02 June Friday

പ്രിയ സഖാവിന്റെ ചെങ്കൊടിയാണ് ഇന്ന് തണലും കരുത്തും

സി ജെ ഹരികുമാര്‍Updated: Thursday Mar 8, 2018


പത്തനംതിട്ട > "കണ്ടും സംസാരിച്ചും കൊതി തീര്‍ന്നിട്ടില്ലായിരുന്നു സഖാവിനെ, അതിന് മുമ്പേ അവര്‍ കൊത്തി നുറുക്കി. അന്ന് വീട്ടില്‍നിന്ന് കൊടി ഉയര്‍ത്താനായി പോയപ്പോള്‍ എന്തോ പറയാന്‍ മറന്നപോലെ തോന്നി. വാതില്‍ക്കല്‍ എത്തിയപ്പോഴേക്കും അദ്ദേഹം പോയിരുന്നു''. പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ഏത് പ്രതിസന്ധികളിലും ധൈര്യം കാണിച്ചിട്ടുള്ള വീരവനിതയുടെ കണ്ണുനിറഞ്ഞൊഴുകി. സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ കോമളം അനിരുദ്ധന്‍ വാക്കുകള്‍ക്കിടയിലെ അകലം വര്‍ധിപ്പിച്ച് അല്‍പ്പനേരം വിദൂരതയിലേക്ക് നോക്കിയിരുന്നു.

എട്ടുമാസം മാത്രം നീണ്ട തന്റെ വിവാഹ ജീവിതത്തിലേയ്ക്ക് ഓര്‍മയിലൂടെയുള്ള മടക്കയാത്രയായിരിക്കാം ആ ഇടവേള. പത്തനംതിട്ടയിലെ സിപിഐ എം സജീവ പ്രവര്‍ത്തകനായിരുന്ന വള്ളിയാനി അനിരുദ്ധനെ, 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ വള്ളിയാനി പ്രദേശത്ത് ചെങ്കൊടി ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വിവാഹത്തിന്റെ എട്ടാം മാസം വിധവയായ കോമളം അനിരുദ്ധന്‍ തന്റെ പ്രിയ സഖാവ് ഏല്‍പ്പിച്ച ചെങ്കൊടി ഇന്നും ഉയര്‍ത്തിപ്പിടിച്ച് തന്നെ ഏല്‍പ്പിച്ച ദൌത്യം തുടരുകയാണ്. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ സജീവ പ്രവര്‍ത്തകരായി തുടരാറുണ്ടെങ്കിലും ഭാര്യ പാര്‍ടി ജില്ലാ കമ്മിറ്റിയംഗമാകുന്നത് വിരളമാണ്.ഹൈദരാബാദില്‍ നടക്കുന്ന സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസില്‍ പത്തനംതിട്ടയില്‍നിന്നുമുള്ള ഏക വനിത പ്രതിനിധിയാണ് കോമളം. തൃശൂരില്‍ നടന്ന  സംസ്ഥാന സമ്മേളനത്തില്‍ ആര്‍എസ്എസ്, കോണ്‍ഗ്രസ്, മത തീവ്രവാദ സംഘടനകള്‍ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ വിവരങ്ങളടങ്ങിയ സ്മരണിക 'ശോണ പുഷ്പ്പങ്ങള്‍' പ്രകാശ് കാരാട്ടില്‍നിന്ന് കോമളം അനിരുദ്ധനാണ് ഏറ്റുവാങ്ങിയത്.

40 വര്‍ഷമായി താന്‍ അനുഭവിക്കുന്ന വേദനയ്ക്ക് അല്‍പ്പം ആശ്വാസമാണ് ആ വേദി തന്നതെന്ന് കോമളം പറയുന്നു. വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എല്ലാവരും മുദ്രാവാക്യംവിളികളോടെയാണ് സ്വീകരിച്ചത്. ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരമായിരുന്നു അത്. താനൊരു രക്തസാക്ഷിയുടെ ഭാര്യയാണ് എന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. സംസ്ഥാന സമ്മേളനത്തില്‍ പുസ്തകം ഏറ്റുവാങ്ങിയപ്പോളാണ് മഹിളാ അസോസിയേഷനിലെ അടുത്ത പ്രവര്‍ത്തകര്‍ പോലും ഇത് അറിഞ്ഞത്. പാര്‍ടിയാണ് എല്ലാം ഇന്ന്‌.

അനിരുദ്ധന്റെ മരണശേഷം ഒരു വര്‍ഷത്തോളം  പ്രവര്‍ത്തനത്തിന് ഒന്നും പോയില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. "നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാപിക്കാനുള്ള കൊടികള്‍ തുന്നിയത് ഞാനും കൂടെ ചേര്‍ന്നാണ്. കോന്നിയിലേക്കുള്ള കൊടികളുമായി രാവിലെ വീട്ടില്‍ ഞാനും പോയി. യോഗസ്ഥലത്ത് ആര്‍ക്കും മിണ്ടാട്ടമില്ല. അല്‍പ്പം ചെന്നപ്പോള്‍ കണ്ടു ഓലയില്‍ പൊതിഞ്ഞ രണ്ട് കാലുകള്‍. ഇന്നും ആ കാഴ്ച കണ്ണില്‍നിന്ന് മായുന്നില്ല''. കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതാണ്. പിന്നില്‍നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു.

പാര്‍ടി കുടുംബമായിരുന്നു തന്റേത്. 1964 ല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമായിരുന്ന കല്ല്യാണിയമ്മ മുത്തശ്ശിയായിരുന്നു. താന്‍ വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടവള്‍ അല്ലെന്ന് പറഞ്ഞ് റാന്നിയിലെ പാര്‍ടി സഖാക്കളും മറ്റും നിര്‍ബന്ധിച്ചാണ് വീണ്ടും സജീവ പ്രവര്‍ത്തകയായത്. 1991-ല്‍ ജില്ലാ കൌണ്‍സിലിലേക്ക് റാന്നി ചിറ്റാര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ചു. റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുഴുവന്‍സമയ പാര്‍ടി പ്രവര്‍ത്തകയാണ്.

ഇതിന് പാര്‍ടി തരുന്ന അലവന്‍സാണ് അത്യാവശ്യ ചെലവുകള്‍ക്ക് ഉപയോഗിക്കുന്നത്. എല്ലാ സഹായവും പിന്തുണയുമായി കുടുംബവും തന്റെ കൂടെയുണ്ട്. ആദ്യ കാലത്ത് പാര്‍ടി പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ പല കോണില്‍നിന്നും കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ വനിതകള്‍ക്ക് ഏത് മേഖലയിലായാലും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. വനിതാ ദിനത്തില്‍ 'തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍.

ഈ ജീവിതം പൂര്‍ണ്ണമായി പാര്‍ടിക്കായി മാറ്റിവച്ചുകഴിഞ്ഞു. ഒരു ചെങ്കൊടി ദേഹത്ത് വീഴണം, അതു മാത്രമേ ഇനി ആഗ്രഹമുള്ളൂ. മൃതദേഹം മെഡിക്കല്‍ കോളേജിന്- പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആ മുഖത്ത് എന്തെന്നില്ലാത്ത ധൈര്യവും ചങ്കൂറ്റവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top