09 September Monday

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

ഡോ. എസ്‌ ബി ലിറ്റിൽ ഹെലൻUpdated: Sunday Jul 10, 2022


helensuresh78@gmail.com

പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച സജീവമാണ്‌. ജീവശാസ്ത്രപരമായ വളർച്ചയും വികാസവും സാമൂഹ്യ, -സാംസ്കാരിക പരിസ്ഥിതിയുമായി ഏറ്റുമുട്ടുമ്പോൾ പുതിയ പ്രശ്നങ്ങൾ - രൂപപ്പെടാറുണ്ട്. പുതിയ പുതിയ ആവശ്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. ശാരീരിക വളർച്ചയെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനം വൈകാരിക പ്രതിസന്ധിയുണ്ടാക്കും. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത, പിരിമുറുക്കമോ കുറ്റബോധമോ അനുഭവിക്കുന്ന, ഈ അവസ്ഥയിൽ അവരെ നയിക്കുന്നത് മിക്കപ്പോഴും അസത്യങ്ങളോ, അർധസത്യങ്ങളോ ആയിരിക്കും. ശരിയായ വിവരം നൽകാൻ ബാധ്യതയുള്ള രക്ഷിതാക്കളും അധ്യാപകരും അതിനു - മടികാണിക്കുമ്പോൾ  അല്ലെങ്കിൽ അവർക്കതിനു കഴിയാതെ വരുമ്പോൾ - പ്രശ്നം രൂക്ഷമാകുന്നു. ലൈംഗിക വിദ്യാഭ്യാസം അഞ്ചാം ക്ലാസ്‌ മുതൽ തുടങ്ങേണ്ടതുണ്ട്. കുട്ടികൾ പ്രായപൂർത്തിയാകുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒമ്പതുവയസ്സ്‌ മുതലാണ്. മുമ്പ്‌  14, 15 വയസ്സിലായിരുന്നു. ശാരീരിക പ്രായപൂർത്തിക്ക്‌ വേണ്ടിവരുന്ന കാലഘട്ടം കുറയുന്നുവെന്ന്‌ ചുരുക്കം.  ഇതിനുള്ള കാരണം ജീവിതശൈലി (പ്രത്യേകിച്ച് ഫാസ്റ്റ്ഫുഡ്) സമ്പ്രദായമാണ്. ബുദ്ധിയും  ശക്തിയും  തിരിച്ചറിവും നന്നായി വികസിക്കാത്ത സമയത്തുതന്നെ, കൗമാരകാലത്തെ സ്വഭാവ സവിശേഷതകൾ ഉണ്ടാകുന്നു. തിരിച്ചറിവില്ലാത്ത ഈ ഘട്ടത്തിൽ കുട്ടികൾക്ക്‌ അവരുടെ ലൈംഗികാവയവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അറിയില്ല.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ സമൂഹം പ്രതികരിക്കാറുണ്ട്. എന്നാൽ, ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന വിഷയം വരുമ്പോൾ പലരും കണ്ണ് തുറന്നുവച്ച് ഉറങ്ങാറാണ് പതിവ്. അതിനുള്ള പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസമെന്നത് വളരെ മോശമായ അല്ലെങ്കിൽ തെറ്റായ എന്തോ ഒന്ന് എന്ന ധാരണയാണ്‌.

നാം കുട്ടികൾക്ക് കൊടുക്കുന്ന ബോധവൽക്കരണം എന്താണ്? പരിചയമില്ലാത്ത ആളുകൾ തരുന്നതൊന്നും വാങ്ങിക്കഴിക്കരുത്, പരിചയമില്ലാത്തവർ വിളിച്ചാൽ അടുത്തുപോകരുത് എന്നൊക്കെയല്ലേ. ഇന്ന് നമ്മുടെ സമൂഹത്തിൽ പരിചയമില്ലാത്ത ആൾക്കാർ മാത്രമാണോ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്. അല്ല.

പരസ്പരം ആകർഷണം തോന്നുന്നത് പ്രായത്തിന്റെ സ്വാഭാവികതയാണ്. എന്നാൽ, അനാവശ്യപ്രേരണ ഉണ്ടാകുന്നത് കൂട്ടുകെട്ടുകൾ തെറ്റിദ്ധരിപ്പിക്കുമ്പോഴാണ്.  ഇവയെല്ലാം ജീവശാസ്ത്രപരമായ മാറ്റങ്ങളിലൂടെ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തെ തുടർന്നാണെന്ന്‌ കുട്ടികൾ അറിയേണ്ടതുണ്ട്. ഇവിടെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി.

കൗമാരക്കാരുടെ ജീവിതസങ്കൽപ്പങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നതിൽ സമപ്രായക്കാരുടെ സ്വാധീനം വളരെ വലുതാണ്. ഈ സ്വാധീനം തെറ്റായ വഴിയിലേക്ക് നയിക്കാതിരിക്കാൻ -- ഓരോരുത്തരും സ്വയം പാകപ്പെടേണ്ടതുണ്ട്. എന്തിനെയും വെല്ലുവിളിക്കാനും സാഹസികതയും പരീക്ഷണങ്ങളും സംഘംചേർന്ന് ഏറ്റെടുക്കാനുള്ള പ്രവണത കൗമാരക്കാരിൽ വളരെ കൂടുതലാണ്. ഇത് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗത്തിലേക്കും രോഗാവസ്ഥകളിലേക്കും നയിക്കാം. കൗമാരക്കാരും വിവിധ തലത്തിൽപ്പെട്ട വ്യക്തികളും തമ്മിലുള്ള ബന്ധം എത്രത്തോളമാകാമെന്ന് അവർ അറിയേണ്ടതുണ്ട്.

ഇന്നത്തെ തലമുറയ്ക്ക് സ്വന്തം ശരീരത്തെക്കുറിച്ച്‌ യഥാർഥമായ അറിവ്‌ ഇല്ല. അതിനുള്ള പ്രധാന കാരണം കൂട്ടുകുടുംബത്തിൽനിന്ന്‌ അണുകുടുംബത്തിലേക്കുള്ള മാറ്റമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിൽ മുതിർന്നവർ പലരും കുട്ടികളെ കരുതാനും അവർക്കാവശ്യമായ ജീവിതമൂല്യങ്ങൾ പകർന്നു നൽകാനും ഉണ്ടായിരുന്നു. എന്നാൽ, അണുകുടുംബത്തിൽ ഇത്‌ സാധാരണ സംഭവിക്കുന്നില്ല. പറഞ്ഞുകൊടുക്കുന്നവരാകട്ടെ, അത്‌ പെൺകുട്ടികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തുന്നു.

ജീവശാസ്‌ത്രത്തിൽ മറ്റു ജീവജാലങ്ങളുടെ ലൈംഗിക പ്രത്യുൽപ്പാദനാവയവങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്‌. എന്നാൽ, അതിനു നൽകുന്ന പ്രാധാന്യത്തിന്റെ ഒരൽപ്പം, മനുഷ്യരുടെ പ്രത്യുൽപ്പാദനാവയവങ്ങളെക്കുറിച്ചും  അവ ആരോഗ്യത്തോടുകൂടി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആയാൽ നല്ലൊരു തലമുറയെ ആയിരിക്കും നാം വാർത്തെടുക്കുന്നത്.  ഒരു കാരണത്താലും മാതാപിതാക്കൾ ശരി മറച്ചുവച്ച്‌ തെറ്റ് പറഞ്ഞുകൊടുക്കരുത്. മൊബൈൽ പോലുള്ള പല ഉപകരണവും കൈയിലുള്ള ഇക്കാലത്ത്‌ ശാസ്‌ത്രീയമല്ലാത്ത, ബയോളജിക്ക് അല്ലാത്ത നൈസർഗികമല്ലാത്ത - ലൈംഗിക ചേഷ്ടകൾ പലതും ശരിയാണെന്ന് തെറ്റിദ്ധരിക്കുന്നു. അറിവില്ലായ്മയും ശ്രദ്ധയില്ലായ്മയും പല പ്രശ്നത്തിലേക്കും വൃത്തിയില്ലായ്മ  രോഗങ്ങളിലേക്കും നയിക്കുന്നു. കൂടാതെ കൗമാരപ്രണയവും ലൈംഗികബന്ധത്തിലേക്ക് നയിച്ചേക്കാം. കൗമാരകാലത്തെ ഗർഭധാരണം ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും തകർക്കുകയും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രമാർഗങ്ങൾ സ്വീകരിക്കുന്നത് ഒരുപക്ഷെ മരണത്തിനുവരെ കാരണമാകുകയും ചെയ്യും.

ബോധവൽക്കരണ ക്ലാസുകൾ എല്ലാ വിദ്യാർഥികളിലും മതിയായ അറിവ് ഉണ്ടാക്കുന്നില്ല.  ഇത്തരം ക്ലാസുകൾ ചിലർക്ക് ഒരു മണിക്കൂറോളം ക്ലാസ്‌ മുറികളിൽനിന്ന് വിട്ടുനിൽക്കാനുള്ള വഴിമാത്രമാണ്. അത്തരമൊരു ക്ലാസ്‌ - കഴിഞ്ഞ് തിരിച്ചെത്തുന്ന 60 വിദ്യാർഥികളോട് അവർ കേട്ട കാര്യമെന്തെന്നും അതിന്റെ പ്രാധാന്യമെന്തെന്നും ചോദിച്ചാൽ ശരിയായ മറുപടി അഞ്ചോ, പത്തോ പേരിൽ നിന്നായിരിക്കും.  മറ്റുള്ളവർ  കാര്യമായി ശ്രദ്ധിക്കുന്നില്ലായെന്നുതന്നെ അർഥം. എന്നാൽ, ഇത് പരീക്ഷയ്ക്ക് ഉൾപ്പെടുത്തുന്ന വിഷയമാണെങ്കിൽ തീർച്ചയായും വിദ്യാർഥികൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യും. മിക്ക വിദ്യാലയത്തിലും ലൈംഗിക പ്രത്യുൽപ്പാദന ക്ലാസുകൾ പെൺകുട്ടികൾക്ക് മാത്രമാണ്. എന്നാൽ, ഇത്‌ അതേ അളവിൽ ആൺകുട്ടികൾക്കും കൊടുക്കേണ്ടതുണ്ട്. സമൂഹത്തിൽ പെൺകുട്ടികൾ മാത്രമല്ല, പീഡനത്തിന്‌ ഇരയാകുന്നതെന്ന്‌ ഓർമ വേണം.

യാഥാർഥ്യത്തെ മറച്ചുപിടിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന രക്ഷാകർത്താക്കളും ലൈംഗിക പ്രത്യുൽപ്പാദനാവയവങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് പഠിപ്പിക്കാതെ പോകുന്ന അധ്യാപകരും ഓർക്കുക, അങ്ങനെ ചെയ്യുമ്പോൾ  സംഭവിക്കുന്നത് അടുത്ത തലമുറയെ അിറവില്ലായ്മ മൂലമുള്ള അന്ധകാരത്തിലേക്ക് തള്ളിവിടുകയാണെന്ന്‌. ഇപ്പോഴുള്ള സിലബസ് അനുസരിച്ച് 12–--ാം ക്ലാസിലെ ബയോളജി വിദ്യാർഥികൾക്കാണ് Human reproduction, - Reproduction health എന്നീ രണ്ട് അധ്യായം പാഠ്യപദ്ധതിയിലുള്ളത്. ബയോളജി  വിദ്യാർഥികൾ മാത്രം അറിഞ്ഞിരിക്കേണ്ട ഒന്നല്ല ലൈംഗിക പ്രത്യുൽപ്പാദനാവയവങ്ങളും അവയുടെ ആരോഗ്യവും. 

12–--ാം ക്ലാസിൽ പഠിക്കുന്ന  പെൺകുട്ടികൾക്കുപോലും അവരുടെ ആർത്തവ ദിവസം അറിയാത്ത അവസ്ഥയുണ്ട്.  സ്കൂളിൽ വന്ന് 10- മിനിറ്റിനുള്ളിൽ നാപ്കിൻ അന്വേഷിക്കുന്ന നിരവധി പേരുണ്ട്. അതുകൊണ്ട് ലൈംഗികാവബോധം ശരിയായ രീതിയിൽ വിദ്യാർഥികളിൽ എത്താൻ ഓരോ പ്രായത്തിലും ആവശ്യമുള്ള കാര്യം പഠനവിഷയമാക്കണം. അടിസ്ഥാന അറിവ് കുട്ടികൾക്ക്‌ ഉള്ളതുകൊണ്ട്‌ മറ്റ് അധ്യായങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ ക്രമമായി ഇവയും പഠിപ്പിക്കാനാകും.

-ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ -- വിദ്യാഭ്യാസ വകുപ്പിനായാൽ, നമ്മുടെ കുഞ്ഞുങ്ങൾക്ക് , സമൂഹത്തിലെ ചതിക്കുഴികൾ തിരിച്ചറിയാനും  നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുക്കാനും  ലൈംഗിക രോഗങ്ങളെയും അവയുടെ സംക്രമണ സാധ്യതകളെയുംകുറിച്ച് അറിയാനും സാധിക്കും. -


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top