കണ്ണൂർ> "വെറും ആറു വർഷമായിരുന്നു ഞങ്ങളുടെ ദാമ്പത്യജീവിതം. അതിൽതന്നെ ഒരു വർഷം പോലും ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞുകാണില്ല. എന്റെ ജീവിതത്തിലേക്ക് ഒരു മിന്നൽപ്പിണർ പോലെ വന്നു കടന്നുപോവുകയായിരുന്നു അദ്ദേഹം. പക്ഷേ, പാട്യത്തിന്റെ ഭാര്യയായിരുന്നുവെന്ന അഭിമാനബോധവും ഞങ്ങളുടെ മൂന്നു മക്കളുമാണ് ഇന്നും എന്റെ ശക്തി.''‐ പാട്യം ഗോപാലൻ എന്ന ജനനേതാവിന്റെ ഓർമകൾക്കു നാൽപ്പതാണ്ടു തികയുമ്പോൾ ഭാര്യ എൻ കെ മൃദുല ടീച്ചർ പങ്കുവയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രസരിപ്പാർന്ന വ്യക്തിത്വം.
എന്നും ജനങ്ങൾക്കിടയിൽ, അവരുടെ പ്രശ്നങ്ങളും ദൈന്യതകളും നെഞ്ചേറ്റി പ്രവർത്തിച്ച ആൾ. പൊതുപ്രവർത്തനം കഴിഞ്ഞേ അദ്ദേഹത്തിന് ഭാര്യയും കുടുംബവുമൊക്കെ ഉണ്ടായിരുന്നുള്ളൂ. എന്നാലും മനസ്സുനിറയെ സ്നേഹമായിരുന്നു. അതിനാൽ ഒരിക്കൽ പോലും പരാതിപ്പെട്ടില്ല; പരിഭവം പറഞ്ഞില്ല. അദ്ദേഹത്തിന്റെ തിരക്കുകൾ എനിക്കു മനസിലാകുമായിരുന്നു‐ കണ്ണൂർ താവക്കരയിലെ മകളുടെ വീട്ടിലിരുന്ന് ടീച്ചർ മനസ്സു തുറന്നു.
1972 സെപ്തംബർ പത്തിന് കണ്ണൂർ ടൗൺ ഹാളിലായിരുന്നു വിവാഹം. പാർടിയിലും മഹിളാ അസോസിയേഷനിലും സജീവമായിരുന്ന എന്റെ മൂത്ത ഏച്ചി(എൻ കെ നന്ദിനി) മുഖേനയാണ് വിവാഹാലോചന വന്നത്. ഞാൻ എംഎസ്സി കഴിഞ്ഞു നിൽക്കുന്ന സമയം. എം വി രാഘവൻ, പിണറായി വിജയൻ, പി ദേവൂട്ടി എന്നിവർക്കൊപ്പമാണ് എൻഎസ്എൻ കോളേജിനു പിന്നിലെ ഞങ്ങളുടെ വീട്ടിൽ പെണ്ണുകാണാനെത്തിയത്. വലിയ നേതാവാണെന്ന് അറിയാമായിരുന്നു. ജയിലിൽകിടന്ന് മത്സരിച്ച് വി ആർ കൃഷ്ണയ്യരെ തോൽപ്പിച്ചതൊക്കെ കേട്ടിരുന്നു. എന്നാൽ വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ഔന്നത്യവും തിരക്കുകളുടെ വ്യാപ്തിയും മനസ്സിലാക്കിയത്. കല്യാണപ്പിറ്റേന്നു തന്നെ സംസ്ഥാന കമ്മിറ്റിക്കായി തിരുവനന്തപുരത്തേക്കു പോയി. രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയത്.
പാട്യത്തെ വീട്ടിൽ അച്ഛനമ്മമാരിൽനിന്നും സഹോദരങ്ങളിൽനിന്നും ലഭിച്ച സ്നേഹവും കരുതലും കാരണം വളരെ വേഗത്തിൽ ഞാൻ ആ ജീവിതവുമായി പൊരുത്തപ്പെട്ടു. എനിക്കു പാലക്കാട് വിക്ടോറിയ കോളേജിൽ ലക്ചററായി താൽക്കാലിക ജോലി ലഭിച്ചെങ്കിലും ഗർഭം ധരിച്ചതോടെ ജോലിയുപേക്ഷിച്ചു. ഇക്കാലത്ത് കുറച്ചു നാൾ അദ്ദേഹം പാർടി നിർദ്ദേശപ്രകാരം കോഴിക്കോട് ദേശാഭിമാനിയിൽ ചുമതല വഹിച്ചു. പിന്നീട് പാർടി പ്രവർത്തനത്തിലേക്കു തന്നെ മടങ്ങി.
അടിയന്തരാവസ്ഥക്കാലം. കാഞ്ഞങ്ങാട്ടെ കൃഷ്ണനൊപ്പം കർണാടകത്തിൽ എൽഎൽബിക്കു ചേരാൻ പോകുന്നതിന് ബാഗ് തയ്യാറാക്കി വച്ചതായിരുന്നു. ഉച്ചയോടെ പാർടി ഓഫീസിൽനിന്ന് ശ്രീനിവാസനും കെ പി സുധാകരനും വന്ന് നേതാക്കളെയെല്ലാം അറസ്റ്റ്ചെയ്തു തുടങ്ങിയെന്നും ഉടൻ ഒളിവിൽ പോകണമെന്നും പറഞ്ഞു. ബാഗുമെടുത്ത് അവർക്കൊപ്പം പോയി. പിണറായിയെ അറസ്റ്റു ചെയ്ത് ഭീകരമായി മർദ്ദിച്ച ദിവസം പാട്യത്തെ തേടിയും പൊലീസ് വന്നിരുന്നു. ആദ്യം കുറച്ചുപൊലീസുകാർ എസ്എൻ കോളേജ് കാന്റീനിൽ വന്ന് ഇതിനടുത്ത് പാട്യം ഗോപാലൻ എന്നൊരാൾ താമിക്കുന്നുണ്ടോ എന്നന്വേഷിച്ചു. അറിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. പിന്നീട് പൊലീസ് പാട്യത്തെ വീട് റെയ്ഡ് ചെയ്തു. കിട്ടാതെ വന്നതോടെ അർധരാത്രി തോട്ടടയിലെ വീടു വളഞ്ഞു. ഞാൻ രണ്ടാമത്തെ മകനെ പ്രസവിച്ചു കിടക്കുകയായിരുന്നു. അകത്തുകയറിയ പൊലീസുകാരോട് നന്ദിനിയേച്ചിയാണ് സംസാരിച്ചത്. ഞാൻ കിടന്ന മുറി ടോർച്ച് തെളിച്ച് പരിശോധിച്ചു.
പിന്നീട് മാസങ്ങളോളം ഒരു വിവരവുമില്ല. ഇടയ്ക്ക് ഒരു ദിവസം എ കെ ജി വീട്ടിൽ വന്നു. കാണാൻ വരാറുണ്ടോയെന്ന ആരാഞ്ഞപ്പോൾ അന്നു പോയതിനു ശേഷം കണ്ടിട്ടില്ലെന്നായിരുന്നു വിതുമ്പലോടെ എന്റെ മറുപടി. 'വിഷമിക്കണ്ട. ആൾ ഇവിടൊക്കെത്തന്നെയുണ്ട്. വരാൻ പറയാം'. ആശ്വാസവാക്കുകളുമായാണ് എ കെ ജി പോയത്. പിന്നീട് വല്ലപ്പോഴും പകൽ സമയത്തു വരും. രാത്രി ശക്തമായ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. പതിനാറുമാസത്തോളം ഒളിവിൽകഴിഞ്ഞു. എം വി രാഘവനെ അറസ്റ്റ്ചെയ്തതതോടെ പാട്യത്തിനായി പാർടി ജില്ലാ സെക്രട്ടറിയുടെ ചുമതല. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതോടെയാണ് ഒളിവിൽനിന്നു പുറത്തുവരാനായത്. 1977ലെ തെരഞ്ഞെടുപ്പിൽ തലശേരിയിൽനിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിനു പിന്നാലെ നടന്ന പാർടി സമ്മേളനത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്തെ കഠിനവും വിശ്രമരഹിതവുമായ പ്രവർത്തനം പാട്യത്തിന്റെ ആരോഗ്യം തളർത്തി. ഒളിവിലിരിക്കെ നായയുടെ കടിയേറ്റതിനാൽ രഹസ്യമായി ബോംബെയിൽ പോയി ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിരുന്നു. രക്തസമ്മർദ്ദം വല്ലാതെ വർധിച്ചു. ദൈനംദിന തിരക്കുകൾക്കിടയിൽ പാട്യം ഇതൊന്നും ഗൗരവമായെടുത്തില്ല. "എന്തോ ആപത്തു വരുന്നതായി ഞാൻ ഭയപ്പെട്ടു. ഒരു ദിവസം പാർടി ഓഫീസിൽ പോയി അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എന്തെങ്കിലും ചെയ്യണമെന്നും ദേവൂട്ടിയേടത്തിയോടു പറഞ്ഞു. അന്നു ജില്ലാ കമ്മിറ്റി യോഗം നടക്കുകയായിരുന്നു. വിദഗ്ധ ചികിത്സ തേടാൻ നേതാക്കൾ നിർദ്ദേശിച്ചുവെന്നാണ് അറിഞ്ഞത്. അതുകഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് മരണം.''
"1978 സെപ്തംബർ 27‐ എന്റെയും മക്കളൂടെയും ജീവിതത്തിൽ ഇടിത്തീ വീണ ആ ദിവസം മറക്കാനാവില്ല. കാഞ്ഞങ്ങാട് മാവുങ്കാലിലെ പാർടി പരിപാടി കഴിഞ്ഞ് രാത്രിയോടെ വീട്ടിലെത്തിയതായിരുന്നു. കുളിച്ചു ഭക്ഷണം കഴിച്ച് പത്രം വായിക്കുന്നതിനിടയിലാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നെഞ്ചുവേദനയൊന്നുമുണ്ടായിരുന്നില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായാണ് തോന്നിയത്. നിമിഷങ്ങൾക്കകം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കാൻ പോലും സമയം കിട്ടിയില്ല.
മൂന്നു പിഞ്ചു കുഞ്ഞുങ്ങളുമായി ജീവിതം തുഴയാൻ ഏറെ ബുദ്ധിമുട്ടി. പാർടിയുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവും കരുതലുമാണ് കരുത്തായത്. കല്യാണി ടീച്ചറും മറ്റും തന്ന സ്നേഹപരിലാളനകൾ മറക്കാനാവില്ല. പാർടി ഇടപെട്ടാണ് ബ്രണ്ണൻ കോളേജിൽ അധ്യാപികയായി നിയമനം നൽകിയത്. അന്നത്തെ എ കെ ആന്റണി സർക്കാർ പ്രത്യേക ഉത്തരവിറിക്കുകയായിരുന്നു''‐ടീച്ചർ പറഞ്ഞു.
ബ്രണ്ണൻ കോളേജിൽ സുവോളജി പ്രൊഫസറായിരിക്കെ പിഎസ്സി അംഗമായി നിയമിതയായ മൃദുല ടീച്ചർ 2003ലാണ് വിരമിച്ചത്. പിന്നീട് അഞ്ചു വർഷം കണ്ണൂർ എ കെ ജി ആശുപത്രി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. മകൻ ഉല്ലേഖ് ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്. ഉല്ലേഖിന്റെ ഇരട്ട സഹോദരി മുഗ്ധ ഭർത്താവിനൊപ്പം ഹോങ്കോങ്ങിൽ. ഇളയ മകൻ പുഷ്യരാഗ് ഇംഗ്ലണ്ടിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..