22 March Friday

മഴമേഘങ്ങളെ സ്നേഹിച്ച പെൺകുട്ടി

സുനിൽകുമാർUpdated: Tuesday Apr 17, 2018

 അട്ടപ്പാടിയിലെ മൊട്ടക്കുന്നുകൾക്കിടയിലൂടെ ആടുകളേയും പശുക്കളേയും മേച്ചുനടക്കുന്ന ഒരു കൊച്ചു പെൺകുട്ടി, അവൾ ഒരുപാടു സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു. ആകാശത്തിലൂടെ തിരക്കിട്ടോടുന്ന മേഘശകലങ്ങൾ. അവയോടൊപ്പം ഓടിയെത്താൻ അവളും കൊതിച്ചു. തനിക്ക് സ്വപ്നങ്ങൾ കാണാൻ മാത്രമേ വിധിച്ചിട്ടുള്ളൂ എന്ന് ആ കൊച്ചു മനസ്സിൽ എങ്ങിനെയോ ഉറച്ചു. നരസിമുക്ക് എന്ന ഗ്രാമം. ചുറ്റുപാടും ആദിവാസികൾമാത്രം. കൂലി വേലക്കാരായ ഉമ്മയും ബാപ്പയും. പിന്നെ സമുദായം പറയുന്ന ജീവിത ക്രമീകരണങ്ങൾ. വെറുമൊരു വീട്ടമ്മയായി ജീവിക്കാനാണ് തനിക്ക് വിധിയെന്ന് അവൾ വിശ്വസിച്ചു.

മടിച്ചുമടിച്ച് മഴമേഘങ്ങൾ അട്ടപ്പാടി മലനിരകളിലേക്കെത്തും. മഴ പെയ്താൽ പിന്നെ മനസ്സിൽ കുളിരാണ്. മഴയുടെ സംഗീതം, അത് ആത്മാവിലേക്ക് ഒലിച്ചിറങ്ങും. അങ്ങു ദൂരെനിന്ന് ആദിവാസി സ്ത്രീകൾ പാടുന്ന പാട്ടുകൾ ചുരം കടന്നെത്തുന്ന കാറ്റിലൊഴുകി എത്തും. പട്ടിണിയും പരിവട്ടവുമാണെങ്കിലും പാട്ടുപാടാനും തുടികൊട്ടാനും അവർ മറക്കാറില്ല. ദൂരെനിന്നും കുടങ്ങളിൽ വെള്ളവും ഏറ്റി വീട്ടിലേക്കുനടക്കുമ്പോൾ അവളും കേട്ടുപഠിച്ച ഈണങ്ങൾ മൂളാറുണ്ടായിരുന്നു.

അട്ടപ്പാടിയോടൊപ്പം സാജിതയും വളർന്നു. മൊയ്തിന്റേയും ആയിഷയുടേയും രണ്ടാമത്തെ മകളായി. മിടുക്കിയായി പഠിച്ചു. പഠിച്ച സ്കൂളിൽ തന്നെ താൽക്കാലിക അധ്യാപികയായി ജോലികിട്ടി. അപ്പോഴും താൻകണ്ട സ്വപ്നങ്ങൾ എത്രയോ അകലെയാണെന്ന് അവൾക്ക് തോന്നിയിരുന്നു. സമുദായത്തിന്റെ രീതിയനുസരിച്ച് വിവാഹംകഴിക്കേണ്ട പ്രായം എത്തി. ഉമ്മക്കും ബാപ്പക്കും ആധിയായിത്തുടങ്ങി. തന്റെ ചേച്ചിയുടെ ജീവിതം സാജിതയുടെ മുന്നിലുണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കല്യാണം കഴിച്ചുകൊടുത്ത് ദുരിത ജീവിതത്തിലേക്കുവീണ ചേച്ചി.

സ്കൂളിൽ പഠിക്കുമ്പോഴേ എഴുത്തും വായനയും ചിത്രരചനയുമുണ്ടായിരുന്നു. പക്ഷേ പ്രോത്സാഹിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. അന്നൊരിക്കൽ ഒരു വനിതാദിനത്തിൽ അഗളി സ്കൂളിൽ നടന്ന ഒരു സംവാദമത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം എന്നതായിരുന്നു വിഷയം. സുഗതകുമാരി ടീച്ചറായിരുന്നു സമ്മാനംനൽകിയത്. സാറാജോസഫിന്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവലാണ് സമ്മാനമായി നൽകിയത്. ആ പുസ്തകത്തിന്റെ ആദ്യ പേജിൽ ടീച്ചറെഴുതി 'ധീരയാകുക.. ശക്തയാകുക'.


ഇന്ന് എന്ത് അന്യായംകണ്ടാലും സാജിത പ്രതികരിക്കും, നീതിക്കുവേണ്ടി പോരാടും. അഗളി സ്കൂളിലെ സിന്ധുടീച്ചറുമായുള്ള അടുപ്പമാണ് സാജിതക്ക് വഴിത്തിരിവായത്. സാമൂഹ്യ പ്രവർത്തകയും നാടകപ്രവർത്തകയും കൂടിയായ സിന്ധു ടീച്ചർ വഴി സമൂഹത്തിലെ കലാ സാംസ്കാരിക രംഗത്തുള്ള ഒട്ടേറെ പേരെ പരിചയപ്പെടാനിടയായി. പതുക്കെപതുക്കെ താൻ കണ്ട സ്വപ്നങ്ങൾ വളരെ അടുത്താണെന്ന് സാജിതക്ക് തോന്നിത്തുടങ്ങി.

നാടകകൃത്തായ സതീഷ് കെ സതീഷിന് താൻ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമചെയ്ത ചെറുകഥ അയച്ചുകൊടുത്തു. അദ്ദേഹം അത് വായിച്ച് നാടകമാക്കാമോ എന്നു ചോദിച്ചു. ആദ്യമായിട്ടാണ് നാടകമെഴുതുന്നത്. അത് വായിച്ച് അദ്ദേഹം വളരെ നന്നായി എന്നു പറഞ്ഞപ്പോൾ ആത്മവിശ്വാസമായി. ആയിടക്കാണ് സതീഷ് കെ സതീഷ്  ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ കുട്ടിക്കാലത്തെ ആസ്പദമാക്കി ഒരു ഡോക്യൂ ഡ്രാമ ചെയ്യാൻ തുടങ്ങിയത്. അതിലേക്ക് ഒരു തമിഴ് ഗാനം വേണം എന്നു പറഞ്ഞപ്പോൾ ഒന്നു ശ്രമിച്ചു നോക്കി. കുട്ടിക്കാലത്ത് ആദിവാസി സ്ത്രീകൾ പാടിക്കേട്ട തമിഴ് വരികൾ പ്രചോദനമായി. പാട്ടിന്റെ വരികൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒരുതിരുത്തലുമില്ലാതെ ആ വരികൾ സ്വീകരിച്ചു. പിന്നീട് യൂട്യൂബിലും നവമാധ്യമങ്ങളിലും കേട്ടാസ്വദിച്ച ഒരു ഗാനമായി അത്. കൊച്ചു ഗായിക ശ്രേയ ജയദീപ് പാടിയ 'അലൈകുതിക്ക്ത്' എന്ന ഗാനം സാജിതയുടെ ജീവിതത്തിൽ വീണ്ടും ഒരു വഴിത്തിരിവായി. ഈ ഗാനത്തോടെ സാജിതയെ തിരിച്ചറിയാൻ തുടങ്ങി. ഉമ്മയും ബാപ്പയും കൂടി നടത്തുന്ന നാടൻ ഭക്ഷണശാലയിൽ രുചിയുള്ള ഭക്ഷണം തേടിയെത്തുന്നവർ സാജിതയെ തിരക്കി, അവർ അവളെ തിരിച്ചറിഞ്ഞു. അധ്യാപികയായി ജോലിചെയ്യുന്ന തിരക്കിനിടയിലും. 'ഗുരുവായൂർ ക്ഷേത്രത്തിൽ നടതള്ളപ്പെടുന്ന അമ്മമാരെ'പ്പറ്റി. ഏറെ ചർച്ചചെയ്യപ്പെട്ട ഒരു ഡോക്യുമെന്ററിചെയ്തു.

അലൈകുതിക്ക്ത് എന്ന ഗാനം ഹിറ്റായതോടെ സാജിതയെ തേടി അവസരങ്ങളെത്തി. 'ഉന്നൈനാൻ നേസിക്കലാമാ' എന്ന തമിഴ് സിനിമക്കും ഉടനെ ഇറങ്ങാനിരിക്കുന്ന മറ്റു ചില സിനിമകൾക്കു വേണ്ടിയും സാജിത ഗാനങ്ങളെഴുതി. സാമൂഹ്യപ്രവർത്തകയായ ഉമാ പ്രേമനെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ നിർമാണപ്രവർത്തനങ്ങളിലാണ് സാജിത ഇപ്പോൾ. കൂടാതെ അവരുടെ ആത്മകഥയായ 'നിലാചോറ്' ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തുകൊണ്ടിരിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം ആസ്പദമാക്കി നിർമിച്ച 'കിരണം'എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു വേഷംചെയ്തു. കഴിവുകളുണ്ടായിട്ടും ഒതുങ്ങിക്കഴിയേണ്ടിവരുന്ന പെൺകുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന സ്വപ്നമാണ് ഇനി സാജിതയ്ക്കുള്ളത്.

പ്രധാന വാർത്തകൾ
 Top