07 June Wednesday

ഈ പെൺകൈകളിൽ ആറന്മുളക്കണ്ണാടി പിറക്കുന്നു; തീക്കനലിൽനിന്ന് ആറന്മുളയുടെ പൈതൃകത്തെ വാർത്തെടുത്ത് സുധാമ്മാൾ

സൗമ്യ വി എസ്‌Updated: Wednesday Dec 6, 2017

പമ്പയാറിന്റെ തീരത്ത് ആനന്ദവാടിയിലെ മംഗലത്ത് വീട്ടിൽഈ പെൺകൈകളിൽ ആറന്മുളക്കണ്ണാടി പിറക്കുന്നു. ഇവൾ തീക്കനലിൽനിന്ന്
ആറന്മുളയുടെ പൈതൃകത്തെ വാർത്തെടുക്കുന്ന സുധാമ്മാൾ.

കുങ്കുമം വാരിവിതറിയപോലെ ചുവന്നുതുടുത്ത് പുലരിയിലെ പമ്പയാർ. ഓളങ്ങൾക്കുമീതേ വെയിൽതുള്ളിക്കളിക്കുന്നു. അൽപ്പമകലെ ആനന്ദവാടിയിലെ മംഗലത്ത് വീടും പരിസരവും ചുവന്നു. വെയിലേറ്റല്ല... മുറ്റത്തെ ഓട്‌മേഞ്ഞ ആലയിലെ അഗ്നിപ്രഭയിൽ. അടുപ്പിൽ ആളിക്കത്തുന്ന മരക്കരിയും ചകിരിയും. തീച്ചൂടേറ്റ് വിയർത്ത് അതിനരികിൽ ഒരുസ്ത്രീ കുനിഞ്ഞിരുന്ന് സൂഷ്മതയോടെ ജോലിയിൽ മുഴുകുന്നു. നീണ്ടുമെലിഞ്ഞ കൈയ്യിൽ അതാ ഒരു കൊച്ചുസൂര്യൻ ഉദിച്ചുവരുന്നു. ചുട്ടുപഴുത്തൊരു ലോഹസൂര്യൻ...ഇവൾ തീക്കനലിൽനിന്ന് ആറന്മുളയുടെ പൈതൃകത്തെ വാർത്തെടുക്കുന്ന പെണ്ണ്. സുധാമ്മാൾ.
ഈ പെൺകൈകളിൽ ആറന്മുളക്കണ്ണാടി പിറക്കുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള, അഞ്ച്‌നൂറ്റാണ്ടുമുമ്പ് കേരളത്തിൽ ആദ്യമായി പാർവ്വതിയമ്മാൾ മൂശയിൽ വാർത്തെടുത്ത അതേ ആറന്മുളക്കണ്ണാടി.

പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് മാലക്കര ആനന്ദവാടിലെ മംഗലത്ത് വീട്ടിൽ ആറന്മുളക്കണ്ണാടിയുടെ പിറവിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് വിശ്വകർമ്മ കുടുംബങ്ങളായിരുന്നു അന്ന് ആറന്മുളകണ്ണാടി ചെയ്തിരുന്നത്. സുധാമ്മാളിന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ പുകൾപെറ്റവരായിരുന്നു. അച്ഛൻ എം എസ് ജനാർദ്ദനൻ ആചാരിയുടെ ഓർമ്മകൾ സുധാമ്മാളിന് എന്നും ഊർജമാണ്. ഡൽഹിയിൽ രാഷ്ട്രപതി കെ ആർ നാരായണന്റെ കൈയിൽനിന്ന് പൈതൃകസംരക്ഷണത്തിന് നാഷണൽ മെറിറ്റ് അവാർഡ് ആദരമേറ്റുവാങ്ങിയ ഒരച്ഛന്റെ മകൾക്ക് അല്ലെങ്കിലും ഓർമ്മകളുടെ തിളക്കം കുറയില്ലല്ലോ...

കണ്ണാടി നോക്കാത്ത പാവാടക്കാരി

കുളിച്ച് കണ്ണെഴുതി കണ്ണാടി നോക്കാതെ കൂട്ടുകാർക്കൊപ്പം സ്‌കൂളിലേക്കോടിയിരുന്ന ബാല്യം. ''അച്ഛൻ ആലയിൽ തീച്ചൂടേറ്റ് പണിയുമ്പോഴും എനിക്കന്ന് അറിയില്ലായിരുന്നു ചെയ്യുന്ന തൊഴിൽ എത്ര വലുതാണെന്ന്. അമ്മ പൊന്നമ്മാൾ അച്ഛനെ സഹായിക്കും. ഞങ്ങൾ കുട്ടികൾക്ക് കളിയിലായിരുന്നു കമ്പം. അച്ഛന് കിട്ടിയ അവാർഡിന്റെ വിലപോലും അന്നറിയില്ലായിരുന്നു. ദേശീയ അവാർഡിനുപുറമേ സംസ്ഥാന കരകൗശല വികസന കോർപറേഷനും കൈരളിയും സംസ്ഥാന അവാർഡ്  നൽകി അച്ഛനെ ആദരിച്ചിട്ടുണ്ട്. '' സുധയുടെ കണ്ണിൽ കണ്ണാടിത്തിളക്കം..
പഠിച്ച് വലുതാകുമ്പോൾ അധ്യാപികയാവാനായിരുന്നു സുധയ്ക്ക് ആഗ്രഹം. പക്ഷേ 32ാം വയസ്സിൽ ജീവിതം കീഴ്‌മേൽ മറിഞ്ഞ് അച്ഛനിരുന്ന ആലയിൽ ആ യുവതിയെ കൊണ്ടിരുത്തി.  ശ്രീ പാർഥസാരഥി ഹാൻഡിക്രാഫ്റ്റ് മിറർ സെന്ററിന്റെ അവകാശിയായി..

അച്ഛന് മകൾ കൊടുത്ത വാക്ക്


ചിക്കുൻഗുനിയ പിടിപെട്ട് 75ാം വയസ്സിൽ രോഗശയ്യയിലായ ജനാർദ്ദനൻ ആചാരി ഒരു സന്ധ്യയ്ക്ക് മകളെ അടുത്തിരുത്തിഒരുപാട് സംസാരിച്ചു. പതിവില്ലാത്ത കുറേ കുടുംബകാര്യങ്ങൾ. അമ്മയെ നീ നന്നായി നോക്കണമെന്ന് സുധയുടെ കണ്ണിലേക്ക് നോക്കി പറഞ്ഞപ്പോഴും ആ മകൾ വിചാരിച്ചില്ല അച്ഛൻ 'എല്ലാം' തന്നെ ഏൽപ്പിക്കുകയായിരുന്നെന്ന്...വേർപാടിന്റെ ആഘാതം സുധാമ്മാൾ മറന്നത് അച്ഛൻ ആവശ്യക്കാർക്ക് ചെയ്തുകൊടുക്കാമെന്നേറ്റ കണ്ണാടികൾ വാർത്തെടുത്തായിരുന്നു. മരണംകഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അവർ പണിക്കിറങ്ങി. വിവാഹിതയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുടെ അമ്മയുമായിരുന്ന സുധയ്ക്ക് ധൈര്യവും പിന്തുണയുമായി കൂടെനിന്നത് അമ്മ പൊന്നമ്മാളായിരുന്നു.
ജോലി നിർത്തി കുടുംബിനിയായി ഒതുങ്ങണമെന്ന നിർബന്ധം പലഭാഗത്തുനിന്നും ഏറിയപ്പോഴും പിന്നോട്ടുപോകാൻ അവർ ഒരുക്കമായിരുന്നില്ല. രാവും പകലും തീച്ചൂടേറ്റ് ഉരുകി ആ മകൾഅച്ഛൻ ഏൽപ്പിച്ച കർത്തവ്യം ഭംഗിയായി നിർവഹിച്ചു. മൂന്നുമാസം കൊണ്ട് 2000 ആറന്മുള കണ്ണാടികൾവരെ ചെയ്തുതീർത്തു. അന്ന് അമ്മയ്ക്ക് കൂട്ടിരുന്നത് മക്കളായ നിരഞ്ജനും ഗോവർധനും.

കണ്ണാടികൾ പിറക്കുന്നത്

ചെമ്പും വെളുത്തീയവും പ്രത്യേക അനുപാതത്തിൽ (ഇന്നും ഏതാണ്ട് രഹസ്യമാണ് ആ കൂട്ട്) ഉരുക്കിയെടുത്തുണ്ടാക്കുന്ന ലോഹക്കൂട്ടാണ് ആറന്മുളക്കണ്ണാടിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കൂട്ടുരുക്കാൻ ഏകദേശം ഒരുമണിക്കൂറെടുക്കും. തണുത്തശേഷം അത് ചെറിയ കഷണങ്ങളാക്കി കരുവിൽ നിറയ്ക്കും. (ആറന്മുള പാടത്തെ ചെളികൊണ്ടാണ് കരു നിർമാണം). വീണ്ടും മണ്ണ് തേച്ച് കരു വെയിലിൽ ഉണക്കും. പിന്നീട് ഈ കരു തീച്ചൂളയിൽ 45 മിനിറ്റോളം വീണ്ടും ഉരുക്കും. തണുത്തശേഷം കരുപൊട്ടിച്ച് ലോഹം പുറത്തെടുക്കും. പിന്നീട് അത് തേച്ച് മിനുസപ്പെടുത്തി കണ്ണാടിയാക്കും. കണ്ണാടിയുടെ പുറത്തെ ചട്ടക്കൂടുണ്ടാക്കാൻ പിച്ചള ഉപയോഗിക്കുന്നു. ഗ്ലാസുകൊണ്ടുള്ള കണ്ണാടികളിൽ പിൻപ്രതലം പ്രതിഫലിക്കുമ്പോൾ ലോഹക്കണ്ണാടിയിൽ മുൻപ്രതലത്തിലാണ് പ്രതിഫലനം. രൂപഭംഗിയിൽ ആറന്മുളക്കണ്ണാടിയോട് കിടപിടിക്കാനും മറ്റൊന്നില്ല.

വെല്ലുവിളിയായി വ്യാജൻ


ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ കിട്ടിയ കേരളത്തിന്റെ ആദ്യ ഉൽപ്പന്നത്തിനും വ്യാജനുണ്ട്.!! (ഇന്ത്യയിലെ രണ്ടാമത്തെ ജിഐ ഉൽപ്പന്നംകൂടിയാണ് ആറന്മുളക്കണ്ണാടി. ഒന്നാംസ്ഥാനം ഡാർജിലിങ് ടീ ആണ്.) ഏറെക്കുറെ രഹസ്യമായിരുന്ന ലോഹക്കൂട്ട് കൂട്ട് കൂടെയുള്ളൊരാൾ ചോർത്തിനൽകി. നിർമാണ അനുപാതത്തിൽ 'വെള്ളംചേർത്ത്' അങ്ങനെ വ്യാജനിറങ്ങിത്തുടങ്ങി. വിദേശികളും സ്വദേശികളും ഒരുപോലെ വഞ്ചിതരാകാൻ തുടങ്ങിയപ്പോഴാണ് വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റി പ്രവർത്തനം ശക്തമാക്കിയത്. സൊെസെറ്റിയുടെ പേരുപതിച്ച ഹോളോഗ്രാം മുദ്രയിൽ അങ്ങനെ യഥാർഥ കണ്ണാടിയെ തിരിച്ചറിയാം. ഈ സൊസൈറ്റിക്ക് മാത്രമാണ് കണ്ണാടിയുടെ നിർമാണത്തിനും വിപണനത്തിനും    . പതിനഞ്ചോളം അംഗീകൃത യൂണിറ്റുകളാണ് ആറന്മുളക്കണ്ണാടി നിർമിക്കുന്നത്.

ഗുരുവായൂർ കേന്ദ്രീകരിച്ചുള്ള 'വിസ്മയദർശിനി'എന്ന സ്ഥാപനവുമായി സഹകരിച്ച് 'എന്റെ കേരളം എന്റെ ആറന്മുളക്കണ്ണാടി' പദ്ധതി നടപ്പാക്കിവരുന്നുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉടൻ നടത്താനുള്ള തയ്യാെറടുപ്പിലാണ് സൊസൈറ്റി.
കേരള സർക്കാരിന്റെ കൈരളി, സുരഭി സ്ഥാപനങ്ങൾക്കാണ് സുധാമ്മാൾ കണ്ണാടികൾ കൂടുതലും നൽകിവരുന്നത്. ഒന്നരയിഞ്ചുമുതൽ എട്ടിഞ്ചുവരെ പ്രതലമുള്ള കണ്ണാടികൾ അവർ നിർമിക്കുന്നു. 1200 രൂപമുതൽ 75000 രൂപവരെ വിപണിവില വരുന്നവ. വലിപ്പവും ഡിസൈനുമനുസരിച്ച് വിലയിൽ വ്യത്യാസം വരും. സുധാമ്മാളിനെക്കൂടാതെ ഒരു വനിതകൂടി ആറന്മുളക്കണ്ണാടിയുടെ നിർമാണരംഗത്തുണ്ട്.

കരവിരുതും കാത്തിരുപ്പും

വൈദഗ്ധ്യവും കൃത്യതയും ഒരുപോലെ സമന്വയിച്ചാണ് ഓരോ കണ്ണാടിയും പിറവിയെടുക്കുന്നത്. കരവിരുതും ക്ഷമയും സൂക്ഷ്മതയും അത്രമേൽവേണ്ട ജോലിയാണിത്.
ഓർഡറെടുത്ത ഒരുപാടെണ്ണം തീർത്തുകൊടുക്കാൻ ബാക്കിയുണ്ട് സുധയ്ക്ക്. വീട്ടുജോലികൾ തീർത്ത് പണിയായുധങ്ങളുമായി വീണ്ടും അവർ ആലയിലേക്ക് കയറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top