jishaabhinaya@gmail.com
‘എനിക്കറിയാം ഞാൻ മരിക്കുമെന്ന്... താങ്കളുടെ നിയമവും എന്റെ വിധിയും അത് വളരെ അടുത്തെത്തിച്ചു എന്നു മാത്രം. എന്നെപ്പോലെ ജീവിതം ഒരു നീണ്ട ചോദ്യമായി തീർന്ന ഒരാൾക്ക് മരണം എത്ര പെട്ടെന്ന് സംഭവിക്കുന്നുവോ... അത്രയും നല്ലത്. എനിക്കതിൽ ഭയം ഇല്ല...’
‘ആന്റിഗണി’ എന്ന നാടകത്തിലെ ആ വാക്കുകൾ ഇപ്പോഴും അമൃത അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നു. നാടകപ്രവർത്തകരുടെ ജീവിതം എന്നും അരങ്ങിൽനിന്ന് അരങ്ങിലേക്കുള്ള അനന്തമായ യാത്രയാണ്. അവിടെ വർത്തമാന ജീവിതകാലങ്ങളുടെ അത്യാനന്ദങ്ങളും അതിഭീകര ഭയവും അവരെ കീഴ്‌പ്പെടുത്തുകയില്ല.
നാടക പ്രവർത്തകയായ അമൃതയും ജീവിതപങ്കാളി സുവീരനും തങ്ങളുടെ നാടകയാത്ര തുടരുകയാണ്; ആഴ്‌ചകൾക്കുമുമ്പ് തങ്ങൾക്ക് നേരെയുണ്ടായ ആർഎസ്‌എസ് ആക്രമണത്തിന്റെ ഭയം അവരെ വേട്ടയാടുന്നുണ്ടെങ്കിലും. ഇപ്പോഴും വീടിന് കാവൽ നിൽക്കുന്നു ഒരു കൂട്ടം പൊലീസുകാർ. അതിനിടയിലും അവർ തങ്ങളുടെ നാടക ക്യാമ്പ് സജീവമാക്കാൻ ശ്രമിക്കുന്നു.
വടകരയിലെ വാടകവീട്ടിൽനിന്ന് നാടകത്തിന്റെ റിഹേഴ്‌സൽ സുഗമമാക്കാനാണ് അമൃതയും സുവീരനും കുറ്റ്യാടി വേളം കേളോത്തുമുക്കിലെ വീട്ടിലെത്തുന്നത്. അമൃതയുടെ അമ്മയുടെ പേരിലുള്ള ഇരുപത്തിയേഴര സെന്റ് ഭൂമിയെ ചൊല്ലിയാണ് തർക്കം. രാജഭരണകാലത്ത് ഇത് ക്ഷേത്രഭൂമിയായിരുന്നു എന്ന വിചിത്രവാദമാണ് ആർഎസ്‌എസ് മുന്നോട്ടുവയ്‌ക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16ന് രാത്രി 8.30ന് ഒരു കൂട്ടമാളുകൾ വീട് ആക്രമിച്ചു. ഇത് അവരുടെ ഭൂമിയാണെന്നും ഇവിടെനിന്ന് ഇവർ ഇറങ്ങണമെന്നും ആക്രോശിച്ചു. ശാരീരികമായും ആക്രമിച്ചു. കാടുപിടിച്ച് കിടക്കുന്ന ഭൂമി വെട്ടിത്തെളിക്കണമെന്ന് അവർ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രകൃതി സൗന്ദര്യം നഷ്‌ടമാക്കേണ്ടെന്ന് കരുതി അതേപടി നിലനിർത്തുകയായിരുന്നു. ആധാരത്തിലെ പേരും വിലാസവും ഒന്നും അവർ കാണാൻ തയ്യാറല്ല–- അമൃത പറയുന്നു.
രണ്ടു വർഷം മുമ്പ് ചിലർ മരം വെട്ടിയതിന്റെ പേരിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിന്റെ കേസ് തുടരുകയാണ്. കേരള സംഗീത നാടക അക്കാദമിയുടെ നാടകാവതരണത്തിനായി ‘ജാരൻ’ എന്ന നാടകത്തിന്റെ റിഹേഴ്‌സലിനാണ് ഈ വീട്ടിലെത്തിയത്.
സംഭവ ദിവസം ഉച്ചയ്‌ക്ക് ഇവിടേക്ക് ചിലർ പടക്കം എറിഞ്ഞു. രാത്രിയും ആവർത്തിച്ചു. രാവും പകലും ഭീകരാന്തരീക്ഷം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌ത ദിവസം രാത്രിയും ആക്രമണം ആവർത്തിച്ചു.
നാടകം പഠിക്കാൻ നാദാപുരത്തുനിന്നൊരു പെൺകുട്ടി
നാദാപുരം കല്ലാച്ചിയിൽനിന്നാണ് അമൃത ബിടിഎ പഠനത്തിനായി തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ എത്തുന്നത്. 1992ൽ പഠനം പൂർത്തിയാക്കി. അക്കാലത്ത് പെൺകുട്ടികൾ നാടകം പഠിക്കാൻ പോകുന്നത് അത്‌ഭുതമാണ്. സുധി ദേവയാനിയാണ് സഹപാഠിയായ ഏക പെൺസാന്നിധ്യം. ഹെഡ് ഓഫ് ദി ഡിപ്പാർട്‌മെന്റായി ഡോ. വയലാ വാസുദേവൻ പിള്ളയും.
സുവീരനോടൊപ്പമുള്ള ജീവിതയാത്ര ആരംഭിച്ചതും ഇക്കാലത്താണ്. ഇതോടെ കൂടുതൽ നാടക വഴികൾ തുറന്നു. ഇവർ ഒന്നിച്ച് പിന്നിട്ട ‘സൂ സ്‌റ്റോറി’ നാടകം കേരളം മുഴുവൻ കളിച്ചു. ‘കാസർകോട് നിന്ന് തിരുവനന്തപുരം വരെ ബസിലായിരുന്നു യാത്ര. ഓരോ കവലകളിലും ഇറങ്ങി ഞങ്ങൾ നാടകം കളിക്കും. വ്യത്യസ്‌തമായ ഒരു അനുഭവമാണ് ആ നാടക യാത്ര സമ്മാനിച്ചത്.
പിന്നീട് ‘ഭാസ്‌കര പട്ടേലരും തൊമ്മിയും’ എന്ന നാടകവും കേരളം മുഴുവൻ അവതരിപ്പിച്ചു. ഒരു വയസ്സ് മാത്രമുള്ള കുഞ്ഞിനെയും കൈയിൽ വച്ചായിരുന്നു അന്നത്തെ യാത്രകൾ.
ഗിരീഷ് കർണാടിന്റെ ‘നാഗമണ്ഡല’യും തുടർച്ചയായി അവതരിപ്പിച്ചു. പിന്നീട് സുവീരൻ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലേക്ക് പോയി. അക്കാലത്ത് അമൃത നാടകങ്ങളിൽനിന്ന് ചെറിയ ഇടവേളയെടുത്തു. ഭരതവാക്യം, യെർമ, അഗ്‌നിയും വർഷവും തുടങ്ങിയ നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സാങ്കേതിക സഹായം ഒരുക്കുകയും ചെയ്‌തു.
തിരുവനന്തപുരം നിരീക്ഷയിലും പ്രവർത്തിച്ചു. നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു. പത്തുവയസ്സുമുതൽ നാടക രംഗത്തുണ്ട്. വർഷങ്ങളായി കല ശ്വാസമായി കൊണ്ടു നടക്കുന്നവരാണ് ഞങ്ങൾ. അത് ഞങ്ങൾക്ക് തുടർന്നേ മതിയാകു. അമൃതയും സുവീരനും പറയുന്നു. മക്കളായ കേകയും ഐകയും ഇവരുടെ നാടകവഴികൾക്ക് പിന്തുണ നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..