13 July Monday

നടവഴിയിലെ നേരോർമകൾ

വി കെ അനുശ്രീUpdated: Tuesday Jun 4, 2019


ചെമ്പൻ മുടിയും മുഷിഞ്ഞ വസ്ത്രവും വിശന്നൊട്ടിയ വയറുമായി തെരുവിൽ നിൽക്കുന്ന ഓരോ ബാല്യവും വേദനിപ്പിക്കുന്ന കാഴ്ചയാണ‌് ഷെമിക്ക‌് ഇന്നും. ആരോരുമില്ലാതെ തെരുവഴികളിൽ നിന്ന സ്വന്തം ബാല്യ–- കൗമാര കാലത്തിന്റെ  ജീവനുള്ള ഓർമച്ചിത്രങ്ങൾ. നടവഴിയിലെ നേരുകൾ എന്ന നോവലിലൂടെ സ്വന്തം തെരുവ‌് ജീവിതാനുഭവങ്ങൾ പറയുക മാത്രമല്ല, തെരുവിലകപ്പെടുന്ന കുട്ടികൾക്കായി തന്റേതായ രീതിയിൽ സഹായമെത്തിക്കുക കൂടിയാണ‌് ഈ യുവ കഥാകാരി.

അരക്ഷിതാവസ്ഥ നിറഞ്ഞ സ്വന്തം അനുഭവങ്ങൾ ഓർത്തെടുക്കുമ്പോഴും മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കെട്ടുറപ്പുണ്ട‌് ഷെമിയുടെ വാക്കുകൾക്ക‌്. തെരുവിൽ അകപ്പെടുന്ന ഓരോ ബാല്യത്തിനും അതിജീവന പ്രതീക്ഷയേകുന്ന ജീവിതം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ‌് അച്ഛനും സഹോദരങ്ങൾക്കുമൊപ്പം കണ്ണൂർ സ്വദേശിയായ ഷെമി തെരുവിൽ എത്തിപ്പെടുന്നത‌്. സ്വന്തമായുള്ള ചുരുക്കം വസ്ത്രങ്ങൾ നിറച്ച ഭാണ്ഡവും ജീവനേക്കാൾ പ്രിയപ്പെട്ട പുസ്തകക്കെട്ടും പേറി  കടത്തിണ്ണകളിലായിരുന്നു ജീവിതം.

‘തെരുവിൽനിന്ന‌് രക്ഷപെടാൻ പഠിക്കണമെന്ന‌് അറിയാമായിരുന്നു. സർക്കാർ വിദ്യാലയമായതിനാൽ പഠനം തുടരുന്നതിൽ സാമ്പത്തികം പ്രതിബന്ധമായില്ല. നഗരത്തിന്റെ വെവ്വേറെ തെരുവുകളിലുള്ള താമസം സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാക്കി. അച്ഛനുമായി വഴിപിരിഞ്ഞ‌് സ്കൂളിനടുത്തുള്ള കടത്തിണ്ണയിലായി താമസം. അച്ഛന്റെ മരണശേഷം പൂർണമായും തനിച്ചായി.’ ഷെമി ഓർത്തെടുക്കുന്നു.

കടകളിലും വീടുകളിലും ജോലി ചെയ്ത‌് എട്ടാം ക്ലാസ്സ‌് വരെ പഠിച്ചു. പിന്നീട‌് ഹയർസെക്കൻഡറി പഠനം പൂർത്തിയാകും വരെ കോഴിക്കോട്ടുള്ള അനാഥാലയത്തിൽ. സഹോദരങ്ങളെയും കൂട്ടി ഷെമി തന്നെയാണ‌് അനാഥാലയ അധികൃതരെ സമീപിച്ചത‌്. തുടർപഠനത്തിനുള്ള അന്വേഷണങ്ങൾക്കൊടുവിൽ സർക്കാർ സ്കോളർഷിപ്പോടെ നേഴ‌്സിങ‌് പഠനം. തിരുവനന്തപുരം ജന. ആശുപത്രിയിൽ നേഴ‌്സായിരിക്കെ സി ഡിറ്റിൽ വീഡിയോ പ്രൊഡക്ഷൻ പഠിച്ചു. അവിടെ ജേണലിസം വിദ്യാർഥിയായിരുന്ന മലപ്പുറം സ്വദേശി ഫസ്‌‌ലുവിനെ പരിചയപ്പെട്ടു. 2004ൽ വിവാഹം. ഇപ്പോൾ അറേബ്യൻ റേഡിയോ നെറ്റ‌്‌വർക്കിൽ പ്രവർത്തിക്കുന്ന ഫസ്‌‌ലുവിനും മക്കളായ ഇഷയ്ക്കും ഇവയ്ക്കുമൊപ്പം ദുബായിലാണ‌് ജീവിതം.

ഇവയുടെ ജനനശേഷമാണ‌് എഴുത്തിലേക്ക‌് തിരിഞ്ഞത‌്. ആദ്യ പുസ്തകത്തിന്റെ ഒരു കോപ്പിയെങ്കിലും വിറ്റാൽ ആ തുക തെരുവിലകപ്പെട്ട കുട്ടികൾക്കായി നൽകണമെന്ന‌് ആദ്യമേ തീരുമാനിച്ചിരുന്നു. ചൂടപ്പം പോലെ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ റോയൽറ്റിയായി ലഭിച്ച രണ്ട‌് ലക്ഷം രൂപ അടുത്തിടെ ഷെമി സർക്കാരിന്റെ ബാലനിധിയിലേക്ക‌് കൈമാറി.

‘തെരുവിൽ ജീവിക്കുന്ന ഓരോ കുട്ടിയുടെയും അവകാശമാണ‌് ഈ തുക. അവരെ സഹായിക്കേണ്ടത‌് കടമയായി കാണുന്നു,’ ഷെമി പറയുന്നു. ഭർത്താവ‌് ഫസ‌്‌ലുവും കുട്ടികളുമാണ‌് മുന്നോട്ട‌് പോകാനുള്ള പ്രചോദനം. ഇരുൾനിറഞ്ഞ വർഷങ്ങൾ ജീവിച്ചുതീർത്ത തെരുവുകളിൽ അവരുമായി യാത്ര പോയിട്ടുണ്ട‌് ’. രണ്ടാമത്തെ പുസ്തകമായ ‘മലപ്പുറത്തിന്റെ മരുമകൾ’ കഴിഞ്ഞ മാസം പ്രകാശനം ചെയ്തു. വരും വർഷങ്ങളിൽ അനാഥ ബാല്യങ്ങൾക്കായി കൂടുതലെന്തെങ്കിലും ചെയ്യാനാകുമെന്ന‌് പ്രതീക്ഷിക്കുന്നതായും ഷെമി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top