02 June Friday

അരങ്ങിന്റെ കുൽസുമ്പി; ദുരിതങ്ങളുടെ മുറിപ്പാടിൽ

ജിഷ അഭിനയUpdated: Friday Nov 17, 2017

അരങ്ങും ആരവവുമില്ലാത്തൊരാ വീടിന്റെ ഉമ്മറവാതിൽക്കാലിൽ ഒരമ്മ കണ്ണ് നട്ടിരിക്കുന്നു. കൂട്ടിനുള്ളത് കാലത്തിന്റെ പൊള്ളുന്ന വ്യഥകൾ മാത്രമെങ്കിലും. ഒരിക്കൽ അരങ്ങിൽ നിന്നരങ്ങിലേക്ക് പറന്നു നടന്ന് മിന്നും പ്രകടനങ്ങൾ സമ്മാനിച്ച പ്രശസ്ത അഭിനേത്രി മീനാ ഗണേഷ്. വാർധക്യത്തിന്റെ നോവിനേക്കാൾ മുറിപ്പെടുത്തുന്നത് ബന്ധങ്ങളുടെ മുറിച്ചുമാറ്റലെന്ന് ഇപ്പോൾ ആ 75 കാരിയുടെ കണ്ണുകൾ മൊഴിയുന്നു.

എണ്ണിയാലൊടുങ്ങാത്ത നാടകങ്ങളിലും സിനിമയിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഭർത്താവും പ്രശസ്ത നാടകകൃത്തുമായ എ എൻ ഗണേഷും അക്കാലത്ത് മീനയെന്ന അഭിനേത്രിയുടെ മുന്നോട്ടുള്ള വഴികളെ സാർഥകമാക്കി. അദ്ദേഹത്തിന്റെ വേർപാടോടെ തുടങ്ങുകയാണ് ദുരിതപർവങ്ങളുടെ ഒടുങ്ങാത്ത മുറിപ്പാടുകളെന്ന് പറഞ്ഞും പറയാതെയും ആ അമ്മ ബാക്കിയാക്കുന്നു.

സിനിമയും നാടകവും

'എത്ര സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചെന്ന് ചോദിച്ചാൽ ഉത്തരമില്ല കുട്ടീ... ഒരു ദിവസം തന്നെ അഞ്ചോളം നാടകങ്ങളിലല്ലേ അഭിനയിക്കുന്നത്. അങ്ങനെ മാസങ്ങളോളം...അങ്ങനെ നോക്കുമ്പോൾ എങ്ങനെ കണക്കെടുക്കാനാവും.' അവർ ചിരിക്കുന്നു. ഇടവേളകളിൽ മാത്രം ഉയരുന്ന ജീവിതത്തിന്റെ പൊൻചിരി. സുരേഷ് ഉണ്ണിത്താന്റെ 'മുഖചിത്രം' ആയിരുന്നു മീനയുടെ ആദ്യസിനിമ. പിന്നീടങ്ങോട്ട് 400 ലേറെ സിനിമകളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ. ഒടുവിൽ സെല്ലുലോയ്ഡിൽ ആണ് അഭിനയിച്ചത്.

നാടകവഴിയേ

1942 പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ജനനം. കുട്ടിക്കാലം മുതൽ ദേശത്തെ സമിതികളുടെ നാടകങ്ങളിൽ അഭിനയിക്കും. അച്ഛൻ കെ പി കേശവൻ നായർ അക്കാലത്ത് എംജിആറിന്റെ ഉൾപ്പെടെ സിനിമകളിൽ അഭിനയിച്ചിരുന്നു. എങ്കിലും വീടുമായി  അദ്ദേഹം അത്ര നല്ല ബന്ധം പുലർത്തിയില്ല. അതിനാൽ ഞങ്ങളുടെ കുടുംബം തീർത്തും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.

ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്‌കൂളിലെ സുബ്രഹ്മണ്യൻ മാഷ് നാടകം കളിക്കാൻ വിളിക്കുന്നത്. അദ്ദേഹം അറിയപ്പെടുന്ന മേക്കപ്പ്മാനുമായിരുന്നു. കൊപ്പം ബ്രദേഴ്‌സ് ആർട്‌സ് ക്ലബിലൂടെ ഞാൻ നാടകരംഗത്തെത്തി. 40 രൂപയാണ് പ്രതിഫലം. വീട്ടിലെ കഷ്ടപ്പാടുകൾക്ക് അതേറെ ആശ്വാസമായിരുന്നു. തുടർന്ന് നാടകരംഗത്ത് സജീവമായി. കോയമ്പത്തൂർ, ഈറോഡ്, സേലം മലയാളി സമാജങ്ങളിൽ അഭിനയിച്ചു. ഉണ്ണിയേട്ടൻ എന്നൊരാളാണ് എല്ലാത്തിനും നേതൃത്വം നൽകിയിരുന്നത്. യഥാർഥ പേര് ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല.

പ്രളയം പ്രണയമായ കഥ

1965ൽ എ എൻ ഗണേഷിന്റെ 'പ്രളയം' എന്ന നാടകത്തിൽ അഭിനയിച്ചു. പാലക്കാട് ജനകീയ കലാസമിതിയായിരുന്നു അവതരണം. ആ നാടകത്തിലൂടെ അദ്ദേഹവുമായുള്ള പരിചയം പ്രണയമായി. ഒടുവിൽ വിവാഹത്തിലുമെത്തി. ഇരുകൂട്ടരും നാടകത്തെ മനസിലാക്കുന്നവർ. സ്‌നേഹിക്കുന്നവർ. മുന്നോട്ടുള്ള സഞ്ചാരത്തെ സുഗമമാക്കുമെന്നും കരുതി. ആ വിശ്വാസം തകർന്നുമില്ല. 1971ൽ തിരുവില്വാമല ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

'പൗർണമി കലാമന്ദിർ' അഥവാ കുടുംബനാടകം

വിവാഹശേഷം ഞങ്ങൾ ഷൊർണൂരിൽ 'പൗർണമി കലാമന്ദിർ' എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. അദ്ദേഹം നാടകം എഴുതും, സംവിധാനം ചെയ്യും. ഞാൻ അഭിനയിക്കും. മാള അരവിന്ദൻ ഉൾപ്പെടെയുള്ളവർ അതിൽ അംഗങ്ങളായിരുന്നു. എം കെ അർജുനനൻ മാസ്റ്ററൊക്കെയായിരുന്നു അന്നത്തെ നാടകങ്ങൾക്ക് സംഗീതം പകർന്നത്.

ഭക്ഷണം വെക്കലും അഭിനയിക്കലും എല്ലാമായി കുടുംബം തന്നെ കലാസമിതിയിൽ എന്ന അവസ്ഥ. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് സമിതി മുന്നോട്ടുകൊണ്ടുപോകാനായില്ല. ഒടുവിൽ ഹൃദയം നുറുങ്ങും വേദനയോടെ ഞങ്ങൾ ആ സമിതി പിരിച്ചുവിട്ടു. മൂന്നു വർഷം മാത്രമാണ് സമിതി പ്രവർത്തിച്ചത്. 

എന്നാൽ നാടകം മാത്രമാണ് ഞങ്ങളിരുവർക്കും കൈമുതലായുള്ളത്. തുടർന്നും ജീവിക്കുക തന്നെ വേണം. ഞങ്ങൾ വീണ്ടും നാടകരംഗത്ത് സജീവമാകാൻ തീരുമാനിച്ചു. മറ്റു സമിതികൾക്ക് വേണ്ടി അദ്ദേഹം നാടകം എഴുതും. ഞാൻ അഭിനയിക്കും. പിന്നീട് അതായി ഞങ്ങളുടെ വഴിയും മാർഗവും.

മകനെ എട്ടുമാസം ഗർഭിണിയായിരിക്കുേമ്പാൾ ഞാൻ ഒരു മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ചു. മുസ്ലിം സ്ത്രീകൾ കുപ്പായത്തിന് മുകളിൽ കെട്ടുന്ന അരഞ്ഞാണം ഓരോ അവതരണത്തിന് പോകുമ്പോഴും ഞാൻ ചരട് വെച്ച് നീളം കൂട്ടും. ഒടുവിലത് കാണുന്നത് തന്നെ സംഘത്തിലുള്ളവർക്ക് ചിരിയായിരുന്നു. ഇങ്ങനെ പിന്നിട്ട എത്ര നല്ല ഓർമ്മകൾ.

'ഫസഹ്' ഒരു നല്ലോർമ്മ

തിലകൻ സംവിധാനം ചെയ്ത 'ഫസഹ്' മികച്ച നാടകമായിരുന്നു. 300 ലേറെ വേദികളിൽ ആ നാടകം അവതരിപ്പിച്ചു. ഒരു ദിവസം തന്നെ അഞ്ചിലേറെ കളിയുണ്ടാവും. എല്ലായിടത്തും ഓടിയെത്തണം. എന്നാൽ ഒരിക്കൽ പോലും ക്ഷീണം തോന്നിയില്ല. സ്‌റ്റേജിൽ എന്നെ കാണുമ്പോൾ തന്നെ കാണികൾ കയ്യടി തുടങ്ങും. കുൽസുമ്പി എന്ന കഥാപാത്രം അത്രമാത്രം മികച്ചതായിരുന്നു.

1986ൽ കൊല്ലത്ത് നാടകാവതരണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു വൃദ്ധൻ എനിക്ക് റോസാപ്പൂവ് സമ്മാനിച്ചു. ഇന്നേ വരെ കിട്ടിയതിനേക്കാൾ ഏറെ വിലപ്പെട്ടതായിരുന്നു ആ സമ്മാനം. അർഹമായ പല അവാർഡുകളിൽ നിന്നും ഒഴിവാക്കപ്പെടുമ്പോൾ തോന്നാറുണ്ട്, ഒരു നടിയെന്ന നിലയിൽ ഇതിനേക്കാൾ വിലപ്പെട്ടത് മറ്റെന്തെന്ന്. വണ്ടി പോകുമ്പോൾ മുഴുവൻ 'കുൽസിമ്പിത്താത്തോന്ന'് ജനം ഉറക്കെ വിളിക്കും. പിന്നീട് ഈ നാടകം സിനിമയായി. അപ്പോൾ സുകുമാരിയാണ് ആ വേഷം ചെയ്തത്.

കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളിൽ അഭിനയിച്ചു.

എറണാകുളം ദൃശ്യകലാഞ്ജലിയിൽ എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത 'പാഞ്ചജന്യം' എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു. മീനയും ഭർത്താവും ഇതിൽ അഭിനയിച്ചിരുന്നു. എ എൻ ഗണേഷ് എഴുതിയ 20 ലേറെ നാടകങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചു. പാഞ്ചജന്യം, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം എന്നിവയാണ് ഏറെ പ്രസിദ്ധമായ നാടകങ്ങൾ. രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ എന്നീ നാടകങ്ങളും ഒരു കാലത്തെ സദസ് ഏറ്റുവാങ്ങിയ നാടകങ്ങളാണ്.

നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ എന്നീ നാടകങ്ങൾ കാണികൾ ഇന്നും ഹൃദയത്തോട് ചേർത്തുവെക്കുന്നു. 1992ൽ ഗണേഷ് എഴുതിയ 'ഉദര നിമിത്തം' എന്ന നാടകത്തിന് കേരളസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. തോപ്പിൽഭാസിയുമായി ചേർന്നെഴുതിയ 'ലയനം' എന്ന നാടകം ഏറെ ശ്രദ്ധേയമായി. നിരവധി റേഡിയോ നാടകങ്ങൾക്കും ഇരുവരും ശബ്ദം നൽകിയിട്ടുണ്ട്. 2009 ഒക്‌ടോബർ 13ന് എ എൻ ഗണേഷ് മരിച്ചു.

മകൻ മനോജ് ഗണേഷ് നാടകങ്ങളിലൂടെ സംവിധാന രംഗത്തെത്തി. നിരവധി ടെലിവിഷൻ സീരിയലുകളുടെ സംവിധായകനാണ്. മകൾ സംഗീത. മനോജ് ഗണേഷിനും മരുമകൾ ബിന്ദുവിനുമൊപ്പം ഷൊർണൂർ ചുഡുവാലത്തൂർ മൈത്രി നഗറിലാണ് താമസം. നല്ല നാടകക്കാരന്റെ ഭാര്യയായി.... നല്ല നാടകം മാത്രം ശ്വസിച്ച് നടന്ന ആ നാളുകളെക്കുറിച്ചുള്ള ഓർമകൾ മാത്രമാണ് ഇന്നീ അമ്മക്ക് സ്വന്തമുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top