28 May Sunday

അന്താരാഷ്ട്ര വനിതാദിനവും തൊഴിലാളിവര്‍ഗവും

ഡോ. ടി കെ ആനന്ദിUpdated: Monday Mar 7, 2016

അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയുമ്പോള്‍, പലപ്പോഴും സ്ത്രീകള്‍ക്ക് സാര്‍വത്രിക വോട്ടവകാശത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ ചുരുങ്ങുകയും തുന്നല്‍ തൊഴിലാളികളുടെ 8 മണിക്കൂര്‍ അധ്വാന സമയമാക്കുന്നതിനുവേണ്ടിയുള്ള സമരമായിരുന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുക എന്നത് കാലങ്ങളായി നാം അനുവര്‍ത്തിച്ചുവരുന്ന ഒരു ശൈലിയാണ്. വോട്ടവകാശം എന്നത് വെറും രാഷ്ട്രീയാധികാരമായി, പൌരാവകാശമായി മാത്രമാണോ അന്നത്തെ സോഷ്യലിസ്റ്റുകള്‍ കണ്ടത്? വോട്ടവകാശം എന്ന അവകാശസമരത്തിന് പരിപൂര്‍ണ്ണ പിന്തുണ സോഷ്യലിസ്റ്റുകള്‍ നല്‍കിയിരുന്നോ? എന്നിങ്ങനെയുള്ള അന്വേഷണങ്ങള്‍ നടത്താനാണിവിടെ ശ്രമിക്കുന്നത്.

"വ്യാവസായിക വിപ്ളവം സ്ത്രീകളെ തൊഴില്‍ രംഗത്ത് വിപുലമായിത്തന്നെ വിന്യസിപ്പിച്ചു'' എന്ന പൊതുധാരണയെ മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റായ ഹീലിയത്ത് സഫിയോട്ടി ചോദ്യം ചെയ്യുന്നുണ്ട് (Women in Class Society)- വ്യാവസായിക വിപ്ളവത്തിനുമുന്‍പ് സ്ത്രീകള്‍ തൊഴിലെടുത്തിരുന്ന അവരുടെ തന്നെ പ്രാദേശിക കേന്ദ്രങ്ങളില്‍നിന്നും, പലരെയും തൊഴിലില്ലാത്തവരാക്കുകയാണ് വ്യാവസായിക വിപ്ളവം ചെയ്തത് എന്നതാണവരുടെ വാദം. ചരിത്ര സത്യവുമതാണെന്ന്, ചരിത്രത്തിലേക്കൊന്ന് എത്തി നോക്കിയാല്‍ മനസ്സിലാക്കാം.

ഹീലിയത്ത് സഫിയോട്ടി

ഹീലിയത്ത് സഫിയോട്ടി

അതുവരെയുള്ള കാലഘട്ടത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ സ്ത്രീകള്‍ (പുരുഷന്മാരും കുട്ടികളും) ഏര്‍പ്പെട്ടിരുന്നു. പണിയാല എന്നത് താമസസ്ഥലത്തോട് ചേര്‍ന്ന് കെട്ടിയുയര്‍ത്തിയതായിരുന്നു. ചെമ്പ്, തകിട്, പാത്രനിര്‍മാണം, കൃഷിയായുധങ്ങളുടെ പണിയാല, റൊട്ടിനിര്‍മാണം, തുന്നല്‍, കമ്പിളിരോമം ഉണ്ടാക്കല്‍, ലെയ്സ് ഉണ്ടാക്കല്‍, പാത്രനിര്‍മ്മാണം എന്നിങ്ങനെ അന്നത്തെ സാമൂഹ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട എന്തുമാകാം. അവ കുടുംബവുമായി ചേര്‍ന്ന്, കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടു കൂടി നടന്നിരുന്നതാണ്. മുതലാളിത്തത്തിന്റെ വരവോടെ, വ്യാവസായിക സമൂഹത്തിന്റെ ഉദയത്തോടെ, കുടുംബവും തൊഴിലും വേര്‍പിരിയുകയും, സ്ത്രീകളും പുരുഷന്മാരും സ്വന്തം അധ്വാനം വിറ്റു ജീവിക്കേണ്ട നിലയിലെത്തുകയുമായിരുന്നു. പുരുഷന്മാര്‍ നഗരം തേടി തൊഴിലന്വേഷിച്ച് പോവുകയും, സ്ത്രീകളില്‍ പലരും തൊഴിലില്ലാത്തവരാകുകയും, അതല്ലാതെ തൊഴിലിനു പോകുന്നവര്‍, എത്ര കുറഞ്ഞ കൂലിയ്ക്കും പണിയെടുക്കാന്‍ തയ്യാറാകുന്ന വിധം മാറുകയുമാണ് ചെയ്തത്. നീണ്ട മണിക്കൂറുകള്‍ 16–18 മണിക്കൂറുകള്‍ തുടര്‍ച്ചയായി അധ്വാനിക്കുന്ന തൊഴിലാളികള്‍, പ്രാഥമിക ആവശ്യം നിറവേറ്റുവാനുള്ള സംവിധാനം പോലുമില്ലാത്ത വ്യവസായശാലകള്‍, കൃത്യമായ കൂലി വ്യവസ്ഥയില്ലാതെ, മുതലാളിക്കും, മുതലാളിയുടെ ഏജന്‍സികള്‍ക്കും തോന്നുന്ന വിധത്തിലുള്ള കൂലിനിരക്ക് എന്നിങ്ങനെ മുതലാളിത്തം പടി കയറിയതുതന്നെ തൊഴിലാളിദ്രോഹ നടപടികളുമായിട്ടായിരുന്നു. ഇക്കാലഘട്ടത്തിലാണ്, മാര്‍ക്സും എംഗെല്‍സും തൊഴിലിനെക്കുറിച്ചും തൊഴില്‍ സമയത്തെക്കുറിച്ചും മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടത്തിയത്.

തൊഴിലാളിവിരുദ്ധ നയങ്ങളില്‍ത്തന്നെ, സ്ത്രീകളോട് ഉണ്ടായിരുന്ന സമീപനം തികച്ചും മനുഷ്യത്വവിരുദ്ധമായിരുന്നു. കുടുംബതൊഴിലില്‍ ഏര്‍പ്പെടുമ്പോഴുണ്ടായിരുന്ന

സംതൃപ്തി പുത്തന്‍ തൊഴിലില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, തുറന്ന, കാറ്റും വെളിച്ചവും ധാരാളമുള്ള അന്തരീക്ഷത്തില്‍, പേടികൂടാതെ, നിബന്ധനകളില്ലാതെ, പണിയെടുത്തിരുന്ന തൊഴിലാളികള്‍, കാറ്റും വെളിച്ചവും കടക്കാത്ത, ബഹുനില കെട്ടിടങ്ങള്‍ക്കുള്ളില്‍, നിരന്തരമായ സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കടിമയായി തൊഴിലെടുക്കേണ്ടിയിരുന്നു. വിയര്‍പ്പുശാലകളായി മാറിയ വ്യവസായശാലകളില്‍ കണ്ണാടിക്കൂട്ടിനുള്ളിലിരുന്ന് 'സൂപ്പര്‍വൈസ്' ചെയ്യുന്ന ഉദ്യോഗസ്ഥനോട് വിരലു പൊക്കി കാണിച്ച് മൂത്രപ്പുരയിലേക്ക് പോകേണ്ട ഗതികേടുവരെ സ്ത്രീകള്‍ക്കുണ്ടായിരുന്നു. കൂടാതെ, മുല കുടിക്കുന്ന കുട്ടികളെവരെ അടച്ചിട്ട വീടുകളില്‍ ഒറ്റയ്ക്കാക്കി വരേണ്ടിവരുന്ന സ്ത്രീകളുടെ ഗതികേട് – ഇവയൊക്കെ പുതിയ അനുഭവങ്ങളായിരുന്നു –  വില നിലവാരം, വാണം പോലെ പൊങ്ങിയിരുന്നതിനാല്‍, രണ്ടു പേരും തൊഴിലെടുക്കാതെ കഴിയാത്ത അവസ്ഥയും സംജാതമായിരുന്നു. (എത്ര കുറഞ്ഞ കൂലിയ്ക്കാണെങ്കിലും) ഇത്തരത്തിലുള്ള തൊഴില്‍ പ്രശ്നങ്ങളും പട്ടിണിയും രൂക്ഷമായി പൊട്ടിത്തെറിച്ചത് വെര്‍സായി മാര്‍ച്ചിലൂടെയായിരുന്നു.

ഫ്രഞ്ച് വിപ്ളവ കാലത്ത്, വെര്‍സായി കൊട്ടാരത്തിലേക്ക് റൊട്ടിയുടെ വില വര്‍ദ്ധനവിനു കാരണമായ ലൂയി 16–ാമന്റെയും ഭാര്യയുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്ത്രീകളുടെ മാര്‍ച്ച് നടന്നു. നോര്‍മണ്ടിയില്‍ വിലക്കയറ്റത്തിനെതിരെ സ്ത്രീകളുടെ മാര്‍ച്ച് നടന്നു – സമത്വം, സ്വാതന്ത്യ്രം, സാഹോദര്യം  എന്ന മുദ്രാവാക്യത്തിന്റെ ശക്തിയില്‍ സ്ത്രീകള്‍ പൊതുഇടങ്ങളില്‍ ഇടപെടുകയായിരുന്നു. ഫ്രഞ്ച് വിപ്ളവ കാലത്തെ മുദ്രാവാക്യങ്ങളിലൊന്നാണ് ഇന്നും നാം പറയുന്ന 'പാതിയാകാശത്തിനുടമകള്‍'. 1857ല്‍ അന്താരാഷ്ട്ര തൊഴിലാളി അസോസിയേഷന്‍ രൂപീകൃതമാവുന്നു. സ്ത്രീകളുടെ തൊഴിലവകാശത്തെ അംഗീകരിച്ചുകൊണ്ട് തൊഴിലവകാശം, വോട്ടവകാശം, ഉയര്‍ന്ന വേതനം, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ എന്നീ ഡിമാന്റുകളോടുകൂടി പോരാട്ടം നടക്കുന്നു.

1866ല്‍ ആദ്യത്തെ ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രമേയമായി 'തൊഴിലവകാശം' അംഗീകരിക്കപ്പെടുന്നു. എങ്കിലും സ്ത്രീതൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമമാണ് പിന്നീടും നടന്നത്.

ക്ലാര സെത്കിന്‍

ക്ലാര സെത്കിന്‍

1889ല്‍ ക്ളാരാസെത്കിന്‍ പാരീസില്‍ നടന്ന രണ്ടാം ഇന്റര്‍നാഷണലില്‍ "തൊഴിലവകാശം, മാതാക്കള്‍ക്കും കുട്ടികള്‍ക്കും പരിപൂര്‍ണ്ണ സംരക്ഷണം'' എന്നീ ആവശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയും, സ്ത്രീകള്‍ ദേശീയ, അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെടുകയും  ചെയ്തു.

1899 ആവുമ്പോഴേക്കും യുദ്ധത്തിനെതിരെ, നെതര്‍ലാന്റിലെ 'ഹേഗി'ല്‍ (Hague) സ്ത്രീകളുടെ കോണ്‍ഫറന്‍സ് നടക്കുകയും യുദ്ധത്തിനെതിരെ തൊഴിലാളി സ്ത്രീകളുടെ കൂടെ മറ്റു സ്ത്രീകളും അണിനിരക്കണമെന്ന ആവശ്യമുണ്ടാവുകയും ചെയ്തു. 1907ലാണ് അന്താരാഷ്ട്ര വനിതാദിനത്തിന് നാന്ദി കുറിക്കുന്നത്. അതും സ്ത്രീ തൊഴിലാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു. ന്യൂയോര്‍ക്കിലെ ലോറന്‍സ് മില്‍ തൊഴിലാളികളുടെ സമരമായിരുന്നു തുടക്കം. ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ ദാരുണമായ തൊഴില്‍ സാഹചര്യങ്ങളും അധ്വാനസമയവും തന്നെയായിരുന്നു, പോരാട്ടത്തിനുള്ള കാരണം. ലോറന്‍സ് മില്‍ തൊഴിലാളികളുടെ ഇടയില്‍ നടന്നത് ഫ്രാന്‍സില്‍ നടന്നതിന്റെ മറ്റൊരു പതിപ്പായിരുന്നു. ഫ്രാന്‍സില്‍ അന്ന് സ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു. സ്ത്രീകളെ ദാരുണമായി തല്ലിച്ചതച്ചിരുന്നു. അതിന്റെ ഓര്‍മ ദിനമായി ആചരിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കയിലെ 'ദേശീയ വനിതാ ദിന'മായിട്ടായിരുന്നു ആചരിച്ചത്. മോണ്‍ട്രിയല്‍, ഫിലാ ഡെല്‍ഫിയാ, ചിക്കാഗോ എന്നിവിടങ്ങളില്‍ അത് ആഘോഷിക്കപ്പെട്ടു. ബാലവേല നിരോധനം, സ്ത്രീ തൊഴില്‍ പ്രശ്നം, വോട്ടവകാശം എന്നിവയായിരുന്നു പ്രമേയങ്ങള്‍.

1909ല്‍ ചാര്‍ലറ്റ് പെര്‍കിന്‍സ് എന്ന ദാര്‍ശനികയും കലാകാരിയും സാഹിത്യകാരിയുമൊക്കെയായ ബഹുമുഖ പ്രതിഭ, നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. "ശരിയാണ്. സ്ത്രീയുടെ കടമ എന്നത് കുടുംബത്തെയും മാതൃത്വത്തെയും കേന്ദ്രീകരിച്ചിരിക്കുന്നു. പക്ഷേ, കുടുംബം എന്നത് ഈ രാഷ്ട്രമാണ്, ഈ ലോകം തന്നെയാണ്, അല്ലാതെ, കുടുംബത്തിലെ രണ്ടോ മൂന്നോ മുറികളല്ല – വിന്യസിക്കുക – സ്ത്രീ സഹോദരിമാരെ! ലോകമെങ്ങും വിന്യസിക്കുക – ശബ്ദങ്ങള്‍ കേള്‍ക്കട്ടെ. സ്ത്രീകളെ, ഉശിരുള്ള സ്ത്രീകളെ സമൂഹം കാണട്ടെ! അധ്വാനിച്ച്, സമൂഹത്തെ നിലനിര്‍ത്തുന്ന സ്ത്രീകളെ ലോകം കാണട്ടെ''.

1910ല്‍ നടന്ന രണ്ടാം ഇന്റര്‍നാഷണലില്‍ (കോപ്പന്‍ ഹേഗന്‍) 17 രാജ്യങ്ങളില്‍നിന്നായി സ്ത്രീകള്‍ പങ്കെടുത്തു. ജര്‍മന്‍ സോഷ്യലിസ്റ്റായിരുന്ന ലൂസി – സിയെറ്റ്സ് (Lucy Zietz) 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ വനിതാദിനം വേണമെന്ന് ആവശ്യപ്പെട്ടു. അതിനെ പിന്‍താങ്ങിയത് ക്ളാരാ സെത്കിനായിരുന്നു. ഫെമിനിസ്റ്റുകള്‍ക്കെതിരായിരുന്നു ക്ളാരാ സെത്കിന്‍ എങ്കിലും, തൊഴിലാളി സ്ത്രീകളുടെ ദാരുണാവസ്ഥ തൊട്ടറിയുന്നവരായിരുന്നു, അവര്‍.

1911ല്‍ ആസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് 19ന് പത്തു ലക്ഷം സ്ത്രീ–പുരുഷന്മാര്‍ പങ്കെടുത്ത റാലി നടന്നു. തൊഴിലവകാശം, വോട്ടവകാശം, പൊതു ആഫീസുകളിലേക്കുള്ള പ്രവേശനം എന്നിവയായിരുന്നു ആവശ്യങ്ങള്‍.

ആയിടയ്ക്കാണ് അമേരിക്കയിലെ ട്രയാംഗിള്‍ ഷര്‍ട്ട് വെയ്സ്റ്റ് (Triangle Shirt Waste Factory) ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായത്. 200ഓളം തൊഴിലാളി സ്ത്രീകള്‍ കൊല്ലപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയമിച്ചുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല. തൊഴിലാളികളുടെ ശ്രദ്ധ പതിഞ്ഞ സംഭവമായി അത് മാറി.
1912ല്‍ ലോറന്‍സ് ടെക്സ്റ്റൈലിലെ സമരം രൂക്ഷമായി. ദാരിദ്യ്രത്തിന്റെ പാരമ്യത്തില്‍ സ്ത്രീകള്‍ 'റൊട്ടിയും പനിനീര്‍പൂവും' എന്ന അര്‍ത്ഥം വരുന്ന (Bread and Roses) പോരാട്ടം നടത്തി. ജെയിംസ് ഓവന്റെ കവിതയിലെ വരികളായിരുന്നു, ഇവരെ അതിനു പ്രേരിപ്പിച്ചത്.

ഞങ്ങള്‍ വരുന്നൂ – ഞങ്ങള്‍ വരുന്നൂ
മഹത്തായ ദിനങ്ങള്‍, കൊണ്ടു വരുന്നൂ
സ്ത്രീ മുന്നേറ്റമെന്നാല്‍ മനുഷ്യമുന്നേറ്റം
ഒരാള്‍ ഉറങ്ങുമ്പോള്‍ –
പത്താള്‍ പണിയെടുക്കുന്ന സ്ഥിതി
ഇനിയില്ല! ഉണ്ടാവില്ല!
ജീവിത മേന്മകള്‍ പങ്കിട്ടെടുക്കാം –
അപ്പവും പനിനീര്‍ പുഷ്പങ്ങളും
പരസ്പരം പങ്കിടാം –
അപ്പവും പനിനീര്‍ പുഷ്പങ്ങളും!

Bread and Roses ഗാനത്തിന്റെ വീഡിയോ ഇവിടെ:

 
ഇതിന് കാരണമുണ്ടായിരുന്നു. ബൂര്‍ഷ്വാ സ്ത്രീകള്‍ പനിനീര്‍ പൂവും ചൂടി വിശ്രമിക്കുമ്പോള്‍, റൊട്ടി പോലുമില്ലാതെ, 10–12 മണിക്കൂര്‍ അധ്വാനിക്കുന്ന തൊഴിലാളി സ്ത്രീകളുടെ അവശനില വിളിച്ചു പറയുക എന്നതായിരുന്നു ഉദ്ദേശം. മാത്രമല്ല, സ്കൂളില്‍ പോകുന്ന കുട്ടികളെ വരെ വലിച്ചുകൊണ്ടുപോയി പൂട്ടിയിട്ട് പണിയെടുപ്പിക്കുന്ന രീതി വന്നു.

1912ല്‍ തുടങ്ങിയ സമരം 3 മാസം നീണ്ടുനിന്നു. 25,000 തൊഴിലാളികള്‍ പണിമുടക്കി. 30 രാജ്യങ്ങളില്‍നിന്നായി സമരക്കമ്മിറ്റികളുണ്ടാക്കി. പോരാട്ടത്തെ മില്‍ മുതലാളിമാര്‍ ശക്തമായി എതിര്‍ത്തു. തണുത്തുറഞ്ഞ വെള്ളം തൊഴിലാളി സ്ത്രീകളുടെ മേല്‍ ചീറ്റിയടിക്കുകയും പീരങ്കി ഉപയോഗിച്ചുള്ള വെടിവെപ്പില്‍ ആയിരത്തോളം തൊഴിലാളികളെ കൊന്നൊടുക്കുകയും ചെയ്തു. അന്നാ ലോപ്പിസ എന്ന സ്ത്രീയുടെ ജഡവുമായാണ് പിന്നീട് സമരം തുടര്‍ന്നത്.

ഫെബ്രുവരി 24 ഓടുകൂടി സമരക്കാരുടെ കുട്ടികളെ മുഴുവന്‍ ഫിലോഡെല്‍ഫിയയിലേക്ക് മാറ്റി പാര്‍പ്പിച്ചു. പൊതുസമൂഹത്തിന്റെ സഹതാപം സമരക്കാരുടെ നേരെ തിരിഞ്ഞു. അവര്‍ കുട്ടികളെ കടത്തി അയക്കുന്ന റെയില്‍വെ സ്റ്റേഷനില്‍ എത്തി. മില്‍ മുതലാളിമാരെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള മുദ്രാവാക്യം വിളിക്കുകയും തൊഴിലാളികളുടെ കൂടെ നില്‍ക്കുകയും ചെയ്തു. മാര്‍ച്ച് 12 വരെ തൊഴില്‍രംഗം മുഴുവന്‍ സ്തംഭിച്ചു. മാര്‍ച്ച് 13ന് മില്‍ ഉടമകള്‍ മുട്ടുമടക്കി. വേതന വര്‍ധനവും തൊഴില്‍സുരക്ഷയും നല്‍കി. ലക്ഷങ്ങളോളം തൊഴിലാളികള്‍ പല രാജ്യങ്ങളില്‍നിന്നും ഒത്തുചേരുകയും വിജയാഹ്ളാദത്തില്‍ പങ്കെടുക്കുകയും ചെയ്തു.

റഷ്യയിലും ജര്‍മ്മനിയിലും ഫ്രാന്‍സിലും ഇംഗ്ളണ്ടിലുമൊക്കെ ഇത്തരം അവസ്ഥ നിലനിന്നിരുന്നു. പക്ഷേ, ലോറന്‍സ് മില്‍ സമരത്തിന്റെ അനുഭവം, സ്ത്രീ തൊഴിലാളികളുടെ യൂണിയനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചു. കാരണം, സോഷ്യലിസ്റ്റുകള്‍ കുറവായ അമേരിക്കയില്‍പോലും ഇത് സാധ്യമായാല്‍, തീര്‍ച്ചയായും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നടക്കുമെന്നായി. അന്താരാഷ്ട്ര വനിതാദിനത്തിന്റെ തുടക്കമിതായിരുന്നു. 1917ല്‍ വമ്പിച്ച പ്രകടനം റഷ്യയില്‍ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ പെട്രോഗ്രാഡില്‍ നടന്നു. തൊഴില്‍സമരങ്ങളുടെ സാധ്യത തിരിച്ചറിയുകയായിരുന്നു. ടെലഫോണ്‍ പോലും ചെയ്യാനറിയാത്ത 17 – 18 വയസ്സ് മാത്രമുള്ള കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍, എങ്ങനെ എല്ലാ റാലി കേന്ദ്രങ്ങളിലും പ്രസംഗിച്ചു? അവരുടെ ആവശ്യങ്ങള്‍ അന്വേഷണ കമ്മീഷനില്‍ അവതരിപ്പിച്ചു എന്നത് ആശാവഹമായിരുന്നു. 17 രാജ്യങ്ങളില്‍നിന്ന് പങ്കാളിത്തം ഉണ്ടായതും എല്ലാവരേയും സന്തോഷിപ്പിച്ചു. റഷ്യയിലെ തുന്നല്‍ തൊഴിലാളികളുടെ സമരം ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുവാനായിട്ടായിരുന്നു തീരുമാനം. അലക്സാണ്ഡ്രാ കൊളന്തായ് എന്ന സോഷ്യലിസ്റ്റ്, പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു, പ്രകടനത്തെ നയിച്ചു. ഈ വമ്പിച്ച വിജയാനന്തരം ക്ളാരാ സെത്കിന്‍ പ്രഖ്യാപിച്ചു.

"മാര്‍ച്ച് 8 എന്നത് എല്ലാ രാജ്യങ്ങളിലും തൊഴിലാളികളുടെ വിജയ ദിനമായി, അവകാശ ദിനമായി പ്രഖ്യാപിക്കണം''.
1917ല്‍ തന്നെ 'തൊഴിലാളി സ്ത്രീകളുടേത്' മാത്രമല്ലാതെ, സ്വതന്ത്രമായി വനിതാദിനം ആഘോഷിക്കാനുള്ള തീരുമാനവും പെട്രോഗ്രാഡില്‍ നടന്നു. ഫെബ്രുവരി വിപ്ളവത്തിന്റെയും ഒക്ടോബര്‍ വിപ്ളവത്തിന്റെയും തീപ്പൊരി ഇവിടെനിന്നുണ്ടായതാണ്. റഷ്യന്‍ വിപ്ളവശേഷം, മാര്‍ച്ച് 8 റഷ്യയില്‍ അവധി പ്രഖ്യാപിപ്പിച്ചുകൊണ്ട് ആഘോഷിക്കയാണുണ്ടായത്. 1970കള്‍ വരെ, സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാത്രമേ വനിതാദിനം ആഘോഷിക്കാറുണ്ടായിരുന്നുള്ളു. 1908, 1909 ഓടെ അമേരിക്കയിലെ "ദേശീയ വനിതാദിനം'' നിലച്ചുപോയി. അന്നും അമേരിക്കയില്‍ നടന്നത് "Women's day' (സ്ത്രീദിനം) ആയിരുന്നു. 'സ്ത്രീകളുടെ' ദിനമായത് 1917ല്‍ റഷ്യയില്‍ വെച്ചാണ്. 1945നുശേഷമാണ് എല്ലായിടത്തും സ്ത്രീകളുടെ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

അതും റഷ്യ, ചൈന എന്നിവിടങ്ങളില്‍ മാത്രമായിരുന്നു. 1960കള്‍ക്കുശേഷമാണ് മറ്റു രാജ്യങ്ങളില്‍ വനിതാദിനമുണ്ടായത് – 1975ല്‍ മാത്രമാണ് ഐക്യരാഷ്ട്രസഭ വനിതാദിനത്തെക്കുറിച്ച് പറയുന്നത്. ഇതേ കാലഘട്ടത്തില്‍, വോട്ടവകാശത്തിനുവേണ്ടിയുള്ള സമരങ്ങള്‍ മേരി വുള്‍സ്റ്റണ്‍ ക്രാഫ്ടിന്റെ 'സ്ത്രീകള്‍ക്കായുള്ള സമര്‍ത്ഥന' (Vindication of the Rights of Women) ത്തിനായുള്ള സമരങ്ങളും നടന്നിരുന്നു. പക്ഷേ, അവയെ ബൂര്‍ഷ്വാ ഫെമിനിസ്റ്റുകളുടെ സമരമായിട്ടായിരുന്നു സോഷ്യലിസ്റ്റുകള്‍ കണ്ടിരുന്നത്. 1907ല്‍ ക്ളാരാ സെത്കിന്‍ രണ്ടാം സാര്‍വ്വദേശീയ സോഷ്യലിസ്റ്റ് വനിതാ കോണ്‍ഫറന്‍സില്‍ സംസാരിച്ച ചില വാചകങ്ങള്‍ ഇങ്ങനെ: –
"വോട്ടവകാശം ജനകീയവല്‍കരിക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ടികള്‍ നടത്തുന്ന പോരാട്ടങ്ങളില്‍ പൂര്‍ണ പങ്കാളിത്തം വഹിക്കുക എന്നത് എല്ലാ രാജ്യങ്ങളിലെയും വനിതാ പ്രസ്ഥാനങ്ങളുടെ കടമയാണ് എന്നത് ഓര്‍മിപ്പിക്കട്ടെ. എല്ലാ രാജ്യങ്ങള്‍ക്കും വോട്ടവകാശ പോരാട്ടങ്ങള്‍ക്കായി ഒരു സമയ പട്ടിക പ്രഖ്യാപിക്കുക എന്നത് തീര്‍ത്തും അനുചിതമാണ് എന്ന വസ്തുത സാര്‍വദേശീയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് അംഗീകരിക്കുന്നു. ഒപ്പം മറ്റൊന്നു കൂടി പറഞ്ഞുകൊള്ളട്ടെ.
വനിതകള്‍ക്ക് വോട്ടവകാശം എന്നത് സോഷ്യലിസ്റ്റ് വനിതാ കോണ്‍ഫറന്‍സിന്റെ പരമ പ്രധാനമായ ഡിമാന്റ് ആണ് എന്ന നിലപാടല്ല, നമ്മുടേത്. വനിതാ പ്രശ്നങ്ങള്‍ക്കുള്ള അന്തിമ പരിഹാരം സ്വാതന്ത്യ്രത്തിന്റെയും സൌഹൃദത്തിന്റെയും പാതയിലൂടെയുള്ള സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിബന്ധങ്ങളെ മുച്ചൂടും തകര്‍ത്തെറിയുക എന്നതു തന്നെയാണ്'' –

സ്ത്രീ വോട്ടവകാശം എന്നത് ഇത്രമാത്രം ചര്‍ച്ച ചെയ്യാനുണ്ടായ കാരണം, സ്വത്തവകാശമുള്ള സ്ത്രീകള്‍ക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടായിരുന്നു. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും സ്വത്തുണ്ടെങ്കിലേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഭൂരിഭാഗം സ്ത്രീകളും പകുതിയിലേറെ പുരുഷന്മാരും (പ്രത്യേകിച്ച് കുടിയേറ്റക്കാരും നീഗ്രോകളും കറുത്തവര്‍ഗക്കാരും) വോട്ടവകാശത്തിന് പുറത്തായിരുന്നു. അതുകൊണ്ടു തന്നെ സാര്‍വത്രിക വോട്ടവകാശമെന്നതാവണം അതിന്റെ കാതല്‍ എന്നും സ്ത്രീ വോട്ടവകാശം എന്നതാവരുതെന്നും സോഷ്യലിസ്റ്റുകളിലെ വലിയ വിഭാഗം വാദിച്ചിരുന്നു. കൂടാതെ രാഷ്ട്രീയ അവകാശമായും വോട്ടവകാശത്തെ കണ്ടിരുന്നു – ഇതിനോടനുബന്ധിച്ച് ക്ളാരാ സെത്കിന്‍ തുടരുന്നു: –

"അത്യഗാധതയില്‍ കിടക്കുന്ന യഥാര്‍ത്ഥ കാരണത്തെ നാം സ്പര്‍ശിക്കുന്നില്ല. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന തലം സ്വകാര്യ സ്വത്താണ്. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലൂടെ ചൂഷകനും ചൂഷിതനും തമ്മിലുള്ള വര്‍ഗവിവേചനം ഇല്ലാതാവുന്നില്ല. സ്ത്രീതൊഴിലാളിയുടെ സ്വച്ഛവും സ്വതന്ത്രവുമായ സാമൂഹ്യ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന അത്യപകടകരമായ പ്രതിബന്ധങ്ങള്‍ രൂപം കൊള്ളുന്നത്, ഈ വര്‍ഗവിവേചനത്തില്‍നിന്നാണ്. മുതലാളിത്ത സംവിധാനത്തില്‍ പുരുഷനും സ്ത്രീക്കും ഇടയില്‍ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ വൈരുധ്യങ്ങളില്‍ രൂപംകൊള്ളുന്ന സംഘര്‍ഷങ്ങളും വോട്ടവകാശം ലഭ്യമാകുന്നതിലൂടെ ഇല്ലാതെയാവുന്നില്ല. സംഘര്‍ഷങ്ങള്‍ വ്യത്യസ്തമെങ്കിലും, അവയില്‍ വേദനാജനകവും ഗൌരവവുമായത് മാതൃത്വവും തൊഴിലും തമ്മിലുള്ള സംഘര്‍ഷമാണ്. അതിനാല്‍ നമ്മള്‍ സോഷ്യലിസ്റ്റുകള്‍ക്ക് ബൂര്‍ഷ്വാ വനിതകളെപ്പോലെ, സ്ത്രീ വോട്ടവകാശമെന്നത് ആത്യന്തിക ലക്ഷ്യമല്ല. എന്നാല്‍ ആത്യന്തിക ലക്ഷ്യത്തിലെത്താനുള്ള പോരാട്ടത്തിലെ ഒരു തലം മാത്രമെന്ന നിലയില്‍ നമ്മള്‍ വോട്ടവകാശത്തെ കാണുന്നു''.

മാതൃത്വവും തൊഴിലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ്, സ്ത്രീകളുടെ വിശ്രമമുറികള്‍, ക്രഷേകള്‍, മുലയൂട്ടാനുള്ള മുറികള്‍, പൊതു അടുക്കള എന്നിവ തൊഴില്‍രംഗത്തെ അത്യാവശ്യഘടകങ്ങളായി ക്ളാരാസെത്കിനും കൊളന്തായും മുന്നോട്ടുവെച്ചത്. അതേസമയം ബൂര്‍ഷ്വാ സ്ത്രീകളുടെ തൊഴിലാളിവിരുദ്ധ മനോഭാവത്തിനെതിരെയും തുറന്നടിക്കുന്നുണ്ട് ക്ളാരാ സെത്കിന്‍.

"സ്ത്രീയുടെ രാഷ്ട്രീയ സമത്വത്തിനായി ബൂര്‍ഷ്വാ വനിത പടയണിയില്‍ ചേരുന്നത് പോയിട്ട് ഐക്യപ്പെടുക പോലുമില്ല. ഒരു ഏകീകൃത ശക്തിയായി വീറോടെ പൊരുതി സാര്‍വത്രിക വോട്ടവകാശം നേടിയെടുക്കുന്ന കാര്യത്തില്‍ അവര്‍ തീര്‍ത്തും വിമുഖരാണ്. ഇതിനുകാരണം, അവര്‍ നിലനില്‍ക്കുന്ന സമൂഹത്തിലെ വ്യതിയാനങ്ങളാണ്. മേല്‍ഘടകത്തിലെ പതിനായിരം സ്ത്രീകള്‍ക്ക് അത് പ്രധാനമല്ല. എന്നാല്‍ അതിന്റെ എത്രയോ മടങ്ങ് വരുന്ന തൊഴിലാളി സ്ത്രീകള്‍ക്ക് അത് പരമപ്രധാനമാണ് – അതായത് സ്ത്രീ വോട്ടവകാശത്തിനുള്ള പോരാട്ടവും, വര്‍ഗവൈരുധ്യങ്ങളാലും വര്‍ഗസമരങ്ങളാലും നിയന്ത്രിതമാണെന്നര്‍ഥം. ഏകീകൃത പോരാട്ടം സാധ്യമല്ല. കാരണം പൌരാവകാശത്തിനായുള്ള തൊഴിലാളി വനിതകളുടെ പോരാട്ടത്തില്‍ ബൂര്‍ഷ്വാ സ്ത്രീകളുടെ പിന്തുണ കണക്കിലെടുത്തുകൂട. വര്‍ഗവൈരുധ്യമാണിവിടെ തടസ്സം'' – വോട്ടവകാശത്തിന് പച്ചക്കൊടി കാണിക്കുമ്പോഴും, ക്ളാരാ സെത്കിന്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. "തൊഴിലാളി വനിതകള്‍ ഒന്നറിയണം – വനിതകളുടെ  മാത്രമായ ഏകീകൃത പോരാട്ടം കൊണ്ടുപോലും അവര്‍ക്ക് വോട്ടവകാശാധികാരം ലഭിച്ചുകൊള്ളണമെന്നില്ല. ഇല്ല, ആ പോരാട്ടം ഒരു വര്‍ഗസമരം തന്നെയായിരിക്കണം. ............... ഇന്ന് സ്ത്രീകള്‍ ക്ഷമയോടെ കുരിശേന്തുന്നവരല്ല. ദൃഢചിത്തരായ വനിതാ പോരാളികളാണ്. ശക്തരായ സ്ത്രീ – പുരുഷ പോരാളികളുടെ ഒരു പുതുതലമുറയെ സൃഷ്ടിക്കുക. എല്ലാ ന്യായങ്ങളോടെയും സ്ത്രീക്ക് ഇങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയും. പ്രതികാരദാഹികള്‍ അവളുടെ അസ്ഥിയില്‍നിന്നും, ധീരചിന്തകള്‍ അവളുടെ ബുദ്ധിയില്‍നിന്നും, വികാരവിക്ഷുബ്ധര്‍ അവളുടെ ഹൃദയത്തില്‍നിന്നും രൂപം കൊള്ളുന്നു. സ്ത്രീകളും പുരുഷന്മാരുമായ ആ പുതിയ തലമുറ യോദ്ധാക്കള്‍ ഒരു ദിവസം അവള്‍ക്ക് പകരം നില്‍ക്കുക മാത്രമല്ല, യുദ്ധ നൈപുണ്യത്തിന്റെ കാര്യത്തില്‍ അവളെ കടത്തിവെട്ടുകപോലും ചെയ്യും''–

ഇപ്പോള്‍ വനിതാദിനം "സാര്‍വത്രിക വനിതാ ദിന'മായിട്ടാണാചരിക്കുന്നത്. സെത്കിന്‍ പറഞ്ഞതുപോലെ, സ്ത്രീകള്‍ ഇപ്പോഴും മുതലാളിത്തത്തിന്റെ മര്‍ദ്ദനത്തിനും ചൂഷണത്തിനും ഇരകളാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഹിന്ദുത്വത്തിന്റെയും മതങ്ങളുടെയും സ്ത്രീ സങ്കല്‍പം 'അവളെ, കുടുംബിനിയായും സ്വന്തം സമുദായത്തെ വളര്‍ത്താനായി, കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ വിധിക്കപ്പെട്ടവളായും, വീട്ടിനകത്തും പുറത്തും എല്ലുമുറിയെ പണിയെടുക്കുന്ന രാജ്യമായും മാറിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും തത്വശാസ്ത്രങ്ങള്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഈ നിലയില്‍ തുടരാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളുടെ പോരാട്ടം മുതലാളിത്തത്തിനെതിരെയും ജാതി മതവര്‍ഗീയതക്കെതിരെയും ആവണം. ഇത് നിരന്തരമായി ഓര്‍മിപ്പിക്കുന്ന ദിനമായി വനിതാദിനം മാറേണ്ടതുണ്ട്. സെത്കിന്‍ പറഞ്ഞതുപോലെ, "പുതിയ തലമുറ''യിലെ യോദ്ധാക്കള്‍ തിരിച്ചുകൊണ്ടുവരേണ്ടത് 'അപ്പവും പനിനീര്‍പുഷ്പങ്ങളും'' എന്ന മുദ്രാവാക്യമാണ്. അതിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ഇനി നമുക്ക് വേണ്ടതും. എല്ലാവര്‍ക്കും അപ്പവും പനിനീര്‍പുഷ്പങ്ങളും.

(ചിന്തയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top