06 February Monday

'ഉദുമല്‍പേട്ട വീരനായകി'; കണ്ണകിയായി കൗസല്യ

വിഷ്‌ണുപ്രസാദ്‌Updated: Thursday Dec 21, 2017

'ഉദുമൽപേട്ട ദുരഭിമാനക്കൊലയുടെ ഇര'... ഇതായിരുന്നു 2016 മാർച്ച് 13 മുതൽ 2017 ഡിസംബർ 12 വരെയുള്ള രണ്ടു വർഷക്കാലത്തോളം കൗസല്യയുടെ വിലാസം. ഡിസംബർ 12നുശേഷം അവൾ ഇന്ത്യക്ക് 'ഉദുമൽപേട്ട വീരനായകി' ആയി. ഇപ്പോൾ ദുരഭിമാനക്കൊലയ്‌ക്കെതിരായ പോരാട്ട വിജയത്തിന്റെ വിസ്‌മയിപ്പിക്കുന്ന കഥയാണവൾ.

'ജീവിതം'അവസാനിപ്പിച്ചേക്കാം' എന്ന് ഒരു ശരാശരി പെൺകുട്ടി ചിന്തിക്കാവുന്ന ഇടത്തുനിന്നാണ് കൗസല്യ ജീവിതം തുടങ്ങിയത്. ജാതിഭ്രാന്ത് തലയ്ക്കുപിടിച്ചവർ തനിക്കു വിധിച്ച ശിക്ഷക്കെതിരേ അവൾ പൊരുതാനിറങ്ങുമ്പോൾ ശത്രുപാളയത്തിന്റെ മുൻനിരയിൽ അച്ഛനും അമ്മയും സഹോദരനും അമ്മാവൻമാരുമൊക്കെയായിരുന്നു.

പണവും ആൾബലവും അതിലുപരി പൊക്കിൾക്കൊടി ബന്ധവുമൊന്നും അവളെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്‌തില്ല. ഒന്നര വർഷക്കാലം ഭീഷണികളേയും പീഡനങ്ങളേയും മാനസിക സംഘർഷങ്ങളേയുമെല്ലാം അതിജീവിച്ച് കൗസല്യ നേടിയ വിജയം കേവലം സ്വാർഥ താൽപര്യത്തിനുവേണ്ടിയല്ലെന്ന് സമൂഹത്തിന് വ്യക്തമായിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും രാജ്യത്തെ ഇരുണ്ടകാലത്തിൽതന്നെ തളച്ചിടാൻ ശ്രമിക്കുന്ന ജാതിക്കോമരങ്ങൾക്കുനേരെയുള്ള തേരോട്ടമായിരുന്നു അത്.

പിന്നോക്ക ജാതിക്കാരനാണെന്നതിനാൽ തന്റെ ഭർത്താവ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛനും ഗുണ്ടകൾക്കും തൂക്കുകയർ വാങ്ങിക്കൊടുത്തശേഷവും കൗസല്യ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. കോടതി വെറുതേവിട്ട തന്റെ അമ്മ അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ, ഗുണ്ടയായ പ്രസന്ന എന്നിവർക്ക് ശിക്ഷ നേടിക്കൊടുക്കുക മാത്രമല്ല ലക്ഷ്യം. പുരോഗമന ചിന്താഗതികളെ വെല്ലുവിളിച്ച് തമിഴ്‌നാട്ടിൽ വളർന്നുവരുന്ന അയിത്താചരണത്തിനും ദുരഭിമാനകൊലയ്ക്കും അറുതിവരുത്തുന്നതിനുകൂടി വേണ്ടിയിട്ടാണ് ഈ ഇരുപതുകാരി പോരാടുന്നത്.

'സ്വന്തം അച്ഛനും അമ്മയുമല്ലേ, അവരോട് ക്ഷമിച്ചുകൂടേ' എന്ന ചോദ്യം ആയിരംതവണ കൗസല്യക്കുനേരെ ഉയർന്നിട്ടുണ്ട്. 'ഇന്ന് എനിക്കുവേണ്ടി അവരോട് ക്ഷമിച്ചാൽ, നാളെ ഈ സമൂഹത്തിൽ നിരവധി കൗസല്യമാർ സൃഷ്ടിക്കപ്പെടും' എന്നു മാത്രമാണ് അവർക്കുള്ള മറുപടി

തേവർ സമുദായത്തിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച കൗസല്യ, പിന്നോക്ക ജാതിയിൽപെട്ട നിർധന യുവാവായ ശങ്കറിനെ പ്രണയിച്ചതോടെയാണ്  ജാതിഭ്രാന്തൻമാർക്ക് ഉറക്കമില്ലാതെയായത്. അവരെ വെല്ലുവിളിച്ച് 19ാം വയസിൽ ശങ്കറിനൊപ്പം ജീവിതമാരംഭിച്ചതോടെ അവർക്ക് സമുദായം വധശിക്ഷ വിധിച്ചു. അന്ന് ശങ്കറിന് 20 വയസ്. ഉദുമൽപേട്ട നഗരത്തിലിട്ട് പട്ടാപ്പകൽ കൗസല്യയുടെ അച്ഛനും അമ്മയും അമ്മാവനും ഗുണ്ടകളും ചേർന്ന് ഇരുവരെയും വെട്ടിവീഴ്ത്തി. ശങ്കർ ആശുപത്രിയിൽ മരിച്ചെങ്കിലും കൗസല്യ ബാക്കിയായി.

കണ്ണകിയേപ്പോലെ അവൾ ഉയിർത്തെഴുന്നേറ്റു. ആശുപത്രിവിട്ട് നേരെപോയത് ഉദുമൽപേട്ട കുമാരലിങ്കത്തെ ശങ്കറിന്റെ വീട്ടിലേക്ക്. ശങ്കറിന്റെ അച്ഛൻ വേലുസാമിയും അമ്മയും സഹോദരങ്ങളും ചേർന്ന് അവളെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. അന്നുമുതൽ അവൾ 'കൗസല്യ ശങ്കർ' ആയി. ശങ്കറിന്റെ വിധവ.
ഒരിക്കൽ താലോലിച്ചു വളർത്തിയ തലമുടി പിന്നെ നീട്ടിവളർത്തിയില്ല. പ്രിയതമൻ മഞ്ഞച്ചരടിൽ അണിയിച്ച താലിക്കുപകരം 'എസ്' എന്ന അക്ഷരം കോർത്തിട്ട സ്വർണമാലയണിഞ്ഞു. നാട്ടിൻപുറത്തുകാരി പെൺകൊടിയെന്ന രൂപവും ഭാവവും വലിച്ചെറിഞ്ഞു. ജീൻസും ഷർട്ടും ധരിച്ചു. ചെറുത്ത് നിൽപ്പിനുവേണ്ടി കരാട്ടേ അഭ്യസിച്ചു. പിന്നോക്ക ജാതിക്കാരുടെ സംഗീതോപകരണമെന്ന് തമിഴ്‌നാട്ടിലെ സവർണർ മുദ്രകുത്തുന്ന 'തപ്പ്' (പറ) എന്ന സംഗീതോപകരണം പഠിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കി പ്രതിരോധ വകുപ്പിനുകീഴിൽ ഉദ്യോഗം നേടി. ശങ്കറിന്റെ ആഗ്രഹംപോലെ അച്ഛനും അമ്മയ്ക്കും പുതിയ വീടുവച്ചു നൽകി. ഭർത്താവിന്റെ സഹോദരങ്ങളുടെ തുടർപഠനം നടത്തുന്നതും കൗസല്യതന്നെ.

ആപത്ഘട്ടത്തിൽ തന്റെ ജീവനും അതിജീവനത്തിനും സംരക്ഷണവും പിന്തുണയുമേകിയ സിപിഐ എമ്മും അതിന്റെ വർഗ ബഹുജന സംഘടനകളായ ജനാധിപത്യമഹിളാ അസോസിയേഷൻ, തമിഴ്‌നാട് തീണ്ടാമൈ ഒഴിപ്പുമുന്നണി എന്നിവയുടെ പിന്തുണയോടെ ജാതി കൊലപാതകങ്ങകൾക്കെതിരായ തുറന്ന യുദ്ധത്തിന് അവളിറങ്ങി. തന്തൈ പെരിയോരെക്കുറിച്ചും അംബേദ്‌കറെക്കുറിച്ചും പഠിച്ചു. അവരുടെ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുവേണ്ടി ആശയവേദികൾ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുന്നു.

ശങ്കറിന്റെ ഓർമകൾ നിലനിർത്തുന്നതിനും ദുരഭിമാന കൊലകൾക്കെതിരേ പുതിയ തലമുറയെ അണിനിരത്തുന്നതിനുമായിരുന്നു ആദ്യ ശ്രമം. 'ശങ്കർ തനി പയിർച്ചി മയ്യം' (ശങ്കർ ടൂട്ടോറിയൽ) എന്ന സ്ഥാപനം ആരംഭിച്ചത് ഈ ലക്ഷ്യത്തോടെയാണ്. സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കിടയിൽ ജാതിരഹിത സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആശയപ്രചരണം ശക്തമാക്കി മുന്നേറുകയാണിപ്പോൾ.

ലോകം മുഴുവൻ ഒരു ജാതി എന്നതാണ് തന്റെ ആശയമെന്ന് കൗസല്യ വിളിച്ചുപറയുന്നു. 'തങ്ങളുടെ മകളുടെ വയറ്റിൽ പിന്നോക്ക ജാതിക്കാരന്റെ കുഞ്ഞുവളർന്നാൽ, ആ കുഞ്ഞ് തങ്ങളെ അപ്പൂപ്പാ, അമ്മൂമ്മാ എന്നൊക്കെ വിളിച്ചു നടന്നാൽ, ഒരു താഴ്ന്ന ജാതിക്കാരന്റെ കുഞ്ഞ് തങ്ങളെ അപ്പൂപ്പനെന്നും അമ്മൂമ്മയെന്നും വിളിക്കുന്നതിനെ സമൂഹം പരിഹസിച്ചാൽ'...തുടങ്ങിയ ചിന്തകളാണ് ദുരഭിമാന കൊലപാതകങ്ങൾ വർധിക്കാൻ കാരണം. തമിഴ്‌നാട്ടിൽമാത്രം ഇത്തരത്തിൽ നൂറിലേറെ കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു. എന്നിട്ടും അധികാരികൾ ഉണരുന്നില്ല. ദുരഭിമാന കൊലപാതകങ്ങൾ ഇല്ലാതാക്കുന്നതിന് തമിഴ്‌നാട്ടിൽ പ്രത്യേക നിയമംകൊണ്ടുവരണം. അത് നടപ്പാകുംവരെ പോരാട്ടം തുടരാനാണ് കൗസല്യയുടെ തീരുമാനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top