14 December Saturday

അവര്‍ കളിച്ചത് ഹൃദയംകൊണ്ട്

പ്രദീപ് ഗോപാല്‍Updated: Wednesday Aug 2, 2017

ജൂണ്‍ ആറ്. ബാന്ദ്ര-കുര്‍ള കോംപ്ളക്സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാരുടെ മുഖാമുഖം. ലോകകപ്പിനായി ഇംഗ്ളണ്ടിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ചടങ്ങ്്. ശുഷ്കമായ വേദിയില്‍ അവര്‍  15 പേര്‍. മുഖാമുഖത്തിനിടെ ഹര്‍മന്‍പ്രീത് കൌര്‍ എന്ന പഞ്ചാബുകാരി കൈ പൊക്കി, മൈക്കെടുത്തു. 'സര്‍, നിങ്ങള്‍ ഞങ്ങളുടെ കഥകള്‍ പറയാന്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്കതില്‍ താല്‍പര്യവുമുണ്ട്. പക്ഷേ, ഇവിടെ ആര്‍ക്കും അത് കേള്‍ക്കാന്‍ താല്‍പര്യമില്ല'. ഒരു പുഞ്ചിരിയോടെ ഹര്‍മന്‍പ്രീത് ഇരുന്നു. കളിക്കാര്‍ തമ്മില്‍ തമാശകള്‍ പറഞ്ഞുചിരിച്ചു. അവരുടെ ലോകത്തെ മറ്റാരും ശ്രദ്ധിച്ചില്ല.

ജൂലൈ 25. അറുപതില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരുണ്ട് ഡല്‍ഹി വിമാനത്താവളത്തില്‍. ലോകകപ്പ് കഴിഞ്ഞെത്തിയ മിതാലി രാജിനെയും കൂട്ടരെയും അവര്‍ വളഞ്ഞു. ആരാധകര്‍ ഒപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പുറപ്പെടുമ്പോഴുള്ളതിനെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതാദ്യമാണ്. ഇത്തരമൊരു വരവേല്‍പ്പ് പ്രതീക്ഷിച്ചതല്ല. ഇതൊരു തുടക്കമായിരിക്കും- മിതാലി പറഞ്ഞു.

ആട്ടവും പാട്ടും വേണ്ടെന്ന് വച്ച് പന്തും ബാറ്റും കയ്യിലേന്തി ഇറങ്ങിയവരാണിവര്‍.  വിശാലമായ ലോകം പുറത്തുണ്ടെന്ന കാഴ്ചയില്‍ അവര്‍ കളിച്ചു. അംഗീകാരങ്ങളുണ്ടായില്ല. നിരാശപ്പെട്ട് മാറിനിന്നില്ല. പണത്തിലും പ്രതാപത്തിലും മുന്നില്‍നില്‍ക്കുന്ന പുരുഷ ടീമുമായി ഞങ്ങളെ താരതമ്യപ്പെടുത്തരുതെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവര്‍ തങ്ങളുടെ സ്വത്വത്തില്‍ വിശ്വസിച്ചു. അംഗീകാരം അതിനുമതിയെന്ന് ഉറപ്പിച്ചു. സാംഗ്ളിയില്‍നിന്നും മോഗയില്‍നിന്നും അല്‍മോറയില്‍നിന്നുമൊക്കെ എത്തിയവരാണിവര്‍. എല്ലാത്തിനുമുള്ള ഉത്തരമായി ഈ വനിതാ ലോകകപ്പ്. ഫൈനലില്‍ തോറ്റെങ്കിലും അവര്‍ നല്‍കിയ മനോഹര നിമിഷങ്ങള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള പാതകളാണ്.

44 വര്‍ഷം കഴിഞ്ഞു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് രൂപം കൊണ്ടിട്ട്. 1973ല്‍ ബീഗം ഹമീദ ഹബീബുള്ള പ്രസിഡന്റായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ലോകം നെറ്റിചുളിച്ചു. ചിലര്‍ പരിഹസിച്ചു. 1970കളുടെ അവസാനത്തില്‍ പുണെയില്‍നിന്നും മുംബൈയില്‍നിന്നും വാരാണസിയില്‍നിന്നുമൊക്കെ ഉശിരുള്ള പെണ്‍കുട്ടികള്‍ ബാറ്റും പന്തുമായി കളത്തിലേക്കിറങ്ങി. പ്രിയദര്‍ശിനി കപ്പും റാവു കപ്പുമൊക്കെയായി ചില ആഭ്യന്തര ടൂര്‍ണമെന്റുകള്‍. ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് കളിച്ചു. അക്കാലത്തെ പ്രഗത്ഭരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചു. ആരും ഒന്നുമറിഞ്ഞില്ല. 1995ല്‍ ന്യൂസിലന്‍ഡില്‍വച്ച് ആദ്യമായി ഒരു ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പേരുണ്ടായത്. ഡയാന എഡുള്‍ജി, ശാന്ത രംഗസ്വാമി, സുധാ സിങ്, സന്ധ്യ അഗര്‍വാള്‍ എന്നിവര്‍ അക്കാലത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖങ്ങളായി.

അഞ്ജും ചോപ്രയും മിതാലിയും ജൂലനും ആ തിരി കെടാതെ ഏറ്റെടുത്തു.  വൈകിയുള്ള അംഗീകാരത്തില്‍ നിരാശരല്ല. ഇതൊരു ശുഭകരമായ തുടക്കമാണ്. സൈന നെഹ്വാളും പി വി സിന്ധുവും വരുന്നതിന് മുമ്പ് ഇന്ത്യന്‍ വനിതാ ബാഡ്മിന്റണെ കുറിച്ച് അറിയുന്നവര്‍ ചുരുക്കമായിരുന്നു. സാനിയ മിര്‍സയാണ് ഇന്ത്യന്‍ വനിതാ ടെന്നീസിന് തെളിച്ചം നല്‍കിയത്. ബബിതയും ഗീതയും സാക്ഷിയും കളംനിറഞ്ഞപ്പോഴാണ് ഗുസ്തിയിലേക്ക് കാഴ്ച പതിഞ്ഞത്. ജിംനാസ്റ്റിക്സില്‍ 'പൊഡുനോവ' അപകടകരമായ രീതിയാണെന്നറിഞ്ഞത് ദിപ കര്‍മാക്കര്‍ എന്ന ത്രിപുരക്കാരി ലോകവേദിയില്‍ തിളങ്ങിയപ്പോഴായിരുന്നു. പ്രകടനം കൊണ്ടാണ് അവര്‍ അടയാളപ്പെടുത്തിയത്. ഇംഗ്ളണ്ടില്‍ സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൌറും മിതാലിയും ജൂലനും പൂണം റാവത്തുമെല്ലാം പുറത്തെടുത്ത പ്രകടനങ്ങളാണ് ഈ അംഗീകാരത്തിന് കാരണം.

ഇംഗ്ളണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ ജൂലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കയ്യടിച്ചത് ലോകം മുഴുവനായിരുന്നു. ഫൈനലില്‍ ഇന്ത്യ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ ദീപ്തി ശര്‍മയ്ക്കൊപ്പം ലോകവും കരഞ്ഞു. ഇംഗ്ളണ്ടിന്റെ ആഘോഷങ്ങളിലും പങ്കുകൊണ്ടു. ഇന്ത്യ തോറ്റു-പക്ഷേ, വനിതാ ക്രിക്കറ്റ് ജയിച്ചു. ഹൃദയം കീഴടക്കാനായി.

ഫൈനല്‍ നടന്ന ഞായറാഴ്ച ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ലോകകപ്പ് ഫൈനലായിരുന്നു ഒന്നാമത്. ഹര്‍മന്‍പ്രീത് കൌര്‍ ഓസീസ് വനിതകളോട് 115 പന്തില്‍ 171 റണ്ണെടുത്തപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഇന്നിങ്സുകളിലൊന്നായി. വനിതാ ക്രിക്കറ്റിലേക്ക് മാത്രമായി അതിനെ പരിമിതപ്പെടുത്തിയില്ല. നവ മാധ്യമങ്ങള്‍ ആഘോഷിച്ചു. മിതാലിയും ഹീതര്‍ നൈറ്റും സാനാ മിറും ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍മാരുടെ 'ഇമോജി'കള്‍ ഇറങ്ങി. 26,500 പേരാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ഫൈനല്‍ കാണാന്‍ ലോര്‍ഡ്സിലേക്ക് ഒഴുകിയെത്തിയത്. ലോകകപ്പിന് പുറപ്പെടുംമുമ്പ് ട്വിറ്ററില്‍ 7000 ഫോളോവേഴ്സായിരുന്നു മിതാലിക്ക്. ഇപ്പോഴത് 1,55,000 കവിഞ്ഞു. ആദ്യ രണ്ട് കളികളില്‍ മിന്നിത്തിളങ്ങിയ സ്മൃതി മന്ദാന പെട്ടെന്നു താരമായി നിറഞ്ഞു. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനെ പുറത്താക്കിയ ജൂലന്റെ മാന്ത്രിക പന്തിനെ ആയിരത്തിലധികം തവണ ആളുകള്‍ വീണ്ടും വീണ്ടും കണ്ടു. ബാറ്റ് ചെയ്യാനിറങ്ങുന്നതിന് തൊട്ടുമുമ്പ് മിതാലിയും വേദ കൃഷ്ണമൂര്‍ത്തിയും നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്ന വീഡിയോദൃശ്യം നിമിഷങ്ങള്‍ കൊണ്ട് വൈറലായി.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ മാറ്റത്തിന് മിതാലിയോട് നന്ദി പറയണം. 'ലേഡി ടെന്‍ഡുല്‍ക്കര്‍' അല്ല മിതാലിയാണ് ഞാന്‍ എന്ന് അവര്‍ ലോകത്തെ കാണിച്ചുതന്നു. ലോകത്തെ മികച്ച റണ്‍വേട്ടക്കാരി. കളി തുടങ്ങുംമുമ്പ് മിതാലി നടത്തിയ പ്രതികരണം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംനേടും. ഇന്ത്യ, പാകിസ്ഥാന്‍ രാജ്യങ്ങളില്‍വച്ച് താങ്കളുടെ ഇഷ്ട പുരുഷതാരം ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉശിരുള്ള മറുപടി വന്നു. ഇതേ ചോദ്യം നിങ്ങള്‍ പുരുഷ ക്രിക്കറ്റര്‍മാരോട് ചോദിക്കുമോ, വനിതാതാരങ്ങളില്‍ ആരെയാണ് ഇഷ്ടമെന്ന്. ആ ഉത്തരത്തിന്റെ തുടര്‍ച്ച ഫൈനലില്‍വരെ നീണ്ടു. ഇനിയുമുണ്ടാകും. ഹര്‍മന്‍പ്രീത്, മന്ദാന, വേദ, പൂനം റാവത്ത്, പൂനം യാദവ്, ശിഖ, ജൂലന്‍, സുഷ്മ, നുസത്ത്, ദീപ്തി, രാജേശ്വരി അങ്ങനെ നീളുന്ന സുവര്‍ണ നിരയുണ്ട്. പലരും ഇരുപത്തഞ്ചുവയസില്‍ താഴെയുള്ളവര്‍. പ്രകടനത്തിലോ, മൈതാനത്തിലെ ശരീര ഭാഷയിലോ അവര്‍ പുരുഷന്‍മാര്‍ക്ക് താഴെയല്ല. ഒപ്പംതന്നെയാണ്. ഇംഗ്ളണ്ടില്‍ മാധ്യമങ്ങളോട് സംസാരിക്കാനുള്ള ഇംഗ്ളീഷ് വശമില്ലാത്തത് ഒരു തടസമായിട്ടില്ല പല കളിക്കാര്‍ക്കും. ആത്മവിശ്വാസത്തോടെ അവര്‍ അഭിമുഖങ്ങളില്‍ ഇരിക്കും. വിവര്‍ത്തകരെ വയ്ക്കും. ചോദ്യങ്ങളെ പതറാതെ നേരിടും.

ആരാധക വൃന്ദങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ വനിതാ ക്രിക്കറ്റ്. അതിന്റെ തിളക്കം കുറയുംമുമ്പെ പ്രധാന കാര്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. സമീപകാലത്താണ് വനിതാ ക്രിക്കറ്റ് അസോസിയേഷനില്‍നിന്ന് ടീം ബിസിസിഐയുടെ കീഴിലായത്. അരക്കോടി രൂപയാണ് ടീമിലെ കളിക്കാരില്‍ ഓരോരുത്തര്‍ക്കും സമ്മാനത്തുക. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് മിതാലിയുടെ ഉത്തരം ഇതായിരുന്നു. 1999 മുതല്‍ ഞാന്‍ കളിക്കുന്നുണ്ട്. അന്ന്  സാമ്പത്തിക സമ്മാനങ്ങളില്ല. പണം കണ്ടിട്ടാണോ നിങ്ങള്‍ കളത്തിലിറങ്ങിയതെന്ന് ഈ പെണ്‍കുട്ടികളോട് ചോദിച്ചുനോക്കൂ'. ടീമിലുള്ള ഒരു കളിക്കാരിയും ഇതിന് മുമ്പ് സമ്മാനങ്ങള്‍ കിട്ടിയവരല്ല.

ടീമില്‍ ആകെ 11 കളിക്കാര്‍ക്ക് മാത്രമേ സെന്‍ട്രല്‍ കരാറുള്ളൂ. ഈ ആഘോഷങ്ങള്‍ക്കിടയിലും ബിസിസിഐ ഇക്കാര്യം പരിഗണിച്ചതുപോലുമില്ല. മറ്റ് ഏഴ് കളിക്കാര്‍ക്ക് ഒരു മാസം ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിഫലം. ആഭ്യന്തര തലത്തിലെ കളിക്കാര്‍ക്കും പ്രതിഫലം ഉയരണം. ടൂര്‍ണമെന്റ് ഘടനകള്‍ മാറ്റണം. സ്കൂള്‍, കോളേജ് തലങ്ങളില്‍ വനിതാ ക്രിക്കറ്റിന് പ്രാമുഖ്യം നല്‍കണം. ഏഷ്യന്‍ ഗെയിംസ് പോലുള്ള മള്‍ട്ടി ഇവന്റുകളില്‍ പങ്കെടുക്കില്ലെന്ന ബിസിസിഐയുടെ ബാലിശമായ വാശികള്‍ മാറ്റിവയ്ക്കണം. വനിതാ ഐപിഎല്‍ നടത്തണം. ക്യാപ്റ്റന്‍ മിതാലി ബോര്‍ഡിനോട് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇതൊരു നിമിഷമാണ്. ഈ നിമിഷത്തില്‍ ഈ പെണ്‍കുട്ടികള്‍ക്ക് കയ്യടികള്‍ മാത്രമല്ല വേണ്ടത്. അംഗീകാരവും അര്‍ഹിച്ച പരിഗണനയുമാണ്. ഈ പെണ്‍കുട്ടികള്‍ അത്ര അനുഭവസമ്പത്തുള്ളവരല്ല. പക്ഷേ, അവര്‍ കളിച്ചത് ഹൃദയംകൊണ്ടുകൂടിയായിരുന്നു. മറ്റൊരു മിതാലിയും ജൂലനും ഹര്‍മന്‍പ്രീതുമൊക്കെ ഉയര്‍ന്നുവരാനുള്ളതാണ്.

prathipaan@gmail.com

പ്രധാന വാർത്തകൾ
 Top