28 February Friday

കാടിനോട്‌ ഇണങ്ങി മൃദുലയുടെ ക്യാമറ

ബിജി ബാലകൃഷ്ണൻUpdated: Sunday Aug 25, 2019


യാത്രകൾ എന്നും മൃദുലയ്ക്ക് ഇഷ്ടമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്താണ് ഏറെയും യാത്ര ചെയ്തിരുന്നത്. ആ യാത്രയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കാട് തന്നെയായിരുന്നു. ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥകൊണ്ടും വ്യത്യസ്തമായ കാടിനെ തൊട്ടറിയാനുള്ള  ശ്രമമാണ് മൃദുല ഫോട്ടോഗ്രാഫി കൊണ്ട് ഉദ്ദേശിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ മൃദുല അഗ്രികൾച്ചർ ബിരുദധാരിയാണ്. ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരിലെ എസ്ബിടിയിൽ ജോലി ചെയ്യുന്നു. പഠിച്ച വിഷയവുമായി ബന്ധമില്ലാത്ത ജോലി.   ഈ വ്യത്യസ്തത തന്നെയാണ് മൃദുലയെ ഫോട്ടോഗ്രാഫിയിലേക്ക് നയിച്ചതും. ഫോട്ടോഗ്രാഫറും ബിസിനസ്സുകാരനുമായ മുരളിയെ വിവാഹം ചെയ്ത ശേഷമാണ് ഈ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.  മുരളിയോടൊപ്പം ഇടയ്ക്കൊക്കെ കാട്ടിൽ പോകാറുള്ള സമയത്ത്  കാട് ആസ്വദിക്കുക എന്ന ലക്ഷ്യം മാത്രമേ മനസ്സിൽ വച്ചിരുന്നുള്ളൂ. പിന്നീട്മുരളിയുടെ ക്യാമറയുടെ ചലനങ്ങൾ കൗതുകത്തോടെ നിരീക്ഷിക്കാൻ തുടങ്ങി.  പതുക്കെ പതുക്കെ ജീവികളെ പിൻതുടരുവാനും അവയെ ക്യാമറയിലേയ്ക്ക് പകർത്താനും  മൃദുല ശ്രമം നടത്തി. അതിന്റെ ഭാഗമായി പുസ്തകങ്ങൾ വായിക്കാനും ടി വി കാണാനും തുടങ്ങി. വ്യത്യസ്ത പക്ഷിമൃഗാദികളുടെ നടത്തം, പറക്കൽ,  ഇരതേടൽ, ഉറക്കം, എന്നിവയെല്ലാം അതിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

അതിരാവിലെയും സന്ധ്യയ്ക്കു മാണ് ജീവികൾ പുറത്തിറങ്ങുന്നത്. ആ സമയം നോക്കി വേണം കാട്ടിലേക്ക് പോകേണ്ടത്. ചിലപ്പോൾ മണിക്കൂറുകളോളം ജീവികൾ പുറത്തിറങ്ങുന്നത് നോക്കിയിരിക്കേണ്ടി വരും. ചിലപ്പോൾ വേഗം കണ്ടെന്ന് വരാം. അതിനുള്ള ക്ഷമയും ഉത്സാഹവും ഉണ്ടാകണം.  എന്നാൽ ഇതിനോടുള്ള താൽപര്യവും കൗതുകവും നിമിത്തം എത്ര പ്രയത്നിക്കാനും മടി ഇല്ലാതായി. നേരത്തേ എഴുന്നേറ്റ് പോകുക, കുറേ നേരം മൃഗങ്ങളെ കാത്തിരിക്കുക,  ചുറ്റുപാടും നിരീക്ഷിക്കുക ഇതെല്ലാം ഈ ജോലിയുടെ ഭാഗമാണ്. ക്ഷമ കൗതുകവും മാത്രം ഉണ്ടായാൽ  മാത്രം മതി. ജീവികൾ നമ്മുടെ അടുത്ത് തന്നെ ഉണ്ടാകും. അവയുടെ വ്യത്യസ്ത ചിത്രങ്ങൾ എടുക്കാം.. എന്തിന് അവയുമായി ഇണങ്ങിചേരാനുമാകും.ഓരോ ജീവിയ്ക്കും ഓരോ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകൾ മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

‘അതുപോലെ തന്നെ ഓരോ കാടിനുമുണ്ട് വ്യത്യസ്തതകൾ. അതിനനുസരിച്ച ജീവജാലങ്ങളാണ് അവിടെ ഉണ്ടാകാറുള്ളത്. സീസൺ അനുസരിച്ച് കാട്ടിൽ പോകുന്നത് രസമാണ്. ഓരോ സീസണിലും ഓരോ തരം സൗന്ദര്യം ഒപ്പിയെടുക്കാം. സീസൺ അനുസരിച്ച് പക്ഷിമൃഗാദികളുടെ സ്വഭാവവും രൂപവും മാറുന്നു. ഇപ്പോൾ കേരളത്തിലെ കാടുകൾ മാത്രമല്ല ഇന്ത്യയിലെ തന്നെ വിവിധ കാടുകൾ കാണാനും അവിടുത്തെ ജൈവവിധ്യം അടുത്തറിയാനും സാധിച്ചിട്ടുണ്ട്.’‐ മൃദുല പറഞ്ഞു.

ഇപ്പോൾ തന്നെ വീടിനടുത്തുള്ള നൂറ്റി ഇരുപതോളം പക്ഷികളെ കണ്ടെത്താനും അവയുടെ ഫോട്ടോ എടുക്കാനും  മൃദുലയ്‌ക്ക്‌ കഴിഞ്ഞു.  തേൻ കൊതിച്ചി പരുന്തിന്റെ ചിത്രമാണ് ഏറ്റവും ബുദ്ധിമുട്ടി എടുത്തത്. പ്രാവിന്റേതിനോടു സാമ്യമുള്ള തലയും മെലിഞ്ഞ കഴുത്തും കൊണ്ട് മറ്റു പരുന്തുകളിൽ നിന്ന് അവയെ പെട്ടന്ന് തിരിച്ചറിയാം. മറ്റൊന്ന് ഇലകളും പൂക്കളും ഭക്ഷിക്കുന്ന ഹനുമാൻ കുരങ്ങിന്റെ ചിത്രമാണ് . ഇത് കേരളത്തിനു പുറത്തെ കാട്ടിൽ നിന്നാണ്‌. മലയണ്ണാന്റെ ചിത്രമാണ് മറ്റൊന്ന്. പക്ഷിമൃഗാദികളെ നിരീക്ഷിക്കേണ്ടത് എങ്ങനെയെന്ന് ഇനിയും പഠിക്കാനുണ്ടെന്നു പറയുന്ന മൃദുല അതിന്‌ ധാരാളം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഈ മേഖലയിലേയ്ക്ക് പ്രവേശിച്ചുഎന്ന് അറിയിക്കാനായി മാത്രം ഈയിടെ കേരള ലളിതകലാ അക്കാദമിയിൽ വന്യ ജീവികളുടെ ഫോട്ടോ പ്രദർശനം ഒരുക്കിയിരുന്നു. 

ഭർത്താവിന്റേയും വീട്ടുകാരുടേയും പൂർണ്ണമായ സ്നേഹവുംസഹായവും പിൻതുണയും ഉണ്ട്. ഭാരതീയ വിദ്യാഭവനിൽ പഠിക്കുന്ന മകൻ ഇഷാനും ഈ പ്രവർത്തനങ്ങളെകൗതുകപൂർവ്വം നിരീക്ഷിക്കാറുണ്ട്.


പ്രധാന വാർത്തകൾ
 Top