02 June Friday

സ്‌ത്രീകൾക്ക്‌ തുല്യാവകാശം 
നിഷേധിക്കപ്പെടുന്നു: ജസ്‌റ്റിസ്‌ ചന്ദ്രു

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

കണ്ണൂർ സർവകലാശാല ജാനകിയമ്മാൾ ക്യാമ്പസിൽ പ്രഭാഷണത്തിനെത്തിയ ജസ്‌റ്റിസ്‌ കെ ചന്ദ്രുവിന്‌ വൈസ്‌ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ 
ഉപഹാരം നൽകുന്നു.

തലശേരി> ഭരണഘടന ഉറപ്പുനൽകുന്ന തുല്യത സ്‌ത്രീക്ക്‌ നിഷേധിക്കപ്പെടുകയാണെന്ന്‌ ജസ്‌റ്റിസ്‌ കെ ചന്ദ്രു.  കണ്ണൂർ സർവകലാശാല  സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസ്‌ ബാരിസ്‌റ്റർ എം കെ നമ്പ്യാർ ചെയർ സംഘടിപ്പിച്ച ചടങ്ങിൽ ‘ ഭരണഘടന തത്വശാസ്‌ത്രം: സാമൂഹികസമത്വവും വെല്ലുവിളികളും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

    ആർട്ടിക്കിൾ 15 പ്രകാരം ഒരുവിധത്തിലും വിവേചനം പാടില്ല. എന്നാൽ, മധുരയിൽ ജഡ്‌ജിയായിരിക്കെ കുടുംബക്ഷേത്രത്തിലെ പൂജാരിയായ സ്‌ത്രീയെ തടഞ്ഞതിനെതിരായ ഹരജി പരിഗണിച്ചു. നമുക്ക്‌ സ്‌ത്രീദൈവങ്ങളുള്ളപ്പോൾ പൂജ ചെയ്യാൻ സ്‌ത്രീകൾ പറ്റില്ലെന്ന്‌ ഏത്‌ തന്ത്രശാസ്‌ത്രത്തിലും വേദത്തിലുമാണ്‌ പറഞ്ഞിട്ടുള്ളത്‌. നമ്മുടെ സംവിധാനം മാറ്റാൻ  അഭിഭാഷകരും ന്യായാധിപരും മാത്രമല്ല, ജനങ്ങളും വിചാരിക്കണം. ‘ഫീസില്ലാതെ ജനങ്ങൾക്കുവേണ്ടി  സൗജന്യമായി പ്രവർത്തിക്കണം' എന്നുപറഞ്ഞ ജസ്റ്റിസ് കൃഷ്ണയ്യരാണ്‌ എന്റെ മാതൃക. നിയമത്തിനും നീതിക്കും നിർണായക സംഭാവന നൽകിയ പ്രമുഖ അഭിഭാഷകരിൽ ഒരാളാണ് ബാരിസ്റ്റർ എം കെ നമ്പ്യാറെന്നും ജസ്‌റ്റിസ്‌ കെ ചന്ദ്രു പറഞ്ഞു.
 
    ജാനകിയമ്മാൾ ക്യാമ്പസിൽ വൈസ്‌ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. നിയമവിഭാഗം മേധാവി ഡോ. ഷീന ഷുക്കൂർ അധ്യക്ഷയായി. ജസ്‌റ്റിസ്‌ കെ ടി തോമസ്‌, അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, ക്യാമ്പസ്‌ ഡയറക്ടർ ഡോ. അനൂപ്‌കുമാർ കേശവ്‌, സിൻഡിക്കറ്റ്‌ അംഗം ഡോ. രാഖി രാഘവൻ, ശ്രുതി എ കെ ദാസൻ, എം കെ ഹസൻ, ജെ ഷീജ, അശോക്‌ പൗലോ പോൾ എന്നിവർ സംസാരിച്ചു.
 
മലയാള സിനിമ സ്വാധീനിച്ചു
തലശേരി
തോപ്പിൽ ഭാസിയുടെ തുലാഭാരം, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി സിനിമകൾ ആശയരൂപീകരണത്തിൽ സ്വാധീനിച്ചതായി ജസ്‌റ്റിസ്‌ കെ ചന്ദ്രു. സാമൂഹ്യ അസമത്വം എത്രമാത്രം ശക്തമാണെന്ന്‌ ഓർമിപ്പിച്ച സിനിമകളായിരുന്നു രണ്ടും. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ആ സിനിമകളിലൂടെ നേരിട്ടറിഞ്ഞു. ജെയ്‌ ഭീം സിനിമയിലൂടെ ലോകമറിഞ്ഞ ജസ്‌റ്റിസ്‌ കെ ചന്ദ്രു കണ്ണൂർ സർവകലാശാല ജാനകി അമ്മാൾ ക്യാമ്പസിലെ പ്രഭാഷണത്തിനിടെയാണ്‌ മലയാള സിനിമയുടെ സ്വാധീനം തുറന്നുപറഞ്ഞത്‌.
എ കെ ഗോപാലനും മദ്രാസ് സംസ്ഥാനവും തമ്മിലുള്ള കേസും രാജൻ കേസും അദ്ദേഹം  പരാമർശിച്ചു.
 
രാജൻ കേസിലെ ഹേബിയസ്‌ കോർപ്പസ്‌ ഹർജിയാണ്‌ ‘ജെയ്‌ ഭീമി’ൽ പരാമർശിക്കുന്ന കസ്റ്റഡി കൊലപാതക കേസിന്‌ പ്രചോദനമായതെന്ന്‌ ജസ്‌റ്റിസ്‌ ചന്ദ്രു പറഞ്ഞു. അടിയന്തരാവസ്ഥയിൽ അറസ്‌റ്റിലായ മാഹി എൻടിസി മില്ലിലെ തൊഴിലാളിയെ പിരിച്ചുവിട്ടതിനെതിരായ ഹരജിയിൽ മദ്രാസ്‌ ഹൈക്കോടതി തിരിച്ചെടുക്കാൻ ഉത്തരവിട്ടതും പരാമർശിച്ചു. 
സാമൂഹ്യനീതിക്കായുള്ള സന്ദേശം നൽകിയ സിനിമയാണ്‌ ജെയ്‌ ഭീം. പൊലീസിനെ ഒരുവിധത്തിലും ന്യായീകരിച്ചിട്ടില്ല. ലോക്കപ്പ്‌ മർദന ദൃശ്യങ്ങൾ പലതും സെൻസർ ചെയ്‌തു നീക്കിയതാണ്‌. സ്വമേധയ ശിക്ഷ വിധിക്കാൻ കോടതിയോ ന്യായാധിപരോ അല്ല പൊലീസ്‌.  ജസ്‌റ്റിസ്‌ ചന്ദ്രു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top