08 June Thursday

പുതുവത്സരം: അമ്മമനസ്സുകളില്‍ പരിഭ്രാന്തി നിറയുന്നു- സുഗതകുമാരി

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2016

പേരിന്നുമാത്രം പുതുതായി വത്സരം, പാരിന്നലത്തേതിനില്ലൊരന്തരം – എന്നാണ് മഹാകവി പാടിയത്.
കലണ്ടര്‍താള്‍ മറിയുന്നതുകൊണ്ടു യാതൊരു വ്യത്യാസവും വരുന്നില്ല. എല്ലാ കാര്യങ്ങളും പഴയതുപോലെ തന്നെ. ഞങ്ങളെയൊക്കെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് രാത്രിയാകുമ്പോള്‍ ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്നു. കുഞ്ഞുങ്ങളെ സംബന്ധിച്ചുള്ള ആശങ്കകളാണ് അധികവും. പെണ്‍കുട്ടികള്‍ എല്ലാവരും മൊബൈലിനും ഇന്റര്‍നെറ്റിനും ചാറ്റിങ്ങിനും അടിമകളായു മാറിയിരിക്കുന്നു. ഗ്ളോബലൈസേഷന്റെ ഫലമായുണ്ടായ കൃത്രിമമായ സൌകര്യങ്ങള്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം അവയുടെ ദോഷങ്ങള്‍ പുതിയ തലമുറയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. മൊബൈല്‍ പ്രേമങ്ങള്‍, ചാറ്റിങ്ങിലൂടെയുണ്ടായ സൌഹൃദങ്ങള്‍ ഇതിന്റെയൊക്കെ ഭാഗമായി ഇറങ്ങിപ്പോകുന്നതുപോലുള്ള സംഭവങ്ങള്‍ നിരവധിയാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളേക്കാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ധാരാളമാണ്. ഒരുപാടുപേര്‍ പറയുന്നില്ല, പക്ഷേ ഒളിപ്പിക്കുകയാണ്. ആറും ഏഴുംദിവസംകഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികള്‍ ഉണ്ട്. ഇതൊക്കെയാണ് സ്ത്രീ സ്വാതന്ത്യ്രമെന്ന് വിചാരിക്കരുത്. ഇതൊക്കെയാണ് മനുഷ്യാവകാശം എന്നു പറയുന്നു. എനിക്കിതിലൊന്നും വിശ്വാസമില്ല. ഇതൊന്നുമല്ല മനുഷ്യാവകാശം.

ചുംബനസമരവും ഈ വിധത്തില്‍ തോന്നുന്നതുപോലെ ഇറങ്ങി നടക്കലും, സ്വന്തം ശരീരത്തെ ശുദ്ധമായിട്ടും അഭിമാനത്തോടും കാത്തുസൂക്ഷിക്കാതിരിക്കലല്ല സ്ത്രീ സ്വാതന്ത്യ്രം. സ്ത്രീ സ്വാതന്ത്യ്രം എന്നുവച്ചാല്‍ അവളുടെ അഭിമാനമാണ്. ഞാനൊരു പെണ്ണാണെന്ന അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുക. അയ്യായിരത്തില്‍പരം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമൊക്കെ കഴിഞ്ഞ വര്‍ഷം കാണാതായിരിക്കുന്നതെന്നു വായിച്ചപ്പോള്‍ പേടിച്ചുപോയി. ഇവരൊക്കെ ഏത് അധോലോകത്തിന്റെ പിടിയില്‍പെട്ടു. ഏത് ചുവന്ന തെരുവില്‍ എത്തി. ഇതൊക്കെ ഞങ്ങള്‍ അമ്മമാരുടെ മനസില്‍ പരിഭ്രാന്തിയുളവാക്കുന്നു. രാഷ്ട്രീയ പാര്‍ടികളാരും ഇതൊന്നും ഏറ്റെടുക്കുന്നത് കാണുന്നില്ല. കൌമാരക്കാര്‍ക്കാണിതൊക്കെ സംഭവിക്കുന്നത്. ആണ്‍കുട്ടികളുള്‍പ്പെടെ ഏതാണ്ട് 98 ശതമനാം പേരും ഇന്റര്‍നെറ്റിന്റെ അടിമകളായിക്കഴിഞ്ഞു. ഇന്റനെറ്റിലൂടെ കിട്ടുന്നത് ആരോഗ്യകരമായ കാര്യങ്ങള്‍ മാത്രമല്ല. ഒരുപാട് വൈകൃതങ്ങള്‍, മോശമായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടാണ് പീഡനങ്ങള്‍ വര്‍ധിക്കുന്നത്. വൃദ്ധകളായ അമ്മമാര്‍വരെ പീഡിപ്പിക്കപ്പെടുന്ന പ്രവണതകൂടി കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നു. ഇതൊക്കെ എന്തോ ഒരു ഭയാനക നരകത്തിന്റെ മുഖംപോലെ എന്നെപ്പോലുള്ളവര്‍ കണ്ടുനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഇന്റര്‍നെറ്റിന്റെ അടിമകളായി മാറി.

മയക്കുമരുന്ന് സ്കൂളുകളില്‍ സുലഭമാണെന്ന് വിദ്യാര്‍ഥികള്‍തന്നെ പറയുന്നു. വര്‍ഗീയ വിദ്വേഷം വര്‍ധിച്ചു വര്‍ധിച്ചു വരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് കേട്ടുകേഴ്വിപോലും ഇല്ലാത്ത കാര്യമായിരുന്നു ഇതൊക്കെ. അന്ന് ഗാന്ധിജിയുടെ കാലമായിരുന്നു. സ്വാതന്ത്യ്ര സമരത്തിന്റെ കാലമായിരുന്നു. ആദര്‍ശത്തിന്റെ കാലമായിരുന്നു. അന്നത്തെ നേതാക്കന്‍മാര്‍ മതാതീതരായിരുന്നു. മനുഷ്വത്വം മതാതീതമാകണം എന്നുമാത്രമേ എനിക്കു പറയാനുള്ളു. ഉത്തര്‍പ്രദേശും ചെന്നൈയും നല്‍കിയ പാഠങ്ങളെങ്കിലും വായിച്ച് മനസിലാക്കുക.അതുമാത്രമേ എനിക്ക് ഭരണകര്‍ത്താക്കളോടു പറയാനുള്ളു. കേരളത്തിന്റെ ഭൂപ്രകൃതി ആകപ്പാടെ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒന്നും പഠിക്കാതെ, മേലോട്ടുമേലോട്ടു കെട്ടിപ്പൊക്കുന്നതാണ് വികസനം എന്നുപറയുന്ന ഭരണാധികാരികളുടെ ഈ വിധത്തിലുള്ള വികസനസ്വപ്നങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങളൊക്കെ അരുത് എന്നൊരു വാക്കുകൊണ്ടുമാത്രം തടയിടാന്‍ ശ്രമിക്കുകയാണ്.

സ്ത്രീസുരക്ഷ  ഉറപ്പാക്കണം: ജസ്റ്റിസ് ഡി ശ്രീദേവി

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സമൂഹമാണ് നമുക്കാവശ്യം. നിയമങ്ങള്‍ നിലവിലുള്ളതുകൊണ്ടുമാത്രം കാര്യമില്ല. അത് നടപ്പാക്കപ്പെടണം. നിയമം പാലിക്കണമെന്ന് ബോധമുള്ള സമൂഹമുണ്ടാകണം.  മനുഷ്യാവകാശ ലംഘനങ്ങളുടെ നാടായി കേരളം മാറാന്‍ പാടില്ല. സാമൂഹ്യനീതി നടപ്പാക്കുന്നതില്‍ കര്‍ശനമുണ്ടാകണം. നിലവിലെ സ്ഥിതിവിശേഷങ്ങള്‍ മാറിയാലേ സമൂഹത്തിന് നിലനില്‍പ്പുള്ളു. പുതിയ ഭരണാധികാരികള്‍ ഉണ്ടാകുമ്പോള്‍ അഴിമതി രഹിത ഭരണം ഉറപ്പുവരുത്തണം. അഴിമതി രഹിത ഭരണാധികാരികള്‍ ഉണ്ടായാലേ അഴിമതി വിമുക്ത രാജ്യം വളരുകയുള്ളു. ജനങ്ങള്‍ ഒറ്റക്കെട്ടായി ജീവിക്കാന്‍ മതസൌഹാര്‍ദ്ദം ശക്തിപ്പെടണം.

അതുപോലെ പ്രധാനമാണ് വൃത്തിയും ആരോഗ്യവുമുള്ള ജീവിത ചുറ്റുപാട്. ശുദ്ധവായുവും ശുദ്ധജലവും സഞ്ചാരയോഗ്യമായ റോഡുകളുമെല്ലാം ഒരു പൌരന്റെ അവകാശമാണ്. അത്തരം അവകാശങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മദ്യത്തിന്റെ ഉപയോഗമാണ് ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. സമാധാനം തകര്‍ക്കുന്ന എല്ലാ ഘടകങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകണം. മലയാളികള്‍ക്ക് വിദ്യാഭ്യാസം മാത്രമേ ഉള്ളു. ജീവിതം ദുസഹമാണ്. സ്വന്തം നാട്ടില്‍ തൊഴിലെടുക്കാനുള്ള അപകര്‍ഷതാബോധമാണ് കേരളത്തില്‍ തൊഴില്‍ രഹിതര്‍ കൂടാന്‍ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top