17 August Wednesday

ഭീഷണിക്കു മുന്നിൽ വഴങ്ങില്ല: ദുർഗ മാലതി

പി കെ സുമേഷ്Updated: Tuesday Apr 24, 2018

‘‘ഒരു സ്ത്രീയോട് സ്വബോധമുള്ളവർ ചെയ്യാൻ അറയ്ക്കുന്ന തരത്തിലാണവർ എന്നെ വേട്ടയാടിയത്.  എന്നെ, 6 വർഷം മുമ്പ് മരിച്ചു പോയ എന്റെ അച്ഛനെ, അമ്മയെ, സഹോദരങ്ങളെ വരെ അവർ സമൂഹമാധ്യമങ്ങൾ വഴി വേട്ടയാടി. അസഭ്യവർഷം ചൊരിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അടുത്തെങ്ങും എന്നെ പോലെ ഒരു പക്ഷേ ഇത്രയേറെ മാനസിക പീഡനങ്ങൾ അനുഭവിച്ച  മറ്റൊരു സ്ത്രീയും ഉണ്ടാവില്ല’’. ദുർഗ മാലതി എന്ന ചിത്രകാരിയുടെ വാക്കുകൾ സമൂഹം വെറുതെ കേട്ട് തള്ളിക്കളയേണ്ട ഒന്നല്ല.

കഠ്വയിൽ അടുത്തിടെ പുറത്തു വന്ന 8 വയസ്സുകാരിയുടെ ദാരുണമായ കൊലപാതകത്തെ കുറിച്ച് യുവ ചിത്രകാരിയായ ദുർഗ മാലതി ആ ഹീനകൃത്യത്തിനെതിരെ സമൂഹമാധ്യമത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ചു . രാജ്യത്ത് സംഘപരിവാറിന്റെ പിൻതുണയിൽ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്ന സവർണ്ണമേധാവിത്വത്തിനെതിരെയായിരുന്നു ദുർഗയുടെ ചിത്രത്തിലൂടെയുള്ള പ്രതികരണം. ഏപ്രിൽ 12 ന് വൈകീട്ട്് 6.30 തോടെയാണ് ദുർഗ താൻ വരച്ച ചിത്രവും അതിനു താഴെയായി ചിത്രവുമായി ബന്ധപ്പെടുന്ന വാചകവും  ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. നിമിഷ നേരം കൊണ്ടു   തന്നെ ചിത്രം വൈറലാകുകയും കേരളത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയതു.

കുറിയിട്ട മനുഷ്യലിംഗത്തിൽ ഒരു പിഞ്ചുബാലികയെ  പൂണൂലുകൊണ്ട് കെട്ടിയിട്ട രൂ പത്തിലാണ് ചിത്രം. ആ ചിത്രത്തിന്  മുകളിലായി അവർ ചിത്രത്തെ കുറിച്ച് ഇങ്ങിനെ വ്യക്തമാക്കുന്നു.

'ലിംഗം കൊണ്ട്‌ ചിന്തിക്കുന്നവർ..
ലിംഗം കൊണ്ട്‌ രാഷ്ട്രീയം പറയുന്നവർ...
ലിംഗം കൊണ്ട്‌ പ്രാർത്ഥിക്കുന്നവർ...
അവരുടേതും കൂടിയാണു ഭാരതം..
ഇങ്ങനെ പോയാൽ അവരുടെ മാത്രമാകും... '

എന്നാൽ ഈ വാചകങ്ങളെ അടർത്തിമാറ്റിയാണ് സംഘപരിവാർ സംഘടനകൾ ദുർഗക്കെതിരെ തിരിഞ്ഞത്. മനുഷ്യലിംഗത്തെ ശിവലിംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു മത വിശ്വാസികളെ ആകെ തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തിയത്. രാജ്യത്ത് സംഘപരിവാർ സംഘടനകൾ ഹിന്ദുത്വ വർഗീയത ഉയർത്തുകയും ന്യൂനപക്ഷങ്ങൾ, ദളിതർ, സ്ത്രീകൾ, പിഞ്ചു കുഞ്ഞുങ്ങൾ വരെ വേട്ടയാടുന്ന സാഹചര്യത്തിൽ അതിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള  ഗൂഢമായ ശ്രമമാണ് ദുർഗ എന്ന ചിത്രകാരിക്ക് നേരെ ആർ എസ് എസ്‌ നടത്തുന്ന വ്യക്തിഹത്യയും വധഭീഷണിയും.

ദുര്‍ഗ മാലതി വരച്ച ചിത്രങ്ങള്‍

ദുര്‍ഗ മാലതി വരച്ച ചിത്രങ്ങള്‍


'അവർ എന്നെ മാത്രമല്ല. എന്നെ സപ്പോർട്ട് ചെയ്യുന്നവരെ പോലും വെറുതെ വിട്ടില്ല. അസഭ്യം പറയുകയും ഭീഷിണിപ്പെടുത്തുകയും ചെയ്യുകയാണ്. എന്റെ ഫോട്ടോ മോർഫ് ചെയ്ത് മറ്റ് നഗ്നചിത്രങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. എന്റെ മരിച്ചു പോയ അച്ഛന്റെ, അനുജന്റെ ഫോട്ടോകൾക്കൊപ്പം വൃത്തികെട്ട ട്രോളുകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്തു. രാത്രിയുടെ മറവിൽ എന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ജിപ്പിന്റെ ഗ്ലാസ് വരെ അവർ എറിഞ്ഞുതകർത്തു. ഒരു പക്ഷെ ഒരു ചിത്രകാരിക്ക് താൻ വരച്ച ചിത്രത്തെ കുറിച്ച് വ്യക്തമാക്കും വിധം പ്രതികരിക്കേണ്ടി വന്നത് ഇത് ആദ്യമായി ആകാം. അത്രമാത്രം അവർ എന്നെ മാനസികമായി ബലാത്സംഗം ചെയ്തു. ഇവരാണോ രാജ്യത്തെ ഹിന്ദുക്കളെ സംരക്ഷിക്കുക. സവർണ്ണമേധാവിത്വത്തിനു വേണ്ടി നിലകൊള്ളുന്നവരോട് ആര് എന്ത് പറയാനാണ്. യാഥാർഥ്യം മനസിലാക്കാത്ത ഈ ഭീരുക്കളോട് എന്തു പറയാനാണ്. ' ദുർഗ ചോദിക്കുന്നു.

സാമൂഹ്യ വിഷയവുമായി ബന്ധപ്പെട്ട് 6 വർഷമായി അവർ നിരന്തരം ചിത്രം വരക്കുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടും പർദ്ദ വിഷയം ഉയർന്നു വന്നപ്പോഴും പാതിരി പെൺകുട്ടിയെ പീഡിപ്പിച്ചപ്പോഴും കീഴാറ്റൂർ സംഭവവുമായി ബന്ധപ്പെട്ടും സംഘപരിവാറുകൾ പത്രപ്രവർത്തക ഗാരി ലങ്കേഷിനെ കൊല ചെയ്തപ്പോഴും എല്ലാം ഞാൻ പ്രതികരിച്ചിട്ടുണ്ട്. ആ. സംഭവങ്ങളിലും പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് ' ഉടലുകളുടെ രാഷ്ട്രീയം' എന്ന പേരിൽ ചിത്രം വരച്ചിരുന്നു.. എന്നാൽ അന്നൊന്നും ഉണ്ടാവാതിരുന്ന രീതിയിലായിരുന്നു ഇത്തവണ തനിക്കു നേരെയുണ്ടായ സൈബർ ആക്രമണം.

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ദുർഗ മാലതി എംഫില്ലും എം എസും പൂർത്തിയാക്കിയ അധ്യാപികയാണ്. ചിത്രകലയെ നെഞ്ചേറ്റിയ പ്രിയ കലാകാരി . അവരോട് ഇനി എന്ത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ അവർക്കു പറയാനുള്ള ' ഒരു സ്ത്രീ ആയതു കൊണ്ടാണ് ഇത്രയും വലിയ ആക്രമണങ്ങളെ നേരിടേണ്ടി വന്നത്. പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള  ഗൂഢശ്രമങ്ങളാണ് അവർ നടത്തിയത്. ഹിന്ദു മതത്തെ ഞാൻ അപമാനിച്ചിട്ടില്ല. ഒരു മതത്തെയും അപമാനിക്കാൻ എനിക്ക് കഴിയുകയുമില്ല. അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞു. ചിത്രം പിൻവലിക്കില്ല. ചിത്രം വരച്ചതിൽ പശ്ചാത്താപമില്ല. അതു കൊണ്ട് തന്നെ ആരോടും  മാപ്പ് പറയില്ല. എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാൻ ആർക്കും കഴിയില്ല. ഭീഷണിക്ക് മുന്നിൽ ഭയന്ന് ഇവിടം വിട്ട് പോകില്ലെന്നും ദുർഗ പറഞ്ഞു.

വീടിനോട് ചേർന്നുള്ള ദുർഗ്ഗാക്ഷേത്രത്തിന്റെ മുറ്റത്താണ് ദുർഗ്ഗ കളിച്ചതും വളർന്നതും. കുടുംബക്ഷേത്രത്തിൽ അമ്മ സരോജിനിക്കൊപ്പം വിളക്കുവെച്ച് പ്രാർത്ഥിച്ച് വളർന്ന ബാല്യം. ഹിന്ദുത്വത്തിന്റെ മൊത്തം കച്ചവടക്കാരായി ചമഞ്ഞ് ആർ എസ് എസ് നടത്തുന്ന വൃത്തികേടുകൾ ക്കെതിരെ പൊതു സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top