വീട്ടകങ്ങളിൽ വിനാഗിരി ഒഴിച്ചു കൂടാത്തതാണ്. അടുക്കള വിഭവങ്ങൾക്ക് രുചി പകരാൻ മുതൽ പാത്രങ്ങൾ വൃത്തിയാക്കാൻ വരെ ഉപയോഗിക്കാം. അൽപ്പം നുറുങ്ങുകൾ.
പാചക വിശേഷങ്ങൾ
മീൻ വേവിക്കുമ്പോൾ അൽപ്പം വിനാഗിരികൂടി ചേർത്താൽ കഷ്‌ണങ്ങൾ ഉടഞ്ഞു പോകില്ല. മീൻകട്‌ലറ്റ് ഉണ്ടാക്കുമ്പോൾ മീൻ വേവിക്കുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരി ചേർത്താൽ മീനിന്റെ ഗന്ധം അകറ്റാം. ഇറച്ചി കേടാകാതിരിക്കാൻ ഇറച്ചിക്കൊപ്പം കുറച്ച് ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി ഫ്രീസറിൽ വയ്‌ക്കുക. കുറച്ച് ദിവസത്തേക്ക് ഇറച്ചി കേടാകില്ല.
അൽപ്പം വിനാഗിരി ചേർത്ത വെള്ളത്തിലിട്ട് ഇറച്ചി വേവിച്ചാൽ പെട്ടെന്ന് വെന്തു കിട്ടും. കോളിഫ്ലവർ കറികൾ തയ്യാറാക്കുമ്പോൾ ഇത്തിരി വിനാഗിരി ചേർത്തു നോക്കൂ. കറിയുടെ മണവും ഗുണവും രുചിയും ഒക്കെ മെച്ചപ്പെടും. കറയുള്ള പച്ചക്കറികൾ നുറുക്കുന്നതിന് മുമ്പ് കൈയിൽ കുറച്ച് വിനാഗിരി തേക്കുക. കയ്യിൽ കറ പിടിക്കില്ല. പാവയ്‌ക്ക, ഏത്തയ്‌ക്ക എന്നിവ നുറുക്കി, അവയിൽ അൽപ്പം വിനാഗിരി തേച്ച ശേഷം എണ്ണയിൽ വറുക്കുക. എണ്ണ അധികം ചെലവാകില്ല. ആരോഗ്യത്തിനും നന്ന്.
പാത്രങ്ങൾക്ക്
വിനാഗിരിയും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിച്ച് എണ്ണമയമുള്ള പാത്രങ്ങൾ കഴുകി നോക്കൂ. എണ്ണമയം അനായാസേന മാറും. ഇതേ മിശ്രിതം സ്‌ഫടികപ്പാത്രങ്ങളിലെ കറ നീക്കാനും സിങ്ക്, വാഷ്ബെയ്സിൻ എന്നിവിടങ്ങളിലെ പാടുകൾ മാറ്റാനും ഉപയോഗിക്കാം.
കുറച്ച് വിനാഗിരി ഒഴിച്ച ചൂട് വെള്ളത്തിൽ കമ്പിളി തുണിത്തരങ്ങൾ കുറച്ചുനേരം മുക്കി വച്ചശേഷം പിഴിഞ്ഞ് ഉണക്കുക. വെള്ളത്തിനൊപ്പം ചെറിയ അളവിൽ അസറ്റിക് ആസിഡും ചേർക്കാം. തുണിയുടെ നിറം മങ്ങില്ല.
വിനാഗിരി തൊടരുത്
ഗ്രാനൈറ്റ്, സ്റ്റോൺ പ്രതലങ്ങൾ ശുചിയാക്കാൻ വിനാഗിരി ഉപയോഗിക്കരുത്. വിനാഗിരിയിലെ അമ്ലം ഇവയുടെ തിളക്കത്തിന് മങ്ങലേൽപ്പിക്കും. മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ തുടയ്‌ക്കുവാനും വിനാഗിരി ഉപയോഗിക്കാൻ പാടില്ല. വിനാഗിരി കണ്ണുകളുടെ സമീപത്തേക്ക് കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..