16 September Monday

നൃത്തവേദിയിൽ നിളയൊഴുകി

ഉണ്ണി ഈന്താട്Updated: Tuesday Jul 9, 2019


നൃത്തവേദികളിൽ പതിറ്റാണ്ടുകൾ ചുവടുകളാടിയവർക്കുപോലും നടക്കാത്ത ആഗ്രഹമാണ് പതിനൊന്നുകാരി നിളാ നാഥ് യാഥാർഥ്യമാക്കുന്നത്.  രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും നൃത്തമവതരിപ്പിക്കണമെന്ന മോഹവുമായി വേദികളിൽ നൂപുരധ്വനികളുയർത്തുകയാണ് കോഴിക്കോട് കക്കോടി സ്വദേശിയായ നിളാനാഥ്.

ചേളന്നൂർ എകെകെആർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ നിളാ നാഥിന് ശാസ്ത്രീയ നൃത്തങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. പത്തു സംസ്ഥാനങ്ങളിൽ ഇതിനകം ഇൗ ബാലനർത്തകി നൃത്തമവതരിപ്പിച്ചു കഴിഞ്ഞു. കുഞ്ഞുനാളിൽ തന്നെ വിട്ടുപിരിഞ്ഞ അമ്മയുടെ ആഗ്രഹം നിറവേറ്റുകയാണ് വേദികളിൽനിന്ന് വേദികളിലേക്ക് പടർന്നുകയറി ഈ കൊച്ചുമിടുക്കി. മൂന്ന് വിദേശ രാജ്യങ്ങളിലും ഇതിനകം നിള തെൻറ പ്രകടനമികവ് അറിയിച്ചു കഴിഞ്ഞു. മാതാവ് ഷീബയുടെ മരണത്തെ തുടർന്ന്, ആ വേർപാടിന്റെ ദു:ഖമകറ്റാൻ മൂന്നാം വയസ്സിൽ ചിലങ്കയണിഞ്ഞപ്പോൾതന്നെ ഒരു വലിയ കലാകാരിയുെട ഭാവിവിസാന്നിധ്യം വെളിപ്പെടുത്തി.  ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം എന്നിവയിൽ തഴക്കമൊത്ത കലാകാരിയാണ് ഈ കൊച്ചുമിടുക്കി. ദുബൈയിലും മലേഷ്യയിലും നടന്ന അന്തർദേശീയ നൃത്ത മത്സരത്തിൽ രാജ്യാന്തര പുരസ്കാരവും നിളയെ തേടിയെത്തി. 

സദനം ശശിധരനിൽ നിന്ന് നൃത്തപരിശീലനം തുടങ്ങിയ നിള, കലാമണ്ഡലം സത്യവ്രതനിലൂടെ ചുവടുറച്ച നർത്തകിയായി അറിയപ്പെട്ടു. നൃത്തപരിശീലനത്തിന് എന്തു ത്യാഗവും ചെയ്യും. ഭക്ഷണവും ഉറക്കവുമൊന്നും ഇൗ നാട്യ പരിശീലനത്തിന് തടസ്സമല്ല. മോഹിനിയാട്ടത്തിെൻറ കൂടുതലറിവുകൾതേടി എല്ലാ ശനിയാഴ്ചയും കോഴിക്കോടുനിന്ന് തൃശൂരിലേക്ക് പിതാവ് ബിജുനാഥിനോടൊപ്പം വണ്ടി കയറുന്നത് ഇൗ നൃത്തസപര്യയുടെ ഭാഗമാണ്.  തൃശൂരിലെ പല്ലവി കൃഷ്ണന്റെ കീഴിലാണ് ഇപ്പോൾ മോഹിനിയാട്ടം പരിശീലിക്കുന്നത്. നിളയുടെ കഴിവുകൾ കണ്ടറിഞ്ഞ ഭിലായിയിലെ നൃത്താധ്യാപകനും മലയാളിയുമായ ഡോ. രതീഷ് ബാബുവാണ് ലോകനൃത്തവേദിക്ക് ഭാവിയുടെ ഇൗ നർത്തകിയെ പരിചയപ്പെടുത്തുന്നതും പ്രോത്സാഹനം നൽകുന്നതും. 

എ ബിജുനാഥിൻെറ മകളാണ് നിളാ നാഥ്.  സഹോദരൻ അനേഷ് ബദരിനാഥിെൻറ പ്രോത്സാഹനമാണ് എല്ലാറ്റിനും നിളയുടെ കരുത്ത്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയേറെ വേദികൾ ലഭിച്ച കുട്ടികൾ അപൂർവമാണെന്നും നിളയുടെ ജീവിതം മഹാഭാഗ്യമാണെന്നുമാണ് നിളയുടെ നൃത്താധ്യാപകർ പറയുന്നത്.


പ്രധാന വാർത്തകൾ
 Top