30 September Wednesday

കാരാഗൃഹം കടന്ന കവിത

ഡോ. ശരത് മണ്ണൂർUpdated: Monday Feb 10, 2020

 
പതിനെട്ടുമാസമായി  ഉഗാണ്ടയിലെ തടവറയിലാണ്‌ ഡോ. സ്റ്റെല്ല. രാജ്യത്തെ പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തി കവിതയെഴുതിയതാണ്‌ കുറ്റം.  എന്നിട്ടും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഈ വർഷത്തെ ഓക്സ്ഫാം-നോവിബ്ബ്  പെൻ ഇന്റർനാഷണൽ പുരസ്‌കാരം സ്‌റ്റെല്ലയെ തേടി തടവറയിലെത്തി. ഹേഗിലെ പുരസ്‌കാരദാനച്ചടങ്ങിൽ സ്‌റ്റെല്ലയ്‌ക്കായുള്ള ഇരിപ്പിടം പ്രതീകാത്മകമായി  ഒഴിച്ചിടുകയായിരുന്നു. അത്‌ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധവുമായി മാറി.

ഉഗാണ്ടയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ്‌ ഡോ. സ്റ്റെല്ല ന്യാൻസി.  അന്തർദേശീയതലത്തിൽ  അറിയപ്പെടുന്ന  സാമൂഹ്യപ്രവർത്തകയും ആക്ടിവിസ്റ്റും.   ഉഗാണ്ടയിലെ  വിവിധ  സർവകലാശാലകളിൽ അധ്യാപികയും ഗവേഷകയുമാണ്. പൊതുജനാരോഗ്യം,  ലിംഗ പദവി, സ്ത്രീ സുരക്ഷ  തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം  ഇടപെട്ടു. ഉഗാണ്ടയിലെ സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ  പ്രതിലോമകരമായ  നടപടികളെ  ശക്തമായി  അപലപിക്കുകയും  അവ  സാമൂഹ്യമാധ്യമങ്ങളിലൂടെ ലോക ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. ഉഗാണ്ടയിലെ സ്വേച്ഛാധിപത്യഭരണത്തിന്  ചുക്കാൻ പിടിക്കുന്ന പ്രസിഡന്റ്  മ്യൂസ്‌വെന്നിയെ  നിശിതമായി വിമർശിച്ച്‌   2018 ൽ സോഷ്യൽ മീഡിയയിൽ  അവർ എഴുതിയ  കവിതയാണ് അധികാരികളെ വിറളി പിടിപ്പിച്ചത്. മ്യൂസ്‌വെന്നിയെപ്പോലെ  അങ്ങേയറ്റം  ജനവിരുദ്ധനായ ഒരു നേതാവിന്  ജന്മം നൽകിയ അയാളുടെ അമ്മയേയും കവിതയിൽ അവർ  വിമർശിക്കുന്നുണ്ട്.


 

കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉഗാണ്ടയിൽ  സ്ത്രീ സ്വാതന്ത്ര്യം വിദൂരസ്വപ്നം  മാത്രമാണ്. അതോടൊപ്പം  പ്രസിഡന്റ് മ്യൂസ്‌വെന്നിയുടെ  സ്വേച്ഛാധിപത്യ ഭരണം കൂടിയായപ്പോൾ  സാധാരണക്കാരായ  പൗരന്മാരുടെ ജീവിതമാണ് നിത്യനരകമായത്‌. ജനകീയ പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സ്റ്റെല്ല അവയുടെ സത്യസന്ധമായ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിച്ചപ്പോൾ മ്യൂസ്‌വെന്നി  ഭരണകൂടം പ്രതിരോധത്തിലായി. സ്റ്റെല്ലയെ  തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ അധികാരികൾ 2018 ൽ അവർ എഴുതിയ കവിതയിൽ രാജ്യദ്രോഹം ആരോപിച്ച്  അവരെ തുറുങ്കിലടയ്ക്കുകയായിരുന്നു.

ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യനയങ്ങൾക്കെതിരെ  ഇന്ത്യയുൾപ്പെടെ  പല രാഷ്ട്രങ്ങളിലും പ്രതിഷേധങ്ങൾ ഇരമ്പുകയാണ്. അത്തരമൊരു സന്ദർഭത്തിലാണ് ജനകീയസമരങ്ങളുടെ തീച്ചൂളയിലുരുകുന്ന ഉഗാണ്ടയിലെ കാരാഗൃഹത്തിലേക്ക്‌ ഒരു രാജ്യാന്തര പുരസ്കാരം ചെന്നെത്തുന്നത്‌.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top