13 July Monday

എഴുത്തിന്റെ വിശുദ്ധി തേടുന്ന കഥാകാരി

ഡോ .ശരത് മണ്ണൂർUpdated: Wednesday May 22, 2019


സമകാലിക അമേരിക്കന്‍ സാഹിത്യത്തിലെ ശ്രദ്ധേയസാന്നിദ്ധ്യമായ   ഡിബോറ എയ്സൻബെര്‍ഗ്  ഈ വര്‍ഷത്തെ ഹഡാഡ പുരസ്കാരത്തിന്  അര്‍ഹയായിരിക്കുന്നു.
ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന   പാരീസ് റിവ്യൂ എന്ന  പ്രസിദ്ധീകരണമാണ് അമേരിക്കയിലെ  പ്രധാനപ്പെട്ട  സാഹിത്യ ബഹുമതികളിലൊന്നായ  ഈ പുരസ്കാരം  ഏര്‍പ്പെടുത്തിയിട്ടുള്ളത്.  മനോഹരമായ ചെറുകഥകൾ കൊണ്ട് അമേരിക്കയുടെ അക്ഷരലോകത്തെ ഹരിതാഭമാക്കുന്നതിൽ വലിയ പങ്കു വഹിച്ച എഴുത്തുകാരിയാണ്   ഡിബോറ എയ്സൻബെര്‍ഗ്.  അവരുടെ കഥകളെ  അമേരിക്കൻ സാമൂഹ്യ ജീവിതത്തിന്റെ യഥാതഥമായ വാങ്മയ  ചിത്രങ്ങളെന്ന്  വിശേഷിപ്പിക്കാം. 

1945 നവംബർ 20 ന് അമേരിക്കയിലെ ഇല്ലിനോയ്സില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച എയ്സൻബെര്‍ഗ്  നാൽപ്പതാമത്തെ  വയസ്സിലാണ് എഴുത്തിന്റെ  ലോകത്തേക്ക് പ്രവേശിച്ചത്. എങ്കിലും വളരെ പെട്ടെന്നുതന്നെ അമേരിക്കയിലെ   ശ്രദ്ധേയയായ എഴുത്തുകാരിയായി  അവർ ഉയര്‍ന്നു.   വർഷത്തില്‍  ഒന്ന് എന്ന നിലയില്‍ തികച്ചും മന്ദഗതിയിലാണ് അവരുടെ തൂലികയില്‍നിന്നും കഥകള്‍  പിറന്നുവീണത്.  ഇരുപത്തിയഞ്ച് വർഷത്തിനുള്ളില്‍ നാല്  കഥാസമാഹാരങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്. എഴുത്ത്  തന്നെ സംബന്ധിച്ചിടത്തോളം   അനായാസമായി  പൂർത്തിയാക്കാൻ പറ്റുന്ന പ്രവൃത്തിയേ അല്ലെന്നാണ്  ഈ മെല്ലെപ്പോക്കിനെക്കുറിച്ച് എയ്സൻബെര്‍ഗ് പറയുന്നത്.  ഒരു കഥയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞാൽ പിറ്റേന്ന് അതൊന്നു പുതുക്കിയെഴുതും. അതിന്റെ പിറ്റേന്ന് വീണ്ടും  പുതുക്കിയെഴുതും. അങ്ങനെയങ്ങനെ അതൊരു പൂർണകഥയാകുമ്പോഴേക്കും മാസങ്ങൾ കുറെ കടന്നുപോകും.

ഒരാശയത്തിന്റെമേൽ പണിതുയർത്തുന്നതല്ല തന്റെ രചനകളെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഒരു സ്വപ്നത്തിന്റെ ക്ഷണികമാത്രയിൽനിന്നോ,  അവിചാരിതമായി മനസ്സിനുള്ളിലേക്ക് കടന്നുകയറുന്ന ഏതെങ്കിലും വൈകാരികാനുഭൂതിയിൽനിന്നോ, തികച്ചും  യാദൃച്ചികമായി കണ്ണിനുമുന്നിൽ മിന്നിമറയുന്ന ഒരു കാഴ്ചയില്‍നിന്നോ അതുദ്ഭവിക്കുകയാണ് ചെയ്യുന്നത്. പക്ഷെ സത്യസന്ധതയും വിശുദ്ധിയും ചോർന്നുപോകാതെ അവയെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുക എന്നതാണ് പ്രധാനം. ‘ട്രാൻസാക്ഷൻസ് ഇൻ എ ഫോറിൻ കൺട്രി', (1986 ), ‘അണ്ടർ ദി 82 എയർബോൺ' (1992 ), ‘ഓൾ അറൗണ്ട്  അറ്റ്ലാന്റിസ്' (1997 ), ‘ട്വൈലൈറ്റ് ഓഫ് ദി  സൂപ്പർ ഹീറോസ്' (2006 )   'യുവർ ഡക്ക് ഈസ് മൈ ഡക്ക്' (2018) എന്നിവയാണ് എയ്സന്‍ബെര്‍ഗിന്റെ  കഥാസമാഹാരങ്ങള്‍.

2003 ൽ നിലവിൽ വന്ന ഹഡാഡ പുരസ്കാരം അമേരിക്കന്‍ സാഹിത്യത്തിലെ മുൻനിരക്കാരില്‍ പലരും   ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. ലിഡിയ ഡേവിസ്, ജോയ് വില്യംസ്, ജോൺ  ആഷ്ബറി എന്നിവരാണ് മുൻ‌വര്‍ഷങ്ങളിലെ ജേതാക്കള്‍. പ്രശസ്തമായ  ഒ ഹെന്‍റി പുരസ്കാരം ആറുതവണ നേടിക്കൊണ്ട് കഥാലോകത്ത് വിസ്മയം സൃഷ്ടിച്ച ഏയ്സന്‍ബര്‍ഗിന്റെ  ഈ  പുരസ്കാരലബ്ധി  സമകാലിക അമേരിക്കൻ  ചെറുകഥയ്ക്ക് ലഭിച്ച വിലപ്പെട്ട അംഗീകാരമാണെന്ന്  അവിടുത്തെ   നിരൂപകലോകം വിലയിരുത്തുന്നു.  മികച്ച ചെറുകഥയ്ക്കുള്ള റിയ  പുരസ്കാരവും, കൂടാതെ   വൈറ്റിംഗ് അവാര്‍ഡ്, മെക്  ആർതർ ഫൌണ്ടേഷൻ ഫെല്ലോഷിപ്പ്, പെൻ ഫോക്‌നർ പ്രൈസ്  തുടങ്ങി പ്രശസ്തമായ മറ്റനേകം പുരസ്കാരങ്ങളും പലപ്പോഴായി എയ്സൻബർഗിനെ   തേടിയെത്തിയിട്ടുണ്ട്.  അമേരിക്കൻ അക്കാദമി  ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സിൽ  അംഗമായ  ഈ എഴുത്തുകാരി ഇപ്പോള്‍   കൊളംബിയ സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് വിഭാഗം പ്രൊഫെസ്സറായി സേവനമനുഷ്ഠിക്കുകയാണ്. 

കഥയെഴുത്തിന്റെ പരമ്പരാഗതവും  പ്രഖ്യാപിതവുമായ  വ്യവസ്ഥകളുടെ പിന്നാലെ പോകാൻ താത്പര്യമില്ലാത്ത   എഴുത്തുകാരിയെന്ന് ഡിബോറ എയ്സന്‍ബെര്‍ഗിനെ വിശേഷിപ്പിക്കാം.  പക്ഷെ എഴുത്തിനോട്  അവർ അങ്ങേയറ്റം നീതിപുലർത്തുന്നു എന്നത് വാസ്തവമാണ്.  എഴുത്ത് വളരെ വിശുദ്ധമായ ഒരു പ്രവൃത്തിയായിട്ടാണ് താൻ   കരുതുന്നതെന്നും  അതിനെ ലാഘവത്തോടെ സമീപിക്കാൻ ഒരിക്കലും സാധ്യമല്ലെന്നുമുള്ള  എയ്സന്‍ബെര്‍ഗിന്റെ പ്രസ്താവനയ്ക്ക് അവരെഴുതിയിട്ടുള്ള    വിരലിലെണ്ണാവുന്ന, മികച്ച കഥകൾതന്നെ സാക്ഷ്യം നിൽക്കു‍ന്നുണ്ട്. എയ്സൻബെർഗിന്റെ പുസ്തകങ്ങൾ  അമേരിക്കയിലും   മറ്റനവധി രാഷ്ട്രങ്ങളിലും ബെസ്റ്റ് സെല്ലറുകളായതിനു പിന്നിൽ എഴുത്തിനോടുള്ള അവരുടെ ഈ കാഴ്ചപ്പാടുകൾക്കും  ചെറുതല്ലാത്ത പങ്കുണ്ടെന്നതിൽ സംശയമില്ല.


പ്രധാന വാർത്തകൾ
 Top