25 September Monday

സെലസ്‌റ്റ്യൽ സിറ്റി

സുരേഷ്‌ ഗോപിUpdated: Sunday Jul 10, 2022

sureshgopidbi@gmail.com

സജീവമായ സാമൂഹ്യ ജീവിതത്തിന്റെ പരിച്ഛേദങ്ങളിൽ ഒന്നാണല്ലോ നമ്മുടെ ക്ലാസ്‌ മുറികൾ. അത്‌ കോളേജുകളിൽ ആകുമ്പോൾ കുറേക്കൂടി ഗൗരവമായി ജീവിതത്തെ സമീപിക്കുന്നു. വർഷങ്ങളോളം അത്തരം ‘മുതിർന്ന’ കുട്ടികളുമായി സംവദിച്ച അധ്യാപകർക്ക്‌ വിരമിച്ചശേഷം നാലു ചുവരിനുള്ളിൽ വിശ്രമജീവിതം നയിക്കാനാകില്ല.  പൊതുസമൂഹത്തിൽനിന്നും തീർത്തും വിട്ടുനിൽക്കാനുമാകില്ല. അതിനൊരു തുടർച്ചയുണ്ടാകണം. അതിനുള്ള മറുപടിയാണ്‌ തിരുവനന്തപുരം നെടുമങ്ങാട്‌ ഉഴമലയ്ക്കൽ പഞ്ചായത്തിലെ  മാണിക്യപുരത്ത്‌ ആരംഭിച്ച സെലസ്റ്റ്യൽ സിറ്റി. ദീർഘകാലം അധ്യാപകജീവിതം നയിച്ചവർ ഉൾപ്പെടെയുള്ളവർക്ക്‌ ജീവിത സായന്തനകാലത്ത്‌ ഒറ്റപ്പെടൽ മറന്ന്‌ കൂട്ടായി ജീവിക്കാൻ ഒരിടം. അതാണ്‌ സെലസ്റ്റ്യൽ സിറ്റി. 3.25 ഏക്കറിലാണ് ഈ സ്ഥാപനം നിർമിച്ചിരിക്കുന്നത്.
സായാഹ്നസാന്ത്വം

വിരമിച്ചവരും സർവീസിലുള്ളവരുമായ എയ്‌ഡഡ് കോളേജ് അധ്യാപകരും  മറ്റ് വിവിധ മേഖലയിൽപ്പെട്ട സമാന മനസ്കരും ചേർന്ന് 2017ൽ രൂപീകരിച്ച സ്വകാര്യ ട്രസ്റ്റാണ് സായാഹ്നസാന്ത്വം. മൂന്നും നാലും പതിറ്റാണ്ട്‌ ഒന്നിച്ചു പ്രവർത്തിച്ചവർ ഗതകാല സ്മരണകൾ അയവിറക്കാനും ജീവിതപ്രശ്നങ്ങളിൽ പരസ്പരം തണലാകാനുംവേണ്ടിയാണ് സാന്ത്വം രൂപംകൊണ്ടത്. പാലിയേറ്റീവ് കെയർ സെന്റർ, ഡേ കെയർ സെന്റർ  തുടങ്ങിയവ സ്ഥാപിച്ചു നടത്തുകയാണ്‌  ലക്ഷ്യങ്ങൾ. മുതിർന്ന പൗരന്മാർക്ക് ക്ലേശരഹിതമായ  ജീവിതസാഹചര്യം ഒരുക്കുന്നതിന്, ഹോം ഫോർ കമ്യൂണിറ്റി ലിവിങ്‌ എന്ന ആശയമാണ് ട്രസ്റ്റ്‌ വിഭാവനം ചെയ്തത്.  ഇതിന്റെ ആദ്യപടിയായാണ്‌  24 അപ്പാർട്ട്മെന്റുള്ള  സെലസ്‌റ്റ്യൽ സിറ്റി.

വിരമിച്ചവർ ഒറ്റപ്പെടരുത്‌

വിരമിച്ചാൽ പിന്നെ ഒറ്റപ്പെട്ട വിശ്രമജീവിതമെന്ന കാഴ്‌ചപ്പാടുകൾ എന്നേ മാറിയെന്ന്‌ ട്രസ്റ്റ്‌ സെക്രട്ടറി പ്രൊഫ. ഗീത എസ് പറയുന്നു. വിരമിച്ച  കോളേജ്‌ അധ്യാപകരുടെ കൂട്ടായ്‌മയിൽനിന്നാണ്‌ ആദ്യം ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞുവന്നത്‌. വിരമിച്ചവർ സൗഹൃദക്കൂട്ടായ്‌മകൾ നടത്തിയിരുന്നു. അതിന്‌ എത്തിച്ചേരാൻ കഴിയാത്ത മുതിർന്നവരുടെ വീടുകളിൽ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. അപ്പോഴാണ്‌ വിരമിച്ച മുതിർന്ന പൗരൻമാർ നേരിടുന്ന ഒറ്റപ്പെടലും മറ്റും പൂർണമായി മനസ്സിലാക്കാനായതെന്ന്‌ കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ മുൻ പ്രിൻസിപ്പലായ ഗീത ടീച്ചർ പറയുന്നു.  മക്കൾ പോലും അടുത്തില്ലാതെ വയസ്സായ മാതാപിതാക്കൾ മുഖത്തോടുമുഖം നോക്കിയിരിക്കുന്ന അവസ്ഥ നേരിൽക്കണ്ടു.  അതോടെയാണ്‌ അവർക്കായി എന്തുചെയ്യാൻ കഴിയുമെന്ന്‌ ആലോചിച്ചത്‌. വിദേശത്ത്‌ ഉൾപ്പെടെയുള്ള ഇത്തരം കമ്യൂണിറ്റി ലിവിങ് കേന്ദ്രങളെക്കുറിച്ച്‌ വിശദപഠനം നടത്തിയാണ്‌ സെലസ്‌റ്റ്യൽ സിറ്റി എന്ന ആശയത്തിലേക്ക്‌ എത്തിയത്‌.

മതനിരപേക്ഷം
വിരമിച്ചശേഷം സമൂഹത്തിലെ ഒറ്റപ്പെടലിന്റെ ഭാഗമായി ചിലർ ചെന്നുപെടുന്നത്‌ പലപ്പോഴും  വർഗീയ സംഘടനകളുടെയും മതങ്ങളുടെയും  കൂട്ടായ്മകളിലാണ്. അല്ലെങ്കിൽ വീട്ടിൽ ഏകാന്തജീവിതം. മക്കൾ വിദേശത്താണെങ്കിൽ അവരുടെ ജീവിതം കുറേക്കൂടി പ്രയാസമാകുന്നു. ആരുമില്ലാതെ ഒറ്റപ്പെട്ട ജീവിതം.  അത്തരം കാര്യങ്ങൾ പ്രതിരോധിക്കുന്നതിനും സന്തോഷപ്രദവും  ആരോഗ്യകരവുമായൊരു ജീവിതസായാഹ്നം പ്രദാനം ചെയ്യാനും ഇത്തരം കമ്യൂണിറ്റി ലിവിങ്‌ സ്ഥാപനങ്ങൾക്കു കഴിയുന്നു. മതനിരപേക്ഷമായ അന്തരീക്ഷമാണ്‌ സെലസ്റ്റ്യൽ സിറ്റിയിൽ.  കേരളീയരിൽ നല്ലൊരുവിഭാഗം  അന്ധവിശ്വാസങ്ങൾക്കും ജാതിമത വേർതിരിവുകൾക്കും  വശംവദരായിക്കൊണ്ടിരിക്കുന്ന കാലത്ത്‌ മുതിർന്ന പൗരൻമാർക്കായി ഒരുക്കിയ ഈ ഇടത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌.

ഗ്രാമപ്രദേശത്തെ ശുദ്ധവായു ശ്വസിച്ച്‌ തികച്ചും ആരോഗ്യകരമായ അന്തരീക്ഷത്തിൽ കൂട്ടായ ജീവിതം. പരസ്‌പരം തമാശ പറഞ്ഞ്‌ ക്ലേശതകൾ മറന്ന ജീവിതം.  പ്രകൃതിയോടിണങ്ങിയ ജീവിതരീതികളാണ്‌. ആദ്യഘട്ടത്തിൽ താമസത്തിനെത്തിയ എല്ലാവരും വളരെ സന്തോഷത്തിലാണ്‌. അതുവരെയുള്ളതിൽനിന്നും തികച്ചും വ്യത്യസ്‌തമായ ജീവിതം. കേരളത്തിൽ ഇങ്ങനെയൊരു സമീപനത്തോടെ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനവുമില്ല.   രണ്ടാംഘട്ടമായി 30 അപ്പാർട്ട്മെന്റും വിഭാവനം ചെയ്തിട്ടുണ്ട്. അതിലേക്കുള്ള ബുക്കിങ്ങും തുടങ്ങി.

വയോസൗഹൃദം
മുതിർന്നവർക്ക് ക്ലേശരഹിതമായ  ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യവും ഇവിടെയുണ്ട്‌.  പ്രതിമാസ ചെലവ് എല്ലാവരും തുല്യമായി വീതിച്ചെടുക്കുന്നു. പൊതു അടുക്കള, ഭക്ഷണശാല, പ്രാഥമികാരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വ്യായാമത്തിന് ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, 10,000 പുസ്തകം സജ്ജീകരിക്കാവുന്ന  ലൈബ്രറി. 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, പഠനഗവേഷണങ്ങൾക്ക്  സൗകര്യം,  മക്കളോ അടുത്ത ബന്ധുക്കളോ സന്ദർശിക്കാനെത്തിയാൽ ഗസ്റ്റ് റൂമുകൾ തുടങ്ങിയവ --സെലസ്‌റ്റ്യൽ സിറ്റിയിലുണ്ട്. കെട്ടിടനിർമാണംപോലും വയോസൗഹൃദമാണ്‌. ലാഭേച്ഛ ഇല്ലാതെയുള്ള പ്രവർത്തനരീതിയാണ് ഇവിടെ. ലൈഫ്ടൈം ലീസ്  വ്യവസ്ഥയിലാണ് ഗുണഭോക്താക്കൾക്ക് അപ്പാർട്ടുമെന്റ്‌ നൽകുന്നത്‌. മുടക്കിയ തുക അവരുടെ കാലശേഷം അനന്തരാവകാശിക്ക് നൽകുന്നു.

മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുക,  ശിഷ്ടകാല ജീവിതം   ക്രിയാത്മകമാക്കുക, സന്നദ്ധ പ്രവർത്തനത്തിലൂടെയും സാമൂഹ്യ ഇടപെടലിലൂടെയും നല്ല മാതൃകകൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് സായാഹ്ന സാന്ത്വത്തിന്റെ ലക്ഷ്യങ്ങൾ. പ്രൊഫ. കെ പി ദിവാകരൻ നായരാണ്‌ ട്രസ്റ്റ്‌ ചെയർമാൻ. വയോജനങ്ങൾക്കായി പാലിയേറ്റീവ് കെയർ, ഡേ കെയർ സംരംഭങ്ങളും ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top