ്പെട്ട നടി ഭാവനയും പ്രശസ്‌ത സംവിധായകൻ അനുരാഗ് കശ്യപും ഇന്ത്യൻ കലാരംഗത്തെ വിസ്‌മരിക്കപ്പെടാനാകാത്ത അതിജീവനങ്ങളാണ്. സദസ്സ്‌ ഒന്നടങ്കം എഴുന്നേറ്റുനിന്ന്‌  ഹർഷാരവത്തോടെയായിരുന്നു ഇവരെ സ്വീകരിച്ചത്.  

ഉദ്ഘാടന ചിത്രമായ രഹന മറിയം നൂർ ഉൾപ്പെടെ മേളയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം സിനിമകളുടെയും പ്രമേയം അതിജീവനം തന്നെയായിരുന്നു. സ്‌ത്രീയുടെ അതിജീവനം, ന്യൂനപക്ഷത്തിന്റെ അതിജീവനം, അടിച്ചമർത്തലുകളിൽനിന്നുള്ള അതിജീവനം, രോഗങ്ങളിൽനിന്നും ആഗ്രഹങ്ങളിൽനിന്നുമുള്ള അതിജീവനം അങ്ങനെയങ്ങനെ... നമുക്കൊക്കെ സങ്കൽപ്പിക്കാവുന്നതിനും അപ്പുറത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിസന്ധികളിൽ വരിഞ്ഞു മുറുകിക്കിടക്കുന്ന മനുഷ്യരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥകളായിരുന്നു ഓരോ സിനിമയും. ഇക്കൂട്ടത്തിൽ ദി റേപ്പിസ്റ്റും, കൂഴങ്കലും ലെറ്റ് ഇറ്റ് ബി മോർണിങ്ങും, ഹവാ മറിയം അയ്ഷയും യുനിയും  പാരലൽ മതേർസും വുമൻ ഡു ക്രൈയും തുടങ്ങി നിരവധി ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.  

മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളിൽ വലിയൊരു ഭാഗവും പെൺജീവിതം പറയുന്നവയായിരുന്നു എന്നത് എടുത്തു പറയാതെ വയ്യ. അടക്കിപ്പിടിച്ച പരിഭവങ്ങൾക്കപ്പുറത്ത് പൊട്ടിത്തെറിക്കുകയും അലറിക്കരയുകയും ചെയ്യുന്ന പെണ്ണിന്റെ യാഥാർഥ്യത്തെ മറയില്ലാതെ അവതരിപ്പിച്ച ചിത്രങ്ങൾ. അവയിലൊക്കെ എന്റെ ശരീരവും അതിന്റെ സ്വാതന്ത്ര്യവും എന്റേതാണെന്ന് മുദ്രാവാക്യം മുഴക്കുന്ന സ്‌ത്രീകൾ...

മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച പതിനാലു ചിത്രത്തിൽ മലയാളി സംവിധായിക താര രാമാനുജന്റെ നിഷിദ്ധോ ഉൾപ്പെടെ എട്ട് സിനിമയും വനിതാ സംവിധായകരുടേതായിരുന്നു.  മറ്റ് വിഭാഗങ്ങളിലും വനിതാ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. സ്‌ത്രീകൾ തങ്ങളെക്കുറിച്ച് സംസാരിക്കുന്ന തീർത്തും വ്യത്യസ്‌തമായ ശബ്‌ദമായി ഈ സിനിമകൾ മാറി. 

ഇതിനെല്ലാമുപരിയായി ഏറ്റവും വലിയ അതിജീവന പ്രഖ്യാപനം ഉണ്ടായത് മേളയുടെ ഭാഗമാകാനായി തലസ്ഥാനനഗരിയിലേക്ക് ഒഴുകിയെത്തിയ പതിനായിരത്തിലധികം മനുഷ്യരുടെ ഭാഗത്തുനിന്നായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന മഹാമാരിയെ മനുഷ്യരാശിയിതാ അതിജീവിക്കുന്നു എന്ന് പറയാതെ പറഞ്ഞവർ ചലച്ചിത്രമേള ആഘോഷമാക്കി. മിക്ക ഷോകളും ഹൗസ്‌ഫുൾ ആയിരുന്നു. തിയറ്ററുകളിലെ കസേരകളിൽ മാത്രമല്ല പടിക്കെട്ടുകളിലും തറയിലും ആളുകൾ ഒരുമിച്ച് നിരന്നിരുന്ന് സിനിമ കണ്ടപ്പോൾ അകത്തുകയറാനാകാതെ നിരാശരായി വലിയ കൂട്ടം ആളുകൾ പുറത്ത് വളന്റിയേഴ്‌സുമായി തർക്കിച്ചുകൊണ്ടിരുന്നു. കനത്ത വെയിലിലും കരുവാളിക്കാത്ത ദൃഢനിശ്ചയവുമായി അവർ അടുത്ത സിനിമയ്‌ക്കായി മണിക്കൂറിനും മുമ്പേ ക്യൂ നിന്നു. നഗരത്തിന്റെ ഓരോ കോണിലും കൂടിനിന്ന് സിനിമ ചർച്ച ചെയ്‌തു. വൈകുന്നേരങ്ങളിൽ കൂട്ടത്തോടെ പാട്ടുപാടി നൃത്തം ചെയ്‌തു.  ഏതായാലും ഇത്തവണ മേളയവസാനിച്ച് തിരികെപ്പോയവരൊക്കെ ഓർമകളുടെയും അനുഭവങ്ങളുടെയും വലിയ ഭാണ്ഡങ്ങൾ ഒപ്പം പേറിയിട്ടുണ്ടാകുമെന്നതിൽ തർക്കമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top