തെരുവ് നാടകങ്ങളുടെ വാർപ്പുമാതൃകകൾക്കപ്പുറം തെരുവരങ്ങിന്റെ രംഗത്ത് പുത്തനൊരു അന്വേഷണവുമായിട്ടാണ് "സമരം പൂക്കേണ്ട കാലം’ നമ്മിലേക്കെത്തുന്നത്. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം തയ്യാറാക്കിയ മൾട്ടിമീഡിയ തിയറ്റർ പ്രൊഡക്ഷനാണ് ഈ ദൃശ്യാവിഷ്‌കാരം.
തിരുവനന്തപുരത്ത് പ്രകാശന വേളയിൽ, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ മുകേഷ് എംഎൽഎ പറഞ്ഞതുപോലെ ആയിരം പ്രസംഗവേദികളുടെ കരുത്താണ് ‘സമരം പൂക്കേണ്ട കാലം’ പോലുള്ള സൃഷ്ടികൾ ജനകീയ ആശയ സംവേദനത്തിനായി പകർന്നേകുന്നത്.
40 മിനിറ്റ് ദൈർഘ്യമുള്ള ഈ കലാവിഷ്‌കാരം തയ്യാറാക്കിയത് സംയുക്ത ട്രേഡ് യൂണിയൻ സാംസ്‌കാരിക സമിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയാകെ തകർത്ത് ഇന്ത്യയെ കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ അവസരം നൽകിയ കേന്ദ്രനയങ്ങളെയും ആക്ഷേപഹാസ്യത്തിലൂടെ വിമർശന വിധേയമാക്കുന്നു ഈ നാടകം. കേരളത്തിൽ അന്യംനിന്ന സൈക്കിൾ യജ്ഞത്തിലൂടെയും അതിനിടയിൽ സ്വാഭാവികതയോടെ സംഭവിക്കുന്ന അകനാടകത്തിലൂടെയുമാണ് നാടകം പുരോഗമിക്കുന്നത്. കോർപറേറ്റ് കൊള്ളയുടെ യാഥാർഥ്യം തുറന്നുകാട്ടുന്ന ഈ കലാശിൽപ്പം സംവിധാനം ചെയ്‌തത് പ്രശസ്‌ത നാടക–--ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ്. നാടകവും സംഗീതവും കോർത്തിണക്കി സൈക്കിൾ യജ്ഞത്തിലൂടെ പുനർസൃഷ്ടിക്കുന്നു. ബഷീർ മണക്കാട്, പ്രേംജിത്ത് സുരേഷ്ബാബു എന്നിവരുടെ രചനയാണിത്.
സമൂഹ മനഃസാക്ഷിയെ തൊട്ടുണർത്താനുള്ള ഏറ്റവും ശക്തമായ ഭാഷയാണ് നാടകത്തിന്റേതെന്ന തിരിച്ചറിവോടെ, പ്രേക്ഷകന്റെ സജീവ പങ്കാളിത്തമുള്ള ഒരു സംവേദന മാധ്യമമായി തിയറ്ററിനെ മാറ്റാൻ കഴിയുംവിധമുള്ള മൂല്യവത്തായ ദൃശ്യനിർമിതിയിൽ കടഞ്ഞെടുത്ത കലാവിരുന്നാണ് ഡിജിറ്റൽ സാധ്യതകളിലൂടെ രാജ്യമൊട്ടുക്ക് പ്രചാരണത്തിനായി എത്തുന്നത്.
ദൈനംദിന ജീവിതചലനങ്ങൾക്കിടയ്‌ക്ക് ഒന്നെത്തിനോക്കാൻ സമയം കാണുന്ന മനസ്സുകളെ, ആദിമധ്യാന്തം പിടിച്ചു നിർത്താൻ കഴിയണമെന്ന തെരുവ് നാടകക്കാരന്റെ വെല്ലുവിളി ഡിജിറ്റൽ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി വിജയം കണ്ടുവെന്നതാണ് ഈ ദൃശ്യനിർമിതിയുടെ സവിശേഷത. പുതിയ കാലത്തിന്റെ ആർജവമുള്ള ജനകീയ നാടകത്തിന്റെ പുതുവഴിയിലൂടെ കരുത്തുറ്റ രാഷ്‌ട്രീയ നാടകവേദി വികസിപ്പിച്ചെടുക്കുവാനുള്ള സാധ്യതയെയും ‘സമരം പൂക്കേണ്ട കാലം’ മുന്നോട്ടു വയ്‌ക്കുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നാൽപ്പതോളം സിഐടിയു പ്രവർത്തകരാണ് ഈ പ്രതിരോധ നാടകവേദിയിലെ കഥാപാത്രങ്ങൾ. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ പ്രമോദ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ തൊഴിലാളികളെ മുൻനിർത്തി നടന്ന പരിശീലനക്കളരിയിലാണ് ‘സമരം പൂക്കേണ്ട കാലം' രൂപപ്പെട്ടത്. കരകുളം ആൽത്തറയുടെ ചുവട്ടിൽ, ഗ്രാമീണ പശ്ചാത്തലത്തിൽ, സൈക്കിൾ യജ്ഞം പുനഃസൃഷ്ടിച്ച് കാളവണ്ടിയും സൈക്കിളുകളും ഇലക്‌ട്രിക്ക് സ്‌കൂട്ടറുമൊക്കെ വേദിയിലെത്തുംവിധമാണ് രംഗങ്ങൾ ക്രമീകരിച്ചത്. അരങ്ങിന്റെയും ഡിജിറ്റൽ ദൃശ്യസാധ്യതകളുടെയും സബ്ടൈറ്റിലിന്റെയും സമന്വയ കരുത്തിൽ ഇന്ത്യ മുഴുവൻ ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം, വരുംദിനങ്ങളിൽ ‘സമരം പൂക്കേണ്ട കാലം’ പ്രദർശിപ്പിക്കും. ജനകീയ കലയായ നാടകത്തിൽനിന്നും ഊർജമുൾക്കൊണ്ട് നൂതന സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന സൃഷ്ടി, ദേശീയതലത്തിലുള്ള പ്രചാരണത്തിനായി അർഥയുക്തമായി ഉപയോഗപ്പെടുത്തുന്നത് ആദ്യമായാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..