23 July Tuesday

'പട്ട'ത്തിൻ മറയത്ത്

എം ജംഷീനUpdated: Tuesday Feb 27, 2018

സ്വപ്‌നങ്ങളുടെ നൂലിൽ ആകാശത്ത് നൃത്തം വയ്ക്കുന്ന പട്ടങ്ങൾ  മധുരമുറ്റുന്ന കാഴ്ചയാണ്.  കാറ്റിന്റെ താളത്തിൽ ഉയർന്നും താഴ്ന്നും  പറക്കുന്ന പട്ടങ്ങൾക്കൊപ്പം നൂലിൽ പിടിച്ച്  ഓടുന്ന കുട്ടിക്കാലം. ഏറെ കൊതിപ്പിച്ച ആ സ്വപ്‌നസഞ്ചാരം ജീവിത മധ്യാഹ്നത്തിൽ വീണ്ടും ഹൃദയത്തോട് ചേർത്തപ്പോൾ മിനിയും ഒരു പട്ടമായി. നൂലു പൊട്ടാതെ, മരത്തിൽ കുടുങ്ങാതെ പറന്നുയർന്നു. എത്തിയത്, ഗുജറാത്തിലെയും ഗോവയിലെയും അന്താരാഷ്ട്ര പട്ടം പറത്തൽ വേദികളിലേക്ക്..

 
സ്വന്തമായി കൈറ്റ് ക്ലബ്ബുള്ള സംസ്ഥാനത്തെ ഏക വനിത പ്രൊഫഷണൽ പട്ടം പറത്തലുകാരി(പ്രൊഫഷണൽ വിമൻ കൈറ്റിസ്റ്റ്) യാണ് വടകര മേപ്പയിലെ മിനി പി എസ് നായർ. അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ വേദികളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള  അപൂർവം പ്രൊഫഷണൽ വിമൻ കൈറ്റിസ്റ്റിൽ ഒരാൾ. തനിച്ച് പട്ടം പറത്തി മാത്രമല്ല ആഘോഷം, കൂടെയുള്ള 12 സ്ത്രീകൾക്കൊപ്പം വടകര സാന്റ് ബാങ്ക്‌സിൽ ഒഴിവ് ദിനങ്ങളിൽ പട്ടം പറത്തലിലെ പെൺകാഴ്ചകൾ ഒരുക്കുന്നുമുണ്ട്. 'ക്രീഡ' കൈറ്റ്  ക്ലബിന്റെ സാരഥ്യത്തിലൂടെ 50ാം വയസ്സിൽ സൗഹൃദ കൂട്ടായ്മകൾക്കും പട്ട നിർമാണ, പറത്തൽ പരിശീലനങ്ങൾക്കും യാത്രകൾക്കും ഫിറ്റ്‌നസിനും ഇരട്ടി ഊർജം പകർന്ന് മിനിയെ കാണാം. ഈ പ്രായത്തിൽ കുട്ടികളെ പോലെ പട്ടം പറത്തുന്നോ എന്ന് പരിഹസിച്ച പലരും ഇപ്പോൾ താൽപര്യം കാണിച്ച് വരുന്നുണ്ട്. പരിധികളില്ലാതെ പട്ടത്തിന്റെ നൂൽ ചരടിൽ തൂങ്ങി മിനിയും കൂട്ടുകാരും ആഘോഷിക്കുന്നത് കാണാൻ.

 
പ്രൊഫഷണൽ പട്ടം പറത്തൽ മേഖലയിൽ സ്ത്രീകളെ അപൂർവമായേ കാണൂ. ഉള്ളവർ  കൈറ്റ് ക്ലബുകളുടെ  വനിത ശാഖയിലെ അംഗങ്ങളാണ്.  അവിടെയാണ് മിനിയുടെ സാന്നിധ്യം വേറിടുന്നത്. ഈ രംഗത്ത് പ്രൊഫഷണലായി മുന്നോട്ട് പോവാൻ സ്വന്തമായി പട്ടം നിർമിക്കണം. കുറേ ഏറെ പട്ടങ്ങളും വേണം. ഈ താൽപര്യത്തിൽ  പട്ട നിർമാണത്തിൽ പരിശീലനം നേടി, ഒരു ക്ലബുണ്ടാക്കി. സ്വന്തമായി നിർമിച്ച  പട്ടവുമായി കഴിഞ്ഞ വർഷം ഗോവയിൽ നടന്ന അന്താരാഷ്ട്ര പട്ടംപറത്തൽ മേളയിൽ താരമായി. 

ആ ഫെസ്റ്റിൽ ഡബിൾ ലൈനിലുള്ള സ്‌പോർട്‌സ് കൈറ്റ്(സ്റ്റൻഡ് ആൻഡ് പവർ കൈറ്റ്) പറപ്പിച്ച ഏക ഇന്ത്യൻ വനിതയായി. ആകെ മൂന്ന് വനിതകൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്. പ്രൊഫഷണൽ കൈറ്റിസ്റ്റിനെ സംബന്ധിച്ച് അന്താരാഷ്ട്ര വേദിയിൽ പങ്കെടുക്കുക എന്നതാണ് വലിയ അംഗീകാരം. ഓരോ മേളകളും ഇവർക്ക് തൊപ്പിയിൽ ബാൻഡുകൾ  സമ്മാനിക്കും. മാനസികമായും ശാരീരികമായും സ്ത്രീകൾക്ക് ഊർജ്ജം കൈവരുന്നതാണ് പട്ടം പറത്തലെന്ന് മിനി പറയുന്നു. എന്നാൽ കൂടുതൽ സ്ത്രീകൾ ഈ വിനോദത്തിലേക്ക് എത്തുന്നില്ല. മറ്റ് ചിന്തകളെല്ലാം മറന്ന് പട്ടത്തിന്റെ പുറകെ മനസ്സും ശരീരവും ഉയർന്ന് പറക്കുന്നത് ആസ്വദിച്ചറിയണം. നമ്മുടെ ചിന്തകളെ ഉയരങ്ങളിലേക്ക് മാത്രമായി പട്ടം കൊണ്ട് പോവും. ആ സമയം മനസ് കൂടുതൽ ഏകാഗ്രമാകുമെന്നും മിനി.


മിക്കവരെയും പോലെ കുട്ടിക്കാലത്ത്  പാടത്തും പറമ്പത്തും  പട്ടം പറത്തിയ അനുഭവങ്ങളേ മിനിയ്ക്കും ഉള്ളൂ. എട്ട് വർഷം മുൻപ് കാപ്പാട് അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ കാണാനെത്തിയതാണ്  പട്ടം പറത്തൽ മോഹം വീണ്ടും ഉണർത്തിയത്.  വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവർ ഇതുവരെ കാണാത്ത കൗതുകവും ഭംഗിയുമുള്ള പട്ടങ്ങൾ ആകാശത്ത് പറപ്പിക്കുന്ന ആ കാഴ്ച പട്ടം പറത്തൽ എന്ന ആഗ്രഹത്തെ മുളപ്പിച്ചു. ആ സമയം സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി വൺ ഇന്ത്യ കൈറ്റ് സംഘാംഗങ്ങളുമായി എഫ്എമ്മിൽ ഒരു അഭിമുഖം നടത്തി. ആ പരിചയത്തിലൂടെ അവർക്കൊപ്പം ചേർന്ന് പട്ടം പറത്തി തുടങ്ങി. വൺ ഇന്ത്യയിൽ അപ്പോൾ സ്ത്രീകൾ ഉണ്ടായിരുന്നില്ല. മിനിയുടെ വരവോടെ പിന്നീട്  സ്ത്രീകൾക്കായി 'ഇൻക്രഡിബിൾ ഇന്ത്യ' എന്ന പേരിൽ ഒരു വിങ് തുടങ്ങി.

പരിശീലനങ്ങൾക്ക് ശേഷം നാല് വർഷം മുൻപ് ഗുജറാത്തിൽ അഹമ്മദാബാദിൽ നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തു. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. പട്ടം പറത്തലിലെയും നിർമാണത്തിലെയും കലയും കഴിവും തിരിച്ചറിഞ്ഞ ഉത്സവം. 26 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ,വ്യത്യസ്തമായ പട്ടങ്ങൾ, അവരുടെ അനുഭവങ്ങൾ അതെല്ലാം പട്ടം പറത്തൽ എന്ന വിനോദത്തിന്റെ അറിവും ശാസ്ത്രീയതയും വർധിപ്പിച്ചു.  വേദിയിൽ ഇന്ത്യയിൽ നിന്നും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.
പിന്നീട് എഫ് എമ്മിലെ ജോലിയിൽ നിന്ന് മാറിയപ്പോൾ സ്ത്രീകൾക്കായി 'ക്രീഡ' ഫിറ്റ്‌നെസ് സെന്റർ ആരംഭിച്ചു. 

എറണാകുളത്തെ കൈറ്റ് ലൈഫ് ഫൗണ്ടേഷനിൽ നിന്ന് പട്ടം നിർമാണത്തിൽ പരിശീലനം നേടി  ക്രീഡയുടെ പേരിൽ കൈറ്റ് ക്ലബ് തുടങ്ങി. കുറേ പട്ടങ്ങൾ സ്വന്തമായി ഉണ്ടാക്കിയും വാങ്ങിച്ചും 'ക്രീഡ'യ്ക്ക് ഇപ്പോൾ ഷാർക്ക്, ഫിഷ്, മിക്കി മൗസ്, റൊക്കാക്കോ തുടങ്ങി 20 ഓളം പട്ടങ്ങൾ ഉണ്ട്.   ഏറ്റവും ഒടുവിലായി ഈ ജനുവരിയിൽ അഹമ്മദാബാദിലെ മേളയിൽ നിന്നും  കൈറ്റ് എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി. രാത്രി എൽഇഡി ബൾബുകൾ വച്ചും പട്ടം പറത്തും.

നാല് ലൈനിൽ ഉള്ള റവല്യൂഷൻ പട്ടം പറത്തലാണ് അടുത്ത ലക്ഷ്യം.  പട്ടം പറത്തൽ കാണുന്നപോലെ അത്ര നിസ്സാരമല്ല. കാറ്റിന്റെ ഗതിയനുസരിച്ച് അതിനെ നൂലുകളാൽ നിയന്ത്രിക്കാനാവണം. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് പറത്തൽ. ഈ സമയത്ത് വെയിൽ കൊണ്ട് നടക്കുക വലിയ ബുദ്ധിമുട്ടാണ്. ഇത് സ്ത്രീകളെ ഈ വിനോദത്തിൽ നിന്നകറ്റുന്നെന്ന് മിനി. അതോടൊപ്പംനല്ല ഊർജവും കായിക ശേഷിയും വേണം. പ്രത്യേകിച്ചും രണ്ട് ലൈനിൽ പറത്തുന്ന സ്‌പോട്‌സ് കൈറ്റുകൾ പറത്താൻ.

പട്ട നിർമാണത്തിൽ സ്‌കൂൾ, കോളേജ് കുട്ടികൾക്കായി വർക്ക് ഷോപ്പുകൾ നടത്താറുണ്ട്. കോഴിക്കോട്‌ ജില്ലയിലെ 10 കോളേജുകളിലെ കുട്ടികൾക്ക് ഇതിനകം പരിശീലനം നൽകി.
ഫിറ്റ്‌നസ് സെന്ററിന് പുറമെ ജൈവ കൃഷി, സ്ത്രീകളുടെ കൂട്ടായ്മയിൽ യാത്രകൾ, സ്‌കൂളുകൾക്ക് സൗജന്യ പുസ്തക വിതരണം തുടങ്ങിയ പ്രവൃത്തികളിലും 'ക്രീഡ' മുന്നേറുന്നു. മകൻ എംഎസ്എസി വിദ്യാർഥിയായ അനന്തപത്മനാഭനും കൂടെയുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top