08 June Thursday

വാസവദത്തയെ വേദിയിൽ അവിസ്‌മരണീയമാക്കി പ്രവാസി വീട്ടമ്മ

സുരേഷ് വെട്ടുകാട്ട്Updated: Sunday Jul 10, 2022


‘കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാർ-
കുനുചില്ലിക്കൊടി കാട്ടി വിളിച്ചിടുന്നു.
ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലർന്നിതോ ഫലം, ചൊൽക കനിയായിതോ?’

പ്രണയ പാരവശ്യത്തോടെ വാസവദത്ത തോഴിക്കരികിൽ നിന്നു. തോഴിയുടെ മറുപടി നെഞ്ചുപിളർക്കുന്നതായിരുന്നു.

‘കുണ്ഠിതയായിതുകേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടൻ വലിച്ചെറിഞ്ഞും’

കുമാരനാശാന്റെ  കരുണയിലെ നായിക വാസവദത്ത അരങ്ങിലേക്കെത്തുകയാണ്‌.  കഥാപാത്രത്തെ അവിസ്‌മരണീയമാക്കുന്നത്‌ ശാരിസാരംഗ് എന്ന പ്രവാസി വീട്ടമ്മ.

ആണധികാരം കൊടികുത്തിവാണ കാലത്ത് പെൺവേഷംകെട്ടി വേദികളിൽ നടനവിസ്മയം തീർത്തയാളാണ്‌ ഓച്ചിറ വേലുക്കുട്ടി. അദ്ദേഹത്തിന്റെ വാസവദത്തയെ ആരും മറന്നിട്ടില്ല.  ഓച്ചിറ വേലുക്കുട്ടിയെ അനുസ്മരിക്കാൻ പുരോഗമന കലാസാഹിത്യസംഘം ഓച്ചിറയിൽ ഒരുക്കിയ വേദിയിലായിരുന്നു ‘കരുണ'യുമായി ശാരിസാരംഗിന്റെ മിന്നുന്ന പ്രകടനം. അതും ജീവിതത്തിൽ ആദ്യമായി പ്രൊഫഷണൽ നാടകവേദിയിൽ.  കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ ശാരി, വാസവദത്ത എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതാവസ്ഥകളാണ്‌ വേദിയിൽ പകർന്നാടിയത്‌. വിവാഹശേഷം ഭർത്താവ് രതീഷ്‌പാലിനും മക്കളായ കാർത്തിക് മഹേശ്വർ, കൃഷ് മഹേശ്വർ എന്നിവർക്കുമൊപ്പം എട്ടു വർഷമായി മസ്കത്തിൽ ആയിരുന്നു ശാരിസാരംഗ്.  ഒമാനിലെ കൈരളി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ പ്രവർത്തകയായിരുന്നു.  അവയുടെ കലാപ്രവർത്തനങ്ങളിലും  ഭാഗമായി. എന്നാൽ, നാടകരംഗത്ത് ആത്മധൈര്യം നൽകിയത്‌  നാട്ടിലെ വേനൽത്തുമ്പി  കലാജാഥയുടെ അനുഭവസമ്പത്താണെന്ന്‌ ശാരി പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലെത്തിയശേഷം പൊതുപ്രവർത്തനരംഗത്ത്‌ സജീവമാണ്‌ ഈ യുവതി. ഡിവൈഎഫ്ഐ  കണ്ടല്ലൂർ യൂണിറ്റ് സെക്രട്ടറിയായും മേഖലാ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഇതിനിടെ, പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച രണ്ട് തെരുവ് നാടകത്തിൽ അഭിനയിച്ചു. കെപിഎസി അഷറഫ്  ‘കരുണ' നാടകമാക്കി രംഗത്ത് അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതിലേക്ക് ശാരിയെ ക്ഷണിക്കുകയായിരുന്നു.  കെപിഎസി അഷ്‌റഫ്, കെപിഎസി രാജേന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചുരുങ്ങിയ ദിവസങ്ങളിലെ പരിശീലനം.  ആദ്യ രംഗാവതരണത്തിൽത്തന്നെ വാസവദ കൈയടി നേടി. പൊതുപ്രവർത്തനവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിനിടയ്ക്ക് ഇത്തരത്തിൽ വ്യത്യസ്ത വേഷം കിട്ടിയാൽ അഭിനയരംഗത്തു തുടരാനാണ്‌ ശാരിയുടെ തീരുമാനം.

sureshkumarvettukattu@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top