07 July Tuesday

‘അസത്യത്തിന്റെ ചെകുത്താന്‍ മുട്ടുകുത്തും'

അനില്‍കുമാര്‍ എ വിUpdated: Tuesday Jul 2, 2019


നീതിക്ക് കാവലാകാന്‍  ജീവന്റെ അവസാന കണികവരെ പൊരുതുമെന്ന  സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ടിന്റെ ഉറച്ച നിലപാട്  ഏവരും ഒപ്പം  ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്. നീതി നിഷേധം  മാത്രമല്ല, സർവീസ്‌ ബാധ്യത   ഏറ്റെടുത്ത നിരപരാധി ശിക്ഷിക്കപ്പെടുകയായിരുന്നു.  കസ്റ്റഡി മര്‍ദ്ദനത്തില്‍ മരിച്ചുവെന്ന് പറയുന്ന വൈഷ്ണനിയുടെ ദേഹത്ത്  പരിക്ക് ഉണ്ടായില്ലെന്ന് വിദഗ്ധര്‍ക്ക് ബോധ്യപ്പെട്ടതാണ്. വംശഹത്യയില്‍ മോഡിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ കമ്മീഷനുകള്‍ക്ക് സമര്‍പ്പിച്ചതോടെയാണ് ഭട്ടിനെ ശത്രുവായി കണക്കാക്കിയത്. അദ്ദേഹത്തെ പിന്തുണച്ചവരുടെ വാക്കുകള്‍ ആശ്വാസവും ധൈര്യം പകരുന്നുവെന്നും ശ്വേത  പറഞ്ഞു. 

വിധി പ്രസ്താവിക്കുമ്പോള്‍   കോടതിയിലുണ്ടായിരുന്ന ശ്വേത ഭര്‍ത്താവിനെ കാണാന്‍  ശ്രമിച്ചെങ്കിലും  തടഞ്ഞു. കേസാവശ്യത്തിന്  രേഖകള്‍  നല്‍കിയതുമില്ല.  അവ നശിച്ചെന്നാണ് അറിയിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് ബോധപൂർവം വൈകിപ്പിച്ച്   ഭട്ടിനെ കുടുക്കി. നിയമ വിദഗ്ധരുമായിചര്‍ച്ചചെയ്ത്  നീങ്ങാനാണ് പോരാളിയായ ആ ഭാര്യയുടെ  തീരുമാനം.  അദ്ദേഹത്തെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍  നിയമപരമായി ഏതറ്റംവരെ പോകാനും തയ്യാറാണെന്നും  അവർ പറഞ്ഞു.

വീട് തകര്‍ത്തും  ആ  കുടുംബത്തോട് പ്രതികാരമുണ്ടായപ്പോഴും അവര്‍  തളര്‍ന്നില്ല. അഹമ്മദാബാദിലെ വീട് 23 കൊല്ലം  പഴക്കമുള്ളതാണ്. നിയമലംഘനം ആരോപിച്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പകുതിയും പൊളിച്ചു. ഭട്ടിന്  വധഭീഷണി ഉണ്ടായതിനാല്‍    അനുവദിച്ച  സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചു. അപ്പോഴും    ഭയപ്പെടാത്ത ശ്വേത എന്തും സംഭവിക്കുമെന്ന ഘട്ടത്തിലും മക്കളായ ശന്തനുവിനെയും ആകാശിയെയും  ചേര്‍ത്തുനിര്‍ത്തി പിടിച്ചുനിന്നു.

 

2018 സപ്തംബര്‍ അഞ്ചിന് അറസ്റ്റിലായ  ഭട്ട് അനുഭവിച്ച പീഡനങ്ങള്‍ വിവരണാതീതം.   1998ല്‍ ബനസ്കന്ദ   സൂപ്രണ്ടായിരിക്കെ  കൈകാര്യംചെയ്ത കേസില്‍ അഭിഭാഷകനെ  കുടുക്കി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഒന്നരക്കിലോ  മയക്കുമരുന്നുമായി  നര്‍ക്കോട്ടിക്  നിയമപ്രകാരമാണ്   രാജ്പുരോഹിത് പിടിയിലായത്. കെട്ടിച്ചമച്ച കേസെന്ന   പരാതിയില്‍ ചോദ്യംചെയ്യാനാണ് ഭട്ടിനെ സിഐഡി  കസ്റ്റഡിയിലെടുത്തതും.  ശേഷം   വിവരമുണ്ടായില്ല.  അത് സൂചിപ്പിച്ച്  ശ്വേത സപ്തംബര്‍ 15ന് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടു. ‘ ഭട്ടിനെ പിന്തുണയ‌്ക്കുന്നു; എന്നെ നിശബ്ദയാക്കാനാകില്ല' എന്നായിരുന്നു ഉള്ളടക്കം. എഴുതാന്‍ ഒന്നുമില്ല. പുതിയ വിവരമില്ലതാനും.  12 ദിവസമായി കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സത്യം. പ്രത്യാഘാതങ്ങള്‍ അവഗണിച്ചും  ഒന്നര പതിറ്റാണ്ടിലധികമായി പൊരുതുകയാണ്;  വെറുപ്പിന്റെ അധര്‍മചാരികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ മാത്രം.

വംശഹത്യക്കെതിരെ   മോഡി ചെറുവിരലനക്കിയില്ലെന്ന് തുറന്നടിച്ച  ഭട്ട് ‘ഞാന്‍ പൊരുതും' എന്ന ശീര്‍ഷകത്തില്‍ കവിത രചിച്ചിരുന്നു. ‘എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല, നിങ്ങള്‍ക്കതുണ്ട്, തത്ത്വദീക്ഷയില്ല, നിങ്ങള്‍ നിങ്ങളും, ഞാന്‍ ഞാനുമായതിനാല്‍, അനുരഞ്ജനത്തിന്റെ  പ്രശ്നമേയില്ല, യുദ്ധം തുടങ്ങട്ടെ. നിങ്ങള്‍ക്കെന്റെ തലയോട്ടി തകര്‍ക്കാം, ഞാന്‍ പൊരുതും,നിങ്ങള്‍ക്കെന്റെ എല്ലുകളൊടിക്കാം, ഞാന്‍ പൊരുതും, നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം,  പൊരുതും, സത്യം എന്നിലൂടെ ഒഴുകുന്നതിനാല്‍ പൊരുതും, കരുത്തിന്റെ  ഓരോ അണുവുംകൊണ്ട്, പൊരുതും, അവസാനശ്വാസംവരെ,  പൊരുതും, നുണകളാല്‍ നിങ്ങള്‍ പണിത, കൊട്ടാരം നിലംപതിക്കുംവരെ, നിങ്ങള്‍ അസത്യങ്ങളാല്‍ പൂജിച്ച ചെകുത്താന്‍, എന്റെ  സത്യത്തിന്റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തുംവരെ’ എന്ന വരികള്‍ പ്രതീക്ഷാനിര്‍ഭരം കൂടിയായി.

ഗോധ്രയില്‍ വണ്ടിക്ക് തീയിട്ട് 59 പേരെ കൊന്നതിന്റെ    ഗതിവിഗതികളെക്കുറിച്ച് പൊലീസിന് സൂചനയുണ്ടായി.  ബാബറി മസ്ജിദ് നിലനിന്നയിടം സന്ദര്‍ശിച്ച് മടങ്ങുന്ന ‘കര്‍സേവക’രായിരുന്നു വണ്ടിയില്‍.  സുസജ്ജമായി നില്‍ക്കണമെന്ന   ഇന്റലിജന്‍സ് റിപ്പോര്‍ടില്‍  നടപടിയുണ്ടായില്ല. ഒരാഴ്ചക്കിടെ  ആയിരത്തിലധികം മുസ്ലിങ്ങളെ വധിച്ചു.   അഴിഞ്ഞാട്ടം ഉച്ചസ്ഥായിലെത്തിയപ്പോഴും   ഉന്നതോദ്യോഗസ്ഥര്‍ക്ക്  മൗനം. ഭട്ട്  ധീരമായി പ്രവര്‍ത്തിച്ചു.  പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും പാര്‍ലമെന്റംഗവുമായിരുന്ന  ഇഹ്സാന്‍ ജഫ്രിയെ വധിച്ച സംഭവത്തില്‍   ഭാര്യ സാകിയ നല്‍കിയ കേസില്‍ ഭട്ടിന്റെ  സത്യവാങ്മൂലം നിര്‍ണായകമായി. ഗോധ്രക്കുശേഷം മുഖ്യമന്ത്രി വിളിച്ച  യോഗത്തില്‍  പ്രത്യേക മതക്കാരോട് ‘പകരം ചോദിക്കാന്‍  അനുവദിക്കണ'മെന്ന്  നിര്‍ദേശിച്ചത്  ഭട്ട് വിശദീകരിച്ചു.  മൊഴി രേഖപ്പെടുത്താന്‍ പ്രത്യേകാന്വേഷക സംഘം വിസമ്മതിച്ചതായും  പറഞ്ഞു. വംശഹത്യയുടെ നാൾവഴികളുടെയെല്ലാം   പ്രധാന ദൃക്സാക്ഷിയാണ് ഭട്ട്.  അതിനാല്‍  മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള  വലിയ ശബ്ദങ്ങളിലൊന്നിനെ നിർവീര്യമാക്കാനുള്ള ശ്രമമാണ്  നടന്നതെന്ന ശ്വേതയുടെ നിരീക്ഷണം കൃത്യമാണ്.

1990 ഒക്ടോബര്‍ 24ന് രഥയാത്ര തടഞ്ഞ്  അദ്വാനിയെ  അറസ്റ്റ് ചെയ്തതോടെ ജാംനഗറിലെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ തിളച്ചു. ചില ഉന്നതോദ്യോഗസ്ഥര്‍ അവധിയിലായതിനാല്‍  ജില്ല മുഴുവനും  ഭട്ടിന്റെ ചുമതലയിലായി. ഒക്ടോബര്‍ 30ന് ഭാരത് ബന്ദ് പ്രഖ്യാപിക്കപ്പെട്ടു.   ജാംഝോധ്പൂരില്‍ ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും  സ്ഥാപനങ്ങളും കൊള്ളയടിച്ചു.  വൈഷ്ണനിയടക്കം 133 പേരെ    അറസ്റ്റുചെയ്തിട്ടുണ്ടെന്ന  അറിയിപ്പിനെ തുടര്‍ന്ന്  30ന് ഉച്ചക്ക് ഒന്നരയ്ക്ക് ഭട്ട് എത്തി.  അവരെ  31ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍  മര്‍ദ്ദനപരാതി  ഉണ്ടായില്ല. പ്രതികള്‍  നവംബര്‍ എട്ടുവരെ റിമാന്‍ഡില്‍.  ജാമ്യത്തില്‍ വിട്ടശേഷവും ഒന്നും പറഞ്ഞില്ല. 

12ന്   അസ്വസ്ഥതയെ തുടര്‍ന്ന് അയാള്‍   ആശുപത്രിയിലായി.  പൊലീസ് മര്‍ദിച്ചതായി  ഡോക്ടറോടും   പറഞ്ഞില്ല.  ചികില്‍സയിലിരിക്കെ 18ന് മരിച്ചു. ആശുപത്രി ഫോറന്‍സിക് രേഖകള്‍ പ്രകാരം  ശാരീരിക ക്ഷതം ഏറ്റിട്ടില്ല.   മരണശേഷമാണ് കസ്റ്റഡി മര്‍ദന പരാതി വന്നത്. കേസിലെ 300  സാക്ഷികളില്‍ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ.  വിചാരണയില്‍ എതിര്‍ സാക്ഷികളെ ഹാജരാക്കാന്‍ ഭട്ടിനെ അനുവദിച്ചില്ല. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. റെഡ്ഡിയെ വിസ്തരിക്കണമെന്ന  ആവശ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്  പരിഗണിച്ച കോടതി അദ്ദേഹത്തോട് അന്ന‌്  മൂന്നു മണിക്കുള്ളില്‍  ഹാജരാവാന്‍ നിര്‍ദേശിച്ചു.  ഹൈദരാബാദില്‍ നിന്നെത്താന്‍  24 മണിക്കൂര്‍   പോലും നല്‍കിയതുമില്ലെന്ന ശ്വേതയുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്
 


പ്രധാന വാർത്തകൾ
 Top