17 August Saturday

ആറങ്ങോട്ടുകരയുടെ ‘പെണ്ണൊളി’

ബിജി ബാലകൃഷ്‌ണൻUpdated: Tuesday Jan 15, 2019


ജനാധിപത്യത്തിലും സമത്വത്തിലും നന്മയിലും സ്നേഹത്തിലും അധിഷ്ഠിതമായ കാർഷികസ്ത്രീസാംസ്കാരിക കൂട്ടായ്മ. ഇത് പ്രകൃതിയെ സൗഹാർദ്ദപരമായി നോക്കിക്കാണേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നു. ഒപ്പം സ്വന്തം ഇഷ്ടങ്ങളോട്, ചിന്തകളോട്, വിശ്വാസങ്ങളോടൊക്കെ പൊരുതിനിൽക്കുന്ന സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്ന നാനാതര ചൂഷണങ്ങൾക്കെതിരെയും വിരൽചൂണ്ടുന്നു. ആറങ്ങോട്ടുകര എന്ന ദേശത്തിന്റെയും ചരിത്രത്തിന്റെയും വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ "കയ്യാലകാർഷികസാംസ്കാരികോത്സവം'.

കയ്യാല ഉത്സവത്തോടനുബന്ധിച്ച് "പെണ്ണൊളി' എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീകൂട്ടായ്മ പുതിയ കാൽവെയ്പ്പാണ്. സാമ്പത്തിക അഭിവൃദ്ധിയിലൂടെ സ്ത്രീ സ്വയംപര്യാപ്തത നേടാനും സ്ത്രീക്ക് സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും  അവർ ചർച്ച നടത്തി. നാടകകലാകാരി ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളവനിത കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈനും പങ്കെടുത്തു. "പെണ്ണൊളി'ക്ക് സാന്നിദ്ധ്യമായി സാമൂഹിക‐സാംസ്കാരികരംഗങ്ങളിലെ സ്ത്രീകൾ അണി ചേർന്നിരുന്നു. ഇതോടനുബന്ധിച്ച് കൊയ്ത്തുപാട്ടുകളും ജൈവകൃഷിപരിശീലനവും മുള, കളിമൺപാത്രനിർമ്മാണപരിശീലനക്ലാസ്സുകളും നടത്തി. വി ഗിരീഷ്  എഡിറ്റ് ചെയ്ത, ആറങ്ങോട്ടുകരയുടെ ചരിത്രപഠനകൂട്ടായ്മ  വിവരിക്കുന്ന "ആറങ്ങോട്ടുകരയുടെ ചരിത്രം' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. കലാമണ്ഡലം സംഗീതയുടെ "പൂതനാമോക്ഷം നങ്ങ്യാർക്കൂത്ത്' "പെണ്ണൊളി'ക്ക് മാറ്റുകൂട്ടി.

സ്ത്രീകൾക്ക് കലാരംഗത്ത് അരങ്ങേറുവാനും പ്രാഗത്ഭ്യം തെളിയിക്കുവാനും ആരംഭിച്ച കലാപാഠശാലയിൽ മൂന്ന് മുതൽ എഴുപത് വയസുവരെയുള്ള സ്ത്രീകൾ കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ചെണ്ട, കഥകളി, കൂടിയാട്ടം തുടങ്ങിയ കലകൾക്ക് പ്രത്യേക പഠനക്ലാസ്സ് കലാപാഠശാല ഒരുക്കിയിട്ടുണ്ട്.

കേരളചരിത്രത്തിലെത്തന്നെ ഏറ്റവും പ്രസിദ്ധവും വിവാദവുമായ കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരത്തെ ആസ്പദമാക്കി നിരവധി സാഹിത്യരചനകളും സിനിമകളും ഒക്കെ ഉണ്ടായെങ്കിലും ആറങ്ങോട്ടുകരയുടെ അതിർത്തിക്ക് എന്നും മനോഹരമായ സ്വപ്നമായിത്തീർന്നത് ശ്രീജ ആറങ്ങോട്ടുകരയുടെ "ഓരോരോ കാലത്തിലും' എന്ന നാടകം തന്നെയാണ്. അഭിശപ്തമായ വെറുക്കപ്പെടേണ്ട ഒരു സ്ത്രീയെ മറവിയിലേക്ക് തള്ളിവിടാതെ ശ്രീജ ആ സ്ത്രീക്ക് ഒരു ചരിത്രം തന്നെ സൃഷ്ടിച്ചു.

നിരവധി സാഹിത്യരചനകളും നാടകങ്ങളും സിനിമയും ചരിത്രസംഭവങ്ങളും അരങ്ങേറ്റിയ ആറങ്ങോട്ടുകരദേശത്തിലെ സ്ത്രീകൂട്ടായ്മ എക്കാലത്തും സാമൂഹിക‐സാംസ്കാരികരംഗങ്ങളിൽ വേറിട്ട പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. പരിസ്ഥിതിക്കും കലകൾക്കും സ്ത്രീകൾക്കും ഒന്നുപോലെ പ്രാധാന്യം നൽകിയ ഇവിടുത്തെ പെൺകൂട്ടായ്മ കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ വലിയ അടയാളപ്പെടുത്തലാണ്. കൃഷിക്കും പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന കൃഷിപാഠശാലയും കലാ‐സാംസ്കാരികരംഗങ്ങൾക്ക് പ്രചോദനമായി വർത്തിക്കുന്ന കലാപാഠശാലയും ആറങ്ങോട്ടുകരയുടെ പെൺകൂട്ടായ്മയിലെ മുതൽക്കൂട്ടാണ്. ആറങ്ങോട്ടുകരയിലെ ചരിത്രത്തിന്റെ ഗൃഹാതുരത്വമാർന്ന ഓർമ്മയാണ് ഇത്തരം പെൺകൂട്ടായ്മകളിലൂടെ രൂപം കൊണ്ട "ആഴ്ചച്ചന്ത'. ശനിയാഴ്ച ദിവസങ്ങളിൽ കേൾക്കുന്ന ചന്തയുടെ ഇരമ്പൽ സമീപപ്രദേശങ്ങൾക്ക് പോലും കൗതുകം നൽകുന്നതാണ്. പുതിയ കാലഘട്ടത്തിൽ കർഷകരെ സംരക്ഷിക്കാനും വിഷരഹിത പച്ചക്കറികളും അവശ്യസാധനങ്ങളും ന്യായമായ വിലയ്ക്ക് കർഷകന് ലഭിക്കുന്നതിനുമായി അരങ്ങേറിയ ആഴ്ചച്ചന്ത നാട്ടിലെ മുഴുവൻ കർഷകരുടെയും അധ്വാനത്തിന്റെ ചിഹ്നമാണ്.


പ്രധാന വാർത്തകൾ
 Top