29 March Wednesday

ആര്‍ത്തവം അശുദ്ധിയാണോ?

മാനസിUpdated: Wednesday May 25, 2016

എന്തുകൊണ്ടാണ് ചില ക്ഷേത്രങ്ങളില്‍ മാത്രം സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് പറയുന്നത്? സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് അത്തരം ക്ഷേത്രങ്ങള്‍ക്ക് എന്തെങ്കിലും ഹാനി സംഭവിക്കാറുണ്ടോ? എങ്കില്‍ എന്താണ് സംഭവിക്കാറ്? എങ്ങനെയാണത് നമുക്ക് മനസ്സിലാവുക? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി കിട്ടുന്നത്  "ഇതാണ് നാം തുടര്‍ന്നുവരുന്ന പരമ്പരാഗത രീതി'' എന്നാണ്! അത് ഈ ചോദ്യങ്ങളുടെ ഉത്തരമല്ലല്ലോ.

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കാമോ, പ്രത്യേകിച്ചും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമോ, ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ മാത്രം പ്രവേശിക്കാന്‍ അനുവദിക്കാത്തതെന്താണ് എന്നിങ്ങനെയുളള ചോദ്യങ്ങള്‍ എല്ലായിടത്തും കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്ത് ഇതിനെയൊക്കെക്കുറിച്ച് എനിക്കു തോന്നുന്ന ചില സംശയങ്ങള്‍ ആരെങ്കിലും ദുരീകരിച്ച് നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പെഴുതുന്നത്.

എന്തുകൊണ്ടാണ് ചില ക്ഷേത്രങ്ങളില്‍ മാത്രം സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് പറയുന്നത്? സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് അത്തരം ക്ഷേത്രങ്ങള്‍ക്ക് എന്തെങ്കിലും ഹാനി സംഭവിക്കാറുണ്ടോ? എങ്കില്‍ എന്താണ് സംഭവിക്കാറ്? എങ്ങനെയാണത് നമുക്ക് മനസ്സിലാവുക? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി കിട്ടുന്നത് "ഇതാണ് നാം തുടര്‍ന്നുവരുന്ന പരമ്പരാഗത രീതി'' എന്നാണ്! അത് ഈ ചോദ്യങ്ങളുടെ ഉത്തരമല്ലല്ലോ. സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടെന്നും അത് 'അശുദ്ധി'യാണെന്നും അതിനാല്‍ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസന്നിധാനം സ്ത്രീകള്‍ക്ക് നിഷിദ്ധമായിരിക്കണമെന്നുമാണ് മറ്റൊരുകൂട്ടര്‍ പറയുന്നത്. എന്താണ് 'അശുദ്ധി' എന്ന പദംകൊണ്ട് നാം അര്‍ഥമാക്കുന്നത്? അശുദ്ധിയും ആര്‍ത്തവവും തമ്മില്‍ ബന്ധപ്പെടുന്നതെങ്ങനെയാണ്? ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഈശ്വരനെ മനസ്സില്‍ വിചാരിച്ചാല്‍ ഈശ്വരന്‍ അശുദ്ധനാകുമോ? അഴുക്ക് എന്ന അര്‍ഥത്തിലാണ് ഈ 'അശുദ്ധി' എന്ന പദം ഉപയോഗിക്കുന്നതെങ്കില്‍, മലവും മൂത്രവും പൊട്ടിയൊലിക്കുന്ന വ്രണങ്ങളും രോഗങ്ങളും അശുദ്ധിയാകില്ലേ? അവയുള്ള അവയവങ്ങളുമായി നമുക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമോ? ആര്‍ത്തവം സ്ത്രീക്ക് മാത്രമുള്ളതായതിനാല്‍ പുരുഷന്മാര്‍ക്കുള്ളതെല്ലാം അനുവദനീയവും സ്ത്രീക്കുള്ളത് വിലക്കുമായതാണോ? എങ്കില്‍ അത് ഒരു രണ്ടാംകിട വിവേചനമല്ലേ? ഈശ്വരനത് ഇഷ്ടപ്പെടുമെന്നോ!

ആര്‍ത്തവകാലത്ത് പല ക്ഷേത്രങ്ങളിലും പോകാറുള്ള ധാരാളം സ്ത്രീകളെ എനിക്കറിയാം. ഭക്തി മൂത്തല്ല ആ ദിവസങ്ങളില്‍ ഞാനടക്കം പലരും അവിടെ പോകുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് തോന്നുന്ന ഉത്സാഹക്കുറവ്, ക്ഷീണം, ശാരീരികാസ്വാസ്ഥ്യങ്ങള്‍, അകാരണമായ വിഷാദം എന്നിവമൂലം ശല്യമില്ലാത്ത, ശാന്തമായൊരിടത്ത് ഒതുങ്ങിയിരിക്കാന്‍ പല സ്ത്രീകള്‍ക്കും തോന്നും. അതിനനുയോജ്യമായ ഏറ്റവും ശാന്തവും സുരക്ഷിതവുമായ സ്ഥലം തിരക്കില്ലാത്ത ക്ഷേത്രങ്ങളാണെന്ന് സ്ത്രീകള്‍ക്ക് അനുഭവത്തില്‍ നിന്നറിയാം. ക്ഷേത്രത്തിലാകുമ്പോള്‍ ആരും ശല്യപ്പെടുത്താന്‍ വരില്ല. ഒളിനോട്ടങ്ങള്‍ എറിയുകയോ മോശമായി പെരുമാറുകയോ ചെയ്യില്ല. പൊതുസ്ഥലത്ത് ഒറ്റക്കൊരു യുവതി ഇരിക്കുന്നു എന്ന സദാചാര ധ്വംസനമില്ല! ഒരാളുടെയും ശ്രദ്ധയാകര്‍ഷിക്കാതെ മിണ്ടാതിരിക്കാം. ആലോചിക്കാം. പുസ്തകം കൈയിലുണ്ടെങ്കില്‍ വായിക്കുകയുമാകാം. തിരക്കിട്ട നഗരങ്ങളില്‍ അപൂര്‍വമായി ലഭിക്കുന്ന സൌകര്യങ്ങളാണ് ഇവയെന്നോര്‍ക്കണം. മാത്രമല്ല, ആര്‍ത്തവസമയത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതുകൊണ്ട് ആ ക്ഷേത്രങ്ങള്‍ക്കോ  പ്രവേശിച്ച സ്ത്രീകള്‍ക്കോ എന്തെങ്കിലും ആപത്ത് സംഭവിച്ചതായി കേട്ടിട്ടില്ല. ഈശ്വരനതിത്ര ഇഷ്ടമല്ലെങ്കില്‍ ഞങ്ങളൊക്കെ എന്നേ ഭസ്മമായി പോകേണ്ടതല്ലേ? എന്താണങ്ങനെ സംഭവിക്കാത്തതെന്ന് ഞങ്ങള്‍ ആരോടാണ് ചോദിക്കേണ്ടത്? സംഗതി മറിച്ചാണ്– ക്ഷേത്രങ്ങള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചുവരുന്നതായിട്ടാണ് ഞങ്ങള്‍ കാണുന്നത്. എന്നിട്ടും വിലക്ക്! എന്തിന്? മാസത്തിലെ ആര്‍ത്തവകാലത്തുണ്ടാവുന്ന രക്തസ്രാവത്തിന് ഒരുവിധത്തിലും ഉത്തരവാദികളല്ലാത്ത സ്ത്രീകളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്ത്രീക്ക് ഈശ്വരന്‍ തന്നെ കല്‍പ്പിച്ചുനല്‍കിയ രക്തസ്രാവത്തിന്റെ പേരില്‍ കുറ്റപ്പെടുത്തി അകറ്റാന്‍ മാത്രം മോശക്കാരനാണ് ഈശ്വരനെന്ന് എനിക്കിന്നുവരെ തോന്നിയിട്ടില്ല. മാത്രമല്ല, ദേവിമാര്‍ക്ക് ആര്‍ത്തവമുണ്ടാവില്ലേ? അപ്പോള്‍ അവരോ, ക്ഷേത്രങ്ങളില്‍ത്തന്നെ ഇരിക്കുന്ന അവരുടെ സാമീപ്യം കൊണ്ട് അശുദ്ധമാക്കപ്പെടുന്ന മറ്റ് ദേവീദേവന്മാരോ, ക്ഷേത്രത്തിന് പുറത്തേക്കെഴുന്നെള്ളുമോ? എങ്കില്‍ ആ ദിവസങ്ങളില്‍ ക്ഷേത്രത്തിനകത്ത് ദൈവസാന്നിധ്യം ഉണ്ടാവില്ലേ? അത് ഭക്തര്‍ എങ്ങനെ തിരിച്ചറിയും? ഈവക ചോദ്യങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മാളികപ്പുറത്തമ്മക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന അയ്യപ്പ ഭഗവാന് എന്തുപറ്റും എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. അതോ രക്തസ്രാവമില്ലാത്ത ആര്‍ത്തവമാണോ ദേവിമാര്‍ക്കുണ്ടാവുക? അറിയില്ല. രാഹുല്‍ ഈശ്വറിനോടുതന്നെ ചോദിക്കേണ്ടിവരും. വെറും മനുഷ്യരായ നമ്മുടെ കണ്ണുകള്‍ മായകൊണ്ട് മൂടപ്പെട്ടതുകൊണ്ടാവും നമുക്കിങ്ങനെ സംശയങ്ങള്‍ മാത്രമുണ്ടാവുന്നത്. ആ കണ്ണുകള്‍ കൊണ്ട് മകരജ്യോതി കാണാന്‍ പറ്റുന്നതുതന്നെ ഭാഗ്യം. വനംവകുപ്പിനുമറിയാം അതിന്റെ പ്രാധാന്യം എന്നതാണ് ആകെയുള്ള ആശ്വാസം. ഇക്കാര്യത്തിലവര്‍ ചതിക്കില്ല.

'ജ്ഞാനമാണീശ്വരന്‍' എന്നാണ് കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചിട്ടുള്ളത്. 'അനാദിയും അരൂപിയും സര്‍വചരാചരങ്ങളിലും കുടികൊളളുന്നവനുമത്രെ ഈശ്വരന്‍' എന്ന് എനിക്ക് പറഞ്ഞുതന്നത്, രാഹുല്‍ ഈശ്വരും കൂട്ടരും വന്ദിച്ചാരാധിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ്! അതുകൊണ്ടാണ് ഞാനവ വിശ്വസിച്ചതുതന്നെ! എന്നിട്ട് ഇപ്പോള്‍ ഞങ്ങളത് തിരുത്തണമെന്നോണോ പറയുന്നത്? ഈശ്വരന്‍ ആണാണോ പെണ്ണാണോ അതോ മറ്റെന്തങ്കിലുമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് താങ്കള്‍ ആണയിട്ടു പറയുന്നതുകൊണ്ട് ചോദിക്കുകയാണ് രാഹുല്‍ ഈശ്വര്‍, സുന്ദരികളായ യുവതികളുടെ സാമീപ്യം അയ്യപ്പഭഗവാനെ 'വഴിതെറ്റി'ക്കുമെന്ന് താങ്കള്‍ക്ക് വല്ലാതെ ഭയം തോന്നുന്നുണ്ടോ?  സത്യം പറയൂ. നമ്മുടെ പല ഈശ്വരന്മാര്‍ക്കും ഇങ്ങനെ പറ്റിയിട്ടുള്ളതിനാല്‍ ആ ഭയമാണോ ഈ വിലക്കിനു പിന്നില്‍? എന്റെ മനസ്സ് ആകെ കുഴമറിയുകയാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്നാല്‍ ആത്മീയതയുടെ വഴിയില്‍ സഞ്ചരിക്കുന്നയാള്‍ എന്നല്ലേ? ഡിക്ഷണറി പറയുന്നതതാണ്.  ജ്ഞാനത്തില്‍മാത്രം മനസ്സൂന്നിയ ആളും ഒരാകര്‍ഷണങ്ങള്‍ക്കും വിധേയമാകാത്തയാളും ഏതു പ്രകോപനങ്ങളിലും സംയമനം വിടാത്തയാളും ആവണം ബ്രഹ്മചാരി എന്നാണ് ഞാന്‍ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ബ്രഹ്മചാരിക്കല്ലേ സംയമനം ആവശ്യം? അവിടെ പോകുന്ന സ്ത്രീകള്‍ എന്തുപിഴച്ചു? ബ്രഹ്മചാരിക്കാവശ്യമായ അചഞ്ചലമനസ്സാണ്
അയ്യപ്പ ഭഗവാനുള്ളതെങ്കില്‍ പിന്നെ അവിടെ ആരുപോയാലെന്താണ്? രാഹുല്‍ ഈശ്വര്‍ പറയുംപോലെ ബ്രഹ്മചാരിയാണ് അയ്യപ്പനെങ്കില്‍ മറ്റു അയ്യപ്പക്ഷേത്രങ്ങളില്‍ ഇത്തരമൊരു വിലക്ക് ഇല്ലാത്തതെന്തുകൊണ്ടെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. അവിടെ അയ്യപ്പ ഭഗവാന്‍ ബ്രഹ്മചാരിയല്ലേ? ആകര്‍ഷണം, സ്ത്രീദര്‍ശനം എന്നിവ അവിടെ പാപമല്ലേ? ഇനി, എവിടെയായാലും, എന്തൊക്കെയാണ് സ്ത്രീകളെ അശുദ്ധരാക്കുന്ന അശുദ്ധികള്‍? അവരുടെ അശുദ്ധികള്‍ കൊണ്ട് അശുദ്ധമാക്കപ്പെടുന്ന വസ്തുക്കള്‍ ഏതൊക്കെയാണ്? വായുവും വെള്ളവും മരവും മണ്ണും അതിലുള്‍പ്പെടുമോ? അവയും അശുദ്ധമാകുമോ? ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഇന്നത്തെ 'ആചാര'പ്രകാരം അമ്പലത്തിനെത്ര അടുത്തുവരെ പോകാം? പേടികൊണ്ട് ചോദിക്കുകയാണ്. ക്ഷേത്രങ്ങള്‍ വലുതും ചെറുതും മതില്‍ കെട്ടിയതും കെട്ടാത്തതും ഒക്കെയുണ്ടല്ലോ. കൂടാതെ വഴിവക്കത്തും ബസ്സ്റ്റോപ്പിലും മരച്ചോട്ടിലും കൂണുകള്‍പോലെ ക്ഷേത്രങ്ങള്‍ പൊട്ടിമുളയ്ക്കുന്ന ഇക്കാലത്ത് സ്ത്രീകള്‍ എങ്ങനെ അവയെ 'അശുദ്ധ'മാക്കാതെ വഴിനടക്കും? പാരമ്പര്യത്തിന്റെ വക്കാലത്തുമായി ടി വി ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന    രാഹുല്‍ ഈശ്വറും കൂട്ടരും അജ്ഞാനികളായ പൊതുജനത്തിന്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഇത് പറഞ്ഞുതരണം. പരമ്പരാഗതമായ ആചാരങ്ങളെ എന്തുകൊണ്ട് ലംഘിക്കരുതെന്ന് ഒരിക്കലും രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ പറഞ്ഞുതരാറില്ല. അതാണ് വിഷമം. ആചാരമായാലും അടിസ്ഥാനമുണ്ടാവില്ലേ? ഉണ്ടാവണ്ടേ? ദൈവങ്ങളാണെങ്കില്‍ ഈ ബഹളങ്ങളൊക്കെയുണ്ടായിട്ടും, അതൊക്കെ അവരെച്ചൊല്ലിയായിരുന്നിട്ടും ഒന്നിനെക്കുറിച്ചും ഒരക്ഷരം പറയാതെ മിണ്ടാതൊരു നില്‍പ്പാണ്! മനുഷ്യര്‍ കാട്ടുന്ന ഈ കോപ്രാട്ടിത്തരങ്ങള്‍ കണ്ടുകണ്ട്, 'മൌനം വിദ്വാനു  ഭൂഷണം' എന്ന് അവരും കരുതുന്നുണ്ടാവണം. അല്ലെങ്കില്‍ മലവിസര്‍ജനം പോലെ സ്വാഭാവികവും പ്രകൃത്യാ ഉള്ളതുമായ ആര്‍ത്തവത്തിന് ശുദ്ധാശുദ്ധികളുമായിട്ടെന്തു ബന്ധം എന്ന് ഒരുതവണയെങ്കിലും അവര്‍ ചോദിക്കില്ലേ? എല്ലാവരിലൂം ഈശ്വരന്‍ ഉള്ളതിനാല്‍ ആര്‍ത്തവമുള്ള സ്ത്രീക്ക് പിന്നെ എന്തശുദ്ധി എന്ന് അവര്‍ ആരായില്ലേ? ഇല്ല. അവരൊന്നും ചോദിക്കില്ല. അതുതന്നെയാണ് രാഹുല്‍ ഈശ്വര്‍മാരുടെ ധൈര്യവും. അതുകൊണ്ടാണ് ഇതൊക്കെ ചോദിക്കാന്‍ വെറും മനുഷ്യരായ നമുക്കുതന്നെ ഇറങ്ങിത്തിരിക്കേണ്ടിവരുന്നത്. അധികാരിവര്‍ഗം ബലഹീനര്‍ക്കെതിരെ ചുമത്തുന്ന വിലക്കുകളെ, പരിമിതപ്പെടുത്തലുകളെ, വേര്‍തിരിക്കലുകളെയാണ്, 'പാരമ്പര്യ'മെന്നും 'ആചാരങ്ങളെ'ന്നും നാം പലപ്പോഴും അടയാളപ്പെടുത്തുന്നതെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിച്ചുകൊണ്ട് മുന്നേ ഒരുങ്ങിപ്പുറപ്പെടേണ്ടി വരുന്നത്.

ഈ വിലക്കുകളുടെ നീതിയെന്തെന്ന്, യുക്തിയെന്തെന്ന് രാഹുല്‍ ഈശ്വറിനോടൊന്ന് ചോദിച്ചുനോക്കൂ. അയാളുത്തരം പറയില്ല. പകരം ടി വി സ്ക്രീനില്‍ തല ഒരു ഭാഗത്തേക്കൊന്ന് വെട്ടിത്തിരിച്ച് "അതാചാരമാണ്, ആചാരമാണ്'' എന്ന് ഉച്ചസ്ഥായിയില്‍ അട്ടഹസിച്ചുകൊണ്ടിരിക്കും.
ആചാരങ്ങള്‍ ലംഘിച്ചാല്‍ എന്താണുണ്ടാവുക എന്ന ചോദ്യത്തിന് യുക്തിഭദ്രമോ നീതിയുക്തമോ ആയ ഒരുത്തരം അദ്ദേഹം ഇന്നുവരെ പറഞ്ഞ്  കേട്ടിട്ടില്ല. അങ്ങനെയൊന്നില്ല എന്ന് ബോധ്യമുള്ളതുകൊണ്ടുകൂടിയാവണം 'വിശ്വാസം', 'പാരമ്പര്യം' തുടങ്ങിയ വാക്കുകളില്‍ അവസാനത്തെ വൈക്കോല്‍ക്കൊടിയിലെന്നപോലെ കടിച്ചുതൂങ്ങി നില്‍ക്കുന്നത്. പൊള്ളയായ ഈ കലമ്പല്‍ കേട്ടാല്‍ കേള്‍ക്കുന്നവര്‍ക്ക് സഹതാപമല്ലേ തോന്നൂ. എന്തേ, നമ്മള്‍ പാരമ്പര്യങ്ങളും പഴയ ആചാരങ്ങളും ഇന്നുവരെ ലംഘിച്ചിട്ടില്ലേ? പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയത് പാരമ്പര്യത്തിന് വിരുദ്ധമായിരുന്നില്ലേ? ബ്രാഹ്മണര്‍ കടല്‍ കടന്നുപോയത് പാരമ്പര്യത്തെ, ആചാരത്തെ വെല്ലുവിളിച്ചായിരുന്നില്ലേ? പന്തിഭോജനവും ദളിതരുടെ ക്ഷേത്രപ്രവേശനവും വേദപഠനവും നാട്ടുനടപ്പിനെ, ആചാരങ്ങളെ തെറ്റിച്ചായിരുന്നില്ലേ? പാശ്ചാത്യരുടെ പാന്റ ്സും ഷര്‍ട്ടും നമ്മുടെ കാലാവസ്ഥക്ക് തീരെ യോജിക്കാത്ത 'ടൈ' എന്ന കണ്ഠകൌപീനവും ഏതു പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു? പിന്നെ പെണ്ണിന്റെ ക്ഷേത്രപ്രവേശനത്തിന്റെ കാര്യം വരുമ്പോള്‍മാത്രമെന്തേ യുക്തിഹീനമായ ഒരു പാരമ്പര്യപ്രസംഗം? അതോ, അതാണോ നിലനില്‍ക്കാനുള്ള രാഷ്ട്രീയ ശരി?
പക്ഷേ, ഇതൊന്നും നിങ്ങള്‍/നമ്മള്‍ രാഹുല്‍ ഈശ്വറിനോടും കൂട്ടരോടും ചോദിക്കരുത്?   അവര്‍ക്ക് ക്ഷോഭം വരും. മഹാരാഷ്ട്രയിലെ ശനിദേവന്റെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ (ടൈസ് നൌ 9 പി എം 30–3–16) നമ്മുടെ ഉദാത്തമായ ആചാരങ്ങളും പാരമ്പര്യവും തകര്‍ന്നടിയുമോ എന്ന ഉത്ക്കണ്ഠയില്‍ രാഹുല്‍ ഈശ്വറും കൂട്ടരും അത്യധികം വികാരാധീനരാവുന്നത് ഞാന്‍ ഇരുന്ന് കണ്ടതാണ്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണമെന്ന് ഭരണഘടന പറയുന്നില്ല എന്നാണ് അദ്ദേഹം ഗതികെട്ട് അന്ന് പറഞ്ഞത്.

(സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി വാദിക്കുകയും സമരം നയിക്കുകയും ചെയ്യുന്ന പലരും ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിക്കാനോ ഭക്തി പ്രദര്‍ശിപ്പിക്കാനോ വേണ്ടിയല്ല അത് ചെയ്യുന്നത്. മറിച്ച് പുരുഷന് പ്രവേശിക്കാന്‍ അനുവാദമുള്ള ഇടങ്ങള്‍ സ്ത്രീകള്‍ക്കുകൂടി പ്രാപ്യമായിരിക്കണം, ലിംഗവിവേചനം അരുത് എനീ താത്വിക നിലപാടുകളില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്). ഭരണഘടന പറയാതിരിക്കുന്നത് അതുമാത്രമല്ല. നമ്മള്‍ ഭക്ഷണം കഴിക്കണമെന്നോ മലമൂത്ര വിസര്‍ജനം നടത്തണമെന്നോ വിവാഹം കഴിക്കണമെന്നോ ഒന്നും ഭരണഘടന പറയുന്നില്ല. അതിനാല്‍ ഇതൊന്നും സ്ത്രീകള്‍ ചെയ്യേണ്ടതില്ലെന്ന് രാഹുല്‍ ഈശ്വര്‍മാര്‍ പറഞ്ഞില്ലല്ലോ എന്നതാണ് ഏറെ ആശ്വാസം.
അല്ലെങ്കില്‍ എന്തു ചെയ്തേനേ സ്ത്രീകള്‍! വട്ടംചുറ്റിപ്പോകുകയേ നിവൃത്തിയുള്ളൂ.

ശരിയാണ്. അജ്ഞാനികളായ, മായയാല്‍ കണ്ണു മൂടപ്പെട്ട പൊതുജനത്തിന് നമ്മുടെ പ്രൌഢഗംഭീരമായ പാരമ്പര്യത്തെക്കുറിച്ചോ വിധവകള്‍ തല മൊട്ടയടിക്കാതിരുന്നാലുള്ള വിപത്തുകളെക്കുറിച്ചോ ദളിതര്‍ പഠിച്ചാലുള്ള അഗാധമായ ആപത്തിനെക്കുറിച്ചോ അസാറാം ബാപ്പുവിന്റെ അത്ഭുതസിദ്ധികളെക്കുറിച്ചോ എന്തിന് നമ്മുടെ സ്വന്തം മഹാത്മാവായ സന്തോഷ് മാധവനെക്കുറിച്ചോ പോലും ഒന്നും അറിയില്ല. ഈ അജ്ഞാനികളില്‍നിന്ന് നമ്മുടെ പാരമ്പര്യത്തിന് ഒന്നും ലഭിക്കാനിടയില്ലെന്നും രാഹുലിനും കൂട്ടര്‍ക്കുമറിയാം. അതിനാല്‍ പാരമ്പര്യത്തിന്റെ തിളക്കത്തില്‍ കുളിച്ചുനില്‍ക്കാനാഗ്രഹിക്കുന്നവരും പാരമ്പര്യം അണുവിട തെറ്റാതെ കാത്തുസൂക്ഷിക്കണമെന്ന് കര്‍ശനമായി ശാഠ്യം പിടിക്കുന്നവരും ഉടനടി ചെയ്യേണ്ട ഒരു കാര്യമുണ്ടെന്നാണ് എന്റെ പക്ഷം. സ്വന്തം വീട്ടിലെ സ്ത്രീകളോട് പ്രത്യേകിച്ച് സ്വന്തം ഭാര്യയോട് അവസരം വരുമ്പോള്‍ പാതിവ്രത്യത്തിന്റെ ഉദാത്ത മാതൃകയായ 'സതി' അനുഷ്ഠിക്കാന്‍, അത് കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് എല്ലാവിധ ആഡംബരങ്ങളും ത്യജിച്ച് തല മൊട്ടയടിച്ച് സ്വയം അപശകുനമായിത്തീരാനെങ്കിലും പറയണം. രഹസ്യമായി അപേക്ഷിച്ചാലും മതി. അവരത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. മോഹന്‍ ഭാഗവത് പറഞ്ഞപോലെ വീട്ടിലിരുന്ന് കുടുംബം മാത്രം നോക്കിനടത്തി ഭര്‍ത്താവിനെ സേവിച്ച് പുണ്യം നേടുകയോ അതൊന്നും ചെയ്യാതെ തുലഞ്ഞ് പോകുകയോ ചെയ്യട്ടെ. നമുക്ക് ചെയ്യാനുള്ളത് നാം ചെയ്യുക. "കര്‍മണ്യേവാധികാരസ്തേ, മാ ഫലേഷുകദാചന...'' എന്നല്ലേ ആപ്തവാക്യം. തെറ്റാന്‍ യാതൊരു വഴിയുമില്ല. അതുമല്ല, പാരമ്പര്യസംരക്ഷണത്തിനായുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും നിവര്‍ത്തിക്കേണ്ടത് മറ്റുള്ളവരാകുമ്പോള്‍ പാരമ്പര്യത്തെക്കുറിച്ചെന്തു പറയാനും ഒട്ടും ശങ്കിക്കേണ്ടതുമില്ല. തടിക്ക്   തട്ടാത്തത് പറയാനല്ലേ ആണത്തം! .

(ദേശാഭിമാനി വാരികയില്‍ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top