15 December Sunday

രാഗസുധസാഗരത്തിൽ നീരാടി....

ആർച്ച ആശUpdated: Tuesday Jul 2, 2019


പണ്ടൊരിക്കൽ കോട്ടയത്തെ തിരുവാർപ്പിൽ ഒരു കല്യാണം നടന്നു. അന്ന‌് തമിഴ്നാട്ടിൽ നിന്നു വന്ന സഹോദരിമാരായ രണ്ടു യുവതികളുടെ കച്ചേരിയുണ്ടായിരുന്നു.രീതിഗൗളരാഗത്തിൽ പാടിയ പാപനാശം കൃതി അവരിൽ ഒരാളെ മലയാളത്തിന്റെ മരുമകളാക്കാൻ തെല്ലു താമസമുണ്ടായില്ല.
കാതിനമൃതായി പൊഴിഞ്ഞ സംഗീതം ‘ജാതകച്ചേർച്ച’ കൂടി ഒത്തുവന്നപ്പോൾ കർഷകകുടുംബമായ പരിപ്പിലെ കൈതാരത്തെ സത്യമൂർത്തിയുടെ ഭാര്യാപദവി അലങ്കരിച്ചു  .

സംഗീതപാരമ്പര്യമുള്ള പരിപ്പിലെ വീട്ടിൽ ഇന്നും നിലയ്‌ക്കാതെ ഒഴുകുന്നുണ്ട് മോഹനം , ഷണ്മുഖ പ്രിയ,ഖരഹരപ്രിയ തുടങ്ങി 72 മേളകർത്താരാഗങ്ങൾ.പിന്നെ ഏറെ പ്രിയമുള്ള രീതിഗൗളയും. ശ്രീരംഗം അടുത്തു തൃശ്ശിനാപ്പള്ളിയിലെ ഒരു അഗ്രഹാരത്തിൽ ജനിച്ച മാതംഗിയുടെ മാതാപിതാക്കൾ സംഗീതത്തെ ഉപാസിക്കുന്നവരായിരുന്നു. ചെറിയ പ്രായത്തിൽ സംഗീതപഠനം തുടങ്ങിയെങ്കിലും ഇടയ‌്ക്കുവെച്ചു നിർത്തേണ്ടി വന്നു. പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം അടുത്തുള്ള കോവിലുകളിൽ അയ്യപ്പഭജനത്തിന് പോകവെ അന്നവിടെയെത്തിയ ട്രിച്ചി ഗണേശന്റെ അച്ഛൻ കെ എസ‌്  സുബ്രഹ്മണ്യന്റെ ഉപദേശപ്രകാരം സംഗീതപഠനം പുനരാരംഭിച്ചു.ആദ്യഗുരു തെങ്കാശി മുത്തുസ്വാമി അയ്യങ്കാർ.പിന്നീട് ചെമ്പൈ കുടുംബാംഗമായ  കെ എസ‌്   സുബ്രഹ്മണ്യന്റെ ശിക്ഷണത്തിൽ മാതംഗി എന്ന സംഗീതജ്ഞയുടെ ഉദയം.

സംഗീതത്തിന്റെ പാതയിൽ കൂട്ടായി അനുജത്തി മധുമതിയുമുണ്ടായിരുന്നു.ബി എ  സംഗീതത്തിന‌്  അഡ്മിഷൻ കിട്ടിയെങ്കിലും സംഗീതത്തിലെ പ്രവീണ്യക്കുറവുമൂലം ബി എ ഇംഗ്ലീഷ് സാഹിത്യത്തിനു  ചേർന്നു. എങ്കിലും  എം എ സംഗീതം കഴിഞ്ഞ സഹപാഠികളെക്കാൾ സംഗീതലോകത്തു മാതംഗി സത്യമൂർത്തിയുടെ സ്ഥാനം ഏറെമുന്നിട്ടു നിൽക്കുന്നു. ചിട്ടയായ സാധകത്തിന്റെ കാര്യത്തിൽ ഉള്ള  മാതാപിതാക്കളുടെ കർക്കശസ്വഭാവമാണ് ഇന്ന് കാണുന്ന മാതംഗി സത്യമൂർത്തി എന്ന സംഗീതജ്ഞയിലേക്കുള്ള വളർച്ചയുടെ ആദ്യപടി.

വീണ്ടുമൊരു അയ്യപ്പക്കോവിൽ മാതംഗിയുടെ ജീവിതം മാറ്റിമറിച്ചു.അന്നവിടെ നടന്ന പരിപാടി കേട്ട് അരങ്ങേറ്റകച്ചേരിക്കുള്ള ആദ്യക്ഷണം. ബി എ രണ്ടാം വർഷം പഠിക്കുന്ന കാലം 100 കീർത്തനങ്ങളുടെ പിൻബലവും ഗുരുവിന്റെ അനുഗ്രഹവുമൊത്തു ചേർന്നപ്പോൾ രണ്ടര മണിക്കൂറിൽ ആദ്യകച്ചേരി. പിന്നീട് 'മധുമാതംഗി' എന്നപേരിലും തിരുവാണികോവിൽ  സഹോദരിമാർ എന്ന പേരിലും പ്രഗത്ഭരുടെ പക്കവാദ്യത്തിൽ സംഗീതം മഴയായ് പൊഴിഞ്ഞു.

മാതംഗിയുടെ വരവോടു കൂടി പരിപ്പ് എന്ന ഗ്രാമം കേരളത്തിന്റെ ശാസ്ത്രീയസംഗീത ഭൂപടത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു.വിവാഹശേഷവും മുടങ്ങാതെ തുടർന്നുപോന്ന മാതംഗിയുടെ സാധകത്തിൽ അയൽവാസികളിൽ ഇതിവിടെ എന്തിനെന്ന സംശയമുളവാക്കിയെങ്കിലും താമസം വിനാ അവരാ സംഗീതത്തെ ഏറ്റെടുക്കുകയായിരുന്നു.

കോട്ടയത്തു എൻഎസ‌്എസ‌്   ഓഡിറ്റോറിയത്തിൽ രഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തിൽ നടന്ന നവരാത്രിസംഗീതോത്സവത്തിൽ   സുമംഗലിയായതിനു ശേഷം ഖരഹരപ്രിയ രാഗം പാടി അയ്മനം പ്രദീപിൻറെയും അയ്മനം സജീവിന്റെയും പക്കത്തിൽ ആദ്യകച്ചേരി.  മാതംഗിയുടെ സംഗീതവീചിയിൽ മൂർത്തി സ്വാമിയെ പോലൊരു ഭർത്താവിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ആരുമറിയാതെ കേവലമൊരു  വീട്ടമ്മയായി അവർ ഒതുങ്ങിപ്പോയേനെ. കൈനിറയെ പരിപാടികൾ,  ആരാധകർ, അഭ്യുദയകാംക്ഷികൾ, മാതംഗിയെന്ന സംഗീതജ്ഞയെ കേരളത്തിന്റെ സ്വന്തം മകളാക്കിത്തീർത്തു.

ആകസ്മികമായുള്ള മൂർത്തിസ്വാമിയുടെ മരണം മാതംഗിയെ മാനസികമായി തളർത്തി. രോഗാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോഴും സ്വാമിയുടെ ചിന്ത മാതംഗിയുടെ  സംഗീതത്തെ കുറിച്ചായിരുന്നു.  മാതംഗിയെ നിർബന്ധിച്ച‌്   ആ അവസരത്തിലും  രണ്ടു ദിവസം പരിപാടിക്ക് വിട്ടു.
ശുദ്ധസംഗീത പ്രചരണാർത്ഥം 34 വർഷങ്ങൾക്കു മുൻപ് പരിപ്പിൽ മാതംഗി സ്കൂൾ ഓഫ് മ്യൂസിക് മാവേലിക്കര പ്രഭാകരവർമ്മ ഉദ്‌ഘാടനം ചെയ്തു. 2000ൽ പരം ശിഷ്യസമ്പത്തോട് കൂടി  സ്ഥാപനം  പ്രവർത്തിക്കുന്നു. അമ്മയിൽ തുടങ്ങി മക്കളിൽ എത്തിനിൽക്കുന്ന സംഗീതപ്രയാണം.

അപ്പയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അമ്മയിനിയും പാടണമെന്നുള്ള മക്കളുടെ സ്നേഹോപദേശം നെഞ്ചോടു ചേർത്ത് മുടങ്ങാതെ രാവിലെയും വൈകുന്നേരവുമുള്ള സാധകം ഉച്ചനേരങ്ങൾ ശിഷ്യർക്കായി മാറ്റി വെക്കുന്നു രാത്രിയിൽ യൂ ട്യൂബിൽ കീർത്തനങ്ങൾ കേൾക്കുന്നു.ഇന്ന് ഉപകരണസംഗീതരംഗത്തു നിൽക്കുന്ന പല പ്രമുഖർക്കും പഠന സമയത്തു ലഭിച്ച ടീച്ചറിന്റെ സഹകരണം എടുത്തുപറയത്തക്കതാണ്
സി എസ‌് അനുരൂപ്, അയ്മനം പ്രദീപ്, അയ്മനം സജീവ് എന്നിവർ  അതിൽ ചുരുക്കം ചിലരാണ്.

കേരള സംഗീതനാടക അക്കാദമി അവാർഡ്  സീനിയർ ഫെല്ലോഷിപ്പ്, എം എസ‌് സുബ്ബലക്ഷ്മി അവാർഡ്, ഇരയിമ്മൻ തമ്പി അവാർഡ് തുടങ്ങിയവ ലഭിച്ചു. ഇനിയെന്താണ്  ആഗ്രഹം ബാക്കി നിൽപ്പതെന്ന എന്നുള്ള ചോദ്യത്തിന്  നിഷ്കളങ്കമായ് ചിരിച്ചു കൊണ്ടു വിനയത്തോടെ ടീച്ചറിന്റെ മറുപടി,"ഇനിയും നിറയെ സംഗീതം പഠിക്കണം, ഞാനാ കടൽകരയിൽ നിൽക്കുന്നതെയുള്ളൂ വെള്ളത്തിൽ ഇറങ്ങിയിട്ടുപോലുമില്ല’.
 


പ്രധാന വാർത്തകൾ
 Top