10 June Saturday

ചെറിയ രാജ്യത്തെ വലിയ എഴുത്തുകാരി

ഡോ.ശരത് മണ്ണുര്‍Updated: Tuesday Jan 15, 2019


കരീബിയൻ  എഴുത്തുകാരിയായ മറൈസ്  കോൺഡേ ഈയിടെ സാഹിത്യ ചരിത്രത്തിൽ ശ്രദ്ധ നേടിയത്  സഹൃദയലോകം കൗതുകത്തോടെ ഉറ്റുനോക്കിയ ആദ്യത്തെ (ഒരു പക്ഷേ  അവസാനത്തേയും ) ബദൽ നോബൽ പുരസ്കാരം നേടിക്കൊണ്ടായിരുന്നു. 2018 ൽ സാഹിത്യത്തിനുള്ള  നോബൽ സമ്മാനം പ്രഖ്യാപിക്കാതിരുന്നതിനെത്തുടർന്ന് സ്വീഡനിലെ ദി ന്യൂ അക്കാദമി എന്ന ജനകീയ കൂട്ടായ്മയാണ്  ബദൽ നോബൽ പുരസ്കാരം ഏർപ്പെടുത്തിയത്. സ്വീഡനിലെ നൂറിലധികം ലൈബ്രറികളിലെ ലൈബ്രേറിയന്‍മാര്‍ തെരഞ്ഞെടുത്ത  നാല്‍പ്പത്തിയേഴ്  എഴുത്തുകാരിൽനിന്നും മുപ്പതിനായിരത്തിലധികം വരുന്ന ലൈബ്രറി അംഗങ്ങള്‍ വോട്ടിംഗിലൂടെ ഷോർട്ട്  ലിസ്റ്റു ചെയ്ത മൂന്നു പേരിൽ മറൈസ്  കോൺഡേയുടെ കൈകളിൽ പുരസ്കാരമെത്തിയപ്പോൾ അവരോടൊപ്പം അംഗീകരിക്കപ്പെട്ടത് ഗ്വാഡലൂപ് എന്ന, കരീബിയൻ ദ്വീപ് സമൂഹത്തിലെ തീരെച്ചെറിയ, അതുവരെ സഹൃദയലോകം ശ്രദ്ധിച്ചിട്ടുപോലുമില്ലാത്ത  അവരുടെ മാതൃരാജ്യം കൂടിയായിരുന്നു.  പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്തും സംഭാവനകള്‍ വഴിയുമാണ് ഒരു മില്യൺ  ക്രോണർ (82,22,200 രൂപ) മൂല്യമുള്ള  ഈ പുരസ്കാരത്തിനുള്ള ഫണ്ട് സമാഹരിച്ചിരുന്നത്.

ഗ്വാഡലൂപിലെ  ഏറ്റവും വലിയ പട്ടണമായ പെന്റാ പിട്രേയിൽ     1937 ല്‍  ജനിച്ച മറൈസ് കോൺഡേ എട്ടാമത്തെ വയസ്സിൽ ഒരു ഏകാങ്ക നാടകമെഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. എമിലി ബ്രോണ്ടിയുടെ ‘വൂതെറിങ് ഹൈറ്റ്സ്’  ചെറുപ്പത്തിലേ അവരില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.   ഇരുപതോളം നോവലുകളെഴുതിയിട്ടുള്ള ഇവരുടെ ഏറ്റവും  ശ്രദ്ധേയമായ ‘സെഗു'  1987 ൽ  പ്രസിദ്ധീകരിച്ചു. രണ്ടു ഭാഗങ്ങളുള്ള ഈ നോവല്‍ അടിമ വ്യാപാരത്തിനും സാംസ്കാരിക അധിനിവേശങ്ങൾക്കുമെതിരെ ആഫ്രിക്കൻ രാജ്യമായ സെഗുവിലെ ജനങ്ങള്‍ നടത്തിയ  പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. ഒരു അടിമസ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഐ, ടിറ്റൂബ, ബ്ളാക്ക്  വിച്ച് ഓഫ് ശാലേം',  കരീബിയൻ സംസ്കാരത്തിന്റെ സൂക്ഷ്മാംശങ്ങളെ പ്രതിഫലിപ്പിക്കുന്ന  ‘ക്രോസിങ്ങ്  ദി മംഗ്രോവ്സ്', ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ വിവരിക്കുന്ന ‘സ്റ്റോറി ഓഫ് ദി കാന്നിബാൾ വുമൺ' എന്നിവയാണ്  ഇവരുടെ മറ്റു പ്രമുഖ നോവലുകള്‍.  കോണ്‍ഡേയുടെ പില്‍ക്കാല രചനകള്‍ മിക്കതും ആത്മകഥാപരമാണ്.  ‘മെമ്മറീസ് ഓഫ് മൈ ചൈൽഡ് ഹുഡ്' , ‘വിക്തോയർ' , ‘ഹൂ സ്ലാഷ്ഡ് സെലാനിർസ് ത്രോട്ട്' എന്നിവ  ബാല്യകാലസ്മരണകളുടേയും ഓർമക്കുറിപ്പുകളുടേയും സമാഹാരങ്ങളാണ്. 

മറൈസ്  കോൺഡേയുടെ   നോവലുകള്‍ കോളനിവത്കരണത്തിന്റെ  മുറിവുകള്‍, ലിംഗനീതി, സങ്കര സംസ്കാരങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവയെ ചരിത്രപരമായ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു. അതുകൊണ്ടു തന്നെ ഒരു പരിധിവരെ ഇവ ചരിത്ര നോവലുകളുമാണ്.  ശക്തമായ സ്ത്രീപക്ഷ വീക്ഷണത്തോടൊപ്പം വ്യക്തമായ രാഷ്ട്രീയ വീക്ഷണവും പുലര്‍ത്തുന്നതാണ്‌വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് യൂത്തിൽ ചേർന്നുകൊണ്ട് തന്റെ രാഷ്ട്രീയാഭിമുഖ്യം പ്രകടമാക്കിയ   മറൈസ്  കോൺഡേ  സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങളുടെ ജീവിത സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന എഴുത്തുകാരിയാണ്.  അതിനുവേണ്ടി എഴുത്തിനെത്തന്നെയാണ് അവര്‍ ആയുധമാക്കുന്നത്. എഴുത്തിലും ജീവിതത്തിലും ഒരുപോലെ  പരിഷ്കരണവാദിയായ കോൺഡേ  രാഷ്ട്രീയവും സാമൂഹ്യവുമായി പ്രാധാന്യമില്ലാത്ത ഒന്നിനെയും കുറിച്ച് തനിക്കെഴുതാൻ താത്പര്യമില്ലെന്ന്  വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top