03 June Saturday

ആര്യാവർത്തത്തിലെ ദ്രാവിഡ സുന്ദരികൾ

എം ശ്രീനേഷ്‌Updated: Sunday Jan 8, 2023

sreenesh.dbi@gmail.com

ചെന്തമിഴിൻ ശ്രുതിമീട്ടി ആര്യാവർത്തത്തിന്റെ കഥയിൽ ചേർത്തുവയ്‌ക്കുന്ന ദ്രാവിഡ സുന്ദരികളുടെ കഥ പറഞ്ഞ്‌ ‘ദമിതം’ അരങ്ങിലെത്തി. പാർശ്വവൽക്കരിക്കപ്പെട്ട സ്‌ത്രീ സമൂഹം നടന്ന കനൽവഴികളിലൂടെ താടകയും ശൂർപ്പണഖയും അയോമുഖിയും എല്ലാത്തിനും ദൃക്‌സാക്ഷിയായ കൈകസിയും പുതുകാലത്തിന്റെയും പരിച്ഛേദം. ചരിത്രം, കഥകൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയുടെ ബഹുമുഖ വായനയിലൂടെ ഉരുവംകൊണ്ട പാഠഭേദങ്ങളെ മോഹിനിയാട്ടത്തിലൂടെ ദൃശ്യവൽക്കരിക്കുകയാണ്‌ ദമിതം എന്ന അവതരണത്തിലൂടെ.  രണ്ടാം ലിംഗമായി പരിഗണിക്കുന്ന സ്ത്രീ ജീവിതങ്ങളിലൂടെയും പാർശ്വവൽക്കരിച്ച സ്ത്രീ സമൂഹം നേരിടുന്ന ദുരനുഭവങ്ങളിലൂടെയും ദമിതത്തിന്റെ കഥ വികസിക്കുന്നു.

താടക കാടിന്റെ സംരക്ഷകയായിരുന്നു. തന്റെ ആവാസവ്യവസ്ഥിതിയിലേക്ക്‌ കടന്നുകയറിയ ആര്യന്മാരെ തുരത്താൻ തുനിഞ്ഞ താടകയുടെ ജീവിതം രാമന്റെ ഒളിയമ്പിനാൽ അവസാനിച്ചു. തന്റെ കാമം പറഞ്ഞ ശൂർപ്പണഖയുടെ മൂക്കും മുലയും ചെത്തിയെറിഞ്ഞാണ്‌ രാമലക്ഷ്മണന്മാർ അപമാനിച്ചത്. അയോമുഖിയുടെ കഥയും വ്യത്യസ്തമല്ല. ആര്യപുത്രിയായ സീതയുടെ ജീവിതവും മറിച്ചായിരുന്നില്ല. സ്ത്രീ അനുഭവിച്ചുവന്ന തിരസ്‌കരണങ്ങൾക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്നു. കലാജീവിതം സാമൂഹ്യജീവിതം തന്നെയാണ് എന്ന ബോധ്യത്തിലാണ്‌ ഡോ.കലാമണ്ഡലം രചിത രവി മോഹിനിയാട്ട ഭാഷയിലൂടെ അരങ്ങിൽ സംവദിക്കുന്നത്‌. ദൂരദർശന്റെ എ ഗ്രേഡ്‌ ആർടിസ്‌റ്റും കലാമണ്ഡലം നിള ക്യാമ്പസ്‌ പിജി റിസർച്ച്‌വിങ്‌ കോഴ്‌സ്‌ കോ ഓർഡിനേറ്ററും മോഹിനിയാട്ടവിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസറുമായ ഡോ. കലാമണ്ഡലം രചിത രവി സംസാരിക്കുന്നു

മിതം വന്ന വഴി
മനസ്സിൽ മുറിപ്പാടായി ശേഷിച്ച കഥാപാത്രങ്ങളെയാണ്‌ അരങ്ങിലെത്തിക്കാൻ ശ്രമിച്ചത്‌. രാമായണത്തിന്‌ പല ഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്‌. രാമലക്ഷ്‌മണൻമാരിൽനിന്ന്‌ മുറിവേറ്റ രാവണസഹോദരി ശൂർപ്പണഖ ഒരുവേദനയായി. തന്റെ പ്രണയവും കാമവും അറിയിച്ചപ്പോൾ അത്‌ നിഷേധിച്ച്‌ മടക്കിവിടുകയല്ല ചെയ്‌തത്‌. പകരം അവളുടെ മുലയൂട്ടാനുള്ള അവസരത്തെപ്പോലും നിഷേധിച്ച്‌ അപമാനിച്ചയക്കുകയായിരുന്നു. സ്‌ത്രീസൗന്ദര്യലക്ഷണമായി കണക്കാക്കുന്ന മുലയും മൂക്കും അറുത്തുമാറ്റി. ശൂർപ്പണഖ ഉന്നതകുലജാതയായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമോയെന്ന്‌ ചിന്തിച്ചിട്ടുണ്ട്‌. താടകയെക്കൂടി ഇതിലേക്ക്‌ ചേർത്തുവയ്‌ക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു. കാടിന്റെ അധിപയായിരുന്നു താടക. കാടിനെ അത്രമേൽ സ്‌നേഹിച്ച സ്‌ത്രീ. അവൾ പോറ്റി വളർത്തിയ കാട്ടിലേക്കാണ്‌ അവരുടെ ആവാസവ്യവസ്ഥയിലേക്കാണ്‌ ആര്യൻമാർ കടന്നുകയറിയത്‌. യാഗം നടത്താനായി ഋഷിമാർ മരങ്ങൾ വെട്ടിനശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ്‌ അവൾ പ്രതിരോധിച്ചത്‌. അവളുടെ കൺമുന്നിൽ വരാതെ ഒളിയമ്പെയ്‌താണ്‌ രാമൻ താടകയെ കൊല്ലുന്നത്‌.

കലാമണ്ഡലം രചിത രവി

കലാമണ്ഡലം രചിത രവി

താടക കൊല്ലപ്പെടുന്നതിനും ശൂർപ്പണഖയുടെ ദുര്യോഗത്തിനും സാക്ഷിയാകേണ്ടി വന്നയാളാണ്‌ കൈകസി. കൈകസിയുടെ വികാര വിചാരങ്ങളിലൂടെയാണ്‌ ദമിതത്തിന്റെ കഥ വികസിക്കുന്നത്‌.

സാറാ ജോസഫിന്റെ തായ്‌കുലം ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ശൂർപ്പണഖയുടെ അതേ അവസ്ഥ തന്നെയായിരുന്നു അയോമുഖിക്കും. ദ്രാവിഡ സൗന്ദര്യം തുളുമ്പി നിന്ന സ്‌ത്രീയായിരുന്നു അയോമുഖി. ലക്ഷ്‌മണനോട്‌ അവളുടെ കാമം അറിയിച്ചപ്പോഴും അവളുടെ മുലയും മൂക്കും ഛേദിച്ചായിരുന്നു മറുപടി. സീതയുടെ അഗ്നിശുദ്ധിവരുത്താനുള്ള വിവരം കേട്ട ശൂർപ്പണഖ കാടാകെ കുലുങ്ങും വിധം പൊട്ടിച്ചിരിച്ചതായി തായ്‌കുലത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌. മറ്റൊരാളുടെ വാക്കുവിശ്വസിച്ച്‌ രാമൻ സീതയെ പരീക്ഷണത്തിന്‌ വിധേയമാക്കുന്നുണ്ട്‌. അഗ്നിശുദ്ധി വരുത്തിയിട്ടും ആര്യപുത്രിയായ സീതയെ  കാട്ടിൽ ഉപേക്ഷിച്ചു. ഏത്‌ ശ്രേണിയിൽപ്പെട്ട സ്‌ത്രീയായാലും പുരുഷന്റെ ആധിപത്യസ്വഭാവത്തിന്റെ പിടിയിൽനിന്ന്‌ രക്ഷയില്ലെന്നാണ്‌ സീതയുടെ അവസ്ഥ വ്യക്തമാക്കുന്നത്‌. സ്‌ത്രീകൾ പൊതുവേ നേരിടുന്ന ഇത്തരം അവഗണനകളെ തുറന്നുകാട്ടുകയാണ്‌ ദമിതം. ഈ ആശയം സോബിൻ മഴവീടുമായി ചർച്ച ചെയ്‌തപ്പോഴാണ്‌ ഏറ്റവും ഉചിതമായ വരികൾ ദമിതത്തിനായി ഒരുങ്ങിയത്‌. വാചികാഭിനയത്തിന്റെ സാധ്യത ദമിതത്തിന്റെ തുടക്കത്തിൽ ഉപയോഗിച്ചു. ശൂർപ്പണഖ അരങ്ങിലെത്തുമ്പോൾ ദ്രാവിഡസ്വത്വം കൊണ്ടുവരാനായി ചെന്തമിഴിലാണ്‌ പാട്ട്‌ വരുന്നത്‌. ക്ലാസിക്കൽ കലകളിൽ സങ്കേതത്തിനാണ്‌ പ്രാധാന്യം. പുതിയ ആശയങ്ങൾ കൊണ്ടുവരുമ്പോൾ നിലവിലെ സങ്കേതങ്ങൾ പോരാതെയാകും. മോഹിനിയാട്ടത്തിന്റെ ആത്മാവ്‌ നഷ്‌ടപ്പെടാതെ തന്നെ പുതിയ സങ്കേതങ്ങൾ പ്രയോഗിക്കാൻ കലാമണ്ഡലത്തിന്റെ കളരിയും ശക്തിയും അഭ്യാസത്തിന്റെ പ്രയോജനവും സഹായിച്ചു.

ദമിതത്തിനായി സോബിൻ മഴവീട് വരികളെഴുതിയപ്പോൾ സംഗീതം പകർന്നത്‌ വയലാ രാജേന്ദ്രനാണ്‌. ഡോ.കലാമണ്ഡലം രചിത രവിയോടൊപ്പം കലാമണ്ഡലം ദീപ പാർഥസാരഥി, കലാമണ്ഡലം അഞ്ജലി ബാലൻ, കലാമണ്ഡലം അഞ്ജലി, ജ്യോതിശ്രീ എന്നിവരും അരങ്ങിലെത്തി. കലാക്ഷേത്ര രേവതി വയലാർ (നട്ടുവാങ്കം), കലാമണ്ഡലം കാർത്തികേയൻ (വായ്പാട്ട്), വേണു കുറുമശേരി (മൃദംഗം), വയലാ രാജേന്ദ്രൻ (വയലിൻ)-, മുരളീകൃഷ്ണൻ (വീണ), അരുൺദാസ് (ചെണ്ട, ഇടയ്ക്ക) എന്നിവർ പശ്‌ചാത്തലമൊരുക്കി. മുരളീധരൻ തയ്യിലാണ്‌ അരങ്ങിലെ ദീപനിയന്ത്രണം.
നൃത്തത്തിലേക്ക്‌

അഞ്ചാം വയസ്സിലാണ്‌ നൃത്തപഠനം തുടങ്ങുന്നത്‌. അച്ഛൻ നാടകപ്രവർത്തകനാണ്‌. ചെറുപ്പത്തിലേ കലാമണ്ഡലമെന്ന പേര്‌ മോഹിപ്പിച്ചു. ഏഴുകഴിഞ്ഞപ്പോൾ കലാമണ്ഡലത്തിൽ പ്രവേശനം നേടി. പുലർച്ചെ നാലിന്‌ എഴുന്നേൽക്കും.  സാധകം കഴിഞ്ഞ്‌ 4.30ന്‌ ക്ലാസ്‌ തുടങ്ങും. വീടുവിട്ടുനിൽക്കുന്നതിന്റെയും അതിരാവിലെ എഴുന്നേൽക്കുന്നതിന്റെയും പ്രയാസം ആദ്യഘട്ടത്തിൽ ഉണ്ടായി. നൃത്തം പഠിക്കാനുള്ള അഭിനിവേശം കൊണ്ട്‌ ആ പ്രയാസങ്ങളെയെല്ലാം മറികടന്നു. ഉന്നതമാർക്കോടെ പ്ലസ്‌ടുവും ഒന്നാം റാങ്കോടെ ഡിഗ്രിയും പാസായി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽനിന്നാണ്‌ മോഹിനിയാട്ടത്തിൽ ബിരുദാനന്തരബിരുദം നേടിയത്‌. മോഹിനിയാട്ടത്തിന്റെ ശാസ്‌ത്രീയാടിത്തറ; ബാലരാമഭാരതവുമായി ബന്ധപ്പെടുത്തിയൊരു പഠനം എന്ന വിഷയത്തിൽ ഡോക്‌ടറേറ്റും നേടി.

താൽപ്പര്യം അവതരണത്തോട്‌
എംഎ കഴിഞ്ഞപ്പോഴും അധ്യാപികയാവുക എന്നതിനപ്പുറം അവതരണത്തോടായിരുന്നു താൽപ്പര്യം. പെർഫോമറായി നിലനിൽക്കുകയെന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ജോലി ചെയ്‌തുകൊണ്ടു തന്നെ അവതരണത്തിനും പ്രധാന്യം നൽകി. നാടക പശ്‌ചാത്തലം ഉള്ളതിനാൽ പുതിയ ചിന്തകളെയും ആശയങ്ങളെയും മോഹിനിയാട്ടത്തിലേക്ക്‌ എങ്ങനെയാണ്‌ ഉൾച്ചേർക്കുക എന്നതായി അന്വേഷണം.

മോഹിനിയാട്ടത്തിന്റെ പരമ്പരാഗത ശൈലിയെന്നാൽ ലാളിത്യം, ശൃംഗാരം, സൗമ്യമായ ശരീരചലനം എന്നിവയാണ്‌. സ്വാതി തിരുനാളിന്റെയും ഇരയിമ്മൻ തമ്പിയുടെയും കൃതികൾ ചെയ്യുന്നതിനൊപ്പം സമകാലവുമായി സംവദിക്കാനാകുന്ന  ചിന്തകൾ കൂടി കലാരൂപത്തിലൂടെ പങ്കുവയ്‌ക്കാനാകുമെന്ന തിരിച്ചറിവാണ്‌ ദമിതം പോലുള്ള ഇടപെടലുകൾക്കുപിന്നിൽ. കല സാമൂഹ്യ ഇടപെടലിനുള്ള സാംസ്‌കാരിക ഉപകരണമാണ്‌. വായനയിൽനിന്നും പഠനത്തിൽനിന്നും ഉൾക്കൊണ്ട ആശയങ്ങളാണ്‌ ഇതുവരെയും അവതരിപ്പിച്ചത്‌. ശ്രീകണ്‌ഠൻ നായരുടെ നാടകത്തെ ആസ്‌പദമാക്കി ചെയ്‌ത ലങ്കാലക്ഷ്‌മി, ട്രാൻസ്‌ജെൻഡർ ജീവിതത്തെക്കുറിച്ച്‌ സംവദിച്ച ബൃഹന്ദള, പുരാണ കഥാപാത്രങ്ങളായ സീത, ഊർമിള, ദ്രൗപദി, ഗാന്ധാരി, മണ്ഡോദരി എന്നിവരെ ഉൾക്കൊള്ളിച്ചുള്ള പരിണിത, രണ്ടാമൂഴത്തിലെ മഹാപ്രസ്ഥാന യാത്രാഘട്ടത്തിലെ ഭീമന്റെയും ദ്രൗപദിയുടെയും പ്രണയത്തെ ആസ്‌പദമാക്കി ചെയ്‌ത മോക്ഷ, കർണായനം എന്നിവയാണ്‌ ഇതിന്‌ മുമ്പ്‌ ചെയ്‌ത അവതരണങ്ങൾ.

ഗവേഷണ വിഷയത്തെക്കുറിച്ച്‌
മോഹിനിയാട്ടത്തിന്റെ ശാസ്‌ത്രീയാടിത്തറ; ബാലരാമഭാരതവുമായി ബന്ധപ്പെടുത്തിയൊരു പഠനം എന്ന വിഷയമാണ്‌ പിഎച്ച്ഡി ചെയ്യാൻ തെരഞ്ഞെടുത്തത്‌. തിരുവിതാംകൂർ മഹാരാജാവായിരുന്ന കാർത്തികതിരുനാൾ ബാലരാമവർമ എഴുതിയ ബാലരാമഭാരതം പ്രാദേശികമായ അവതരണത്തിന്റെ രുചിഭേദങ്ങളെ പിൻപറ്റുന്ന ഗ്രന്ഥമാണ്‌. മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നിവയൊക്കെ ആംഗികാഭിനയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഹസ്‌തലക്ഷണ ദീപികയെ ആശ്രയിച്ചാണ്‌ മുദ്രകൾ ഉപയോഗിച്ചിരുന്നത്‌. ഇതിലുള്ള 24 മുദ്രയ്‌ക്കും വിനിയോഗങ്ങളുണ്ട്‌. മുദ്രകൾ പലരീതിയിൽ പ്രയോഗിക്കുമ്പോഴാണ്‌ വ്യത്യസ്‌തമായ അർഥം ലഭിക്കുന്നത്‌. എന്നാൽ ബാലരാമഭാരതത്തിൽ അറുപതിലേറെ മുദ്രകളെക്കുറിച്ചും പറയുന്നുണ്ട്‌. പഴയകാലത്ത്‌ പ്രയോഗിച്ചിരുന്നതും പിന്നീട്‌ എപ്പോഴോ നഷ്‌ടപ്പെട്ടതുമായ ആംഗികാഭിനയത്തിന്റെ സാധ്യതകളെ തിരിച്ചറിയാനും അത്‌ വീണ്ടും മോഹിനിയാട്ടത്തിന്റെ ശരീരഭാഷയിലേക്ക്‌ ഉൾച്ചേർക്കാനും ഈ ഗ്രന്ഥത്തിന്റെ പഠനത്തിലൂടെ കഴിഞ്ഞു. ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യവും ലഭിച്ചു. കേവലം പഠനം മാത്രമായിരുന്നില്ല, പഠിച്ചത്‌ പ്രയോഗത്തിൽ വരുത്തുക കൂടിയായിരുന്നു. തിരുവനന്തപുരം സംസ്‌കൃതകോളേജിലെ പ്രിൻസിപ്പലായിരുന്ന ഡോ. എൻ കെ ഗീതയാണ്‌ പിഎച്ച്‌ഡി പഠനത്തിന്‌ വഴികാട്ടി.

പുരസ്‌കാരങ്ങൾ
2016 ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ്‌ ബിസ്‌മില്ലാഖാൻ യുവപ്രതിഭ പുരസ്‌കാരം, 2018ൽ കേരള കലാമണ്ഡലം യുവപ്രതിഭ അവാർഡ്‌, തൃശൂർ ഭരതം കലാസംഘടനയുടെ യുവപ്രതിഭ പുരസ്‌കാരം, കലാസാഗർ പുരസ്‌കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top