09 June Friday

തിരിഞ്ഞുനോക്കൂ ഈ കണ്ണുകളിലൂടെ

ജിഷ അഭിനയUpdated: Tuesday Dec 25, 2018

ഓർമകൾ വല നെയ്യുകയാണ്. അവിടെ ഒറ്റയൊറ്റ കൂട്ടിച്ചേർക്കലുകൾ... പൊട്ടിച്ചിതറലുകൾ... 

ഭാർഗവി അന്തർജനം എന്ന കാവുങ്കര ഭാർഗവി.  1948 ൽ അവതരിപ്പിച്ച ‘തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന നാടകത്തിൽ അഭിനയിച്ചവരിൽ  ഇന്ന് ജീവിച്ചിരിക്കുന്ന ഏകയാൾ. കേൾവി നന്നേ കുറവ്. എങ്കിലും മകൾ വിനോദിനി ഒാരോ വാക്കും വരിയും ചേർത്ത് അമ്മക്ക് പകർന്നു നൽകുന്നു. ജനുവരി ഒന്നിന്റെ വനിതാമതിലിനെക്കുറിച്ച് പറഞ്ഞപ്പോഴും ആ അമ്മ മെല്ലെ ചിരിച്ചു. അനുഭവങ്ങളുടെ പൊള്ളലുകൾ ബാക്കിയാക്കിയ വടുക്കൾ ചേർന്ന മുഖമുയർത്തി പറഞ്ഞു. ‘നല്ലത്.... ഒക്കെ  നല്ലത്’. 88 വയസ് പിന്നിടുന്ന അവർ സ്വജീവിതത്തിലൂടെ മുന്നോട്ടുവെച്ച ചരിത്രത്തിന്റെ ആ വലിയ പാഠങ്ങളിലേക്കാണ്  നമ്മെ കൈപിടിച്ച് നയിക്കുന്നതും.

വർത്തമാനകാല സ്ത്രീജീവിതത്തെ ചർച്ച ചെയ്യുന്ന ഒരു കാലത്ത് പിന്നിട്ട വഴികളിൽ പോരടിച്ചുനേടിയ അവകാശങ്ങളെ മറക്കാതിരിക്കാൻ ചരിത്രം ബാക്കി വച്ച ജീവിതങ്ങൾ.  മങ്ങിയ കാഴ്ചകളിൽ... ചിതറിയ ഓർമകളിൽ ഇന്നും നീറുന്നുണ്ട് ഇരുട്ടിലേക്ക് തിരിച്ചുനടക്കാൻ വെമ്പുന്ന കാലത്തോട് അരുതേ എന്ന് പറയാൻ സാമൂഹ്യ നവോത്ഥാനത്തിന്റെ ഇത്തിരിവെട്ടം അണയാതെ കാക്കുന്ന കണ്ണുകൾ നമുക്കൊപ്പമുണ്ട്. നമ്പൂതിരിപ്പെണ്ണുങ്ങൾ നാടകം കളിച്ചാൽ  ചരിത്ര സംഭവമാകുമെന്നു കരുതിയല്ല അവർ അന്നാ അരങ്ങിലെത്തിയത്.  രചന, സംവിധാനം, അഭിനയം. എല്ലാം സ്ത്രീകൾ മാത്രം അണിചേർന്ന നാടകം ചരിത്രത്തിന്റെ കുറിപ്പായി മാറുന്നതും ഈ കാരണത്താൽ തന്നെ. ആ ഒരു നാടകത്തിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു.

13‐ാം വയസിലായിരുന്നു ഭാർഗവിയുടെ വേളി. പെൺപണം വേണ്ടെന്ന വരൻ വീട്ടുകാരുടെ വാഗ്ദാനത്തിൽ ഭാർഗവിയുടെ വീട്ടുകാർ മറ്റൊന്നും ആലോചിച്ചില്ല.  കണ്ണൂർ തലശേരിയിലെ ഇല്ലത്തേക്ക്  വേളികഴിപ്പിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവർക്ക് ബോധ്യമായി. അതല്ല ആഗ്രഹിച്ച ജീവിതമെന്ന്. തികച്ചും പഴയ ആചാരങ്ങളുടെ കെട്ടുപാടുകൾ നിറഞ്ഞ ആ ഇല്ലത്തിൽ അവർക്ക് പൊരുത്തപ്പെടാനായില്ല.  ഏറെ സഹിച്ചു. ഒടുവിൽ ഇറങ്ങിപ്പോന്നു. സ്വന്തം ഇല്ലത്തേക്ക്. പക്ഷേ അവിടെയും സുരക്ഷയില്ല. ഏതു നിമിഷവും ഭർത്താവിന്റെ ഇല്ലത്തുനിന്നുള്ളവർ  പിടിച്ചുകൊണ്ടുപോകുമെന്ന പേടി അവരെ അലട്ടി. ഓടിയൊളിക്കാൻ ഇടങ്ങൾ തിരഞ്ഞുകൊണ്ടിരുന്നു. പരിചയമുള്ള ഇല്ലങ്ങൾ... അമ്പലങ്ങൾ.. ഒടുവിൽ കണ്ടെത്തി ഒരു ഉപായം.  പാലക്കാട്ടെ ലക്കിടിയിൽ ഒരു തൊഴിൽകേന്ദ്രമുണ്ട്,- അവിടെ പോയി ഒളിച്ചാൽ പിന്നെ ആരും അറിയില്ല. വീണ്ടും യാത്ര. പാലക്കാട്ടേക്ക്. ആകെ രണ്ടുമുണ്ടും നേര്യതും മാത്രം സ്വന്തം.


തൊഴിൽകേന്ദ്രത്തിലേക്ക്

1944 ൽ ഓങ്ങല്ലൂർ യോഗക്ഷേമസഭാസമ്മേളനത്തിൽ പുതിയ ആശയം രൂപംകൊണ്ടു. അന്തർജനങ്ങൾ തൊഴിലെടുത്ത് സ്വയംപര്യാപ്തത കൈവരിക്കുക. ഈ തൊഴിൽകേന്ദ്രത്തിന്റെയും ചിന്താഉറവിടം അതുതന്നെയായിരുന്നു. പി സി നമ്പൂതിരിപ്പാട്, ഒഎംവി നമ്പൂതിരിപ്പാട് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്.  അവിടെ പന്ത്രണ്ടോളം പെൺകുട്ടികളുണ്ട്. ചിലർക്ക് വീട്ടിൽ ദാരിദ്ര്യം. മറ്റ് ചിലർക്ക് വേളി കഴിക്കാൻ പറ്റാത്ത അവസ്ഥ. പിന്നെ വിധവകളും.' അവർക്കിടയിൽ ഭാർഗവിയും ചേർന്നു. ഇതിനിടയിൽ വേളി നിയമപരമായി ഒത്തുതീർപ്പാക്കി.  തൊഴിൽകേന്ദ്രത്തിൽ നൂൽനൂറ്റും ചെറിയ തുന്നൽപ്പണികൾ നടത്തിയും ഭാർഗവി അവരിലൊരാളായി. ചുറ്റിനും ദുരിതം നിറഞ്ഞ ജീവിതങ്ങൾ. എല്ലാവർക്കും ഓരോ കഥകൾ...  വേദനകൾ. ഇതിനൊരു മാറ്റം എല്ലാവരും ആഗ്രഹിച്ചു. നാടകം  കളിച്ചാലോ. എന്നാൽ പിന്നെ എന്തുകൊണ്ട് നമ്മുടെ ജീവിതാനുഭവങ്ങൾ നാടകമായി അവതരിപ്പിച്ചുകൂടാ എന്ന ഭാർഗവിയുടെ ചിന്തയിൽ നിന്ന് റിഹേഴ്സൽ ആരംഭിച്ചു. അവിടെ എല്ലാവരും പറഞ്ഞു, അവനവനെക്കുറിച്ച്.... 

ഒടുവിൽ 'തൊഴിൽകേന്ദ്രത്തിലേക്ക്' നാടകം അരങ്ങിലെത്തി. തളിയിൽ ഉമാദേവി, ഇ എസ് സരസ്വതി, ആലമ്പിള്ളി ഉമ, എം സാവിത്രി, ശ്രീദേവി കണ്ണമ്പിള്ളി, പി പ്രിയദത്ത, വി എൻ ദേവസേന എന്നിവരോടൊപ്പം ഭാർഗവിയും അരങ്ങിലെത്തി. ദേവകി, ദേവസേന, പാർവതി, അമരത്താട്ടമ്മ, സാവിത്രി, ശ്രീദേവി എന്നീ സ്ത്രീ കഥാപാത്രങ്ങളോടൊപ്പം അപ്ഫൻ, വക്കീൽ എന്നീ പുരുഷകഥാപാത്രങ്ങളേയും സ്ത്രീകൾ തന്നെ അവതരിപ്പിച്ചു. കൊട്ടാനും ആടാനും പാടാനും എല്ലാം പെണ്ണുങ്ങൾ തന്നെ.

സംസ്ഥാനത്തെ ഒട്ടേറെ വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. എം ആർ ബി, അക്കിത്തം, നേത്രൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ നാടകത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. നാടകം അരങ്ങിലെത്തിയ അതേ വർഷംതന്നെ തൃശൂർ യോഗക്ഷേമം പ്രസിൽ നാടകത്തിന്റെ കോപ്പി പ്രസിദ്ധീകരിച്ചു. വിതരണം ചെയ്തതിൽ ബാക്കിയുണ്ടായിരുന്ന ആയിരം കോപ്പി പരിയാനംപറ്റ ഇല്ലത്ത് സൂക്ഷിച്ചു.  ഇതിനിടെ എതിർപ്പുകളുമായി നിരവധി പേർ രംഗത്തെത്തി.  അവർ പതാക എന്നൊരു മറുസംഘടനയുണ്ടാക്കി.  നാടകക്കാരികൾ മോശക്കാരികളാണെന്നും തൊഴിൽകേന്ദ്രം വ്യഭിചാര ശാലയാണെന്നും പറഞ്ഞ് പരത്തി. പക്ഷേ അതൊന്നും നാടകത്തെ തെല്ലും ബാധിച്ചില്ല. നാടകത്തിലുണ്ടായിരുന്ന ശ്രീദേവി കണ്ണമ്പിള്ളിയും ഏറെ എതിർപ്പുകൾക്ക് വിധേയയായിട്ടുണ്ട്.  പാലക്കാട് എടത്തറയിൽ താമസിച്ചിരുന്ന അവർ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മൂത്ത സഹോദരി സാവിത്രി അന്തർജനത്തിന്റെ മകളാണ്.  ഇവർ ആറങ്ങോട്ടുകരയിൽ  തുന്നൽക്കടയിൽ തുന്നാൻ പോയത് ഏറെ   വിവാദമായിരുന്നു. പെണ്ണുങ്ങൾ റോഡരികിൽ തുന്നൽക്കട നടത്താൻ പാടില്ലെന്നായിരുന്നു അന്നത്തെ ചിലരുടെ നിബന്ധന. ഇപ്പോൾ അവർ ജീവിച്ചിരിക്കുന്നില്ല.

യാചനായാത്രയും തൊഴിൽകേന്ദ്രവും
1947 ജൂൺ 21. ലക്കിടിയിൽ സി എം സി നാരായണൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ മംഗലത്ത് മനയിൽ തൊഴിൽകേന്ദ്രം എന്ന ആശയത്തോടെ സ്ത്രീകൾക്ക് വിവിധ കൈത്തൊഴിലുകളിൽ പരിശീലനം ആരംഭിച്ചു. ഇതിനായുള്ള ധനശേഖരണാർഥം യാചനായാത്രകൾ വരെ നടത്തി.  യോഗക്ഷേമസഭയുടെ 37-ാം സമ്മേളനത്തിലാണ് ചേർപ്പിൽ വെച്ച് 1948 ജൂൺ 12ന് നാടകം അരങ്ങിലെത്തിയത്. അരങ്ങിലെത്തിയപ്പോൾത്തന്നെ തൃശൂർ മംഗളോദയം പ്രസിൽ അന്തർജന സമാജം ' തൊഴിൽകേന്ദ്രത്തിലേക്ക് ' പ്രസിദ്ധീകരിച്ചിരുന്നു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമായ കാലഘട്ടമായിരുന്നു അത്.

സംഘം പിന്നെയും നാടകം കളിച്ചെങ്കിലും അതിൽ തുടർന്ന് പങ്കെടുക്കാൻ ഭാർഗവിയുണ്ടായില്ല. ഇടക്കാലത്ത് കുറച്ച് നാൾ ഇല്ലത്തേക്ക് മടങ്ങിവന്നു. വിവാഹമോചനം നേടിയെങ്കിലും ഭർത്താവ് വീണ്ടും ഇല്ലത്തേക്ക്  വരാൻ തുടങ്ങി.

അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ ഭാർഗവിയുടെ മനസലിഞ്ഞു. ഇതിനിടെ ഒരു പെൺകുട്ടിയുമുണ്ടായി. പക്ഷേ മാസങ്ങൾക്കകം അദ്ദേഹം പഴയ സ്വഭാവം തുടരുകയും പ്രശ്നം കൂടുതൽ വഷളാവുകയും ചെയ്തു.

ഒടുവിൽ കിട്ടിയ കാശിന് വീടും സ്ഥലവും വിറ്റ് കുളപ്പുള്ളിയിലെത്തി. ഭൂമി വിറ്റ പണമാകട്ടെ മറ്റു ബന്ധുക്കൾ കൈക്കലാക്കി. ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. മകൾക്ക് ഭക്ഷണം കൊടുക്കാൻ പോലും വഴിയില്ല. ഭാർഗവിയുടെ അമ്മയ്ക്ക് കിട്ടുന്ന വാർധക്യകാല പെൻഷനായ 12 രൂപയാണ് അന്ന് ഏകവരുമാനം.

നാടകക്കാരിയെന്ന് മുദ്രകുത്തിയ ഘോഷ പുതച്ച് വളാഞ്ചേരി മഴുവഞ്ചേരി ഇല്ലത്തുനിന്ന് കാവുങ്കര ഭാർഗവി എന്ന ഈ അന്തർജനം യാത്രയായി, കോഴിക്കോടുള്ള അനാഥാലയത്തിലേക്ക്. മൂന്ന് വയസായപ്പോൾ തന്നെ മകളെ അഞ്ചുവയസായെന്നു പറഞ്ഞ് ഒന്നാം ക്ലാസിൽ ചേർത്തു. ഒരുനേരമെങ്കിലും കഴിക്കാൻ എന്തെങ്കിലും സ്കൂളിൽനിന്ന് കിട്ടുമല്ലോ.

ഒറ്റമകളെ അവിടെ ഏൽപ്പിച്ച് മടങ്ങുമ്പോൾ ആ അമ്മ അന്നനുഭവിച്ച വേദന. കാലം ഏറെ പിന്നിട്ടിട്ടാണ് അവളെ തിരിച്ചുകിട്ടിയത്.  ഇതൊരു നാടകക്കാരിയുടെ ദുര്യോഗമല്ല,  പെണ്ണിന്റെ.. കാലത്തിന്റെ ദുര്യോഗം.

ഇപ്പോൾ ഷൊർണൂർ കവളപ്പാറയിൽ മകൾ വിനോദിനിക്കും മരുമകൻ ഉണ്ണികൃഷ്ണനും ഒപ്പമാണ് ഭാർഗവിയുടെ താമസം. പ്രസാധന രംഗത്തെ പെൺ കൂട്ടായ്മയായ തൃശൂരിലെ സമത പുസ്തക വിൽപനയിലൂടെ സമാഹരിക്കുന്ന തുകയിൽനിന്ന് ഒരു വിഹിതമായി 2014 മുതൽ ഇവർക്ക്  പെൻഷൻ നൽകുന്നു. സമതയുടെ ഈ സ്നേഹസ്പർശത്തെ ഏറെ ആദരവോടെയും നന്ദിയോടെയും അവർ  ഇതോടൊപ്പം സ്മരിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top