09 June Friday

ശാസ്‌ത്രനഭസ്സിലെ മലയാളി നക്ഷത്രങ്ങൾ

ഡോ.ജോസ് ചാത്തുകുളംUpdated: Sunday Mar 8, 2020


കണ്ണൂരിലെ തലശ്ശേരിയിലും ഇടുക്കിയിലെ പീരുമേട്ടിലും ജനിച്ച രണ്ടു ശാസ്‌ത്രപ്രതിഭകൾ.  ജാനകിയമ്മാളും അന്ന മാണിയും. അവർ  സാർവദേശീയ വനിതാദിനത്തിൽ ആദരിക്കപ്പെടുകയാണ്‌. ശാസ്‌ത്ര സാങ്കേതികരംഗത്ത് സംഭാവനകൾ നൽകിയ 11 പേരെ കേന്ദ്ര ശാസ്‌ത്ര സാങ്കേതികവകുപ്പും വനിതാശിശുക്ഷേമ വകുപ്പും ആദരിക്കുന്നത്‌ അവരുടെ പേരിൽ ഓരോ ചെയറുകൾ ആരംഭിച്ചാണ്‌. അതിലാണ്‌ മലയാളത്തിന്റെ ഈ രണ്ടു നക്ഷത്രങ്ങളും ഇടംപിടിക്കുന്നത്‌.  മൂന്നു ലക്ഷം വരുന്ന ശാസ്‌ത്ര സാങ്കേതിക വിദഗ്‌ധരുടെ ഇടയിൽ വനിതകൾ 14 ശതമാനത്തിൽ താഴെ മാത്രം. ലോകമാകെ  നോക്കിയാലും ശാസ്‌ത്രലോകത്തെ സ്‌ത്രീപങ്കാളിത്തം 28 ശതമാനം മാത്രം.  

ഈ രണ്ട് വനിതാ ശാസ്‌ത്രജ്ഞരുടെ സ്‌മരണാർഥം ചെയർ തുടങ്ങാനുള്ള തീരുമാനം  ഫെബ്രുവരിയിൽ ദേശീയ ശാസ്‌ത്ര ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്.  കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ ചെയറുകൾ ആരംഭിക്കുന്നത് അഭിമാനകരമായിരിക്കും. ഈ രണ്ട് ശാസ്‌ത്രജ്ഞരുടെയും ജീവിതത്തിലും ചില സാദൃശ്യങ്ങൾ നമുക്ക് കാണാം. ശാസ്‌ത്രപുരോഗതിക്കും കണ്ടുപിടിത്തങ്ങൾക്കുംവേണ്ടി അവിവാഹിതരായി ജീവിതം ഉഴിഞ്ഞുവച്ചവർ. ഗാന്ധിയൻ തത്വങ്ങളിൽ അടിയുറച്ചു വിശ്വസിച്ചവർ. ഇരുവരും  ഡോ. സി വി രാമനോടൊപ്പം പ്രവർത്തിച്ചു. രണ്ടുപേരും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ വിവേചനങ്ങൾക്ക് വിധേയരായവർ.

ഡോ. ജാനകിയമ്മാൾ
മദ്രാസ് പ്രസിഡൻസിയിലെ ജഡ്‌ജിയായിരുന്ന കക്കാട്ട് കൃഷ്‌ണന്റെയും ദേവി കുറുവായിയുടെയും മകൾ. ജനനം 1897 നവംബർ നാലിനു തലശ്ശേരിയിൽ. പഠിച്ചത്‌ തലശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിലും ചെന്നൈയിലെ ക്വീൻ മേരി കോളേജിലും പ്രസിഡൻസി കോളേജിലും. സസ്യശാസ്‌ത്രത്തിൽ ഓണേഴ്സ് ഡിഗ്രി നേടിയശേഷം ചെന്നൈയിലെ വിമെൻസ് ക്രിസ്‌ത്യൻ കോളേജിൽ ബോട്ടണി ഡെമോൺസ്‌ട്രേറ്ററായി.  ഇക്കാലത്താണ്  മിഷിഗൺ സർവകലാശാലയിൽ സ്‌കോളർഷിപ്പിന്  അർഹയായത്.

1939ൽ മിഷിഗൺ സർവകലാശാലയിൽനിന്ന്‌ ഡോക്ടറൽ ഡിഗ്രി നേടി ജാനകിയമ്മാൾ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ബോട്ടണി പ്രൊഫസറായി. ഗവേഷണ പഠനകാലത്ത് അവർ വഴുതനച്ചെടിയുടെ വ്യത്യസ്‌ത ഇനങ്ങൾ സംബന്ധിച്ച് ഗവേഷണങ്ങൾ നടത്തി. അവർ സൃഷ്ടിച്ചെടുത്ത ഒരിനത്തിന്‌  "ജാനകിവഴുതന'  എന്നു പേരും ലഭിച്ചു. സസ്യശാസ്‌ത്രത്തിൽ ഡോക്‌ടറേറ്്‌ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ജാനകിയമ്മാൾ.

1934ൽ കോയമ്പത്തൂരിലെ കരിമ്പുഗവേഷണകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. അത്യുല്പാദനശേഷിയും കൂടുതൽ മധുരമുള്ളതുമായ കരിമ്പിനങ്ങൾ സൃഷ്ടിച്ചെടുത്തു. ജാതീയവും ലിംഗപരമായ അവഹേളനങ്ങൾ കൂസാതെ അവർ ഗവേഷണം തുടർന്നു.  ഡോ. സി വി രാമന്റെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിൽ ഗവേഷണത്തിന്‌ അവർ തെരഞ്ഞെടുക്കപ്പെട്ടു. 1939ൽ ഇംഗ്ലണ്ടിൽ നടന്ന ഏഴാമത് ജനറിക് സമ്മേളനത്തിന്‌  പ്രത്യേകം ക്ഷണിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സൈറ്റോളജിസ്റ്റായി. തുടർന്ന് 1945 ൽ ഡോ. സി ഡി ഡാർലിങ്‌ടണുമായി ചേർന്ന് ‘കൃഷിചെയ്യപ്പെടുന്ന ചെടികളിലെ ക്രോമസോം അറ്റ്‌ലസ്' രചിച്ചു. 1951ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിർദേശപ്രകാരം തിരിച്ചെത്തിയ ജാനകിയമ്മാൾ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ പുനഃസംഘടിപ്പിക്കുന്നതിനുള്ള സ്‌പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ടു. 1955ൽ ലഖ്‌നൗവിലെ കേന്ദ്ര സസ്യഗവേഷണ പരീക്ഷണശാലയുടെ അധിപയായി. 

1959ൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിൽനിന്ന്‌ വിരമിച്ച അവർ ജമ്മുവിലെ റീജ്യണൽ റിസർച്ച് ലാബ്‌ ഡയറക്ടറായി.  "ജമ്മുമിന്റ്' എന്ന പുതിയയൊരിനം ചെടി അവർ സൃഷ്ടിച്ചത് അക്കാലത്ത്‌. 1970ൽ മദ്രാസിൽ തിരികെയെത്തിയ ജാനകിയമ്മാൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ സസ്യശാസത്ര പഠനകേന്ദ്രത്തിൽ എമിരറ്റസ്‌ ശാസ്‌ത്രജ്ഞയായി. 1984ൽ മരണംവരെ ഗവേഷണപ്രവർത്തനങ്ങൾ തുടർന്നു. 

അന്ന മാണി
തിരുവിതാംകൂറിൽ സിവിൽ എൻജിനിയറായിരുന്ന മേടയിൽ എം പി മാണിയുടെയും അധ്യാപികയായിരുന്ന അന്നാമ്മയുടെയും മകളായ അന്നയുടെ ജനനം 1918 ആഗസ്‌ത്‌ 23നാണ്. എട്ടു വയസ്സായപ്പോഴേക്കും പീരുമേട്ടിലെ ഗന്ഥശാലയിലെ  മലയാള പുസ്‌തകങ്ങൾ അന്ന വായിച്ചുതീർത്തു. എട്ടാം പിറന്നാളിന് വൈരക്കമ്മൽ സമ്മാനമായി നൽകിയ പിതാവിനോട് ആവശ്യപ്പെട്ടത് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. അന്നയുടെ എട്ടാം വയസ്സിലാണ് പ്രശസ്‌തമായ വൈക്കം സത്യഗ്രഹവും ഗാന്ധിജിയുടെ വൈക്കം സന്ദർശനവും. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായില്ലെങ്കിലും അന്നുമുതൽ ഖാദിവസ്‌ത്രങ്ങൾ ധരിച്ചുതുടങ്ങി. കൗമാരത്തിലേ വിവാഹിതരായ  ചേച്ചിമാരുടെ വഴി തെരഞ്ഞെടുക്കാൻ അന്ന ഇഷ്ടപ്പെട്ടില്ല. ഉന്നതവിദ്യാഭ്യാസത്തിനായി അവർ ശ്രമിച്ചു.

മദ്രാസ് പ്രസിഡൻസി കോളേജിൽ ഊർജതന്ത്രത്തിൽ ഓണേഴ്സ്  പൂർത്തിയാക്കിയ അന്നയ്‌ക്ക്‌  22–-ാം വയസ്സിൽ  ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിക്കാൻ സ്‌കോളർഷിപ്‌ ലഭിച്ചു. മുപ്പത്തിരണ്ടിനം വൈരക്കല്ലുകളുടെ തിളക്കം, രാമൻ പ്രഭാവം തുടങ്ങിയവയിൽ പഠനം നടത്തി.  ഗവേഷണപ്രബന്ധം മദ്രാസ് യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. എംഎസ്‌സി ഡിഗ്രിയില്ല എന്ന കാരണത്താൽ അന്നയ്‌ക്ക്‌ ഡോക്ടറൽ ഡിഗ്രി നൽകുന്നതിന് യൂണിവേഴ്സിറ്റി തയ്യാറായില്ല.

"മെറ്റീരിയോളജിക്കൽ ഇൻസ്‌ട്രുമെന്റേഷനിൽ' ഇന്റേൺഷിപ്‌ ചെയ്യാൻ 1945ൽ അന്ന ഒരു സൈനികക്കപ്പലിൽ ഇംഗ്ലണ്ടിൽ പോയി.   മൂന്നു വർഷത്തിനുശേഷം തിരിച്ചെത്തുന്നത് സ്വതന്ത്ര ഇന്ത്യയിലേക്ക്‌. തുടർന്ന് പുണെയിലെ ഇന്ത്യൻ കാലാവസ്ഥാ ഗവേഷണകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. അന്നയും സഹപ്രവർത്തകരും ചേർന്ന് കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്‌തു.  ഈ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തതയിൽ എത്തിച്ചു.1960കളിൽ അന്തരീക്ഷത്തിലെ ഓസോൺ തോത് അളക്കുന്നതിനുള്ള ഓസോൺ സോണ്ട് എന്ന ഉപകരണം നിർമിച്ചത് അന്ന മാണി ആയിരുന്നു. പാരമ്പര്യേതര ഊർജമായ വിൻഡ് എനർജി പ്രോജക്ടിനും അവർ നേതൃത്വം നൽകി. ഈ ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് ‌പുണെയിലെ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വർഷമാപിനി, ഈർപ്പമാപിനി, കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള ആനിമോ മീറ്റർ തുടങ്ങി നൂറോളം കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ രൂപപ്പെടുത്തിയത്. സൗരസാങ്കേതികവിദ്യാ എൻജിനിയർമാർ ഇന്നും റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കുന്നത് ഈ ശാസ്‌ത്രജ്ഞയുടെ "എ ഹാൻഡ്ബുക്ക് ഓഫ് സോളാർ റേഡിയേഷൻ ഡേറ്റ ഇൻ ഇന്ത്യ', "സോളാർ റേഡിയേഷൻ ഓവർ ഇന്ത്യ' എന്നീ ഗ്രന്ഥങ്ങളാണ്.

ഇന്ത്യൻ കാലാവസ്ഥാ ഗവേഷണകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി വിരമിച്ചതിനെത്തുടർന്ന് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ്‌ പ്രൊഫസറായി. ബംഗ്ലൂരിലെ നന്ദിഹിൽസിൽ മില്ലി മീറ്റർ വേവ് ടെലസ്‌കോപ് സ്ഥാപിച്ചതും ഇവരാണ്. കാറ്റിന്റെ ഗതിവേഗതയും സോളാർ എനർജിയും അളക്കുന്നതിനുള്ള യന്ത്രങ്ങൾ ഉല്പാദിക്കുന്ന കേന്ദ്രം ബംഗ്ലൂരിൽ ആരംഭിച്ചു.അവിവാഹിതയായ ഈ ശാസ്‌ത്രജ്ഞ 2001 ആഗസ്റ്റ് 16ന് അന്തരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top