06 December Monday

സ്നേഹസാന്ത്വനത്തിന് ഏഷ്യന്‍ നൊബേല്‍

എ ശ്യാംUpdated: Wednesday Aug 2, 2017

ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന മഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരില്‍ ഒരാള്‍ക്ക് ഇന്ത്യയുമായി അടുത്ത  ബന്ധമുണ്ട്; ശ്രീലങ്കന്‍ തമിഴ് സാന്ത്വനപ്രവര്‍ത്തക ഗെത്സീ ഷണ്‍മുഖം. ഗെത്സീയടക്കം അഞ്ച് വ്യക്തികള്‍ക്കും ഒരു നാടക പ്രസ്ഥാനത്തിനുമാണ് 2017ലെ മഗ്സസെ പുരസ്കാരം.

ആറ് പതിറാണ്ടിലേറെയായി, വിഷമങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റും മനോബലം പകര്‍ന്ന് ശ്രീലങ്കയില്‍ കൌണ്‍സലിങ്ങ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് എണ്‍പത്തിമൂന്നുകാരിയായ ഗെത്സീ ഷണ്‍മുഖം. എങ്കിലും മൂന്നു പതിറ്റാണ്ട് നീണ്ട ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെയും 2004ലെ സുനാമിയുടെയും കെടുതികളനുഭവിച്ച ജനങ്ങള്‍ക്ക്, വിശേഷിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, സ്നേഹസാന്ത്വനങ്ങള്‍ പകര്‍ന്ന പ്രവര്‍ത്തനമാണ് ഗെത്സീയെ പ്രധാനമായും മഗ്സസെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

കാന്‍ഡിയിലെ മൌബ്രേ ഗേള്‍സ് കോളേജില്‍ അധ്യാപികയായി 1957ലാണ് ഗെത്സീയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം. പിന്നീട് 1967 മുതല്‍ ഒന്നര പതിറ്റാണ്ടിലധികം കൊളംബോയിലെ സെന്റ് ജോസഫ്സ് കോളേജിലായിരുന്നു. ബാല്യത്തില്‍ നിന്നും പാകതയെത്തുന്നതിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ പലതരം പ്രശ്നങ്ങള്‍ അഭിമുഖീകരിച്ച കൌമാരപ്രായത്തിലുള്ള വിദ്യാര്‍ഥികളുമായുള്ള ഇടപഴകലുകളാണ് അവരുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായത്. കൊളംബോയിലെ അധ്യാപനകാലത്താണ് ഫാദര്‍ മെര്‍വിന്‍ ഫെര്‍ണാണ്ടോയുടെ കീഴില്‍ ഗെത്സീ കൌണ്‍സലിങ്ങില്‍ പരിശീലനം നേടിയത്. കൌമാരക്കാര്‍ക്ക് മൂല്യ വിദ്യാഭ്യാസം പകരുന്നതില്‍ ഫാദര്‍ ഫെര്‍ണാണ്ടോയ്ക്കൊപ്പം ഗെത്സീയും ശ്രദ്ധേയമായ പങ്കുവഹിച്ചു. പിന്നീട് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് കൌണ്‍സലിങ്ങില്‍ ഉപരിപരിശീലനവും ഗെത്സീ നേടി.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധകാലത്ത് ജന്മസ്ഥലങ്ങള്‍ വിട്ട് ഓടിപ്പോവേണ്ടി വന്നവര്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗെത്സീ പ്രസിദ്ധീകരിച്ച ഒരു ലഘുപുസ്തകം നോര്‍വെയില്‍ പ്രവര്‍ത്തിച്ചിരുന്ന റെദ്ദ് ബര്‍ന(കുട്ടികളെ രക്ഷിക്കുക) എന്ന സന്നദ്ധ സംഘടനയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് അവരെ ആ സംഘടന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചു. നോര്‍വെ ശ്രീലങ്കയില്‍ മധ്യസ്ഥപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു.

ഈ രണ്ടാം ഘട്ടത്തിലാണ് ഗെത്സീയുടെ പ്രധാന പ്രവര്‍ത്തനങ്ങളുണ്ടായത്. സ്വന്തം സുരക്ഷ പോലും നോക്കാതെ അവര്‍ സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ആഭ്യന്തരയുദ്ധം അനാഥരാക്കിയ ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗെത്സീയുടെ നേതൃത്വത്തില്‍ ആശ്വാസം പകര്‍ന്നു. അനാഥത്വം മുതലെടുത്ത് ബാല്യം കടക്കുംമുമ്പേ കുട്ടികളെ ചാവേറുകളുാക്കി ആയുധമെടുപ്പിക്കുന്നതില്‍ നിന്ന് കുറെ പേരെയെങ്കിലും രക്ഷിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞു. തെരുവിലെറിയപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതില്‍ നഴ്സറി അധ്യാപകര്‍ക്കും സാന്ത്വന പ്രവര്‍ത്തകര്‍ക്കും മറ്റും പരിശീലനവും നല്‍കി. നിരവധി സന്നദ്ധ സംഘടനകള്‍ക്കും ഗെത്സീയുടെ സേവനം വഴികാട്ടിയായി. റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയും ഗെത്സീ രക്ഷിതാക്കള്‍ക്കും സാന്ത്വന പ്രവര്‍ത്തകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ശ്രീലങ്കയിലെ പീസ്/എക്പാത് എന്ന സംഘടന അതിന്റെ 25ാം വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം ഗെത്സീ ഷണ്‍മുഖനെ ആദരിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയാണ് ബഹുമതി സമ്മാനിച്ചത്. പ്രശസ്തിക്ക് പിന്നാലെ പോവാതെ നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഗെത്സീയുടെ സവിശേഷത എന്നാണ് അവരുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. മഗ്സസെ പുരസ്കാരം ശ്രീലങ്കയ്ക്ക് പുറത്തും അവരുടെ പ്രശസ്തിയെത്തിച്ചു.
shyamachuth@rediffmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top