02 October Monday

അബ്ബക്ക ; ഉള്ളാളിന്റെ ഝാൻസിറാണി

സതീഷ‌് ഗോപിUpdated: Monday Oct 14, 2019


വാളു കൊണ്ട‌്  വൈദേശികരോട‌് മറുപടി പറഞ്ഞ വീരാംഗനമാർ നമുക്ക‌് അധികമില്ല. ബ്രിട്ടീഷുകാരോട‌് പോരാടിയ ഝാൻസിറാണി, അറയ‌്ക്കൽ രാജവംശത്തെ നയിച്ച ബീവിമാർ എന്നിങ്ങനെ ചരിത്രപുസ‌്തകങ്ങളുടെ ഏടുകളിൽ ചില ധീരവനിതകളുടെ പോരാട്ടങ്ങളുടെ മിന്നലൊളിയുണ്ട‌്. എന്നാൽ, തുളുനാടിന്റെ സിരകളിൽ ഇന്നും സ‌്പന്ദിക്കുന്ന വീരസ‌്മരണയാണ‌് അബ്ബക്ക ചൗത്തറാണി. മിത്തും യാഥാർഥ്യവും ഇടകലർന്ന കഥനങ്ങളാണ‌് അബ്ബക്കയുടെ ചരിത്രം. പ്രതിമകളായി, ഛായാചിത്രങ്ങളായി ആരാധിക്കപ്പെടുന്ന അവരുടെ പോരാട്ടഗാഥ വരുംതലമുറയ‌്ക്കും പ്രചോദനമേകുന്ന ആവേശം.

പറങ്കികളെ വിറപ്പിച്ചവൾ
ഝാൻസിറാണിയുടെ ധീരതയോട‌്  അബ്ബക്ക തുല്യം നിൽക്കും. പറങ്കിപ്പടയുടെ നായകന്മാരുടെ ഉറക്കം കെടുത്തിയ വാൾമുഴക്കമായിരുന്നു അവരുടേത‌്. ഒറ്റിവീഴ‌്ത്തപ്പെടുന്നതിന‌് മുമ്പ‌് വരെ വൈദേശികശക്തികൾക്ക‌് റാണി പേടിസ്വപ‌്നമായിരുന്നു.  ദക്ഷിണകന്നഡയിലെ ഉള്ളാളിലാണ‌്  ഈ തുളുനാട്ടു റാണി പിറന്നത‌്. കേരളത്തിനും കർണാടകത്തിനും ഇടയിലാണ‌് ഈ പുരാതനപട്ടണം. ഹിന്ദുക്കളും മുസ്ലീങ്ങളിലെ ബ്യാരിവിഭാഗവുമാണ‌് ഉള്ളാളിലെ താമസക്കാർ. തിരുമലായ ചൗത്ത ഒന്നാമ(1160‐1179)നാണ‌് രാജവംശത്തിന്റെ സ്ഥാപകൻ. മരുമക്കത്തായമാണ‌് കുടുംബം പിന്തുടർന്നിരുന്നത‌്.  തിരുമലായയുടെ സഹോദരീപുത്രിയാണ‌് അബ്ബക്ക എന്ന അഭയറാണി.   അബ്ബക്കയെ മംഗലാപുരത്തെ ബൻഗ രാജാവായ ലക്ഷമപ്പ അരസന‌് വിവാഹം ചെയ‌്തുകൊടുത്തതോടെയാണ‌് അവരിലെ ഭരണപാടവം പുറത്തുവന്നത‌്.

പോർച്ചുഗീസുകാർക്ക‌് ഭർത്താവ‌് കപ്പം കൊടുക്കുന്നതിനെ അവർ എതിർത്തു. വിദേശികൾക്ക‌് കപ്പം കൊടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അവരുടെ വാദം.  ഇത‌് കലഹത്തിലെത്തിയതോടെ അവർ സ്വദേശത്തേക്ക‌് തിരിച്ചുപോയി.  ഉള്ളാളിലെ അപ്പോൾ റാണിയായിരുന്ന സഹോദരിയുടെ മരണശേഷം അധികാരം ഏറ്റെടുത്തു.   ഗോവ കീഴ‌്പ്പെടുത്തിയശേഷം   കേരള ‐കൊങ്കൺ തീരങ്ങളിലെ തുറമുഖങ്ങളായി പോർച്ചുഗീസുകാരുടെ ലക്ഷ്യം .1525ൽ മംഗലാപുരം തുറമുഖം അവർ ആക്രമിച്ചു. ഉള്ളാളിനെ ആക്രമിക്കാനായി അവരുടെ അടുത്ത നീക്കം.

തന്ത്രങ്ങളുടെ തമ്പുരാട്ടി
സമീപത്തെ നാട്ടുരാജ്യങ്ങളുമായി സൗഹൃദമുണ്ടാക്കി പോർച്ചുഗീസുകാരെ പ്രതിരോധിക്കാൻ റാണി തന്ത്രങ്ങളൊരുക്കി.  കോഴിക്കോട് സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പനായകയും  സഖ്യരാജ്യങ്ങളായി കപ്പം നൽകണമെന്ന പറങ്കികളുടെ ആവശ്യത്തിന‌് അബ്ബക്ക വഴങ്ങിയില്ല. 1555ൽ പോർച്ചുഗീസ് സൈന്യം അഡ‌്മിറൽ ഡോം അൽവാരോ ഡി സിൽവേരയുടെ   നേതൃത്വത്തില്‍ ഉള്ളാൾ ആക്രമിച്ചെങ്കിലും റാണി പറങ്കിപ്പടയെ തുരത്തി. 557ൽ പറങ്കികൾ മംഗലാപുരം ആക്രമിച്ച് പൂർണമായും നശിപ്പിച്ചു.1 568ൽ പോർച്ചുഗീസ് വീണ്ടും ഉള്ളാളിനെ ലക്ഷ്യം വച്ചെങ്കിലും റാണി അതിശക്തം പ്രതിരോധിച്ചു. അടുത്ത നീക്കത്തിൽ പറങ്കികൾ ഉള്ളാളിനെ കീഴടക്കിയെങ്കിലും റാണിയെ പിടികൂടാനായില്ല.  ഒരു മുസ്ളിം പള്ളിയിൽ ഒളിച്ച ആ  രാത്രി 200 പട്ടാളക്കാരുമായി അവര്‍ തിരിച്ചടിച്ചു .തുടർന്നുണ്ടായ യുദ്ധത്തില്‍ പറങ്കിപ്പടയ‌്ക്ക‌് ജനറലിനെയും പട്ടാളക്കാരെയും നഷ്ടമായി. നിരവധി പറങ്കിപ്പടയാളികളെ പിടിച്ച‌് തുറുങ്കിലടച്ചു. റാണിയുടെ ചെറുത്തുനിൽപ്പുകളിൽ വലഞ്ഞ  പോർച്ചുഗീസുകാർ ഉള്ളാളിൽനിന്ന‌് മാത്രമല്ല, മംഗലാപുരത്തുനിന്നും പിൻവലിഞ്ഞു.  1569ൽ പറങ്കികൾ മംഗലാപുരം കോട്ടയും ബസ്രൂരും അധീനതയിലാക്കി.

ശക്തികൊണ്ട‌് റാണിയെ തോൽപ്പിക്കാനാവില്ലെന്ന‌് തിരിച്ചറിഞ്ഞ പറങ്കികൾ അബ്ബക്കയുടെ മുൻ ഭർത്താവിനെപിടികൂടി അബ്ബക്കയുടെ തന്ത്രങ്ങൾ മനസ്സിലാക്കി.  1570ൽ റാണി സാമൂതിരിയുമായും ബീജപ്പൂർ സുൽത്താനുമായും സൈനിക സഹകരണത്തിലേർപ്പെട്ടു .സാമൂതിരിയുടെ സൈന്യാധിപനായിരുന്ന കുട്ടി പോക്കർ മരയ്ക്കാർ അബ്ബക്കക്കായി  മംഗലാപുരം കോട്ട ആക്രമിച്ചെങ്കിലും മടക്കത്തിൽ പറങ്കികളുടെ വാളിനിരയായി. അബ്ബക്കയുടെ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ പോർച്ചുഗീസുകാർ അവരെ പിടിച്ച‌് തടവുകാരിയാക്കുകയായിരുന്നു. ജയിലിലുണ്ടായ ഒരു കലാപത്തിൽ മരണം വരിക്കുകയായിരുന്നു ഈ ധീരവനിത. നാടോടിപ്പാട്ടുകളിലും യക്ഷഗാനത്തിലും തുളുനാട്ടിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട‌് അബ്ബക്കയുടെ ധീരജീവിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top