26 September Saturday

തേജസിലെ പ്രവർത്തനത്തിൽ ഏറെ അഭിമാനം: ഡോ. ഇന്ദിര

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

'നിങ്ങൾ പഠിച്ചതു വെച്ച് പുതുതായി ഒന്നും  ചെയ്യാനാകില്ല. ഓരോന്നും നിങ്ങൾ പുതുതായി പഠിച്ചെടുക്കണം. അങ്ങനെ നിരന്തരം പഠിക്കാനുള്ള താല്പര്യമുണ്ടെങ്കിൽ ഏത് കൊടുമുടിയും നിങ്ങൾക്ക് എളുപ്പം കീഴടക്കാം'. വരുംതലമുറയ്ക്ക് ഇങ്ങനെ ഉപദേശം നൽകിയത് മറ്റാരുമല്ല, പ്രതിരോധ വകുപ്പിന്റെ യുദ്ധവിമാനമായ തേജസിന്റെ പണിപ്പുരയിലെ സ്ത്രീ സാന്നിദ്ധ്യമായിരുന്ന ഡോ. ഇന്ദിര നാരായണ സ്വാമി. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1984ൽ നിലവിൽ വന്ന സ്വയംഭരണ സ്ഥാപനമായ എയ്‌റോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസിയുടെ തേജസ് യുദ്ധവിമാന രൂപകൽപന വിഭാഗത്തിലെ ആദ്യത്തെ വനിത ടെക്‌നോളജി ഡയറക്ടറായിരുന്നു ഡോ.ഇന്ദിര. തേജസിലെ 28 വർഷത്തെ സേവനത്തിന് ശേഷം 2015ൽ വിരമിച്ചു. ഇപ്പോൾ എം എസ് രാമയ്യ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ റിസർച്ച് പ്രൊഫസറായി പ്രവർത്തിക്കുന്നു.

പ്രതിരോധ വകുപ്പ് തേജസിലേക്ക് നടത്തിയ ആദ്യ ബാച്ച് നിയമനത്തിൽ '87 ൽ സയിന്റിസ്റ്റായി ഡോ. ഇന്ദിര ജോലി നേടി. പിന്നീടുള്ള പ്രവർത്തനം അക്കങ്ങളും സമവാക്യങ്ങളുമുപയോഗിച്ച് ബോംബർ വിമാനങ്ങൾ രൂപകൽപന ചെയ്യാനും അവയുടെ പ്രവർത്തനത്തിലുള്ള കൃത്യത ഉറപ്പാക്കാനുമായിരുന്നു. ലക്ഷ്യത്തിലേക്കുള്ള മാർഗം, വേഗത, വളയലും തിരിയലും, ബോംബ് നിക്ഷേപിക്കൽ ഇതെല്ലാം നിശ്ചയിക്കുന്ന അക്കങ്ങളുടെ നിർമ്മിതിയാണ് ഡിസൈൻ വിഭാഗത്തിൽ. ഇങ്ങനെ നിർമ്മിക്കുന്ന അക്കങ്ങൾ ഉപയോഗിച്ചാണ് വിമാനം പ്രവർത്തിപ്പിക്കുക. ബോംബർ വിമാന നിർമ്മാണം നടത്തുന്നത് ഹിന്ദുസ്ഥാൻ ഏയ്‌റൊനോട്ടിക്‌സ് ലിമിറ്റഡാണ്. അക്കാലത്ത് മണിക്കൂറുകൾ നാല്പത്തഞ്ച് ഡിഗ്രിയിലേറെ ചൂടുള്ള പൊഖ്‌റാൻ മരുഭൂമിയിൽ വിമാന വിക്ഷേപണവുമായി ബന്ധപ്പെട്ട് ചെലവഴിച്ചത് ഓർക്കുമ്പോൾ ഇന്ന് വിശ്വസിക്കാനാവില്ല. തനിക്ക് ഏറെ അഭിമാനവും ആത്മവിശ്വാസവും നൽകിയ കാലമായിരുന്നു തേജസിലെ പ്രവർത്തനമെന്ന് ഡോ. ഇന്ദിര പറഞ്ഞു.

കുസാറ്റിൽ ഉന്നത ഗണിതപഠന മേഖലയിലുള്ള സ്ത്രീകൾക്ക് പുതിയ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്താനും സ്ത്രീ എന്ന നിലയിൽ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനുമായി 'ഇന്ത്യൻ വിമൻ ആന്റ് മാത്തമാറ്റിക്‌സ'് എന്ന വിഷയത്തിൽ നടത്തിയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.

കുട്ടനാട്ടിലാണ് ഡോ. ഇന്ദിരയുടെ ജനനം. അച്ഛൻ മങ്കൊമ്പ് സ്വാമി എന്നറിയപ്പെടുന്ന അഡ്വ.നാരായണസ്വാമി. ഡോ. ഇന്ദിര ഗണിത ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് ആലപ്പുഴ എസ് ഡി കോളേജിൽനിന്ന്. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഗവേഷണം. ഗവേഷണാനന്തര ഫെല്ലോ ആയി യുഎസ്എ യിലെ പിറ്റ്‌സ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ.
പിറ്റ്‌സ്ബർഗിലെ പ്രൊഫസർ വെർണർ സി റേയ്ൻബോൾത്തിൽ നിന്നാണ് താൻ കൈകാര്യം ചെയ്യുന്ന സ്‌പ്ലൈൻ തിയറിക്ക് ഓട്ടോമൊബൈൽ, എയ്‌റോനോട്ടിക്കൽ മേഖലകളിലെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നതെന്ന് ഡോ. ഇന്ദിര പറഞ്ഞു. അങ്ങനെ ശുദ്ധ ഗണിതത്തിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്‌സിലേക്ക് ചുവടുമാറി.

ഐഡബ്ലിയുഎം ചെയർപേഴ്‌സണും ജെഎൻയുവിലെ പ്രൊഫസറുമായ റിദ്ദിഷാ ഉൽഘാടകയായി. ഡോ. ഇന്ദിര നാരായണ സ്വാമിക്കൊപ്പം പ്രൊഫ. സൊണാലി ഗുൻ, പ്രൊഫ. വിജയ് കൊടിയളം, പ്രൊഫ.ബി ശ്രീപത്മാവതി, പ്രൊഫ. എ ജെ പരമേശ്വരൻ, പ്രൊഫ. ടി ആർ രാമദാസ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ  അധ്യാപകരും ശാസ്ത്രജ്ഞരുമായിരുന്നു പ്രഭാഷകർ. നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സിന്റെ കീഴിലുള്ള അറ്റോമിക് എനർജി വകുപ്പാണ് ശിൽപശാല നടത്തിയത്.

ഗവേഷണ പഠന കാലത്താണ് പെൺകുട്ടികളെ സംബന്ധിച്ച് വിവാഹം, കുടുംബവികാസം ഇതൊക്കെ നടക്കേണ്ടത്. പലപ്പോഴും പഠനം നിർത്താൻ പെൺകുട്ടികൾ നിർബന്ധിതരാകുന്ന അവസരങ്ങളാണ് ഇവ. ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിച്ചാലെ പഠനം മുന്നോട്ടു പോകാനാകൂ. ഇതായിരിക്കാം ഗവേഷണ രംഗത്ത് പെൺകുട്ടികളുടെ എണ്ണം താരതമ്യേന കുറയുന്നതിന് കാരണമാകുന്നതെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top