22 September Friday

സ്വന്തം വഴി, മികവിന്റെ വഴി

ആമി രാമദാസ്Updated: Sunday Mar 27, 2022

സാറ ഫാത്തിമ

സ്വന്തമായി തെരഞ്ഞെടുത്ത വഴിയിലൂടെ നടന്ന്  വിജയിച്ച സ്ത്രീകളുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി, സാറ ഫാത്തിമ ജെ. കേരള ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ മിടുക്കി. മുന്‍സിഫ് മജിസ്‌ട്രേട്ട് പോസ്റ്റിനായി ഹൈക്കോടതി നടത്തുന്ന യോഗ്യതാ പരീക്ഷയാണിത്. മകള്‍   ഡോക്ടറാകണമെന്ന് ദന്തഡോക്ടറായ അച്ഛന്‍ ജിഹാനുദ്ദീന്‍  ശഠിച്ചില്ല. അവളുടെ ആത്മവിശ്വാസത്തിന് അമ്മ ലൈലയും എംടെക് വിദ്യാര്‍ഥിയായ  സഹോദരന്‍ ഫക്രുദ്ദീനും കരുത്തേകി. മെഡിസിനും എന്‍ജിനിയറിങ്ങും വഴങ്ങാത്തതുകൊണ്ടാണോ വക്കീലാകാന്‍ പോകുന്നത് എന്ന ചോദ്യത്തെ ചിരിച്ചുകൊണ്ട് നേരിടാന്‍ അതവളെ പ്രാപ്തയാക്കി.

2018ല്‍ നുവാല്‍സില്‍നിന്ന് സാറ നിയമബിരുദം നേടി. 2019 ഏപ്രില്‍ മുതല്‍ ആലപ്പുഴയില്‍ അഭിഭാഷകയാണ്.  ഏറ്റവും പ്രചോദിപ്പിക്കുന്ന മേഖല എന്ന നിലയിലാണ് സാറ നിയമം പഠിച്ചത്.  പ്ലസ്ടുവിന്  ബയോ മാത്സ് ആണ് പഠിച്ചത്. ഫിസിക്സിനോടുള്ള പ്രിയമായിരുന്നു  കാരണം. നിയമം പഠിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു. ഉന്നതപഠനത്തില്‍ ഇവയില്‍ ഒന്നുമാത്രമേ തെരഞ്ഞെടുക്കാനാകൂ എന്ന അവസ്ഥ വന്നപ്പോള്‍ നിയമപഠനം  മുന്നിട്ടു നിന്നു. എങ്കിലും ആശങ്കയ്ക്കിടയില്ലാത്തവിധം പഠനവഴി ഉറപ്പിക്കാന്‍ സാറയെ സഹായിച്ചത് പത്തില്‍ പഠിക്കുമ്പോള്‍ പങ്കെടുത്ത ആപ്റ്റിറ്റിയൂഡ് ടെസ്റ്റാണ്. തനിക്ക് ഏറ്റവും ഇണങ്ങുക നിയമം തന്നെയെന്ന് ടെസ്റ്റ് യുക്തിസഹമായ തെളിവുതന്നു. പിന്നെയും നിലനിന്നിരുന്ന ഒരു കുഞ്ഞു സംശയത്തെ ഒഴിവാക്കാന്‍ പ്ലസ്ടുവിന് ശേഷം ചെയ്ത ആപ്റ്റിറ്റിയൂഡ് ടെസ്റ്റും സഹായിച്ചു. നിയമം പഠിച്ച് മുന്നേറാനുള്ള തീരുമാനം ശരിയാണെന്ന് ഓള്‍ ഇന്ത്യ ലെവല്‍ എന്‍ട്രന്‍സിലൂടെ നേടിയെടുത്ത നുവാല്‍സിലെ അഡ്മിഷനും ഇപ്പോള്‍ കേരള ജുഡീഷ്യല്‍ സര്‍വീസ് എക്സാമിനേഷനില്‍ നേടിയ ഒന്നാം റാങ്കും തെളിയിച്ചു.

വെല്ലുവിളികള്‍ നിറഞ്ഞ പ്രൊഫഷണല്‍ ജീവിതത്തോടാണ് സാറയ്ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ കോര്‍പറേറ്റ് കരിയര്‍ വേണ്ടെന്ന്വച്ചു. വക്കീലായി പ്രാക്ടീസ് ചെയ്യവെയാണ് കൂടുതല്‍ ചലഞ്ചിങ്ങായ മജിസ്‌ട്രേട്ട് വിഭാ?ഗത്തില്‍ ആകൃഷ്ടയാകുന്നത്. ഇവിടെ ഒരുഭാ?ഗം മാത്രം പറയുന്ന വക്കീലിനേക്കാള്‍ ഇരുവശവും ചിന്തിച്ച്, കൂടുതല്‍ കൃത്യമായ ഉത്തരത്തിലെത്താനാകണം, നിഷ്പക്ഷത കൈവരുന്നത് ഭിന്നാഭിപ്രായങ്ങളുടെ സാധുത പരിശോധനയില്‍ അറിവ് മുന്നിട്ട് നില്‍ക്കുമ്പോഴാണല്ലോ. മജിസ്‌ട്രേട്ടിന് പലതരം കാഴ്ചപ്പാടുകള്‍ വേണം, അതില്‍ തന്നെ മികച്ചത് തിരിച്ചറിയാനാകണം, പരന്ന വായന വേണം, വിധികള്‍ വായിച്ച് മനസ്സിലാക്കണം. ഏറ്റവും അധികം ഊന്നല്‍ നല്‍കേണ്ടത്  വിധികള്‍ പഠിക്കുന്നതില്‍ തന്നെ. അത് അത്ര എളുപ്പമല്ല, പക്ഷേ താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയുമിനിയും അറിയാനുള്ള ആഗ്രഹത്തിന് മികച്ച ഇടമായിരിക്കുമത്. എല്ലാം ഒരു തെരഞ്ഞെടുപ്പാണ്, കൃത്യ സമയത്ത് കൃത്യമായ വഴിയിലൂടെ മുന്നോട്ടുപോകുന്നവര്‍ക്ക് മാത്രം വിജയം സമ്മാനിക്കുന്ന ഒന്ന്. സാറയും നേടിയത് സ്വന്തമായെടുത്ത തീരുമാനത്തിന്റെ ബലത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top