14 August Friday

മഹാകവിക്ക്‌ ഗുരുദക്ഷിണ

കെ ബിജി ബാലകൃഷ്ണൻUpdated: Tuesday Nov 13, 2018

"കിട്ടിയീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനിൽ നിന്നിദാനിം''

(ശിഷ്യനും മകനും)

 മലയാളത്തിന്റെ പ്രിയമഹാകവിക്ക് ഉചിതമായ ഗുരുദക്ഷിണസമ്മാനിച്ച്‌് അധ്യാപകരും വിദ്യാർഥികളും. വള്ളത്തോൾ നാരായണമേനോന്റെ "ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യം കലാമണ്‌ഡലത്തിന്റെ വാർഷികദിനത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ വിവിധ നൃത്തരൂപങ്ങളിൽ രംഗത്ത് അവതരിപ്പിച്ചു. പുരാണകഥാ സംബന്ധിയായ ഈ കാവ്യം 1918‐ലാണ് മഹാകവി കൈരളിക്ക് സമർപ്പിച്ചത്. പരമശിവന്റെ ശിഷ്യവാത്സല്യത്തിന്റെ നിസ്സീമിതത്വം പാർവ്വതിയെ രോഷാകുലയാക്കുന്നതും പരശുരാമന്റെ ക്ഷാത്രവീര്യം വെളിപ്പെടുത്തുന്നതുമായ കാവ്യമാണ് "ശിഷ്യനും മകനും'.  വള്ളത്തോളിന്റെ കലാപരത മുഴുവനും ഈ കാവ്യത്തിലൂടെ മലയാളക്കരയിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.

കേരള കലാമണ്ഡലം വാർഷികം, വള്ളത്തോൾ ജയന്തി, മുകുന്ദരാജ അനുസ്മരണം എന്നിവയോടനുബന്ധിച്ച്‌ കലാമണ്‌ഡലത്തിൽ കഴിഞ്ഞയാഴ്‌ചയാണ്‌ നൃത്തം അരങ്ങേറിയത്‌.  ഈ കവിതയിലെ ഓരോ കഥാപാത്രങ്ങളുടെ സ്വഭാവത്തിനു ം രസപുഷ്ടിക്കും നൃത്താവിഷ്കാരത്തിനും ഇണങ്ങുന്ന നൃത്തരൂപങ്ങൾ തന്നെയാണ് രംഗവേദിയിലും ഒരുക്കിയത്.  ഗണപതി പോലെയുള്ള കുറച്ച് ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങളെ കുച്ചിപ്പുടിയിലൂടെയും  ഗൗരവകഥാപാത്രമായ പരശുരാമന് മുദ്ര പ്രധാന കലാരൂപമായ ഭരതനാട്യത്തിലൂടെയും ശിവൻ‐ പാർവ്വതി, രാധ ‐കൃഷ്ണൻ തുടങ്ങി ദമ്പതികഥാപാത്രങ്ങളെ ലാസ്യം കലർന്ന മോഹിനിയാട്ടവേഷത്തിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.  സൂക്ഷ്മമായ നർമ്മബോധത്തോടെയും കൗതുകകരവും ആശ്ചര്യാവഹവുമായ മുഹൂർത്തങ്ങളിലൂടെയും ദൃശ്യപ്രതീതി ഉളവാകുമാറ് മനോഹരമായി നൃത്തശില്പത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. കലാമണ്ഡലത്തിലെ തന്നെ നാല് അധ്യാപകരും 12 വിദ്യാർഥികളുമാണ് വേഷമിട്ടത്. കൂടാതെ, വായ്പ്പാട്ട്, മൃദംഗം, വയലിൻ, പുല്ലാങ്കുഴൽ, വീണ എന്നിവയ്ക്കും അവിടത്തെ സീനിയർ വിദ്യാർഥികളും അധ്യാപകരും ഉണ്ടായിരുന്നു.

കലാമണ്ഡലത്തിലെ തന്നെ നൃത്തവിഭാഗം മേധാവിയായ രാജലക്ഷ്മി ടീച്ചറാണ് ശില്പം അണിയിച്ചൊരുക്കിയത്. ഗണപതിയെ കലാമണ്ഡലം ആര്യാമോഹനും പരശുരാമനെ കലാമണ്ഡലം ചിത്രയും കുച്ചിപ്പുഡി വേഷത്തിലൂടെ മുരുകനെ മേഘ വിജയനുംഅവതരിപ്പിച്ചു. പാർവ്വതിക്കും പരമശിവനും കലാമണ്ഡലം സംഗീതപ്രസാദും ദേവികയും ഭാവം പകർന്നു.  രാധയെയും കൃഷ്ണനെയും കലാമണ്ഡലം ലക്ഷ്മി എം നായരും ഗോപിക രാജും രംഗത്തെത്തിച്ചു. ഈ നൃത്തശില്പത്തിന് പശ്ചാത്തലം ഒരുക്കിയത് പഞ്ചമി, അനഘ  ജയ്മോൻ, ശ്രീലക്ഷ്മി, അഞ്ജന മേനോൻ, അനഘ പിള്ള, ഐശ്വര്യ, ശിവഗംഗ, അഭിരാമി, രവീണ എന്നിവരായിരുന്നു.

ഒരു കലാകാരന് തന്റെ ആന്തരികസത്യത്തെയും ലോകസത്യത്തെയും വെളിപ്പെടുത്താനുള്ള ഉപാധിയാണ് കല. അതിന്റെ ഇന്ദ്രിയപരതയാണ് വള്ളത്തോൾ കലാമണ്ഡലത്തിലൂടെ സ്വപ്നം കണ്ടത്. ബഹുസ്വരതയാണ് ഇതിന്റെ സംസ്കാരം. അതിന് ഉചിതമായ ഗുരുദക്ഷിണയായിരുന്നു ഈ നൃത്തശില്പം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top