22 July Monday

കണക്കിലെ കവിതയ്ക്ക് യാത്രാമൊഴി

സംഗീത ചേനംപുല്ലിUpdated: Wednesday Jul 26, 2017

സ്ത്രീപ്രാതിനിധ്യം ഏറെക്കുറഞ്ഞ ജ്ഞാനമേഖലയാണ് ഗണിതശാസ്ത്രം. ഈ രംഗത്ത് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാനാവശ്യമായ ബൌദ്ധികശേഷിയോ വിശകലന പാടവമോ സ്ത്രീകള്‍ക്കില്ല എന്നൊരു തെറ്റിദ്ധാരണ പോലും ഏറെക്കാലമായി നിലവിലുണ്ട്. എന്നാല്‍ ഗണിതശാസ്ത്രത്തില്‍ നേടാനാകുന്ന എല്ലാ ബഹുമതികളും ചെറുപ്രായത്തില്‍ത്തന്നെ നേടിയാണ് മറിയം മിര്‍സാഖാനി കടന്നുപോയത്

'ഒരു സങ്കീര്‍ണ ഗണിതപ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്നതിനെ ഞാന്‍ കാണുന്നത്, ഒരു കൊടുമുടിയുടെ നെറുകയില്‍നിന്ന് ചുറ്റുമുള്ള വ്യക്തമായ കാഴ്ചകളിലേക്ക് കണ്ണോടിക്കും പോലെയാണ്. അതുല്യമായ ആ നിമിഷമാണ് അന്വേഷണത്തിന്റെ ആനന്ദം. എന്നാല്‍ ലക്ഷ്യത്തെ മുന്നില്‍ കാണാന്‍പോലും കഴിയാതെ, വഴി  തെളിച്ചെടുക്കാത്ത കാട്ടുപാതയിലൂടെയുള്ള  നീണ്ട കയറ്റമാണ് പലപ്പോഴും എന്റെ ഗണിതാന്വേഷണങ്ങള്‍.' കവിത തുളുമ്പുന്ന ഭാഷയില്‍ അതിസങ്കീര്‍ണമായ ഗണിതപ്രശ്നങ്ങളുടെ നിര്‍ധാരണത്തെ വിശദീകരിച്ച ആ ഗണിതശാസ്ത്രജ്ഞ ഓര്‍മ്മയായിരിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ പുരുഷ കേന്ദ്രീകൃതമായ ചരിത്രത്തെ തിരുത്തിക്കുറിച്ച മറിയം മിര്‍സാഖാനി ജീവിച്ചിരുന്ന നാല്‍പ്പത് വര്‍ഷത്തിനിടെ ഗണിതശാസ്ത്രത്തില്‍ നേടാനാകുന്ന ബഹുമതികളെല്ലാം നേടിക്കഴിഞ്ഞിരുന്നു. ഇറാനില്‍ ജനിച്ച് മുപ്പത്തൊന്നാം വയസ്സില്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ പദവിയിലേക്കും തുടര്‍ന്ന് ഗണിതശാസ്ത്രത്തിലെ നോബല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്സ് മെഡലിലേക്കും ഉയര്‍ന്ന അവരുടെ ജീവിതം ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമായി എന്നും നിലനില്‍ക്കും.

കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരുന്ന മറിയത്തിന്റെ ആഗ്രഹം എഴുത്തുകാരിയാവുക എന്നതായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനകാലത്ത് മാത്രമാണ് ഗണിതശാസ്ത്രം അവരുടെ പ്രിയവിഷയമാകുന്നത്. ഒന്നുമുതല്‍ നൂറുവരെയുള്ള സംഖ്യകളുടെ തുക കണ്ടെത്തുന്ന ഗോസിന്റെ രീതിയായിരുന്നു (ഇമൃഹ എൃശലറൃശരവ ഏമൌ ജര്‍മ്മന്‍ ഗണിതശാസ്ത്രജ്ഞന്‍) തന്നെ ആകര്‍ഷിച്ച ആദ്യ ഗണിത പ്രശ്നമെന്ന് ഒരു ഇന്റര്‍വ്യൂവില്‍ അവര്‍ ഓര്‍ക്കുന്നുണ്ട്. ഒറ്റയ്ക്ക് ആ പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു.  തന്റെ ഹ്രസ്വജീവിതത്തിനിടയില്‍ മറ്റാര്‍ക്കും നിര്‍ധാരണം ചെയ്യാന്‍ കഴിയാതിരുന്ന അനവധി ഗണിത സമസ്യകള്‍ക്ക് അവര്‍ ഉത്തരം കണ്ടെത്തി. 1994ല്‍ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണമെഡല്‍ നേടി ആ ബഹുമതി നേടുന്ന ആദ്യ ഇറാനിയന്‍ പെണ്‍കുട്ടിയായി. അടുത്ത വര്‍ഷത്തെ ഒളിമ്പ്യാഡില്‍ മുഴുവന്‍ സ്കോറും ഇരട്ട സ്വര്‍ണ്ണമെഡലുകളും നേടി വീണ്ടും ചരിത്രം തിരുത്തി. ഇറാനിലെ ഷരീഫ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മറിയം തുടര്‍പഠനത്തിനായി ഹാര്‍വാഡ് സര്‍വകലാശാലയിലെത്തി. 1998ലെ ഫീല്‍ഡ്സ് മെഡല്‍ ജേതാവായ കര്‍ട്ടിസ് മാക്മില്ലന്‍ ആയിരുന്നു അവരുടെ പിഎച്ച്ഡി ഗൈഡ്. അങ്ങനെയാണ് പ്രതലങ്ങളുടെ ജ്യാമിതി എന്ന തന്റെ പ്രിയമേഖലയിലേക്ക് മറിയം മിര്‍സാഖാനി എത്തിച്ചേരുന്നത്. തന്റെ പിഎച്ച് ഡി പ്രബന്ധത്തില്‍ തന്നെ അന്നുവരെ തെളിയിക്കപ്പെടാത്ത രണ്ട് ഗണിതപ്രശ്നങ്ങളാണ് മിര്‍സാഖാനി നിര്‍ധാരണം ചെയ്തത്. സൈദ്ധാന്തിക ഗണിത ശാസ്ത്രത്തിലെ അവരുടെ കണ്ടെത്തലുകള്‍ ക്വാണ്ടം ഫീല്‍ഡ് തിയറി, എഞ്ചിനീയറിംഗ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രയോഗ സാധ്യതകളുള്ളതാണ്.

സ്ത്രീപ്രാതിനിധ്യം ഏറെക്കുറഞ്ഞ ജ്ഞാനമേഖലയാണ് ഗണിതശാസ്ത്രം. ഈ രംഗത്ത് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാനാവശ്യമായ ബൌദ്ധികശേഷിയോ വിശകലന പാടവമോ സ്ത്രീകള്‍ക്കില്ല എന്നൊരു തെറ്റിദ്ധാരണ പോലും ഏറെക്കാലമായി നിലവിലുണ്ട്. എന്നാല്‍ ഗണിതശാസ്ത്രത്തില്‍ നേടാനാകുന്ന എല്ലാ ബഹുമതികളും ചെറുപ്രായത്തില്‍ത്തന്നെ നേടിക്കൊണ്ടാണ് മറിയം മിര്‍സാഖാനി ഈ ധാരണകളെ അട്ടിമറിച്ചത്. ക്ളേ മാത്തമാറ്റിക്സ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ഫെലോഷിപ്പ്, ബ്ളുമെന്താല്‍ അവാര്‍ഡ്, റൂത്ത് ലിറ്റില്‍ സാറ്റര്‍ പ്രെെസ്, ക്ളേ റിസര്‍ച്ച് അവാര്‍ഡ് തുടങ്ങിയവയെല്ലാം അവര്‍ നേടി. ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സസ്, യു എസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി തുടങ്ങിയവയുടെ അംഗത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ ഗണിത ശാസ്ത്ര നോബല്‍ ആയി കണക്കാക്കപ്പെടുന്ന ഫീല്‍ഡ്സ് മെഡല്‍ നേടിയതോടെ എട്ടുപതിറ്റാണ്ട് നീണ്ട ആ പുരസ്കാരത്തിന്റെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു പെണ്‍പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. ഒപ്പം ഫീല്‍ഡ്സ് മെഡല്‍ നേടുന്ന ആദ്യ ഇറാനിയന്‍ എന്ന നേട്ടവും അവര്‍ക്ക് സ്വന്തമായി. നാല്‍പ്പത് വയസ്സില്‍ താഴെയുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്ക്, നാല് വര്‍ഷത്തിലൊരിക്കലാണ് ഈ രംഗത്തെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ഫീല്‍ഡ്സ് മെഡല്‍ നല്‍കുന്നത്. ജോണ്‍ ചാള്‍സ് ഫീല്‍ഡ്സ് എന്ന കനേഡിയന്‍ ഗണിതജ്ഞന്റെ ആശയമായിരുന്നു അന്തര്‍ദേശീയമായ ഒരു ഗണിതപുരസ്കാരം. 1936 ല്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അദ്ദേഹം ജീവിച്ചിരുന്നില്ല.

ആണ്‍കുട്ടികളും  പെണ്‍കുട്ടികളും വെവ്വേറെ വിദ്യാലയങ്ങളില്‍ മാത്രം പഠിക്കുന്ന, പൊതുസ്ഥലങ്ങളില്‍ ഹിജാബ് നിര്‍ബന്ധമായ ഇറാന്‍ പോലൊരു രാജ്യത്തില്‍ നിന്നാണ് അവര്‍ ഗണിതലോകത്തിന്റെയാകെ പെണ്‍പെരുമയായി മാറിയത്. പിറകെ വരുന്നവര്‍ക്ക് ഉപദേശം നല്‍കാനുള്ള അവസരങ്ങളെ എന്നും വിനയപൂര്‍വം നിരസിച്ച അവര്‍, പക്ഷേ തന്റെ നേട്ടം ലോകമെങ്ങും ശാസ്ത്രരംഗത്ത് നിലനില്‍പ്പിനായി പോരാടുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകട്ടെ എന്ന് അഭിപ്രായപ്പെട്ടിരുന്നു. ശാസ്ത്രരംഗത്തെ സ്ത്രീകളുടെ യാത്ര ഒട്ടും സുഗമമല്ലെന്നും അവര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു. 2013 ല്‍ കാന്‍സര്‍ ബാധ കണ്ടെത്തിയ ശേഷമാണ് അടുത്ത വര്‍ഷം ഫീല്‍ഡ്സ് മെഡല്‍ നേടിയതും ഗവേഷണങ്ങള്‍ തുടര്‍ന്നതും.  ഇറാനിലെ പതിവ് തെറ്റിച്ച് ശിരോവസ്ത്രമണിയാത്ത അവരുടെ ഫോട്ടോ പ്രസിഡന്റ് ഹസന്‍ റൂഹാനി അനുശോചന സന്ദേശത്തില്‍ ഉപയോഗിച്ചു. ഇറാനിലെ പ്രമുഖ പത്രങ്ങളും ഇത്തരത്തില്‍ അവരുടെ ചിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. വിദേശികളെ വിവാഹം ചെയ്ത ഇറാനിയന്‍ സ്ത്രീകളുടെ മക്കള്‍ക്ക് പൌരത്വം ലഭിക്കും വിധം നിയമം മാറ്റിയെഴുതണമെന്ന ആവശ്യവും പാര്‍ലമെന്റില്‍ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെ തന്റെ മരണത്തിലൂടെ പോലും സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തിയാവാന്‍ അവര്‍ക്ക് സാധിക്കുന്നു. സ്ത്രീകള്‍ക്ക് അന്യമല്ല ഗണിതത്തിന്റെ ലോകം എന്ന് സമൂഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മറിയം മിര്‍സാഖാനിയുടെ ഓര്‍മ്മകള്‍ ലോകമെങ്ങുമുള്ള  വനിതാഗവേഷകര്‍ക്ക് എന്നും പ്രചോദനം നല്‍കും. sangeethachenampulli@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top