30 March Thursday

കരിമ്പിൽ തേൻ പുരട്ടിയ അമ്മ

ലെനി ജോസഫ‌്Updated: Tuesday Jun 25, 2019


കരിമ്പിൽ തേൻ പുരട്ടിയ  ഇ കെ ജാനകിയമ്മാൾ കേരളത്തിൽനിന്നു ലോകത്തോളം വളർന്ന ശാസ‌്ത്രജ്ഞയാണ‌്.  ലോകത്തിനു മറക്കാനാകാത്ത ആദ്യ ഇന്ത്യൻ സസ്യ ശാസ‌്ത്രജ്ഞയ‌്ക്ക‌് അർഹിക്കുന്ന അംഗീകാരം കിട്ടാത്തതിനു പിന്നിൽ ലിംഗ, ജാതി വിവേചനമാണെന്നു ചരിത്രം തെളിയിക്കുന്നു.. 

കൊ​ടൈ​ക്ക​നാ​ൽ സ്വ​ദേ​ശി​കളായ  ദ​മ്പ​തി​ക​ൾ  വീ​ര​രാ​ഘ​വ​നും ഗി​രി​ജയും ജനിതകമാറ്റം വരുത്തി വികസിപ്പിച്ച റോസപ്പൂവിന‌്  ഒരാഴ‌്ചമുമ്പ‌് ജാനകിയമ്മാളിന്റെ പേര‌് നൽകിയതോടെയാണ‌് ഈ സസ്യശാസ‌്ത്രജ്ഞ വീണ്ടും  വാർത്തകളിൽ ഇടംപിടിക്കുന്നത‌്.   ജാനകിയമ്മാളിന‌്  രാജ്യം വേണ്ടത്ര അംഗീകാരം നൽകാത്തുകൊണ്ടാണ‌് അവരുടെ ഓർമ്മയ‌്ക്കായി പേരു നൽകുന്നതെന്ന‌് വീരരാഘവൻ തുറന്നുപറഞ്ഞു.

ജാനകിയമ്മാൾ ഇളം മഞ്ഞനിറമുള്ള സാരികൾ ഇഷ്ടപ്പെട്ടിരുന്നു. അതേനിറമാണ‌് പുതുതായി വികസിപ്പിച്ച വലിയ റോസാപ്പൂവിനും.  റോസപ്പൂവിന‌് ഈ പേരു നൽകാനുള്ള വീരരാഘവന്റെ അപേക്ഷ ഇന്റർനാഷണൽ റോസ‌് രജിസ‌്ട്രേഷൻ അംഗീകരിക്കുകയായിരുന്നു. 1897 നവംബർ നാലിന‌് ജനിച്ച ജാനകിയമ്മാൾ സി ഡി ഡാർലിങ്ടൺ എന്ന ശാസ‌്ത്രജ്ഞനുമായി ചേർന്ന‌്  1960ൽ എഴുതിയ ‘ ക്രോമസോം അറ്റ‌് ലസ‌് ഓഫ‌് കൾട്ടിവേട്ടഡ‌് പ്ലാന്റ‌്സ‌്’ സസ്യ ശാസ‌്ത്രജ്ഞരുടെ ബൈബിളായാണ‌് കണക്കാക്കുന്നത‌്.

വർഷങ്ങൾക്കുമുമ്പ‌്  നമ്മുടെ കരിമ്പിനും പഞ്ചസാരയ‌്ക്കുമൊന്നും ഇത്രയ‌്ക്കു മധുരമുണ്ടായിരുന്നില്ലെന്ന‌് പലർക്കും അറിയില്ല. അക്ഷീണപ്രയത്നത്തിലൂടെ മധുരമേറുന്ന കരിമ്പിനങ്ങൾ സൃഷ്ടിച്ചെടുത്തത‌് ഈ തലശേരിക്കാരിയായിരുന്നു. അവർ ഇന്ത്യയിലെ കരിമ്പിനങ്ങളെക്കുറിച്ച‌് പരീക്ഷണം നടത്തുകയും ‘സക്കാരം സ‌്പൊണ്ടേനിയം’ എന്ന ഇനത്തിന്റെ സ്വദേശം ഇന്ത്യയാണെന്നു കണ്ടെത്തുകയും ചെയ‌്തു. മദ്രാസ‌് പ്രസിഡൻസി കോളേജിൽ  ബിഎസ‌്സിക്കു പഠിക്കുമ്പോഴേ ജാനകിയമ്മാളിന‌് കോശജനിതകശാസ‌്ത്രത്തോട‌് വലിയ താൽപ്പര്യമായിരുന്നു. സൈലന്റ‌് വാലിയിലെ  ജൈവവൈവിധ്യം സംരക്ഷിക്കണമെന്ന അഭിപ്രായക്കാരിയായിരുന്ന  അവർ കുന്തിപ്പുഴയിലെ ജലവൈദ്യുതി പദ്ധതിക്കെതിരെ ശബ്ദമുയർത്താനും  മുൻ നിരയിൽ ഉണ്ടായിരുന്നു.  കാരണം അവർ ‘ഭൂമിയിൽ കണ്ടത‌്  സസ്യങ്ങളെയും ജന്തുക്കളെയുമാണ‌്. അവയ‌്ക്കിടയിലായിരുന്നു മനുഷ്യന്റെ സ്ഥാനം’.  തലശേരി സബ‌്ജഡ‌്ജിയായിരുന്ന ദിവാൻ ബഹാദൂർ ഇടവലത്ത‌് കക്കാട‌് കൃഷ്ണന്റെയും ദേവി കുറുവെയുടെയും പത്താമത്തെ പുത്രിയാണ‌് ജാനകിയമ്മാൾ.

മദ്രാസ‌് വിമൻസ‌് കോളേജിൽ പ്രഫസറായിരിക്കെ അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽനിന്നു ബാർബോർ സ‌്കോളർഷിപ്പ‌് ലഭിച്ചു. 1925ൽ എംഎസ‌്സി ബിരുദം നേടി തിരിച്ചുവന്ന‌് മദ്രാസ‌് ക്രിസ‌്ത്യൻ കോളേജിൽ പ്രഫസറായി. വീണ്ടും മിഷിഗണിലേക്കുപോയ അവർ വഴുതിന ഇനങ്ങളുടെ  കോശശാസ‌്ത്ര പഠനത്തിലും അവയുടെ സങ്കരയിനങ്ങൾ വികസിപ്പിക്കുന്നതിലും ഗവേഷണം നടത്തി. അവർ ഉൽപ്പാദിപ്പിച്ച സങ്കരയിനം വഴുതിനക്ക‌് ‘ജാനകി ബ്രിൻജോൾ’ എന്നാണു പേര‌്. ‘വഴുതിനയിലെ ബഹുപ്ലോയിഡി’ ആണ‌് പ്രസിദ്ധീകരിച്ച ആദ്യ ഗവേഷണപ്രബന്ധം. 1931ൽ മിഷിഗൺ സർവകലാശാലയിൽ നിന്നു ഡോക്ടർ ഓഫ‌് സയൻസ‌് ബിരുദം നേടിയപ്പോൾ അത‌് സസ്യശാസ‌്ത്രത്തിൽ ഇന്ത്യൻ വനിത നേടുന്ന ആദ്യ ഗവേഷണബിരുദമായി. 

1934ൽ കോയമ്പത്തൂരിലെ കരിമ്പു ഗവേഷണകേന്ദ്രത്തിൽ ജനിതകശാസ‌്ത്രജ്ഞയായി  അവർക്കു ജോലി ലഭിച്ചതിനെത്തുടർന്നാണ‌് ഇന്ത്യയിലെ കരിമ്പുകളുടെ മധുരകാലം തുടങ്ങുന്നത‌്. ഇന്ത്യയിൽ ആദ്യം കൃഷി ചെയ‌്തിരുന്ന കരിമ്പിനങ്ങൾക്ക‌് മധുരം തീരെ കുറവായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കകാലത്തൊക്കെ മധുരമുള്ള  പഞ്ചസാര ജാവയിൽ നിന്നും കിഴക്കനേഷ്യൻ രാജ്യ ങ്ങളിൽനിന്നും ഇറക്കുമതിചെയ്യുകയായിരുന്നു. ഇന്ത്യയിലെ പഞ്ചസാര ദൗർലഭ്യം പരിഹരിക്കാനാണ‌്  1912ൽ കേന്ദ്ര സർക്കാർ കോയമ്പത്തൂരിൽ  കരിമ്പു ഗവേഷണ കേന്ദ്രം ആരംഭിച്ചത‌്. 

‘സക്കാരം ഒഫിഷ്യനാരം’ എന്ന കരിമ്പിനത്തിൽ പഞ്ചാസാരയുടെ അളവ‌് നന്നായി ഉണ്ടായിരുന്നെങ്കിലും രോഗപ്രതിരോധശേഷി വളരെ കുറവായിരുന്നു. ‘സക്കാരം സ‌്പോണ്ടേനിയ’ത്തിൽ പഞ്ചസാരയുടെ അളവ‌് കുറവായിരുന്നെങ്കിലും രോഗപ്രതിരോധശേഷിയുണ്ടായിരുന്നു. ഈ ഇനങ്ങളെ ജാനകിയമ്മാൾ പഠനത്തിനു വിധേയയാക്കുകയും  അവയുടെ േക്രാമസോമുകൾ ട്രിപ്ലോയിഡ‌് അവസ്ഥയിലാണെന്നു കണ്ടെത്തുകയും ചെയ‌്തു. വ്യത്യസ്ത ജനുസിൽപ്പെട്ട സപുഷ‌്പി സസ്യങ്ങളുടെ സങ്കരങ്ങൾ ലോകത്ത‌് ആദ്യമായി അവർ ഉൽപ്പാദിപ്പിച്ചു. കരിമ്പിനെയും മുളയേയും വർഗസങ്കരണം നടത്തി  എസ‌്ജി 63.32 എന്ന സങ്കരയിനം കരിമ്പുണ്ടാക്കി.

കോശവിഭജന സമയത്തുണ്ടാകുന്ന ബഹുപ്ലോയിഡി  എന്ന ജനിതകവൈകല്യമാണ‌്  സസ്യങ്ങൾക്ക‌് വ്യത്യസ‌്തതയുണ്ടാക്കുന്നതെന്നും  പരിണാമത്തിനു കാരണമെന്നും അവർ കണ്ടെത്തി.  കൃത്രിമമായി ബഹുപ്ലോയിഡി ഉണ്ടാക്കിയാൽ അതിലൂടെ പുതിയ സസ്യയിനങ്ങൾ ഉണ്ടാക്കാമെന്നും അങ്ങനെ ഉൽപ്പാദനക്ഷമത കൂട്ടാമെന്നും ജനാകിയമ്മാൾ  കണ്ടെത്തി. സപുഷ‌്പികളായ 8000 സ‌്പീഷീസുകളുടെ ഉപയോഗങ്ങളുക്രോമസോമുകളുടെ  എണ്ണവും രേഖപ്പെടുത്തി. കാർഷികസസ്യങ്ങളുടെ ഉൽപ്പത്തിശാസ‌്ത്രത്തിനു തെളിവുനൽകാൻ ഉതകുന്ന കണ്ടെത്തലുകൾ.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ശാസ‌്ത്രസാങ്കേിതിക രംഗം ശക്തിപ്പെടുത്താൻ ഹോമി ജെ ഭാഭാ, ജെബിഎസ‌് ഹാൾഡേൻ എന്നിവരോടൊപ്പം ജാനകിയമ്മാളിനെയും  പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. അന്ന‌്  അവർ അതിൽ താൽപ്പര്യപ്പെട്ടില്ല.  1951ൽ ഹൈക്കമ്മീഷൻ, ലണ്ടനിലെ ഇന്ത്യാഹൗസിൽ ജവാഹർലാൽ നെഹ്രുവുമായി ഒരുക്കിയ മീറ്റിങ്ങിൽ മറ്റു ശാസ‌്ത്രജ്ഞരോടൊപ്പം ജാനകിയമ്മാളും പങ്കെടുത്തിരുന്നു.  അന്ന‌് ‘ മാതൃരാജ്യം വിളിക്കുമ്പോൾ മറ്റൊരു രാഷ‌്ട്രത്തിനും നിങ്ങളെ തടഞ്ഞുനിർത്താൻ ആകില്ല ’ എന്ന നെഹ്രുവിന്റെ വാക്കുകൾ ജാനകിയമ്മാളിന്റെ മനസുമാറ്റിയെന്ന‌് ‘ ഇ കെ ജാനകിയമ്മാൾ, ആദ്യ ഇന്ത്യൻ സസ്യ ശാസ‌്ത്രജ്ഞ എന്ന ഗ്രന്ഥത്തിന്റെ കർത്താവ‌് നിർമ്മല ജയിംസ‌് പറയുന്നു. 1952 ഒക്ടോബർ 14ന‌് ഓഫീസർ ഓൺ സ‌്പെഷൽ ഡ്യൂട്ടി എന്ന പദവിയിൽ ജാനകിയമ്മാൾ ബൊട്ടാണിക്കൽ സർവേ  ഓഫ‌് ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചു. 1977ൽ പത്മശ്രീ ലഭിച്ചു.

കാൻസർ  എന്നാൽ എന്താണെന്ന‌്  അവർ ശാസ‌്ത്രീയമായി വിശദീകരിച്ചു. കോശങ്ങളുടെ അനിയന്ത്രിതമായ ക്രമഭംഗ വിഭജനമാണ‌് കാൻസർ ആയിത്തീരുന്ന പിണ്ഡമെന്ന‌് അവർ വിശദീകരിച്ചു. എന്നാൽ അനാവശ്യവും അപ്രസക്തവുമായ കാര്യങ്ങൾ ചയ്യുകയാണെന്നു പറഞ്ഞ‌് ബ്രാഹ്മണനായ മേലുദ്യോഗസ്ഥൻ അവരോട‌് വിശദീകരണം ആവശ്യപ്പെട്ടുവെന്ന‌് നിർമ്മല ജയിംസ‌് തന്റെ പുസ‌്തകത്തിൽ രേഖപ്പെടുത്തുന്നു. സ‌്ത്രീയും പിന്നോക്കക്കാരിയുമായതുകൊണ്ട‌് അവരുടെ കണ്ടുപിടിത്തങ്ങൾക്ക‌് വേണ്ടത്ര പരിഗണന കിട്ടിയില്ല. ബൊട്ടാണിക്കൽ സർവേ ഓഫ‌് ഇന്ത്യയുടെ ഡയറക്ടർ പദവി നൽകാതെ ‘ ഓഫീസർ ഓൺ സ‌്പെഷൽ ഡ്യൂട്ടി’ എന്ന സ്ഥാനം നൽകി.

പുതിയ ഇനം സസ്യങ്ങൾ കാണുമ്പോൾ കൊച്ചുകുട്ടിയെപ്പൊലെ തുള്ളിച്ചാടുമായിരുന്ന ജാനകിയമ്മ വിവാഹജീവിതംപോലും മറന്നാണ‌് ശാസ‌്ത്രത്തിന്റെ  ഉപാസകയായത‌്. 1984 ഫെബ്രുവരി  ഏഴിനായിരുന്നു അന്ത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top