15 July Wednesday

അതിരുകള്‍ ഭേദിക്കുന്ന ജീവിതം

അബ്ദുള്ള പേരാമ്പ്രUpdated: Monday Oct 14, 2019


വലിയ ഇടവേളയ്ക്കു ശേഷമാണ് നൊബേല്‍ പുരസ്കാരം ഓള്‍ഗ തൊക്കോർ ചുക്കെന്ന പോളിഷ് എഴുത്തുകാരിയിലൂടെ ഒരു വനിത സ്വന്തമാക്കുന്നത്‌. 
ഓൾഗ മാനവകുലത്തിലെ വൈകാരികവും വൈയക്തികവുമായ ജീവിതാനുഭവങ്ങളെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതി പ്രതിഫലിപ്പിച്ചു. ജീവിതാനുഭവത്തിന്റെ ആഖ്യാന ചാരുത കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തി. സ്വസ്ഥത കൂടാതെ അലച്ചിലായും ഏകാന്തതകളുടെ ഉപാസകയായും അവര്‍ എഴുത്തിനെ സമീപിച്ചു.

എഴുത്തു ശീലത്തിലെ പതിവ്  ചര്യപോലെ ഓള്‍ഗ കവിതയി ലാണ്‌ തുടങ്ങിയത്. തന്റെ ഭാവനയ്ക്കും ചിന്തയ്ക്കും നിരീക്ഷണങ്ങള്‍ക്കും വലിയ കാൻവാസാണ് ഉചിതമെന്ന് അവര്‍ക്ക് തോന്നിയിരിക്കണം. അങ്ങനെയാണ് പദ്യത്തില്‍ നിന്നും ഗദ്യ സാഹിത്യത്തിലേക്ക്  ചുവട് മാറ്റുന്നത്. നോവലെഴുത്തില്‍ നവീനമായ ആ ആഖ്യാനരീതിയെ പ്രതിഷ്ഠിക്കുന്നതില്‍ ഓള്‍ഗ വിജയിച്ചു.

പോളണ്ടില്‍ 1962 ലാണ് ഓള്‍ഗയുടെ ജനനം. യുദ്ധാനന്തരമുള്ള കമ്യൂണിസ്റ്റ് പോളണ്ടാണപ്പോള്‍. മാതാപിതാക്കള്‍ അധ്യാപകരായതുകൊണ്ട് വായനയുടെ ആ ലോകം പെടുന്നനെ ഓള്‍ഗയുടെ ജീവിതത്തെ സ്വാധീനിച്ചു. വീട്ടിലെ വലിയ പുസ്‌തകശേഖരം കണ്ട് ഒരു എഴുത്തുകാരിയാവാന്‍ ഓൾഗ കൊതിച്ചു.സാഹിത്യത്തോടുള്ള ഭ്രമത്തോടൊപ്പം പൊതു സമൂഹത്തിനുവേണ്ടി വല്ലതും ചെയ്യുക എന്ന മോഹവും അവരിലുണ്ടായി.  ഒരുകാലത്ത് ഇവ രണ്ടും ഓള്‍ഗയുടെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കിയിരുന്നു.  യൂണിന്റെ മന:ശാസ്ത്ര സിദ്ധാന്തങ്ങളായിരുന്നു അവരുടെ ഒരു അഭിനിവേശം. യൂണിന്റെ സ്വാധീനം അവരുടെ എഴുത്തില്‍ ആഴത്തില്‍ സ്വാധീനിച്ചതായി കാണാം. കുറെക്കാലം മനോരോഗികളെ ചികിത്സിച്ച് സ്വയം മനോരോഗത്തില്‍ പെട്ടുപോയ അവസ്ഥ പോലുമുണ്ടായി. ഇതിനെ മറികടന്നാണ് എഴുത്തു ലോകത്തേക്ക് ഓള്‍ഗ തിരിച്ചുവരുന്നത്. തന്റെ രോഗത്തിനുള്ള ചികിത്സ ഭാഷയും ഭാവനയുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.

അതുകൊണ്ട് ലോകത്തിന് ഉദാത്തമായ സാഹിത്യകൃതികള്‍ കിട്ടി. അളന്നു മുറിച്ച വാക്കുകള്‍ കൊണ്ട് അവര്‍ തീര്‍ത്ത ലോകം അപാരമായിരുന്നു.
അതിരുകള്‍ ഭേദിക്കുന്ന ജീവിതമാണ് ഓള്‍ഗയുടേതെന്ന് ഒറ്റ വാക്കില്‍ പറയാം. പോളണ്ടില്‍ മാത്രം ഒതുങ്ങുന്നില്ല ആ ജീവിതം. നിരന്തരമായ യാത്രകള്‍ ഓള്‍ഗയുടെ ജീവിതത്തെയും എഴുത്തിനെയും നവീകരിച്ചു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് വര്‍ണശബളമായ ഭാഷ കൊണ്ടും അതിരുകള്‍ ഭേദിക്കുന്ന ഭാവന കൊണ്ടും പരമ്പരാഗത ആഖ്യാന രീതികളെ  ഓൾഗ അതിലംഘിച്ചു. സാമാന്യ ജീവിതത്തെ എഴുത്തില്‍ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അവര്‍ ഭൂമിയുടെ അതിരുകളില്‍ നിന്ന് മീതെയ്ക്ക് നോക്കുകയും തന്റേതായ ഒരു ലോകം എഴുത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. അവരുടെ മിക്ക കൃതികളും ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത അന്റോണിലോയിഡും ജെന്നിഫറും, നോവലുകളിലെ രാഷ്ട്രീയ പരതയെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്. കാഴ്ചപ്പാടിലും എഴുത്തിലും അവര്‍ ഫെമിനിസ്റ്റായിരുന്നു. പാതി തമാശയും പാതി കാര്യങ്ങളും ഓൾഗയെ ഫെമിനിസ്റ്റായ വെജിറ്റേറിയന്‍ എന്നു വിളിക്കാൻ കാരണമായി.


പ്രധാന വാർത്തകൾ
 Top